by Midhun HP News | Dec 27, 2023 | Latest News, കേരളം
ബാംഗ്ലൂർ: തെന്നിന്ത്യയിൽ പ്രശസ്തനായ സ്റ്റണ്ട് മാസ്റ്റർ ജോളി ബാസ്റ്റ്യൻ അന്തരിച്ചു. 57 വയസായിരുന്നു. ഹൃദയാഘാതത്തെ തുടർന്നാണ് മരണം. കന്നട, തമിഴ്, തെലുങ്ക്, മലയാളം, ഹിന്ദി, പഞ്ചാബി ഭാഷകളിലായി 400 ലേറെ ചിത്രങ്ങൾക്ക് ഫൈറ്റ് കൊറിയഗ്രാഫി നിർവഹിച്ചിട്ടുണ്ട്.
അങ്കമാലി ഡയറീസ് , കമ്മട്ടിപ്പാടം , ബാംഗ്ലൂർ ഡേയ്‌സ് , ഓപ്പറേഷൻ ജാവ , മാസ്റ്റർപീസ് , അയാളും ഞാനും തമ്മിൽ , ഹൈവേ , ജോണി വാക്കർ , ബട്ടർഫ്‌ളൈസ് തുടങ്ങിയ മലയാളം സിനിമകളിൽ പ്രവർത്തിച്ചു. കന്നഡ ചിത്രമായ “നിനാഗഗി കദിരുവേ”, തമിഴ് സിനിമ ’’ലോക്ക്ഡൗൺ” എന്നിവയുടെ സംവിധായകനാണ്
1966 സെപ്തംബർ 24 ന് ആലപ്പുഴയിലാണ് ജോളി ബാസ്റ്റ്യൻ ജനിച്ചത്. മെക്കാനിക്കായി ഔദ്യോഗിക ജീവിതം ആരംഭിച്ച അദ്ദേഹത്തിന് ചെറുപ്പം മുതൽ ബൈക്കുകളോട് കമ്പമുണ്ടായിരുന്നു. ബൈക്ക് സ്റ്റണ്ട് രംഗത്ത് കന്നഡ സൂപ്പർ സ്റ്റാർ വി.രവിചന്ദ്രന്റെ ഡ്യൂപ്പായിട്ടാണ് സിനിമാ മേഖലയിൽ തുടക്കം കുറിക്കുന്നത്. കന്നഡ ചലച്ചിത്ര വ്യവസായത്തിലെ ഏറ്റവും ഉയർന്ന പ്രതിഫലം വാങ്ങുന്ന ആക്ഷൻ സംവിധായകനായി ജോളി ബാസ്റ്റിൻ പിന്നീട് പെട്ടെന്ന് വളർന്നു.
സംഗീതത്തിൽ തല്പരനായിരുന്ന ജോളി ബാസ്റ്റിൻ 24 ഇവന്റ്‌സ് എന്നപേരിൽ ഒരു ഓർക്കസ്ട്ര ഗ്രൂപ്പിന്റെയും ഇവന്റ് മാനേജ്‌മെന്റ് കമ്പനിയുടെയും ഉടമ കൂടിയായിരുന്നു. ട്രൂപ്പിലെ പ്രധാന ഗായകനും അദ്ദേഹമായിരുന്നു. എറിഡ ഉൾപ്പെടെ ചില ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. കർണാടക സ്റ്റണ്ട് ഡയറക്‌ടേഴ്‌സ് യൂണിയന്റെ നേതൃനിരയിൽ ജോളി ബാസ്റ്റിൻ ദീർഘകാലം സേവനമനുഷ്ഠിച്ചിട്ടുണ്ട്.
by Midhun HP News | Dec 27, 2023 | Latest News, കേരളം
ശബരിമലയിൽ വൻ തിരക്കിന് ആശ്വാസം. പമ്പയിലും നിലയ്ക്കലിലും തിരക്കൊഴിഞ്ഞു. സന്നിധാനം മുതൽ ശബരീപീഠം വരെ മാത്രമാണ് ഇപ്പോൾ തീർഥാടകരുടെ തിരക്ക് അനുഭവപ്പെടുന്നത്. പമ്പയിലെ നടപ്പന്തൽ ഒഴിഞ്ഞിരിക്കുകയാണ്.
നിലയ്ക്കലിലെ കെ എസ് ആർ ടി സി ബസ് സ്റ്റാൻഡും വാഹനങ്ങൾ പാർക്ക് ചെയ്യുന്ന ഗ്രൗണ്ടിലും തിരക്കൊഴിഞ്ഞു. 20000 മുതൽ 30000 ഭക്തരാണ് നിലവിൽ ദർശനം നടത്തുന്നത്. ഉച്ചയ്ക്ക് ഒരുമണിയോടെ ക്യുവിൽ നിൽക്കുന്ന എല്ലാ ഭക്തർക്കും ദർശനം നടത്താൻ സാധിക്കും.
by Midhun HP News | Dec 27, 2023 | Latest News, കേരളം
സംസ്ഥാനത്ത് സ്വര്‍ണവില കുറയാതെ തുടരുന്നു. ഇന്ന് പവന് 80 രൂപയാണ് വര്‍ധിച്ചത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 46,800 രൂപയാണ്. ഗ്രാമിന് പത്തു രൂപ കൂടി 5850 രൂപയായി. ഈ സ്ഥിതി തുടരുകയാണെങ്കില്‍ സ്വര്‍ണവില 47000ത്തിലേക്ക് കടക്കും.
ഈ മാസം നാലിന് 47,000 കടന്ന് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡ് ഇട്ടിരുന്നു. 13 വരെയുള്ള 9ദിവസം സ്വര്‍ണവില കുറഞ്ഞിരുന്നു. 13ന് 45,320 രൂപയായി താഴ്ന്ന് ഈ മാസത്തിലെ ഏറ്റവും താഴ്ന്ന നിലയില്‍ എത്തിയിരുന്നു. പിന്നാലെ സ്വര്‍ണവില വര്‍ധിക്കുകയായിരുന്നു. പിന്നീട് 15ന് സ്വര്‍ണവില കുറഞ്ഞെങ്കിലും 18 മുതല്‍ വീണ്ടും വര്‍ധിക്കാന്‍ തുടങ്ങി. ഇത്തരത്തില്‍ രണ്ടാഴ്ചയ്ക്കിടെ 1500 രൂപയാണ് വര്‍ധിച്ചത്.
by Midhun HP News | Dec 27, 2023 | Latest News, കേരളം
കൊച്ചി: പത്തു വയസ്സുകാരി വൈഗയെ കൊലപ്പെടുത്തിയ കേസില്‍ കോടതി ഇന്ന് വിധി പ്രസ്താവിക്കും. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ അതിക്രമ കേസുകള്‍ പരിഗണിക്കുന്ന എറണാകുളം പ്രത്യേക കോടതിയാണ് വിധി പറയുന്നത്. കുട്ടിയുടെ അച്ഛന്‍ സനു മോഹന്‍ ആണ് പ്രതി.
കുറ്റക്കാരനാണെന്ന് കണ്ടെത്തിയാല്‍ ശിക്ഷാവിധിയും വിചാരണ കോടതി ഇന്നുതന്നെ പ്രഖ്യാപിച്ചേക്കും. 2021 മാര്‍ച്ച് 22നാണ് വൈഗയെ അച്ഛന്‍ സനു മോഹന്‍ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി മുട്ടാര്‍ പുഴയില്‍ ഉപേക്ഷിച്ചത്.
പണം കൊടുക്കാനുള്ളവരെ കബളിപ്പിക്കാനാണ് മകളെ കൊന്നത് എന്നും ആള്‍മാറാട്ടം നടത്തി ജീവിക്കാനായിരുന്നു പദ്ധതിയെന്നുമാണ് സനു മോഹന്റെ കുറ്റസമ്മത മൊഴി. ആലപ്പുഴയിലെ ബന്ധുവീട്ടില്‍ നിന്ന് അമ്മാവനെ കാണിക്കാന്‍ ആണെന്ന് പറഞ്ഞാണ് സനു മോഹന്‍ മകളെ കൂട്ടിക്കൊണ്ടുവന്നത്.
എറണാകുളം കങ്ങരപ്പടിയിലെ ഫ്ളാറ്റില്‍ എത്തിച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം പുഴയില്‍ ഉപേക്ഷിച്ചു. കൊലപാതക ശേഷം കേരളം വിട്ട പ്രതി ഗോവ, കോയമ്പത്തൂര്‍, മൂകാംബിക തുടങ്ങിയ സ്ഥലങ്ങളില്‍ ഒളിവില്‍ താമസിച്ചു. കാര്‍വാറില്‍ നിന്നാണ് സനുവിനെ പൊലീസ് അറസ്റ്റ് ചെയ്യുന്നത്.
by Midhun HP News | Dec 27, 2023 | Latest News, കേരളം
പത്തനംതിട്ട: ശബരിമല മണ്ഡലപൂജ ഇന്ന്. രാവിലെ 10.30നും 11.30നും മദ്ധ്യേയുള്ള മീനം രാശി ശുഭ മുഹൂര്‍ത്തത്തിലാണ് മണ്ഡലപൂജ നടക്കുക. 11ന് നട അടയ്ക്കും. മകരവിളക്ക് ഉത്സവത്തിനായി 30ന് വൈകിട്ട് 5ന് നടതുറക്കും. ജനുവരി 15നാണ് മകരവിളക്ക്. മണ്ഡലകാലം അവസാനിക്കുന്ന ഇന്നും ശബരിമലയില്‍ തീര്‍ഥാടകരുടെ തിരക്ക് അനുഭവപ്പെടുന്നുണ്ട്.
മണ്ഡലപൂജയ്ക്ക് മുന്നോടിയായുള്ള തങ്കഅങ്കി ഘോഷയാത്ര ഇന്നലെ വൈകീട്ടാണ് സന്നിധാനത്ത് എത്തിയത്.ആറന്‍മുള പാര്‍ത്ഥസാരഥി ക്ഷേത്രത്തില്‍ നിന്ന് 23ന് പുറപ്പെട്ട തങ്ക അങ്കി ഘോഷയാത്ര ഇന്നലെ ഉച്ചയ്ക്ക് രണ്ടിനാണ് പമ്പയിലെത്തിയത്. പമ്പ ദേവസ്വം അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ സി പി സതീശ് കുമാറിന്റെ നേതൃത്വത്തില്‍ സ്വീകരിച്ചു.
3.30വരെ പമ്പാ ഗണപതി കോവിലില്‍ തങ്കഅങ്കി ദര്‍ശനത്തിനു വച്ചു. തുടര്‍ന്ന് പ്രത്യേക പേടകത്തിലാക്കി സന്നിധാനത്തേക്ക് ഘോഷയാത്ര പുറപ്പെട്ടു.വൈകീട്ട് 5.30ന് ശരംകുത്തിയിലെത്തിയ ഘോഷയാത്രയെ ശബരിമല ദേവസ്വം എക്‌സിക്യുട്ടീവ് ഓഫീസര്‍ വി കൃഷ്ണകുമാറിന്റെ നേതൃത്വത്തില്‍ സ്വീകരിച്ച് പതിനെട്ടാംപടിയിലേക്ക് ആനയിച്ചു.
കൊടിമരച്ചുവട്ടില്‍ മന്ത്രി കെ രാധാകൃഷ്ണന്‍, കെയു ജനീഷ് കുമാര്‍ എംഎല്‍എ, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പിഎസ് പ്രശാന്ത് തുടങ്ങിയവര്‍ സ്വീകരിച്ച് സോപാനത്തേക്ക് കൊണ്ടുവന്നു. തന്ത്രി കണ്ഠരര് മഹേഷ് മോഹനര്, മേല്‍ശാന്തി പിഎന്‍ മഹേഷ് നമ്പൂതിരി എന്നിവര്‍ ചേര്‍ന്ന് ഏറ്റുവാങ്ങി ശ്രീലകത്ത് എത്തിച്ചു. തുടര്‍ന്ന് അയ്യപ്പ വിഗ്രഹത്തില്‍ ചാര്‍ത്തി ദീപാരാധന നടത്തി.
by Midhun HP News | Dec 26, 2023 | Latest News, കേരളം
വർക്കല ആർ.ടി. ഒ ഓഫീസിന് സമീപം പ്രവർത്തിക്കുന്ന സംസം ഹോട്ടൽ ഉടമ 47 കാരനായ നൗഷാദി നാണ് ഇക്കഴിഞ്ഞ 17 ന് രാത്രിയിൽ 6 അംഗ സംഘത്തിന്റെ വെട്ടേറ്റത്. സംഭവത്തിൽ വെട്ടൂർ സ്വദേശി റിക്കാസ് മോൻ, കോരണി സ്വദേശി ഉണ്ണി എന്ന് വിളിക്കുന്ന ബിജു, പാലച്ചിറ സ്വദേശി കിട്ടൂസ്, ശ്രീക്കുട്ടൻ എന്ന് വിളിക്കുന്ന ശ്രീജിത്ത് എന്നിവരെ വർക്കല പോലീസ് അറസ്റ്റ് ചെയ്തു.
ഇവർ നൗഷാദിന്റെ ഹോട്ടലിലിൽ നിന്നും സംഭവം നടക്കുന്നതിന് തലേന്ന് ഭക്ഷണം പാർസൽ വാങ്ങിയിരുന്നു. എല്ലാ ഓർഡർ ചെയ്ത സാധനങ്ങൾ പാർസലിൽ ഉൾപ്പെടുത്തിയില്ല എന്നാരോപിച്ച് ഹോട്ടലിൽ എത്തി നൗഷാദുമായി വഴിക്കിട്ടിരുന്നു. തുടർന്ന് ഹോട്ടൽ അടയ്ക്കുന്ന സമയം ഹോട്ടലിൽ വീണ്ടുമെത്തി അസഭ്യം വിളിക്കുകയും മർദ്ധിക്കുകയും ചെയ്തു. പൊലീസിൽ വിവരമറിയിക്കാൻ ശ്രമിച്ചപ്പോൾ നൗഷാദിന്റെ മൊബൈൽ ഇവർ പിടിച്ചു വാങ്ങുകയും വീണ്ടും ക്രൂരമായി മർദ്ധിക്കുകയും ചെയ്തു.
തുടർന്ന് പ്രതികൾ കയ്യിൽ കരുതിയിരുന്ന ഒന്നര അടി നീളമുള്ള ഇരുതല മൂർച്ചയുള്ള വെട്ടുകത്തി കൊണ്ട് തലയ്ക്ക് വെട്ടുകയായിരുന്നു. പരിക്കേറ്റ നൗഷാദ് ചികിത്സയിലാണ്. ഒളിവിലായിരുന്ന പ്രതികളിൽ 4 പേരെയാണ് ഇപ്പോൾ പിടികൂടിയിട്ടുള്ളത്. 2 പേർ ഇപ്പോഴും ഒളിവിലാണ്
Recent Comments