ഡോക്ടര്‍ ഷഹനയുടെ ആത്മഹത്യ: റുവൈസിന് ഉപാധികളോടെ ജാമ്യം

ഡോക്ടര്‍ ഷഹനയുടെ ആത്മഹത്യ: റുവൈസിന് ഉപാധികളോടെ ജാമ്യം

കൊച്ചി: യുവ ഡോക്ടര്‍ ഷഹന ആത്മഹത്യ ചെയ്ത സംഭവത്തില്‍ സുഹൃത്തായ ഡോക്ടര്‍ റുവൈസിന് ഹൈക്കോടതി ജാമ്യം നല്‍കി. വിദ്യാര്‍ത്ഥിയെന്ന പരിഗണനയില്‍ ഉപാധികളോടെയാണ് ജാമ്യം. സസ്‌പെന്‍ഷന്‍ പിന്‍വലിക്കുന്നതില്‍ അച്ചടക്ക സമിതിക്ക് തീരുമാനമെടുക്കാമെന്നും കോടതി വ്യക്തമാക്കി.

റുവൈസിന്റെ പാസ്‌പോര്‍ട്ട് പൊലീസില്‍ നല്‍കണമെന്ന് ജാമ്യം അനുവദിച്ചുകൊണ്ട് ജസ്റ്റിസ് പി ​ഗോപിനാഥിന്റെ ബെഞ്ച് ഉത്തരവിട്ടു. തുടര്‍ന്നുള്ള കസ്റ്റഡി അനിവാര്യമല്ലെന്നും ഹൈക്കോടതി നിരീക്ഷിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളജ് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലെ ഒന്നാം പ്രതിയാണ് റുവൈസ്.

ഡോ. ഷഹനയുടെ ആത്മഹത്യാ കുറിപ്പ് പൊലീസ് ഹൈക്കോടതിയില്‍ നല്‍കിയിരുന്നു. ഷഹനയുടെ കുടുംബത്തിന്റെ മോശം സാമ്പത്തികാവസ്ഥ അറിയാമായിരുന്നിട്ടും റുവൈസ് മുഖത്തുനോക്കി സ്ത്രീധനം ചോദിച്ചുവെന്നും ഷഹനയെ ബ്ലോക് ചെയ്തുവെന്നും ഹൈക്കോടതി കഴിഞ്ഞ ദിവസം നിരീക്ഷിച്ചിരുന്നു.

തുടര്‍പഠനം മുന്നോട്ടു കൊണ്ടുപോകേണ്ടതുണ്ടെന്നും, ഈ മാസം 12 മുതല്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ് താനെന്നും റുവൈസ് കോടതിയില്‍ ബോധിപ്പിച്ചിരുന്നു. കേസ് അന്വേഷണത്തോട് പൂര്‍ണമായി സഹകരിക്കുമെന്നും റുവൈസ് കോടതിയെ അറിയിച്ചിരുന്നു.

ഡോക്ടര്‍ ഷഹനയുടെ ആത്മഹത്യയില്‍ കോടതി ചില നിരീക്ഷണങ്ങള്‍ നടത്തിയിരുന്നു. മികച്ച അക്കാദമിക് ബാക്ക്ഗ്രൗണ്ടുള്ള, പഠനത്തില്‍ മികവു പുലര്‍ത്തിയിരുന്ന വ്യക്തിയെയാണ് സ്ത്രീധനത്തിന്റെ പേരില്‍ ജീവനൊടുക്കേണ്ട സാഹചര്യമുണ്ടായതെന്ന് കോടതി അഭിപ്രായപ്പെട്ടിരുന്നു.

സബ്‌സിഡി സാധനങ്ങള്‍ ഇല്ല; സപ്ലൈകോ ക്രിസ്മസ് ചന്ത ഉദ്ഘാടനം ചെയ്യാതെ മേയറും എംഎല്‍എയും മടങ്ങി

സബ്‌സിഡി സാധനങ്ങള്‍ ഇല്ല; സപ്ലൈകോ ക്രിസ്മസ് ചന്ത ഉദ്ഘാടനം ചെയ്യാതെ മേയറും എംഎല്‍എയും മടങ്ങി

തൃശൂര്‍: തൃശൂരിലെ സപ്ലൈക്കോയില്‍ സബ്‌സിഡി സാധനങ്ങളില്ലാത്തതിനെ തുടര്‍ന്ന് ക്രിസ്മസ് – ന്യൂ ഇയര്‍ ചന്ത ഉദ്ഘാടനച്ചടങ്ങ് ഒഴിവാക്കി മേയറും എംഎല്‍എയും മടങ്ങി. ഉദ്ഘാടകനായ മേയര്‍ എംകെ വര്‍ഗീസും എംഎല്‍എ പി ബാലചന്ദ്രനുമാണ് ജനങ്ങളുടെ പ്രതിഷേധത്തെ തുടര്‍ന്ന് സ്ഥലത്ത് നിന്ന് മടങ്ങിയത്. ഇന്ന് രാവിലെയാണ് ഉദ്ഘാടനം നിശ്ചയിച്ചിരുന്നത്.

തിരുവനന്തപുരം. കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശൂര്‍ എന്നീ ജില്ലകളിലാണ് ക്രിസ്മസ് ന്യൂഇയര്‍ ഫെയറുകള്‍ സംഘടിപ്പിക്കുന്നത്. പതിമൂന്ന് സാധനങ്ങള്‍ സബ്‌സിഡിയിയായി നല്‍കുമെന്നായിരുന്നു സപ്ലൈക്കോ അറിയിച്ചിരുന്നത്. അതിന് പുറമെ നോണ്‍ സബ്‌സിഡി സാധനങ്ങള്‍ അഞ്ച് ശതമാനം മുതല്‍ 30 ശതമാനം വരെ വിലക്കുറവില്‍ ലഭ്യമാകുമെന്നും അറിയിച്ചിരുന്നു.

രാവിലെ മുതല്‍ സാധനങ്ങള്‍ വാങ്ങാനായി നിരവധി പേര്‍ എത്തിയിരുന്നു. എന്നാല്‍ സബ്‌സിഡി സാധനങ്ങള്‍ ഇല്ലാത്ത കാര്യം നാട്ടുകാര്‍ ജനപ്രതിനിധികളെ അറിയിച്ചു. നാട്ടുകാരുടെ പ്രതിഷേധം കണക്കിലെടുത്ത് ഉദ്ഘാടനചടങ്ങ് ഒഴിവാക്കുകയാണെന്ന് മേയറും എംഎല്‍എയും അറിയിക്കുകയായിരുന്നു.

സബ്‌സിഡി സാധനങ്ങളായി ചെറുപയറും വെളിച്ചെണ്ണയും മാത്രമാണ് ഉള്ളതെന്ന് നാട്ടുകാര്‍ പറഞ്ഞു. ഇവരോട് ചോദിക്കുമ്പോള്‍ മറ്റുള്ള സാധനങ്ങള്‍ രണ്ട് ദിവസം കഴിഞ്ഞിട്ട് എത്തുമെന്നാണ് പറയുന്നത്. ക്രിസ്മസ് കഴിഞ്ഞിട്ട് ഇത് കിട്ടിയാല്‍ ക്രിസ്മസ് ആഘോഷിക്കാന്‍ കഴിയുമോയെന്നും നാട്ടുകാര്‍ ചോദിക്കുന്നു.

ഈ വര്‍ഷത്തെ ഫെയറുകള്‍ ഡിസംബര്‍ 21 മുതല്‍ മുപ്പത് വരെയയായിരിക്കും നടക്കുക. രാവിലെ പത്തുമണി മുതല്‍ രാത്രി എട്ടുമണിവരെയാണ് ഫെയറുകള്‍ പ്രവര്‍ത്തിക്കുക. ഡിസംബര്‍ 25ന് ഫെയര്‍ അവധിയായിരിക്കും.

ഭാര്യയെയും കുഞ്ഞിനെയും വെട്ടിയ ശേഷം യുവാവ് തീകൊളുത്തി ആത്മഹത്യ ചെയ്തു

ഭാര്യയെയും കുഞ്ഞിനെയും വെട്ടിയ ശേഷം യുവാവ് തീകൊളുത്തി ആത്മഹത്യ ചെയ്തു

പത്തനാപുരം നടുകുന്നിൽ ഭാര്യയെയും കുഞ്ഞിനെയും വെട്ടിപ്പരിക്കേൽപ്പിച്ച ശേഷം യുവാവ് തീകൊളുത്തി ആത്മഹത്യ ചെയ്തു. പിടവൂർ ലതീഷ് ഭവനിൽ രൂപേഷ് (40) ആണ് മരിച്ചത്. ആക്രമണത്തിനും ആത്മഹത്യക്കും പിന്നില്‍ കുടുംബവഴക്കാണ് കാരണമെന്ന് പൊലീസ് പറഞ്ഞു.

ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് രൂപേഷ് ഭാര്യയെയും മകളെയും വെട്ടിപ്പരിക്കേല്‍പ്പിച്ചത്. അതിനുശേഷം സ്വയം തീകൊളുത്തുകയായിരുന്നു. നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാര്‍ രൂപേഷിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ആക്രമണത്തിൽ പരിക്കേറ്റ ഭാര്യ അഞ്ജു (27) തിരുവനന്തപുരം മെഡിക്കൽ കോളജിലും മകൾ അരുഷ്മ (10) എസ്എടിയിലും ചികിത്സയിലാണ്.

നടുകുന്നത്ത് വാടകയ്ക്ക് താമസിക്കുകയായിരുന്നു രൂപേഷും കുടുംബവും. ഇയാള്‍ ഓട്ടോറിക്ഷ ഡ്രൈവറാണ്. ഇരുവരുടെതും പ്രണയവിവാഹമായിരുന്നെന്നും നാട്ടുകാര്‍ പറഞ്ഞു. രൂപേഷിന്റെ മൃതദേഹം പുനലൂര്‍ താലൂക്ക് ആശുപത്രിയിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. സംഭവത്തില്‍ പത്തനാപുരം പൊലീസ് അന്വേഷണം ആരംഭിച്ചു.

സംസ്ഥാനത്ത് അടുത്ത അഞ്ചു ദിവസം കൂടി മഴ തുടരുമെന്ന് കാലാവസ്ഥ വകുപ്പ്

സംസ്ഥാനത്ത് അടുത്ത അഞ്ചു ദിവസം കൂടി മഴ തുടരുമെന്ന് കാലാവസ്ഥ വകുപ്പ്

തിരുവനന്തപുരം: തെക്ക് കിഴക്കൻ അറബിക്കടലിനു മുകളിൽ നിലനിൽക്കുന്ന ചക്രവാതച്ചുഴിയുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് അടുത്ത അഞ്ചു ദിവസം കൂടി മഴ തുടരുമെന്ന് കാലാവസ്ഥ വകുപ്പ്. ഒറ്റപ്പെട്ട ഇടത്തരം മഴക്ക്‌ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.

മത്സ്യത്തൊഴിലാളി ജാഗ്രത നിർദേശം

കേരള – കർണാടക തീരത്തും ലക്ഷദ്വീപ് പ്രദേശത്തും മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

പ്രത്യേക ജാഗ്രതാ നിർദേശം

ഗൾഫ് ഓഫ് മാന്നാർ, അതിനോട് ചേർന്ന തെക്കൻ തമിഴ്നാട് തീരം, കന്യാകുമാരി പ്രദേശം എന്നിവിടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്.
അതിനാൽ മേൽ പറഞ്ഞ പ്രദേശങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടുള്ളതല്ല.

തിരുവനന്തപുരം ജില്ലയിലെ ഇന്നത്തെ നവകേരള സദസ്സുകൾ …

തിരുവനന്തപുരം ജില്ലയിലെ ഇന്നത്തെ നവകേരള സദസ്സുകൾ …

തിരുവനന്തപുരം ജില്ലയിലെ വിവിധ നിയോജക മണ്ഡലങ്ങളുടെ ‘നവകേരള സദസ്സു’കളാണ് ഇന്ന് ചേരുന്നത്.
രാവിലെ 11 മണിക്ക് അരുവിക്കര മണ്ഡലത്തിന്റെ സദസ്സ് ആര്യനാട് വില്ലാ നസ്രേത്ത് സ്കൂ‌ൾ ഗ്രൗണ്ടിൽ ചേരും.
കാട്ടാക്കട മണ്ഡലത്തിന്റെ സദസ്സ് ഉച്ചക്ക് 3 മണിക്ക് കാട്ടാക്കട ക്രിസ്ത്യൻ കോളേജിലാണ് ചേരുന്നത്. വൈകുന്നേരം 4.30 ന്. നെയ്യാറ്റിൻകര മണ്ഡലത്തിന്റെ സദസ്സ് ഡോ.ജി രാമചന്ദ്രൻ മെമ്മോറിയൽ മുനിസിപ്പൽ സ്റ്റേഡിയത്തിലും
6 മണിക്ക് പാറശ്ശാല മണ്ഡലത്തിന്റെ സദസ്സ് കാരക്കോണം സി എസ് ഐ മെഡിക്കൽ കോളേജിലും നടക്കും.

സംസ്ഥാനത്ത് ഇന്നലെ 265 പേര്‍ക്ക് കോവിഡ്; ചികിത്സയിലുള്ളവരുടെ എണ്ണം 2606 ആയി

സംസ്ഥാനത്ത് ഇന്നലെ 265 പേര്‍ക്ക് കോവിഡ്; ചികിത്സയിലുള്ളവരുടെ എണ്ണം 2606 ആയി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നലെ 265 പേര്‍ക്ക് കോവിഡ് സ്ഥീരീകരിച്ചതായി കേന്ദ്ര ആഭ്യന്തരമന്ത്രാലയം. ഒരാള്‍ മരിക്കുകയും ചെയ്തു. ഇതോടെ സംസ്ഥാനത്ത് ചികിത്സയിലുള്ള വൈറസ് ബാധിതരുടെ എണ്ണം 2606 ആയി. രാജ്യത്ത് ആകെ ചികിത്സയിലുള്ളവര്‍ 2,699 ആണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 388 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായി കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.

സംസ്ഥാനത്ത് ഇന്നലെ 292 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. മൂന്ന് പേര്‍ മരിക്കുകയും ചെയ്തു. കേരളത്തില്‍ കോവിഡ് കേസുകള്‍ ഉയരുന്ന സാഹചര്യത്തില്‍ കര്‍ശന നിര്‍ദേശങ്ങളാണു കേന്ദ്ര ആരോഗ്യമന്ത്രാലയം നല്‍കുന്നത്. മുന്‍കരുതല്‍ നടപടികളില്‍ സംസ്ഥാനങ്ങള്‍ വീഴ്ച വരുത്തരുതെന്നാണു കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.

കോവിഡിന്റെ പുതിയ വകഭേദമായ ജെഎന്‍1 ആദ്യമായി കണ്ടെത്തിയ കേരളത്തില്‍ ഒരു മാസത്തിനകം 3000 കേസുകള്‍ വരെ റിപ്പോര്‍ട്ട് ചെയ്യപ്പെടാമെന്നു സര്‍ക്കാര്‍ വിലയിരുത്തിയിരുന്നു. റിപ്പോര്‍ട്ട് ചെയ്യുന്ന കേസുകളുടെ അത്രയും പേര്‍ വൈറസ് മുക്തരാകുന്നതിനാല്‍ ഗുരുതര സാഹചര്യമില്ലെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. സംസ്ഥാനത്ത് ഇതുവരെ ഒരാളില്‍ മാത്രമേ ജെഎന്‍1 കണ്ടെത്തിയിട്ടുള്ളൂ.