ഗവര്‍ണര്‍ ഇന്ന് തലസ്ഥാനത്ത്, പ്രതിഷേധം തുടരാന്‍ എസ്എഫ്‌ഐ; പുതിയ മന്ത്രിമാരുടെ സത്യപ്രതിജ്ഞ നാളെ

ഗവര്‍ണര്‍ ഇന്ന് തലസ്ഥാനത്ത്, പ്രതിഷേധം തുടരാന്‍ എസ്എഫ്‌ഐ; പുതിയ മന്ത്രിമാരുടെ സത്യപ്രതിജ്ഞ നാളെ

തിരുവനന്തപുരം: വിവിധ കാര്യങ്ങളില്‍ സര്‍ക്കാരിനെതിരെ പോര്‍മുഖം തുറന്ന ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഇന്ന് ഡല്‍ഹിയില്‍ നിന്ന് തലസ്ഥാനത്ത് തിരിച്ചെത്തും. നാളെയാണ് പുതിയ മന്ത്രിമാരുടെ സത്യപ്രതിജ്ഞ. മുഖ്യമന്ത്രിയും ഗവര്‍ണറും തമ്മിലുള്ള നേര്‍ക്കുനേര്‍ പോര്‍വിളിക്ക് ശേഷം ഇരുവരും ഒന്നിച്ചെത്തുന്ന വേദിയായി സത്യപ്രതിജ്ഞ ചടങ്ങ് മാറും. അതിനിടെ, ഗവര്‍ണര്‍ക്കെതിരായ പ്രതിഷേധം തുടരുമെന്നാണ് എസ്എഫ്‌ഐയുടെ അറിയിപ്പ്.

നാളെ സത്യപ്രതിജ്ഞ ചടങ്ങ് നടക്കാനിരിക്കെ, മന്ത്രിമാരുടെ വകുപ്പുകളില്‍ മാറ്റമുണ്ടാകുമോ എന്ന ചോദ്യവും ഉയരുന്നുണ്ട്. നിയുക്ത മന്ത്രി കെ ബി ഗണേഷ് കുമാറിന് വേണ്ടി സിനിമ വകുപ്പ് കൂടി വേണമെന്ന് കേരള കോണ്‍ഗ്രസ് (ബി) ആവശ്യമുന്നയിച്ചതോടെയാണ് വകുപ്പ് മാറ്റം ഉണ്ടാകുമോയെന്ന ചോദ്യവും ഉയരുന്നത്.

ഗതാഗത മന്ത്രിയാകുമെന്ന് ഉറപ്പായ ഗണേഷിനായി പാര്‍ട്ടി, മുഖ്യമന്ത്രി പിണറായി വിജയനോടാണ് സിനിമ വകുപ്പ് കൂടി ചോദിച്ചത്. ഇന്ന് ഇക്കാര്യത്തില്‍ തീരുമാനം ഉണ്ടായേക്കും. ഗണേഷ് കുമാറിന് പുറമെ കടന്നപ്പള്ളി രാമചന്ദ്രനാണ് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുക.

തൃശൂരില്‍ എത്തുന്ന പ്രധാനമന്ത്രിക്ക് മുന്നില്‍ മിനി പൂരം ഒരുക്കാന്‍ പാറമേക്കാവ് ദേവസ്വം

തൃശൂരില്‍ എത്തുന്ന പ്രധാനമന്ത്രിക്ക് മുന്നില്‍ മിനി പൂരം ഒരുക്കാന്‍ പാറമേക്കാവ് ദേവസ്വം

തൃശൂര്‍: അടുത്തയാഴ്ച തൃശൂരില്‍ എത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് മുന്നില്‍ മിനി പൂരം സംഘടിപ്പിക്കാന്‍ ഒരുങ്ങി പാറമേക്കാവ് ദേവസ്വം. പൂരം പ്രദര്‍ശനത്തിന്റെ തറ വാടകയുമായി ബന്ധപ്പെട്ട് കൊച്ചിന്‍ ദേവസ്വം ബോര്‍ഡുമായി നിലനില്‍ക്കുന്ന തര്‍ക്കത്തെ തുടര്‍ന്ന് ഉടലെടുത്ത പൂരം പ്രതിസന്ധി പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍ കൊണ്ടുവരികയാണ് ലക്ഷ്യം.

ജനുവരി മൂന്നിന് തൃശൂരില്‍ പ്രധാനമന്ത്രിയുടെ റോഡ് ഷോ ഉണ്ട്. ഈസമയത്ത് മിനി പൂരമൊരുക്കാന്‍ പാറമേക്കാവ് ദേവസ്വം സുരക്ഷാ അനുമതി തേടി. അനുമതി ലഭിച്ചാല്‍ പാറമേക്കാവ് ക്ഷേത്രത്തിന് മുന്നില്‍ 15 ആനകളെ അണിനിരത്ത് മിനി പൂരം നടത്താനാണ് തീരുമാനം. തൃശൂര്‍ പൂരം നടത്തിപ്പുമായി ബന്ധപ്പെട്ട് കേന്ദ്രം ധനസഹായം പ്രഖ്യാപിക്കാനുള്ള സാധ്യതയുണ്ട്. നിലവില്‍ പൂരം പ്രദര്‍ശനത്തിന്റെ തറ വാടകയുമായി ബന്ധപ്പെട്ട് കൊച്ചിന്‍ ദേവസ്വം ബോര്‍ഡുമായി തര്‍ക്കം നിലനില്‍ക്കുന്നുണ്ട്. ഈ പശ്ചാത്തലത്തില്‍ കേന്ദ്രസര്‍ക്കാര്‍ തൃശൂര്‍ പൂരത്തിനൊപ്പമാണ് എന്ന് ജനങ്ങളെ ബോധ്യപ്പെടുത്താന്‍ ബിജെപി ശ്രമവും ആരംഭിച്ചിട്ടുണ്ട്.

തൃശൂരില്‍ എത്തുന്ന മോദി തേക്കിന്‍കാട് മൈതാനത്ത് നടക്കുന്ന സ്ത്രീ ശക്തി സംഗമത്തിലും പങ്കെടുക്കും. അങ്കണവാടി ടീച്ചര്‍മാര്‍, ആശാ വര്‍ക്കര്‍മാര്‍, തൊഴിലുറപ്പ് തൊഴിലാളികള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, വനിതാ സംരംഭകര്‍, സാമൂഹിക പ്രവര്‍ത്തകര്‍, സാംസ്‌കാരിക രംഗത്ത് പ്രവര്‍ത്തിക്കുന്ന സ്ത്രീകള്‍, തെരഞ്ഞെടുക്കപ്പെട്ട തദ്ദേശഭരണ സ്ഥാപനങ്ങളിലെ അംഗങ്ങള്‍ തുടങ്ങി വ്യത്യസ്ത വിഭാഗം സ്ത്രീകളെ പങ്കെടുപ്പിച്ചാണ് പരിപാടി നടത്തുക. രണ്ട് ലക്ഷം സ്ത്രീകള്‍ പരിപാടിയില്‍ പങ്കെടുക്കുമെന്നാണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ വ്യക്തമാക്കിയത്.

ജനുവരിയിലെ വൈദ്യുതി ബില്ലിലും 19 പൈസ സര്‍ചാര്‍ജ്; ഉത്തരവിറങ്ങി

ജനുവരിയിലെ വൈദ്യുതി ബില്ലിലും 19 പൈസ സര്‍ചാര്‍ജ്; ഉത്തരവിറങ്ങി

തിരുവനന്തപുരം: ജനുവരിയിലെ വൈദ്യുതി ബില്ലിലും 19 പൈസ സര്‍ചാര്‍ജ് ഉണ്ടാകും. നവംബറില്‍ വൈദ്യുതി വാങ്ങാന്‍ അധികമായി ചെലവഴിച്ച പണം തിരിച്ചുപിടിക്കാനാണ് ജനുവരിയില്‍ സര്‍ചാര്‍ജ് ഈടാക്കുന്നത്.

കെഎസ്ഇബി നേരിട്ട് 10 പൈസ സര്‍ചാര്‍ജ് ചുമത്തി ഉത്തരവിറങ്ങി. നേരത്തെ റെഗുലേറ്ററി കമ്മിഷന്‍ 9 പൈസ അനുവദിച്ചിരുന്നു. ഈ രണ്ടു തുകയും ചേര്‍ത്താണ് 19 പൈസ. ഈ മാസവും 19 പൈസ ഈടാക്കിയിരുന്നു. പ്രതിമാസ ബില്ലിലും ദ്വൈമാസ ബില്ലിലും ഇതു ബാധകമാണ്.

ശബരിമല നടയടച്ചു; മകരവിളക്ക് ഉത്സവത്തിനായി 30ന് തുറക്കും

ശബരിമല നടയടച്ചു; മകരവിളക്ക് ഉത്സവത്തിനായി 30ന് തുറക്കും

പത്തനംതിട്ട: മണ്ഡല പൂജ കഴിഞ്ഞ് ശബരിമല നടയടച്ചു. രാത്രി പതിനൊന്ന് മണിയോടെയാണ് നട അടച്ചത്. ഇനി മകരവിളക്ക് മഹോത്സവത്തിനായി ഡിസംബർ 30 ന് വൈകീട്ടാകും വീണ്ടും നട തുറക്കുക.

41 ദിവസത്തെ വൃതാനുഷ്ഠാനങ്ങൾ പൂർത്തിയാക്കിയാണ് ശബരിമല സന്നിധാനത്ത് മണ്ഡലപൂജ ചടങ്ങുകൾ നടന്നത്. രാവിലെ ഒൻപതരയോടെ നെയ്യഭിഷേകം പൂർത്തിയാക്കി മണ്ഡലപൂജയ്ക്കുള്ള ഒരുക്കങ്ങൾ തുടങ്ങി. തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ കാർമികത്വത്തിലായിരുന്നു തങ്ക അങ്കി ചാർത്തി മണ്ഡലപൂജ. രാത്രി അത്താഴപൂജയ്ക്കു ശേഷം മേൽശാന്തി പി.എൻ.മഹേഷ് അയ്യപ്പ വിഗ്രഹത്തിൽ ഭസ്മാഭിഷേകം നടത്തി. ജപമാലയും മുദ്രവടിയും ചാർത്തി ധ്യാനത്തിലാക്കി നടയടച്ചു.

ഡിസംബർ 30 ന് വൈകിട്ട് 5 മണിക്കാണ് മകരവിളക്ക് മഹോത്സവത്തിനായി നട തുറക്കുക. മകരവിളക്ക് പ്രമാണിച്ചുള്ള പ്രസാദ ശുദ്ധക്രിയകൾ ജനുവരി 13 ന് വൈകിട്ട് നടക്കും. ജനുവരി 14 ന് രാവിലെ ബിംബശുദ്ധിക്രിയകളും നടക്കും. ജനുവരി 15 നാണ് മകരവിളക്ക്. അന്ന് വെളുപ്പിന് 2.46 ന് മകരസംക്രമ പൂജ നടക്കും. പതിവുപൂജകൾക്കുശേഷം വൈകിട്ട് അഞ്ച് മണിക്കാകും അന്ന് നട തുറക്കുക. തുടർന്ന് തിരുവാഭരണം സ്വീകരിക്കൽ, തിരുവാഭരണം ചാർത്തി ദീപാരാധന, മകരവിളക്ക് ദർശനം എന്നിവ നടക്കും. 15,16,17,18,19 തിയതികളിൽ എഴുന്നുള്ളിപ്പും നടക്കും. 19 ന് ശരംകുത്തിയിലേക്ക് എഴുന്നുള്ളത്ത് നടക്കും. ജനുവരി 20 വരെ ഭക്തർക്കു ദർശനത്തിനുള്ള സൗകര്യമുണ്ടായിരിക്കും. ജനുവരി 21 ന് രാവിലെ പന്തളരാജാവിനു മാത്രം ദർശനം, തുടർന്ന് നട അടയ്ക്കും.

കൊലപാതകത്തിനു ജീവപര്യന്തം, മറ്റു കുറ്റങ്ങള്‍ക്ക് 28 വര്‍ഷം തടവ്; സനു മോഹന്‍ ഇനി ജയിലില്‍

കൊലപാതകത്തിനു ജീവപര്യന്തം, മറ്റു കുറ്റങ്ങള്‍ക്ക് 28 വര്‍ഷം തടവ്; സനു മോഹന്‍ ഇനി ജയിലില്‍

കൊച്ചി: പത്തു വയസ്സുകാരി വൈഗയെ കൊലപ്പെടുത്തിയ കേസില്‍ പിതാവ് സനുമോഹന് കോടതി ശിക്ഷ വിധിച്ചത് അഞ്ചു കുറ്റങ്ങള്‍ക്ക്. കുട്ടിയെ കൊലപ്പെടുത്തിയതിന് ഐപിസി 302-ാം വകുപ്പു പ്രകാരം ജീവപര്യന്തം തടവു ശിക്ഷ വിധിച്ച കോടതി ഈ കേസിനെ അപൂര്‍വങ്ങളില്‍ അപൂര്‍വമായി കാണാനാവില്ലെന്ന് അഭിപ്രായപ്പെട്ടു.

കൊലപാതക കുറ്റത്തിന് ജീവപര്യന്തം തടവു ശിക്ഷയും ഒരു ലക്ഷം രൂപ പിഴയുമാണ് പ്രത്യേക കോടജി ജഡ്ജി കെ സോമന്‍ വിധിച്ചത്. മറ്റു വിവിധ വകുപ്പുകളിലായി 28 വര്‍ഷം തടവും 70,000 രൂപ പിഴയും വിധിച്ചു. 28 വര്‍ഷത്തെ തടവുശിക്ഷ അനുഭവിച്ച ശേഷം ജീവപര്യന്തം പ്രത്യേകമായി അനുഭവിക്കണമെന്ന് കോടതി വ്യക്തമാക്കി.

സനുവിനെതിരെ ചുമത്തിയ എല്ലാ കുറ്റങ്ങളും തെളിഞ്ഞെന്ന് കണ്ടെത്തിയാണ്, സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ അതിക്രമ കേസുകള്‍ പരിഗണിക്കുന്ന എറണാകുളം പ്രത്യേക കോടതി ശിക്ഷ വിധിച്ചത്. കേസ് അപൂര്‍വങ്ങളില്‍ അപൂര്‍വമായി കണ്ട് വധശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു. പ്രതിഭാഗം ഇതിനെ എതിര്‍ത്തു. പ്രായമായ അമ്മ മാത്രമാണ് വീട്ടിലുള്ളതെന്നും ശിക്ഷയില്‍ ഇളവു വേണമെന്നും സനു മോഹന്‍ കോടതിയില്‍ പറഞ്ഞു.

ഐപിസി 302, 328, 201, ജുവനൈല്‍ ജസ്റ്റിസ് ആക്ട് 75, 77 വകുപ്പുകള്‍ പ്രകാരം പ്രതി കുറ്റക്കാരനെന്നു കോടതി കണ്ടെത്തി. കുട്ടിയെ കൊലപ്പെടുത്തി, കൊലപാതക ഉദ്ദേശത്തോടെ മദ്യം നല്‍കി, തെളിവു നശിപ്പിക്കല്‍, ബാലനീതി പ്രകാരം കുട്ടികളോടുള്ള ക്രൂരത, കുട്ടികള്‍ക്ക് മദ്യം നല്‍കല്‍ തുടങ്ങിയവയാണ് സനു മോഹനെതിരെ കണ്ടെത്തിയ കുറ്റങ്ങള്‍.

2021 മാര്‍ച്ച് 22നാണ് വൈഗയെ അച്ഛന്‍ സനു മോഹന്‍ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി മുട്ടാര്‍ പുഴയില്‍ ഉപേക്ഷിച്ചത്. പണം കൊടുക്കാനുള്ളവരെ കബളിപ്പിക്കാനാണ് മകളെ കൊന്നത് എന്നും ആള്‍മാറാട്ടം നടത്തി ജീവിക്കാനായിരുന്നു പദ്ധതിയെന്നുമാണ് സനു മോഹന്റെ കുറ്റസമ്മത മൊഴി. ആലപ്പുഴയിലെ ബന്ധുവീട്ടില്‍ നിന്ന് അമ്മാവനെ കാണിക്കാന്‍ ആണെന്ന് പറഞ്ഞാണ് സനു മോഹന്‍ മകളെ കൂട്ടിക്കൊണ്ടുവന്നത്.

എറണാകുളം കങ്ങരപ്പടിയിലെ ഫ്‌ളാറ്റില്‍ എത്തിച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം പുഴയില്‍ ഉപേക്ഷിച്ചു. കൊലപാതക ശേഷം കേരളം വിട്ട പ്രതി ഗോവ, കോയമ്പത്തൂര്‍, മൂകാംബിക തുടങ്ങിയ സ്ഥലങ്ങളില്‍ ഒളിവില്‍ താമസിച്ചു. കാര്‍വാറില്‍ നിന്നാണ് സനുവിനെ പൊലീസ് അറസ്റ്റ് ചെയ്തത്.

ഉറങ്ങിക്കിടന്ന കുഞ്ഞിനെ കിണറ്റിലെറിഞ്ഞു; 36 ദിവസം പ്രായമുളള കുഞ്ഞിനെ കൊന്നത് മാതാവ്

ഉറങ്ങിക്കിടന്ന കുഞ്ഞിനെ കിണറ്റിലെറിഞ്ഞു; 36 ദിവസം പ്രായമുളള കുഞ്ഞിനെ കൊന്നത് മാതാവ്

കിണറ്റിൽ കണ്ടെത്തിയ 36 ദിവസമായ കുഞ്ഞിനെ കൊന്നത് അമ്മയെന്ന് പൊലീസ്. മാതാവ് സുരിത കുറ്റം സമ്മതിച്ചു. സംഭവത്തിൽ സുരിതയുടെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തും. ഉറങ്ങിക്കിടക്കുകയായിരുന്ന കുഞ്ഞിനെ എടുത്തുകൊണ്ടുപോയി കിണറ്റിലെറിഞ്ഞെന്ന് മൊഴി നൽകി. സാമ്പത്തിക പ്രതിസന്ധി, മാനസിക പ്രശ്നങ്ങൾ, കടുത്ത വിഷാദം തുടങ്ങിയവയാണ് കൊലപാതകത്തിന്റെ കാരണമെന്ന് പൊലീസ് പറയുന്നു.

കുഞ്ഞിനെ കാണാനില്ലെന്ന് സുരിതയാണ് പിതാവിനെ അറിയിച്ചത്. തുടർന്ന് ഭർത്താവ് സജിയെ വിവരം അറിയിച്ചത്. കുഞ്ഞിനെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി ഭർത്താവ് സജി മൂന്നു മണിയോടുകൂടി പോത്തൻകോട് പൊലീസിനെ സമീപിക്കുകയായിരുന്നു. പൊലീസ് വീട്ടിലെത്തി പരിശോധന നടത്തി. ഇതിനിടെയാണ് കുഞ്ഞിന്റെ ടവ്വൽ കിണറിന്റെ കൈവരിയിൽ നിന്ന് കണ്ടെത്തിയത്.

തുടർന്ന് അ​ഗ്നിശമന സേനയെ വിവരം അറിയിക്കുകയായിരുന്നു. ഇവർ കിണറ്റിൽ നടത്തിയ പരിശോധനയിലാണ് കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്. തുടർന്ന് സുരിതയെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. പിന്നാലെ നടത്തിയ ചോദ്യം ചെയ്യലിലാണ് സുരിത കുറ്റം സമ്മതിച്ചത്. ഏകദേശം രണ്ടു മണിയോടുകൂടി കുഞ്ഞിനെ എടുത്തുകൊണ്ടുപോയി വീടിന്റെ പുറകിലുള്ള കിണറിലെറിയുകയായിരുന്നു.