by Midhun HP News | Dec 27, 2023 | Latest News, കേരളം
തിരുവനന്തപുരം എസ്എടി ആശുപത്രിയില്‍ മെഡിക്കല്‍ ജനറ്റിക്സ് വിഭാഗം ആരംഭിക്കുന്നതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ഇതിനായി ഒരു പ്രൊഫസറുടേയും ഒരു അസി. പ്രൊഫസറുടേയും തസ്തികകള്‍ സൃഷ്ടിച്ചിട്ടുണ്ട്. അപൂര്‍വ ജനിതക രോഗ പ്രതിരോധത്തിലും ചികിത്സയിലും ഗവേഷണത്തിലും നിര്‍ണായക ചുവടുവയ്പ്പാണിത്.
ജനറ്റിക്സ് വിഭാഗം ആരംഭിക്കാനായി മന്ത്രി തലത്തില്‍ നിരവധി തവണ യോഗം ചേര്‍ന്നാണ് അന്തിമ രൂപം നല്‍കിയത്. എസ്എടി ആശുപത്രിയെ അപൂര്‍വ രോഗങ്ങളുടെ സെന്റര്‍ ഓഫ് എക്സലന്‍സായി തെരഞ്ഞെടുത്തിരുന്നു. സംസ്ഥാനത്ത് ആദ്യമായി ഈ സര്‍ക്കാര്‍ എസ്എംഎ ക്ലിനിക്ക് ആരംഭിച്ചതും എസ്എടിയിലാണ്. ഭാവിയില്‍ മെഡിക്കല്‍ ജനറ്റിക്സ് വിഭാഗത്തില്‍ ഡിഎം കോഴ്സ് ആരംഭിക്കാനാകുന്നതോടെ ഈ മേഖലയില്‍ നിരവധി വിദഗ്ധരെ സൃഷ്ടിക്കാന്‍ സാധിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
വേഗത്തില്‍ വികസിച്ചു കൊണ്ടിരിക്കുന്ന ഒരു ശാസ്ത്ര ശാഖയാണ് മെഡിക്കല്‍ ജനറ്റിക്‌സ്. ജനിതക രോഗങ്ങള്‍ വളരെ നേരത്തെ കണ്ടെത്തി പ്രതിരോധിക്കുന്നതിലും ചികിത്സിക്കുന്നതിലും മെഡിക്കല്‍ ജനറ്റിക്‌സിന് പ്രധാന പങ്കുണ്ട്. ഗര്‍ഭാവസ്ഥയില്‍ തന്നെ ജനിതക രോഗങ്ങള്‍ കണ്ടെത്തി ചികിത്സ ഉറപ്പാക്കുകയും പ്രധാനമാണ്. എസ്.എ.ടി. ആശുപത്രിയില്‍ നിലവില്‍ ജനറ്റിക്‌സിന് ചികിത്സയുണ്ടെങ്കിലും ആദ്യമായാണ് ഒരു പ്രത്യേക വിഭാഗമാക്കുന്നത്. ഇതിലൂടെ അപൂര്‍വ ജനിതക രോഗങ്ങളുടെ ചികിത്സയ്ക്ക് സ്ഥിരം സംവിധാനമാകുന്നു.
ചൊവ്വ, വെള്ളി ദിവസങ്ങളിലാണ് പുതിയ രോഗികളുടെ ഒപി പ്രവര്‍ത്തിക്കുന്നത്. ചൊവ്വാഴ്ച ജനറ്റിക്‌സ് ഒപിയും വെള്ളിയാഴ്ച അപൂര്‍വ രോഗങ്ങളുടെ സ്‌പെഷ്യല്‍ ഒപിയും പ്രവര്‍ത്തിക്കുന്നു. ബാക്കി ദിവസങ്ങളില്‍ തുടര്‍ ചികിത്സയാണ് ലഭ്യമാക്കുന്നത്. ജനറ്റിക്സ് വിഭാഗം യാഥാര്‍ത്ഥ്യമാകുന്നതോടെ എല്ലാ വിഭാഗങ്ങളിലുമുള്ള അപൂര്‍വ ജനിതക രോഗങ്ങള്‍ക്കും മികച്ച രീതിയില്‍ ചികിത്സയും സേവനവും നല്‍കാനാകും. നിലവില്‍ സിഡിസിയിലെ ജനറ്റിക്‌സ് ലാബിലാണ് ജനിതക പരിശോധനകള്‍ നടത്തുന്നത്. ഇതുകൂടാതെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ജനറ്റിക്‌സ് ലാബ് സജ്ജമാക്കി വരികയാണ്. ഇതോടെ കൂടുതല്‍ പരിശോധനകള്‍ വേഗത്തില്‍ നടത്താനും ചികിത്സ ഉറപ്പാക്കാനും സാധിക്കും.
അപൂര്‍വ രോഗം ബാധിച്ചിട്ടുള്ള കുഞ്ഞുങ്ങളുടെ ചികിത്സയും തുടര്‍ പ്രവര്‍ത്തനങ്ങളും ഉറപ്പാക്കുന്നതിന് വേണ്ടി വലിയ പ്രവര്‍ത്തനങ്ങളാണ് സര്‍ക്കാര്‍ നടത്തി വരുന്നത്. സെന്റര്‍ ഓഫ് എക്‌സലന്‍സ് പദ്ധതിയിലേക്കായി 190 അപേക്ഷകളാണ് ലഭിച്ചത്. അതില്‍ സ്‌ക്രീന്‍ ചെയ്ത് എസ്.എം.എ. ബാധിച്ച 56 കുട്ടികള്‍ക്ക് മരുന്ന് നല്‍കിയിട്ടുണ്ട്. അപൂര്‍വ ജനിതക രോഗം ബാധിച്ച 7 കുട്ടികള്‍ക്ക് വിലകൂടിയ മരുന്നുകള്‍ നല്‍കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്.
by Midhun HP News | Dec 27, 2023 | Latest News, കേരളം
കെ എസ് ആർ ടി സിയെ ലാഭത്തിലാക്കാനാകില്ലെന്നും നഷ്ടം കുറയ്ക്കണമെന്നും മുൻമന്ത്രി ആന്റണി രാജു. എല്ലാ സമരങ്ങൾക്കും വഴങ്ങിക്കൊടുത്താൽ കെ എസ് ആർ ടി സി ബാക്കി കാണില്ല. കെഎസ്ആർടിസിയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ നേട്ടങ്ങൾക്ക് കാരണമാകാൻ കഴിഞ്ഞുവെന്നും പടിയിറങ്ങുന്നത് അഭിമാനത്തോടെയെന്നും ആന്റണി രാജു പറഞ്ഞു.
തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. എത്രകാലം മന്ത്രിയായിരുന്നു എന്നതിലല്ല എന്ത് ചെയ്തൂവെന്നതാണ് പ്രധാനം. വിസ്മയ കേസിലെ പ്രതിയായ കിരണിനെതിരെ കർശന നടപടികൾ സ്വീകരിക്കാനും സർവീസിൽ നിന്ന് പുറത്താക്കാനും കഴിഞ്ഞുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കെഎസ്ആർടിസി മാനേജ്മെൻ്റിൽ പ്രൊഫഷണലുകളെ കൊണ്ടുവന്നു. പ്രതീക്ഷിച്ച രീതിയിലുള്ള വെല്ലുവിളികൾ വകുപ്പിൽ നിന്ന് ഉണ്ടായില്ലെന്നും അദ്ദേഹം പറഞ്ഞു. കെഎസ് ആർ ടി സി സ്വിഫ്റ്റ് നടപ്പിലാക്കി. ശമ്പള പരിഷ്കരണം പ്രാവർത്തികമാക്കി.
സിംഗിൾ ഡ്യൂട്ടി സംവിധാനം കൊണ്ടുവന്നു. പ്രതിദിന വരുമാനത്തിൽ വർധനവ് വന്നു. 545 പുതിയ ബസുകൾ വാങ്ങി. ഫോൺ പെ സംവിധാനം നടപ്പിലാക്കി. കെഎസ്ആർടിസിയിൽ ആധുനികവത്ക്കരണം നടപ്പിലാക്കി. യൂണിഫോം സംവിധാനം പുനസ്ഥാപിച്ചു.
എ ഐ കാമറ സംവിധാനം നടപ്പിലാക്കി. ഡ്രൈവിംഗ് ലൈസൻസും ആർ സി ബുക്കും സ്മാർട്ട് കാർഡാക്കി. തുടർന്ന് എല്ലാ തലത്തിലും വകുപ്പിലെ സമഗ്രവികസനം ഉറപ്പുവരുത്താനായി എന്നും അദ്ദേഹം പറഞ്ഞു. മറ്റു സംസ്ഥാനങ്ങൾക്ക് പോലും മാതൃകയാക്കാവുന്ന പല പരിഷ്കരണങ്ങളും കെഎസ്ആർടിസിയിൽ കൊണ്ടുവരാൻ താൻ മന്ത്രിയായിരുന്ന സമയത്ത് സാധിച്ചു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
by Midhun HP News | Dec 27, 2023 | Latest News, കേരളം
ഡല്‍ഹി: കനത്ത മൂടല്‍മഞ്ഞ് ഇന്നും വിമാന സര്‍വീസുകളെ ബാധിച്ചു. ഡല്‍ഹി വിമാനത്താവളത്തില്‍ നിന്ന് പുറപ്പെടേണ്ടതും ഇറങ്ങേണ്ടതുമായ രാജ്യാന്തര യാത്രകള്‍ അടക്കം 110 വിമാന സര്‍വീസുകളാണ് വൈകുന്നത്. തൊട്ടടുത്തുള്ള കാഴ്ച പോലും മറച്ചുകൊണ്ട് കനത്ത മൂടല്‍മഞ്ഞാണ് ഡല്‍ഹിയില്‍ അനുഭവപ്പെടുന്നത്. മൂടല്‍മഞ്ഞ് ദൂരക്കാഴ്ചയെ മറച്ചതോടെ, ഡല്‍ഹിയില്‍ നിന്നുള്ള യാത്ര, ചരക്കു ട്രെയിന്‍ സര്‍വീസുകളുടെയും താളംതെറ്റിയിട്ടുണ്ട്. നിരവധി ട്രെയിനുകള്‍ റദ്ദാക്കിയതായാണ് വിവരം.
കനത്ത മൂടല്‍മഞ്ഞിന്റെ പശ്ചാത്തലത്തില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഡല്‍ഹിയില്‍ ഓറഞ്ച് ജാഗ്രത പ്രഖ്യാപിച്ചു. വ്യാഴാഴ്ച യെല്ലോ അലര്‍ട്ട് മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്. അടുത്ത മൂന്ന് ദിവസം കൂടി ഇതേ അവസ്ഥ തന്നെ തുടരുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ കണക്കുകൂട്ടല്‍.
ബുധനാഴ്ച കുറഞ്ഞ താപനില ഏഴു ഡിഗ്രിയായി താഴുമെന്നാണ് പ്രവചനം. 24 ഡിഗ്രിയായിരിക്കും കൂടിയ താപനില. രാവിലെയാണ് മൂടല്‍മൂഞ്ഞ് കൂടുതലായി അനുഭവപ്പെടുന്നത്. മൂടല്‍മഞ്ഞ് ഗതാഗതക്കുരുക്കിനും കാരണമാകുന്നുണ്ട്. ഡല്‍ഹിക്ക് പുറമേ ഹരിയാന, യുപിയുടെ വിവിധ ഭാഗങ്ങള്‍, രാജസ്ഥാന്റെ വടക്കന്‍ ഭാഗങ്ങള്‍ എന്നിവിടങ്ങളിലും മൂടല്‍മഞ്ഞ് അനുഭവപ്പെടുന്നുണ്ട്.
by Midhun HP News | Dec 27, 2023 | Latest News, കേരളം
കണ്ണൂര്‍: ബിപിഎല്‍ കാര്‍ഡ് അനധികൃതമായി ഉപയോഗിച്ചതിനുള്ള പിഴ ഒഴിവാക്കാന്‍ കൈക്കൂലി വാങ്ങുന്നതിനിടെ, താലൂക്ക് സപ്ലൈ ഓഫീസര്‍ പിടിയില്‍. തളിപ്പറമ്പ് താലൂക്ക് സപ്ലൈ ഓഫീസര്‍ അനില്‍ പി കെയെ ആണ് വിജിലന്‍സ് അറസ്റ്റ് ചെയ്തത്.
കണ്ണൂര്‍ ജില്ലയിലെ പെരുവളത്തുപറമ്പ് സ്വദേശിയാണ് വിജിലന്‍സില്‍ പരാതി നല്‍കിയത്. ഇയാള്‍ക്ക് ബിപിഎല്‍ റേഷന്‍ കാര്‍ഡാണ് ഉണ്ടായിരുന്നത്. സ്വന്തമായി കാറുള്ളയാള്‍ ബിപിഎല്‍ കാര്‍ഡ് ഉപയോഗിക്കുന്നത് അനധികൃതമാണെന്ന് താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു.
കാര്‍ഡ് എത്രയും വേഗം എപിഎല്‍ വിഭാഗത്തിലേക്ക് മാറ്റണമെന്നും നിര്‍ദേശിച്ചു. ഇതുവരെ അനധികൃതമായി ബിപിഎല്‍ കാര്‍ഡ് ഉപയോഗിച്ചതിന് പിഴയായി മൂന്ന് ലക്ഷം രൂപ സര്‍ക്കാറിലേക്ക് അടയ്ക്കാനും ആവശ്യപ്പെട്ടു. 25,000 രൂപ കൈക്കൂലി തന്നാല്‍ പിഴ ഒഴിവാക്കി തരാമെന്ന് സപ്ലൈ ഓഫീസര്‍ പിന്നീട് അനിലിനെ അറിയിച്ചു.
ഇതനുസരിച്ച് കഴിഞ്ഞമാസം 25 ന് സപ്ലൈ ഓഫീസര്‍ക്ക് 10,000 രൂപ നല്‍കി. തുടര്‍ന്ന് ഫൈന്‍ ഒഴിവാക്കി നല്‍കുകയും പുതിയ എപിഎല്‍ കാര്‍ഡ് അനുവദിക്കുകയും ചെയ്തു. പുതിയ കാര്‍ഡ് കഴിഞ്ഞദിവസമാണ് ഉടമയ്ക്ക് ലഭിച്ചത്. ഇക്കാര്യം അറിയിച്ചപ്പോള്‍ 5000 രൂപയെങ്കിലും കൈക്കൂലിയായി വീണ്ടും നല്‍കണമെന്ന് താലൂക്ക് സപ്ലൈ ഓഫീസര്‍ ആവശ്യപ്പെടുകയായിരുന്നു.
ഇക്കാര്യം പരാതിക്കാരന്‍ ഉടന്‍ തന്നെ കണ്ണൂര്‍ വിജിലന്‍സ് ഡിവൈഎസ്പിയെ അറിയിച്ചു. തുടര്‍ന്ന് വിജിലന്‍സ് പരാതിക്കാരന് കൈക്കൂലി നല്‍കാനുള്ള പണം നല്‍കി. വൈകീട്ട് പരാതിക്കാരനില്‍ നിന്നും കൈക്കൂലി തുക വാങ്ങുന്നതിനിടെ പുറത്തു കാത്തുനിന്ന വിജിലന്‍സ് സംഘം താലൂക്ക് സപ്ലൈ ഓഫീസറെ കയ്യോടെ പിടികൂടുകയായിരുന്നു.
by Midhun HP News | Dec 27, 2023 | Latest News, കേരളം
കൊച്ചി: പത്തു വയസ്സുകാരി വൈഗയെ കൊലപ്പെടുത്തിയ കേസില്‍ പ്രതി സനുമോഹൻ കുറ്റക്കാരനെന്ന് കോടതി. സനുവിനെതിരെ ചുമത്തിയ എല്ലാ കുറ്റങ്ങളും തെളിഞ്ഞെന്ന് കോടതി കണ്ടെത്തി. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ അതിക്രമ കേസുകള്‍ പരിഗണിക്കുന്ന എറണാകുളം പ്രത്യേക കോടതിയാണ് വിധി പറയുന്നത്. ശിക്ഷയിന്മേലുള്ള വാദം ഉച്ചയ്ക്ക് ശേഷം നടക്കും.
ഐപിസി 302, 328, 201, ജുവനൈൽ ജസ്റ്റിസ് ആക്ട് 75, 77 വകുപ്പുകൾ പ്രതിക്കെതിരെ നിലനിൽക്കുമെന്ന് കോടതി വ്യക്തമാക്കി. കുട്ടിയെ കൊലപ്പെടുത്തി, കൊലപാതക ഉദ്ദേശത്തോടെ മദ്യം നൽകി, തെളിവു നശിപ്പിക്കൽ, ബാലനീതി പ്രകാരം കുട്ടികളോടുള്ള ക്രൂരത, കുട്ടികൾക്ക് മദ്യം നൽകൽ തുടങ്ങി പൊലീസ് ചുമത്തിയ വകുപ്പുകൾ നിലനിൽക്കുമെന്നാണ് കോടതി കണ്ടെത്തിയത്.
2021 മാര്‍ച്ച് 22നാണ് വൈഗയെ അച്ഛന്‍ സനു മോഹന്‍ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി മുട്ടാര്‍ പുഴയില്‍ ഉപേക്ഷിച്ചത്. പണം കൊടുക്കാനുള്ളവരെ കബളിപ്പിക്കാനാണ് മകളെ കൊന്നത് എന്നും ആള്‍മാറാട്ടം നടത്തി ജീവിക്കാനായിരുന്നു പദ്ധതിയെന്നുമാണ് സനു മോഹന്റെ കുറ്റസമ്മത മൊഴി. ആലപ്പുഴയിലെ ബന്ധുവീട്ടില്‍ നിന്ന് അമ്മാവനെ കാണിക്കാന്‍ ആണെന്ന് പറഞ്ഞാണ് സനു മോഹന്‍ മകളെ കൂട്ടിക്കൊണ്ടുവന്നത്.
എറണാകുളം കങ്ങരപ്പടിയിലെ ഫ്ളാറ്റില്‍ എത്തിച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം പുഴയില്‍ ഉപേക്ഷിച്ചു. കൊലപാതക ശേഷം കേരളം വിട്ട പ്രതി ഗോവ, കോയമ്പത്തൂര്‍, മൂകാംബിക തുടങ്ങിയ സ്ഥലങ്ങളില്‍ ഒളിവില്‍ താമസിച്ചു. കാര്‍വാറില്‍ നിന്നാണ് സനുവിനെ പൊലീസ് അറസ്റ്റ് ചെയ്യുന്നത്.
by Midhun HP News | Dec 27, 2023 | Latest News, കേരളം
ഡല്‍ഹി: ഭാരത് ആട്ട, ഭാരത് ദാല്‍ (പരിപ്പ്) എന്നിവയ്ക്ക് പിന്നാലെ ഭാരത് അരിയുമായി കേന്ദ്രസര്‍ക്കാര്‍. വിലക്കയറ്റം പിടിച്ചു നിര്‍ത്തുക എന്ന ലക്ഷ്യത്തോടെയാണ് ഭാരത് ബ്രാന്‍ഡില്‍ സര്‍ക്കാര്‍ അരി വിതരണത്തിനെത്തിക്കുന്നത്. കിലോയ്ക്ക് 25 രൂപ നിരക്കിലാകും അരി ചില്ലറ വില്‍പ്പനയ്‌ക്കെത്തിക്കുക.
അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന പൊതു തെരഞ്ഞെടുപ്പ് കൂടി ലക്ഷ്യമിട്ടാണ് മോദി സര്‍ക്കാരിന്റെ നടപടി. സര്‍ക്കാര്‍ ഏജന്‍സികളായ നാഷണല്‍ അഗ്രികള്‍ച്ചറല്‍ കോ-ഓപ്പറേറ്റീവ് മാര്‍ക്കറ്റിങ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ (നാഫെഡ്), നാഷണല്‍ കോ-ഓപ്പറേറ്റീവ് കണ്‍സ്യൂമേഴ്സ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ ലിമിറ്റഡ്, കേന്ദ്രീയ ഭണ്ഡാര്‍ ഔട്ട്ലെറ്റുകള്‍, സഞ്ചരിക്കുന്ന വില്‍പ്പനശാലകള്‍ എന്നിവിടങ്ങളിലാണ് ഭാരത് റൈസ് ലഭിക്കുക.
ഇന്ത്യയിലെ അരിയുടെ ശരാശരി ചില്ലറവില്‍പ്പന വില കിലോഗ്രാമിന് 43.3 രൂപയാണ്. മുന്‍വര്‍ഷത്തെക്കാള്‍ 14.1 ശതമാണ് അരിക്ക് വര്‍ധിച്ചത്.
ഈ പശ്ചാത്തലത്തിലാണ് ഭാരത് റൈസ് എന്നപേരില്‍ കുറഞ്ഞ നിരക്കില്‍ അരി വില്‍പ്പനയ്‌ക്കെത്തിക്കുക ആശയത്തിലേക്ക് കേന്ദ്രസര്‍ക്കാരെത്തിയത്. നിലവില്‍ ഭാരത് ആട്ട കിലോയ്ക്ക് 27.50 രൂപ നിരക്കിലും ഭാരത് ദാല്‍ 60 രൂപ നിരക്കിലും സര്‍ക്കാര്‍ വില്‍ക്കുന്നുണ്ട്
Recent Comments