by Midhun HP News | Dec 30, 2023 | Latest News, കേരളം
കൊല്ലത്ത് ചുറ്റിക കൊണ്ട് മകൻ അച്ഛനെ അടിച്ചുകൊന്നു. കൊല്ലം ജില്ലയിലെ മൂന്നാം കുറ്റിയിലാണ് സംഭവം. മങ്ങാട് താവിട്ടുമുക്ക് ഇന്ദ്രശീലയിൽ രവീന്ദ്രനാണ് (65) കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് മകൻ അഖിലിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. മൂന്നാം കുറ്റിയിൽ ഉള്ള രവീന്ദ്രന്റെ സിറ്റി മാക്സ് കളക്ഷൻസ് എന്ന ഫാൻസി കടയിൽ വച്ചാണ് സംഭവമുണ്ടായത്.
ഉച്ചയ്ക്ക് 2 മണിയോടെയായിരുന്നു കൊലപാതകം നടന്നത്. എന്താണ് കൊലപാതകത്തിന് പിന്നിലെ കാരണമെന്ന് വ്യക്തമായിട്ടില്ല. അന്വേഷണത്തിന് ശേഷമേ കൂടുതൽ വിവരങ്ങൾ അറിയാനാകൂവെന്ന് പൊലീസ് പറഞ്ഞു.
by Midhun HP News | Dec 30, 2023 | Latest News, കേരളം
കോട്ടയം: ട്രെയിനിൽ ഇരിക്കുകയായിരുന്ന യുവതിയുടെ സ്വർണമാല പുറത്തുനിന്ന് പൊട്ടിച്ച് കടന്നുകളഞ്ഞ യുവാവിനെ പിടികൂടി. കോട്ടയം റെയിൽവെ സ്റ്റേഷൻ പ്ലാറ്റ്ഫോമിൽ നിന്ന് ട്രെയിനിന്റെ ഉള്ളിലേക്ക് കയ്യെത്തിച്ച് മാല പൊട്ടിച്ച ശേഷം പ്രതി ഓടി രക്ഷപ്പെടുകയായിരുന്നു. അസം സ്വദേശിയായ അബ്‌ദുൾ ഹുസൈൻ ആണ് കോട്ടയം റെയിൽവെ പൊലീസിന്റെ പിടിയിലായത്.
തൃശൂരിൽ നിന്നും ചെങ്ങന്നൂരിലേക്ക് കൊല്ലം സ്പെഷ്യൽ ട്രയിനിൽ യാത്ര ചെയ്ത യുവതിയുടെ നാല് പവന്റെ മാലയാണ് പ്രതി പൊട്ടിച്ചെടുത്തത്. ട്രെയിനിന് സമീപം നിന്ന യുവാവ് ട്രെയിൻ ഓടിത്തുടങ്ങിയപ്പോൾ ജനാലയിലൂടെ കൈയിട്ട് മാല പൊട്ടിക്കുകയായിരുന്നു.
മോഷണത്തിന് ശേഷം അമൃത എക്സ്പ്രസിൽ കയറിയ പ്രതി ഉറങ്ങികിടന്ന മറ്റൊരു യുവതിയുടെ ഫോൺ അടങ്ങിയ ബാഗും കവർന്നു. സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെയാണ് പ്രതി പിടിയിലായത്. ഒരു വർഷമായി കാഞ്ഞിരപ്പള്ളിയിൽ പെയിന്റിങ് തൊഴിലാളിയായിരുന്നു ഇയാൾ.
by Midhun HP News | Dec 30, 2023 | Latest News, കേരളം
പുതുക്കോട്ട: തമിഴ്നാട്ടിലുണ്ടായ വാഹനാപകടത്തിൽ അഞ്ച് ശബരിമല തീർത്ഥാടകർ മരിച്ചു. നിയന്ത്രണം വിട്ടെത്തിയ സിമന്റ് ലോറി ചായക്കടയിലേക്ക് പാഞ്ഞ് കയറുകയായിരുന്നു. പുതുക്കോട്ടയിൽ വച്ച് ഇന്ന് പുലർച്ചെയാണ് അപകടമുണ്ടായത്. ഒരു കുട്ടി ഉൾപ്പടെ 19 പേർക്ക് പരിക്കേറ്റു. ഇവർ ചികിത്സയിലാണ്.
തിരുവള്ളൂര്‍ സ്വദേശികളാണ് അപകടത്തിൽ മരിച്ചവരെന്നാണ് വിവരം. മൂന്ന് വാഹനങ്ങളിലായി യാത്ര ചെയ്ത ശബരിമല തീർത്ഥാടകരാണ് അപകടത്തിൽപ്പെട്ടത്. നമനസമുദ്രത്തിലെ പൊലീസ് സ്റ്റേഷന് സമീപത്തെ ചായക്കടയിൽ ചായകുടിക്കാൻ വണ്ടി നിർത്തിയപ്പോഴാണ് അപകടമുണ്ടായത്.
പുതുക്കോട്ടയിൽ നിന്ന് അരിയാലൂരിലേക്ക് പോവുകയായിരുന്ന സിമന്റ് ലോറിയാണ് നിയന്ത്രണം വിട്ട് ചായക്കടയിലേക്ക് ഇടിച്ചു കയറിയത്. പിന്നാലെ സമീപത്ത് നിർത്തിയിട്ടിരുന്ന അയ്യപ്പ ഭക്തരുടെ കാറിലും വാനിലും ലോറി ഇടിച്ചുകയറി. ചായക്കടയിൽ ചായ കുടിച്ചുകൊണ്ടിരുന്ന അഞ്ച് പേർ സംഭവസ്ഥലത്തുവച്ച് തന്നെ മരിച്ചു. വാഹനത്തിലുണ്ടായിരുന്നവർക്കാണ് പരിക്കേറ്റത്.
by Midhun HP News | Dec 30, 2023 | Latest News, കേരളം
കോഴിക്കോട്: യുവതി വിഴുങ്ങിയ പപ്പടക്കോൽ വായിലൂടെ പുറത്തെടുത്തു. മെഡിക്കൽ കോളജ് ആശുപത്രിയിലെ ഡോക്ടർമാരാണ് ഇരുമ്പുകൊണ്ടുള്ള പപ്പടക്കോൽ ശസ്ത്രക്രിയ കൂടാതെ പുറത്തെടുത്തത്.
മാനസികാസ്വാസ്ഥ്യമുള്ള മലപ്പുറം സ്വദേശിയായ യുവതിയാണ് പപ്പടക്കോൽ വിഴുങ്ങിയത്. അന്നനാളത്തിലൂടെ പോയി ഇടതുശ്വാസകോശം തുരന്ന് ആമാശയത്തിൽ ഉറച്ചുനിൽക്കുന്ന അവസ്ഥയിലായിരുന്നു. ശസ്ത്രക്രിയയിലൂടെ പുറത്തെടുക്കുകയാണെങ്കിൽ അതി സങ്കീർണമായി ഒരു ഭാഗം മൊത്തം തുറക്കേണ്ടതായി വരും. വിജയസാധ്യതയും കുറവാണ്.
ഇതോടെയാണ് ഉപകരണങ്ങളുടെ സഹായത്തോടെ പുറത്തെടുക്കാൻ തീരുമാനിക്കുന്നത്. ഫൈബർ ഒപ്റ്റിക് ഇന്റുബേറ്റിങ് വിഡിയോ എൻഡോസ്കോപ്പി, ഡയറക്ട് ലാറിങ്കോസ്കോപ്പി എന്നീ ആധുനിക ഉപകരണങ്ങളാണ് ഇതിനായി ഉപയോഗിച്ചത്. ഇഎൻടി, അനസ്തീസിയ, കാർഡിയോ തൊറാസിക് സർജറി, ജനറൽ സർജറി എന്നീ വിഭാഗങ്ങളുടെ കൂട്ടായ പ്രവർത്തനത്തിലൂടെയാണ് പപ്പടക്കോൽ വിജയകരമായി പുറത്തെടുത്തത്. യുവതി അപകടനില പൂർണമായി തരണം ചെയ്തിട്ടില്ല. ആന്തരിക രക്തസ്രീവമുണ്ടോ എന്ന് നിരീക്ഷിക്കാനായി തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
by Midhun HP News | Dec 30, 2023 | Latest News, കേരളം
മലപ്പുറം: എൻഎസ്എസ് സപ്തദിന ക്യാമ്പിനിടെ യുവ അധ്യാപകൻ കുഴഞ്ഞുവീണു മരിച്ചു. തൃപ്രങ്ങോട് കളരിക്കൽ ബാലകൃഷ്ണ പണിക്കരുടെയും പങ്കജത്തിന്റെയും മകൻ ടി.കെ.സുധീഷ് (38) ആണ് മരിച്ചത്. വളാഞ്ചേരി പൂക്കാട്ടിരി ഇസ്ലാമിക് റസിഡൻഷ്യൽ ഹയർ സെക്കൻഡറി സ്കൂളിലെ അധ്യാപകനായിരുന്നു.
മാവണ്ടിയൂർ സ്കൂളിലാണ് എൻഎസ്എസ് ക്യാമ്പ് സംഘടിപ്പിച്ചിരുന്നത്. വിദ്യാർത്ഥികൾക്കൊപ്പം സുധീഷും ക്യാമ്പിന് എത്തിയിരുന്നു. രാവിലെ ക്യാമ്പ് ആരംഭിക്കുന്നതിനു മുൻപ് എഴുന്നേറ്റെത്തിയ സുധീഷ് കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ വളാഞ്ചേരിയിലെ സ്വകാര്യ ആശുപതിയിൽ എത്തിച്ചെങ്കിലും മരിച്ചു. ദീപയാണ് ഭാര്യ. ദർശിത് കൃഷ്ണ, അദ്വിക.
എന്നിവർ മക്കളാണ്. ജ്യോത്സ്യനായും പ്രവർത്തിച്ചിരുന്നു.
by Midhun HP News | Dec 30, 2023 | Latest News, കേരളം
ശബരിമല: മകരവിളക്ക് തീർത്ഥാടനത്തിനായി ശബരിമല നട ഇന്ന് തുറക്കും. ഇന്ന് വൈകീട്ട് അഞ്ചിന് തന്ത്രി കണ്ഠര് മഹേഷ്, മോഹനരുടെ മുഖ്യകാർമ്മികത്വത്തിൽ മേൽശാന്തി പി എൻ മഹേഷ് നമ്പൂതിരിയാവും ശ്രികോവിൽ തുറക്കുക.
നെയ്യഭിഷേകം നാളെ രാവിലെ 3.30ന് തന്ത്രിയുടെ കാർമികത്വത്തിൽ ആരംഭിക്കും. പൂജകൾക്ക് തുടക്കം കുറിച്ച് അഷ്ടദ്രവ്യ മഹാഗണപതി ഹോമവും നടക്കും. ജനുവരി 12നാണ് എരുമേലി പേട്ടതുള്ളൽ. തിരുവാഭരണ ഘോഷയാത്ര 13ന് പന്തളം വലിയകോയിക്കൽ ക്ഷേത്രത്തിൽ നിന്ന് പുറപ്പെടും.
ജനുവരി 15 നാണ് മകര വിളക്ക്. 13 ന് വൈകീട്ട് പ്രസാദ ശുദ്ധിക്രിയകളും 14 ന് രാവിലെ ബിംബ ശുദ്ധക്രിയകളും നടക്കും. അതിനിടെ ശബരിമല ദർശനം നടത്താനുള്ള വർച്വൽ ക്യൂ ബുക്കിങ് പൂർത്തിയായി. ദിവസം 80,000 പേരെ വരെയാണ് വെർച്വൽ ക്യൂവിലൂടെ കടത്തിവിടുക. ഇനി സ്പോട്ട് ബുക്കിങ് മാത്രമാണ് ബാക്കിയുള്ളത്
Recent Comments