മകരവിളക്ക് കാലത്തെ വെർച്വൽ ക്യൂ നിറഞ്ഞു: ഇനി സ്‌പോട്ട്‌ ബുക്കിങ് മാത്രം

മകരവിളക്ക് കാലത്തെ വെർച്വൽ ക്യൂ നിറഞ്ഞു: ഇനി സ്‌പോട്ട്‌ ബുക്കിങ് മാത്രം

ശബരിമല: മകരവിളക്കു കാലത്തേക്കുള്ള ശബരിമല വെർച്വൽ ക്യൂ ബുക്കിങ് പൂർത്തിയായി. ഡിസംബർ 31 മുതൽ ജനുവരി 15 വരെയുള്ള ബുക്കിങ്ങാണ് പൂർത്തിയായത്. 80,000 പേർക്കാണ് വെർച്വൽ ക്യൂ ബുക്കിങ് അനുവദിച്ചിരുന്നത്. 15 വരെയുള്ള ബുക്കിങ് പൂർത്തിയായതായി ശബരിമല അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ ഒ.ജി.ബിജു അറിയിച്ചു. പ്രതിദിനം പതിനായിരം പേർക്ക്‌ ​സ്‌പോട്ട്‌ ബുക്കിങ്ങും നടത്താം.

മണ്ഡലകാല പൂജകൾക്ക് ശേഷം അടച്ച ശബരിമല 30-ന് വൈകീട്ട് അഞ്ചിനാണ് തുറക്കുക. അതിനാൽ അതേ ദിവസത്തെ വെർച്വൽക്യൂ ബുക്കിങ് 26,000 എന്ന് നിജപ്പെടുത്തിയിരുന്നു. ഇത് പൂർത്തിയായി. കൂടാതെ 10000 സ്‌പോട്ട് ബുക്കിങ്ങും ഉണ്ടായിരിക്കും. തിരക്ക് വർധിക്കുമെന്ന് കരുതുന്ന ജനുവരി 14, 15 തീയതികളിൽ വെർച്വൽ ക്യൂ ബുക്കിങ് 50,000 എന്നും നിജപ്പെടുത്തി. അന്നും 10,000 പേർക്ക്‌ സ്‌പോട്ട് ബുക്കിങ്‌ നടത്താം.

ഡിസംബർ 30 ന് വൈകിട്ട് 5 മണിക്കാണ് മകരവിളക്ക് മഹോത്സവത്തിനായി നട തുറക്കുക. മകരവിളക്ക് പ്രമാണിച്ചുള്ള പ്രസാദ ശുദ്ധക്രിയകൾ ജനുവരി 13 ന് വൈകിട്ട് നടക്കും. ജനുവരി 14 ന് രാവിലെ ബിംബശുദ്ധിക്രിയകളും നടക്കും. ജനുവരി 15 നാണ് മകരവിളക്ക്.

ശബരിമലയില്‍ ഇത്തവണത്തെ മണ്ഡലകാല വരുമാനം റെക്കോര്‍ഡില്‍. കാണിക്ക എണ്ണാന്‍ ബാക്കിനില്‍ക്കേയാണ് വരുമാനം 241.71 കോടി രൂപയായി ഉയര്‍ന്നത്. കഴിഞ്ഞ തവണത്തേതിലും 18.72 കോടി രൂപയുടെ വര്‍ദ്ധനയാണ് ഉണ്ടായത്.

ശബരിമല യാത്രയ്ക്കിടെ എട്ടുവയസുകാരിക്ക് ലൈംഗികാതിക്രമം; 60 കാരൻ അറസ്റ്റിൽ

ശബരിമല യാത്രയ്ക്കിടെ എട്ടുവയസുകാരിക്ക് ലൈംഗികാതിക്രമം; 60 കാരൻ അറസ്റ്റിൽ

മലപ്പുറം കൊളത്തുരിൽ എട്ടുവയസുകാരിക്ക് നേരേ ലൈംഗികാതിക്രമം. അതിക്രമം ശബരിമല യാത്രയ്ക്കിടെയാണ് ഉണ്ടായത്. സംഭവത്തിൽ കൊളത്തൂർ സ്വദേശിയായ 60 കാരനെ കൊളത്തൂർ പൊലീസ് പിടികൂടി. മലപ്പുറം ചൈൽഡ് ലൈനിൽ ലഭിച്ച പരാതിയെ തുടർന്നാണ് അറസ്റ്റ്.

കഴിഞ്ഞയാഴ്ച്ചയാണ് സംഭവം ഉണ്ടാകുന്നത് പെൺകുട്ടിയും പിതാവും നാട്ടിലുള്ള ഏതാനം ആളുകളും സംഘം ചേർന്ന് ഒരു വാഹനത്തിൽ ശബരിമലയിൽ തീർഥാടനത്തിനായി പോവുകയായിരുന്നു. അതിനിടയിൽ ഒരു സ്ഥലത്ത് വാഹനം നിർത്തുകയും പിതാവ് പ്രാഥമിക ആവശ്യങ്ങൾക്കായി വാഹനത്തിന് പുറത്തിറങ്ങുകയും ചെയ്‌തു.

കേരളത്തിൽ 385 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു; ഒരു മരണം

കേരളത്തിൽ 385 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു; ഒരു മരണം

കേരളത്തിൽ 385 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് രോഗം ബാധിച്ച് ചികിത്സയിൽ ഉള്ളവരുടെ എണ്ണം 2799 ആയി. കേരളത്തിൽ കൊവിഡ് ബാധിച്ച് ഒരു മരണവും റിപ്പോർട്ട് ചെയ്തു. രാജ്യത്ത് ഇന്നലെ റിപ്പോർട്ട് ചെയ്തത് 702 പുതിയ കേസുകളാണ്. എന്നാൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് ആരോഗ്യവകുപ്പ് പറയുന്നത്. രോഗമുക്തി നേടുന്നവരുടെ എണ്ണം, രോഗബാധ റിപ്പോർട്ട് ചെയ്യപ്പെടുന്ന കേസുകളെക്കാൾ കൂടുതലായതുകൊണ്ട് തന്നെ ആശങ്കവേണ്ടെന്ന് ആരോഗ്യ വിഭാഗം പറയുന്നു.

ഡിസംബർ 26 ൽ ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്കുകൾ പ്രകാരം രാജ്യത്ത് മൊത്തം 109 JN.1 കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇതിൽ 36 എണ്ണം ഗുജറാത്തിൽ നിന്നും 34 എണ്ണം കർണാടകയിൽ നിന്നുമാണ്. ഗോവ 14, മഹാരാഷ്ട്ര 9, കേരള 6, രാജസ്ഥാൻ 4, തമിഴ്‌നാട് 4, തെലങ്കാന 2 എന്നിങ്ങനെയാണ് JN.1 കണക്കുകൾ.

നീന്തൽ പഠിക്കാൻ കായലിൽ ഇറങ്ങി: പത്താം ക്ലാസുകാരൻ ചെളിയിൽ മുങ്ങി മരിച്ചു

നീന്തൽ പഠിക്കാൻ കായലിൽ ഇറങ്ങി: പത്താം ക്ലാസുകാരൻ ചെളിയിൽ മുങ്ങി മരിച്ചു

കൊച്ചി: നീന്തൽ പഠിക്കുന്നതിനിടെ പത്താം ക്ലാസ് വിദ്യാർത്ഥി കായലിലെ ചെളിയിൽ മുങ്ങി മരിച്ചു. പൂണിത്തുറ അയ്യൻകാളി റോഡിൽ കീണേംപുറത്ത് പട്ടത്താനത്ത് വീട്ടിൽ സജിത കൃഷ്ണകുമാറിന്റെ മകൻ ആഗ്നേയ് കൃഷ്ണ( 15) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന സുഹൃത്തുക്കളായ ആ​ദിത്(14), അയാൻ(13), അജയ്(14) എന്നിവർ രക്ഷപ്പെട്ടു.

മരട് ​ഗ്രി​ഗോറിയനു സമീപം വളന്തകാട് കായൽക്കടവിൽ വൈകിട്ട് മൂന്നരയോടെ ആയിരുന്നു അപകടം. ആഴം കുറവാണെന്ന് തോന്നുമെങ്കിലും ഈ ഭാ​ഗത്ത് എക്കൽ അടിഞ്ഞ നിലയിലാണ്. നീന്തൽ അറിയാത്ത അ​ഗ്നേയ് ചെളിയിൽ താണു പോവുകയായിരുന്നു. കൂട്ടുകാർ ശ്രമിച്ചെങ്കിലും ഉയർത്താനായില്ല.

ഇതിന് അടുത്ത് ചൂണ്ട ഇടുകയായിരുന്ന ആൾ ബഹളം കേട്ട് ചെന്നപ്പോൾ വിവരമറിഞ്ഞ് ന​ഗരസഭാധ്യക്ഷനെ അറിയിച്ചു. അവരാണ് പൊലീസിനേയും അ​ഗ്നിരക്ഷാ സേനയേയും അറിയിച്ചത്. തുടർന്ന് നടത്തിയ തെരച്ചിലിൽ കുട്ടികൾ ചൂണ്ടിക്കാണിച്ച സ്ഥലത്തുനിന്നു തന്നെ മൃതദേഹം കണ്ടെത്തുകയായിരുന്നു. തൃപ്പൂണിത്തുറ ബോയ്സ് സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിയാണ്.

സംസ്ഥാനത്ത് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍

സംസ്ഥാനത്ത് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍. ഈ മാസം നാലിന് രേഖപ്പെടുത്തിയ പവന് 47,080 രൂപ എന്ന റെക്കോര്‍ഡാണ് പഴങ്കഥയായത്. ഇന്ന് 320 രൂപ വര്‍ധിച്ചതോടെയാണ് സ്വര്‍ണവില പുതിയ ഉയരം കുറിച്ചത്. 47,120 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില.

ഗ്രാമിന് 40 രൂപയാണ് വര്‍ധിച്ചത്. 5890 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഈ മാസം നാലിനാണ് ആദ്യമായി 47,000 കടന്നത്. തുടര്‍ന്ന് 13 വരെയുള്ള 9 ദിവസം സ്വര്‍ണവില തുടര്‍ച്ചയായി ഇടിയുന്നതാണ് കണ്ടത്. ഓഹരി വിപണിയിലെ മുന്നേറ്റം അടക്കമുള്ള ഘടകങ്ങളാണ് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്.

13ന് 45,320 രൂപയായി താഴ്ന്ന് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തില്‍ എത്തിയ ശേഷം പിന്നിടുള്ള ദിവസങ്ങളില്‍ വില ഉയരുന്നതാണ് ദൃശ്യമായത്. രണ്ടാഴ്ചയ്ക്കിടെ 1800 രൂപയാണ് വര്‍ധിച്ചത്.

നവവധു സഞ്ചരിച്ച കാറില്‍ തീ പടര്‍ന്നു, ആദ്യം ഡോര്‍ തുറക്കാന്‍ കഴിഞ്ഞില്ല; രക്ഷകരായി ചുമട്ടു തൊഴിലാളികള്‍

നവവധു സഞ്ചരിച്ച കാറില്‍ തീ പടര്‍ന്നു, ആദ്യം ഡോര്‍ തുറക്കാന്‍ കഴിഞ്ഞില്ല; രക്ഷകരായി ചുമട്ടു തൊഴിലാളികള്‍

കൊച്ചി: നവവധു സഞ്ചരിച്ച കാറില്‍ നിന്ന് തീയും പുകയും ഉയര്‍ന്നത് പരിഭ്രാന്തി പരത്തി.വിവാഹ മണ്ഡപത്തിലേക്കു പോകുംവഴിയാണ് നവവധു സഞ്ചരിച്ച കാറില്‍ നിന്ന് തീപടര്‍ന്നത്. തലനാരിഴയ്ക്കാണ് അപകടത്തില്‍ നിന്നു വിവാഹസംഘം രക്ഷപ്പെട്ടത്. ചുമട്ടുതൊഴിലാളികളും പൊലീസും അഗ്‌നിരക്ഷാസേനയും നാട്ടുകാരും ചേര്‍ന്ന് തീ ഉടന്‍ പൂര്‍ണമായി കെടുത്തിയതിനാല്‍ വലിയ ദുരന്തം ഒഴിവായി.

ഇടപ്പള്ളി സിഗ്‌നലിനു സമീപം ഇന്നലെ രാവിലെ പത്തോടെ ആയിരുന്നു സംഭവം. ആലപ്പുഴ സ്വദേശിയായ യുവതിയും സംഘവും വിവാഹത്തിനായി ആലുവയിലെ ഓഡിറ്റോറിയത്തിലേക്ക് കാറില്‍ പോകുകയായിരുന്നു. ഇടപ്പള്ളി സിഗ്‌നലിനു സമീപം എത്തിയപ്പോള്‍ കാറില്‍ നിന്നു പുക ഉയരുന്നതു സമീപത്തെ ചുമട്ടു തൊഴിലാളികളാണ് ആദ്യം കണ്ടത്. ഇവര്‍ കാറിലുള്ളവരെ വിവരം അറിയിച്ചു. പരിഭ്രമിച്ച യാത്രക്കാര്‍ കാറിന്റെ വാതിലുകള്‍ തുറക്കാന്‍ ശ്രമിച്ചെങ്കിലും ആദ്യം നടന്നില്ല. കാറിന്റെ ചില്ലു തകര്‍ത്തു പുറത്തുകടക്കാനും ശ്രമിച്ചു. ഇതിനിടെ വാതിലുകള്‍ തുറന്നു നവവധു ഉള്‍പ്പെടെയുള്ളവര്‍ കാറില്‍ നിന്നു പുറത്തിറങ്ങിയ ഉടന്‍ എന്‍ജിന്‍ ഭാഗത്തു നിന്നു തീ പടരുകയായിരുന്നു.

സമീപത്തെ റെസ്റ്റോറന്റില്‍ നിന്നു ചുമട്ടുതൊഴിലാളികള്‍ വെള്ളമെടുത്ത് തീയണയ്ക്കാനും ശ്രമിച്ചു. അപ്പോഴേക്കും ട്രാഫിക് എസ്‌ഐ എസ് ടി അരുളിന്റെ നേതൃത്വത്തില്‍ പൊലീസും എത്തി. നവവധുവിനെയും ഒപ്പമുണ്ടായിരുന്നവരെയും മറ്റൊരു കാറില്‍ വിവാഹ സ്ഥലത്തേക്ക് അയച്ചു.എന്‍ജിന്‍ ഭാഗത്തെ ഇലക്ട്രിക് വയറുകള്‍ കരിഞ്ഞിട്ടുണ്ട്. ഷോര്‍ട്ട് സര്‍ക്യൂട്ട് ആകാം തീപിടിത്തത്തിനു കാരണമെന്നാണു പ്രാഥമിക നിഗമനം.