പുലര്‍ച്ചെ ക്ഷേത്രക്കുളത്തിലേക്ക് തെന്നിവീണു; 17കാരന് ദാരുണാന്ത്യം

പുലര്‍ച്ചെ ക്ഷേത്രക്കുളത്തിലേക്ക് തെന്നിവീണു; 17കാരന് ദാരുണാന്ത്യം

തൃശൂര്‍: അയ്യന്തോളില്‍ പതിനേഴുവയസുകാരന്‍ കുളത്തില്‍ വീണ് മുങ്ങി മരിച്ചു. കാനാട്ടുക്കര ശാന്തിനഗറില്‍ താമസിക്കുന്ന വല്ലച്ചിറ വീട്ടില്‍ സുരേന്ദ്രന്റെ മകന്‍ 17 വയസുള്ള സിദ്ധാര്‍ത്ഥ് ആണ് മരിച്ചത്.

തിങ്കളാഴ്ച പുലര്‍ച്ചെ മൂന്നുമണിക്ക് അയ്യന്തോള്‍ തൃക്കുമാരക്കുടം ക്ഷേത്ര കുളത്തിലാണ് അപകടം.പടിക്കെട്ടില്‍ നിന്നും സിദ്ധാര്‍ത്ഥ് തെന്നി കുളത്തിലേക്ക് വീഴുകയായിരുന്നുവെന്നാണ് വിവരം. സിദ്ധാര്‍ത്ഥ് വെള്ളത്തില്‍ വീണതുകണ്ട് സുഹൃത്തുക്കള്‍ കുളത്തിലേക്ക് ചാടി രക്ഷാപ്രവര്‍ത്തനം നടത്തിയെങ്കിലും രക്ഷിക്കാനായില്ല.

‘വയലില്‍ മൃതദേഹം’; മരണം വൈദ്യുത കെണിയില്‍ നിന്ന് ഷോക്കേറ്റെന്ന് കണ്ടെത്തല്‍

‘വയലില്‍ മൃതദേഹം’; മരണം വൈദ്യുത കെണിയില്‍ നിന്ന് ഷോക്കേറ്റെന്ന് കണ്ടെത്തല്‍

തൃശൂര്‍: ചേലക്കരയില്‍ വയലില്‍ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ മധ്യവയസ്‌കന്‍ മരിച്ചത് ഷോക്കേറ്റെന്ന് കണ്ടെത്തല്‍. വെല്ലങ്ങിപ്പാറ മുണ്ടാരപ്പുള്ളി വീട്ടില്‍ ഉണ്ണികൃഷ്ണന്‍ (50) ആണ് മരിച്ചത്.

പന്നിക്ക് വേണ്ടി വെച്ച വൈദ്യുത കെണിയില്‍ നിന്നും അബദ്ധത്തില്‍ ഉണ്ണികൃഷ്ണന് ഷോക്കേല്‍ക്കുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.

വയനാട്ടില്‍ ജനവാസകേന്ദ്രത്തില്‍ വീണ്ടും കടുവയിറങ്ങി; ദൃശ്യങ്ങള്‍ സിസിടിവി ക്യാമറയില്‍

വയനാട്ടില്‍ ജനവാസകേന്ദ്രത്തില്‍ വീണ്ടും കടുവയിറങ്ങി; ദൃശ്യങ്ങള്‍ സിസിടിവി ക്യാമറയില്‍

സുല്‍ത്താന്‍ ബത്തേരി: വയനാട് ബത്തേരി സിസിയില്‍ പശുക്കിടാവിനെ പിടിച്ച തൊഴുത്തില്‍ കടുവ വീണ്ടുമെത്തി. തിന്നുപോയതിന്റെ ബാക്കി എടുക്കാനാണ് കടുവ എത്തിയതെന്നാണ് നിഗമനം. പ്രദേശത്ത് സ്ഥാപിച്ച ക്യാമറയില്‍ കടുവയുടെ ദൃശ്യങ്ങള്‍ പതിഞ്ഞിട്ടുണ്ട്.

കഴിഞ്ഞദിവസമാണ് ബത്തേരി-മാനന്തവാടി റോഡില്‍ സിസി എന്ന സ്ഥലത്തെ ഞാറക്കാട് സുരേന്ദ്രന്റെ വീട്ടിലെ തൊഴുത്തില്‍ കയറി പശുക്കിടാവിനെ കടുവ കടിച്ചുകൊന്നത്. പശുക്കിടാവിനെ ആക്രമിച്ചത് കടുവയാണെന്ന് സംശയമുണ്ടായിരുന്നു. തുടര്‍ന്ന് കാല്‍പ്പാടുകള്‍ പരിശോധിച്ച് അധികൃതര്‍ കടുവയാണെന്ന് ഉറപ്പാക്കി.

കഴിഞ്ഞദിവസം ഭക്ഷിച്ചിട്ടുപോയ പശുക്കിടാവിന്റെ മാംസാവശിഷ്ടങ്ങള്‍ തൊഴുത്തിലുണ്ടായിരുന്നു. ഇതു കടിച്ചെടുത്തുകൊണ്ടുപോകുന്നതിന്റെ ദൃശ്യങ്ങള്‍ വീഡിയോയിലുണ്ട്. ഇത് ഏതു കടുവയാണെന്ന് തിരിച്ചറിയാനുള്ള പരിശോധന വനംവകുപ്പ് ആരംഭിച്ചിട്ടുണ്ട്. കടുവയെ പിടികൂടുന്നതുമായി ബന്ധപ്പെട്ട് ഉടന്‍ നടപടി സ്വീകരിക്കും.

ക്രിസ്മസ് ‘കുടിച്ചു’ പൊളിച്ച് മലയാളികള്‍; ബെവ്‌കോയില്‍ വിറ്റത് 154.77 കോടിയുടെ മദ്യം; റെക്കോഡ് വില്‍പ്പന

ക്രിസ്മസ് ‘കുടിച്ചു’ പൊളിച്ച് മലയാളികള്‍; ബെവ്‌കോയില്‍ വിറ്റത് 154.77 കോടിയുടെ മദ്യം; റെക്കോഡ് വില്‍പ്പന

തിരുവനന്തപുരം: സംസ്ഥാനത്ത് ക്രിസ്മസ് ആഘോഷവേളയില്‍ റെക്കോഡ് മദ്യവില്‍പ്പന. മൂന്നു ദിവസം കൊണ്ട് ബെവ്‌കോ ഔട്ട്‌ലെറ്റ് വഴി വിറ്റത് 154.77 കോടിയുടെ മദ്യമാണ്. ക്രിസ്മസ് തലേന്നായ ഞായറാഴ്ച 70.73 കോടിയുടെ മദ്യവില്‍പ്പന നടന്നു.

കഴിഞ്ഞവര്‍ഷം ക്രിസ്മസ് തലേന്ന് 69.55 കോടിയുടെ മദ്യമാണ് വിറ്റിരുന്നത്. ഡിസംബര്‍ 22, 23 തീയതികളില്‍ 84.04 കോടി രൂപയുടെ മദ്യവില്‍പ്പനയാണ് നടന്നത്. കഴിഞ്ഞവര്‍ഷം ഡിസംബര്‍ 22, 23 തീയതികളില്‍ 75.41 കോടിയുടെ മദ്യമാണ് വിറ്റിരുന്നത്.

മദ്യവില്‍പ്പനയില്‍ വീണ്ടും ചാലക്കുടി തന്നെയാണ് ഒന്നാംസ്ഥാനത്ത്. 63 ലക്ഷത്തി 85,000 രൂപയുടെ മദ്യമാണ് അവിടെ വിറ്റത്. ചങ്ങനാശ്ശേരി ബെവ്‌കോ ഔട്ട്‌ലെറ്റാണ് മദ്യവില്‍പ്പനയില്‍ രണ്ടാം സ്ഥാനത്തെത്തിയത്. മൂന്നാം സ്ഥാനം ഇരിങ്ങാലക്കുട ഒട്ട്‌ലെറ്റിനാണ്.

മുന്‍വര്‍ഷങ്ങളില്‍ മുന്നിലുണ്ടാകാറുള്ള തിരുവനന്തപുരം പവര്‍ഹൗസ് റോഡിലെ ബെവ്‌കോ ഔട്ട്‌ലെറ്റ് നാലാംസ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. വടക്കന്‍ പറവൂരിലെ ബെവ്‌കോ ഔട്ട്‌ലെറ്റാണ് മദ്യവില്‍പ്പനയില്‍ അഞ്ചാം സ്ഥാനത്തുള്ളത്.

ഇനി നേരിട്ട് വരണ്ട; വിവാഹം രജിസ്റ്റർ ചെയ്യാം വീഡിയോ കോൺഫറൻസ് വഴി

ഇനി നേരിട്ട് വരണ്ട; വിവാഹം രജിസ്റ്റർ ചെയ്യാം വീഡിയോ കോൺഫറൻസ് വഴി

തൃശൂർ: വിവാഹം രജിസ്റ്റർ ചെയ്യാൻ തദ്ദേശ സ്ഥാപനത്തിൽ പോകേണ്ട. കെ സ്മാർട്ട് വരുന്നതോടെ വീഡിയോ കോൺഫറൻസിൽ വധൂ വരൻമാർ ഹാജരായാൽ മാത്രം മതി. വിദേശത്തുള്ളവർക്കാണ് ഇത് ഏറെ സഹായകമാകുക.

ഇപ്പോൾ ഓൺലൈനിൽ അപേക്ഷിച്ചാലും വധൂ വരൻമാരും സാക്ഷികളുമൊക്കെ വിവാഹം നടക്കുന്നിടത്തെ തദ്ദേശ സ്ഥാപനത്തിലെത്തി രജിസ്റ്ററിൽ ഒപ്പിടണം. ഇതാണ് ഇനി ഇല്ലാതാകുന്നത്. ജനുവരി ഒന്നിനു ഉദ്ഘാടനം ചെയ്യുന്ന കെ സ്മാർട്ട് ആപ്ലിക്കേഷനിലാണ് ഈ സൗകര്യമുള്ളത്.

ഇന്നലെ പതിനെട്ടാം പടി ചവിട്ടിയത് 1,009,69 പേർ: ശബരിമലയിൽ തീര്‍ത്ഥാടകരുടെ എണ്ണത്തില്‍ റെക്കോര്‍ഡ്

ഇന്നലെ പതിനെട്ടാം പടി ചവിട്ടിയത് 1,009,69 പേർ: ശബരിമലയിൽ തീര്‍ത്ഥാടകരുടെ എണ്ണത്തില്‍ റെക്കോര്‍ഡ്

ശബരിമല: ശബരിമലയിൽ വൻ തിരക്ക് തുടരുകയാണ്. അതിനിടെ ഇന്നലെ ശബരിമല തീർത്ഥാടകരുടെ എണ്ണത്തിൽ പുത്തൻ റെക്കോർഡിട്ടു. ഇന്നലെ 1,009,69 പേരാണ് ശബരിമലയില്‍ ദര്‍ശനം നടത്തിയത്. ഇത്തവണ ആദ്യമായാണ് തീർത്ഥാടകരുടെ എണ്ണം ഒരു ലക്ഷം കടക്കുന്നത്.

പുല്ലുമേട് കാനന പാത വഴി മാത്രം 5798 പേരാണ് ഇന്നലെ എത്തിയത്. ഇന്ന് രാവിലെ 6 മണി വരെ 23167 പേർ ശബരിമലയില്‍ ദര്‍ശനം നടത്തി. അവധി ദിവസമായതിനാൽ ശബരിമലയിൽ തിരക്ക് തുടരുകയാണ്. തിരക്ക് കാരണം പമ്പയിൽ നിന്നും സന്നിധാനത്തെത്താൻ തീര്‍ത്ഥാടകര്‍ക്ക് 16 മണിക്കൂറിലധികമാണ് വരി നിൽക്കേണ്ടിവരുന്നത്.

ജില്ലയുടെ പല ഭാഗങ്ങളിൽ നിന്നും പമ്പയിലേക്കുള്ള വാഹന ഗതാഗതത്തിന് നിയന്ത്രണമുണ്ട്. കൂടാതെ തീർത്ഥാടക പാതയിൽ നാളെ രാവിലെ 11 മുതൽ 3വരെ നിലയ്ക്കലിൽ നിന്നും പമ്പയിലേക്ക് വാഹനങ്ങൾക്ക് പൊലീസ് നിയന്ത്രണം ഏർപ്പെടുത്തി. തങ്ക അങ്കി ചാർത്തി ദീപാരാധന നടക്കുന്നതിനാൽ സന്നിധാനത്തെ തിരക്ക് നിയന്ത്രിക്കുന്നതിന്റെ ഭാ​ഗമാണ് ഇത്.