by Midhun HP News | Dec 21, 2023 | Latest News, കേരളം
തിരുവനന്തപുരം: തിരുവനന്തപുരത്ത് പൊലീസ് ആസ്ഥാനത്തേക്ക് കെ എസ് യു നടത്തിയ മാര്‍ച്ച് സംഘര്‍ഷത്തില്‍ കലാശിച്ചു. മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിക്കുന്നവര്‍ക്കു നേരെയുള്ള പൊലീസ് അതിക്രമത്തിനെതിരെയായിരുന്നു മാര്‍ച്ച്. നവകേരള സദസ്സിന്റെ ഫ്‌ലക്‌സുകളും ബോര്‍ഡുകളും പ്രവര്‍ത്തകര്‍ നശിപ്പിച്ചു.
കെപിസിസി ആസ്ഥാനത്തു നിന്നാണ് ഡിജിപി ഓഫീസ് മാര്‍ച്ച് ആരംഭിച്ചത്. മാത്യു കുഴല്‍നാടന്‍ എംഎല്‍എയാണ് മാര്‍ച്ച് ഉദ്ഘാടനം ചെയ്തത്. പൊലീസിനെ നിലക്കു നിര്‍ത്താന്‍ പിണറായി വിജയന്‍ തയ്യാറായില്ലെങ്കില്‍ നിയമം കയ്യിലെടുക്കുന്ന നില വരുമെന്ന് കെഎസ് യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍ പറഞ്ഞു.
ബാരിക്കേഡുകള്‍ തകര്‍ക്കാന്‍ കെഎസ് യു പ്രവര്‍ത്തകര്‍ ശ്രമിച്ചു. പൊലീസിനു നേര്‍ക്ക് ഏതാനും പ്രവര്‍ത്തകര്‍ കമ്പും വടിയുമെറിഞ്ഞു. പൊലീസും കെഎസ് യു പ്രവര്‍ത്തകരും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. പൊലീസിന് നേര്‍ക്ക് മുളകുപൊടിയുമെറിഞ്ഞു. ഇതേത്തുടര്‍ന്ന് പൊലീസ് ലാത്തിവീശി. പ്രവര്‍ത്തകരെ പിരിച്ചു വിടാന്‍ പൊലീസ് ജലപീരങ്കിയും പ്രയോഗിച്ചു.
ഇടുക്കി വണ്ടിപ്പെരിയാറില്‍ യൂത്ത് കോണ്‍ഗ്രസ് നടത്തിയ പൊലീസ് സ്റ്റേഷന്‍ മാര്‍ച്ചിലും സംഘര്‍ഷമുണ്ടായി. പ്രവര്‍ത്തകരും പൊലീസും തമ്മില്‍ ഏറ്റുമുട്ടി. തുടര്‍ന്ന് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പിരിച്ചു വിടാന്‍ പൊലീസ് ജലപീരങ്കിയും ലാത്തിച്ചാര്‍ജും നടത്തി. ലാത്തിച്ചാര്‍ജില്‍ ഏതാനും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു.
by Midhun HP News | Dec 21, 2023 | Latest News, കേരളം
കോട്ടയത്ത് വയോധികയെ വീട്ടിനുള്ളിൽ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. മണർകാട് ആമലക്കുന്ന് കാഞ്ഞിരത്തിങ്കൽ തങ്കമ്മയാണ് മരിച്ചത്. പുലർച്ചെ ഒരു മണിയോടെയാണ് സംഭവം. ക്രിസ്മസ് കരോളിനായി എത്തിയ കുട്ടികൾ വീടിനുള്ളിൽ നിന്നും പുക ഉയരുന്നത് കണ്ടെത്തുകയായിരുന്നു. തുടർന്ന് പൊലീസിൽ വിവരം അറിയിക്കുകയും പൊലീസ് എത്തി തുടർനടപടി സ്വീകരിക്കുകയും ചെയ്യുകയായിരുന്നു. മണ്ണെണ്ണ വിളക്കിൽ നിന്ന് തീ പടർന്നതാകാമെന്നാണ് പ്രാഥമിക നിഗമനം.
by Midhun HP News | Dec 21, 2023 | Latest News, കേരളം
അനധികൃത സ്വത്ത് സമ്പാദന കേസിൽ ഡിഎംകെ നേതാവും തമിഴ്നാട് മന്ത്രിയുമായ കെ പൊൻമുടിക്ക് തടവ് ശിക്ഷ. മൂന്ന് വർഷം തടവും 50 ലക്ഷം രൂപ പിഴയുമാണ് മദ്രാസ് ഹൈക്കോടതി വിധിച്ചത്. പൊൻമുടിയുടെ ഭാര്യ പി വിശാലാക്ഷിയെയും ഹൈക്കോടതി ശിക്ഷിച്ചു.
2006-2011 കാലയളവിൽ മന്ത്രിയായിരിക്കെ രണ്ട് കോടിയോളം രൂപയുടെ അനധികൃത സ്വത്ത് പൊൻമുടി സമ്പാദിച്ചെന്നാണ് കേസ്. പ്രതികൾക്ക് അപ്പീൽ നൽകാൻ ശിക്ഷ 30 ദിവസത്തേക്ക് മദ്രാസ് ഹൈക്കോടതി സസ്പെൻഡ് ചെയ്തു. ഹൈക്കോടതി വിധിയോടെ പൊന്‍മുടി എംഎല്‍എ സ്ഥാനത്തു നിന്ന് അയോഗ്യനാകും. തമിഴ്നാട് ഉന്നതവിദ്യാഭ്യാസ മന്ത്രിയാണ് പൊൻമുടി.
പൊൻമുടിയെ വെറുതെ വിട്ട വിചാരണക്കോടതി ഉത്തരവ് ജസ്റ്റിസ് ജി ജയചന്ദ്രന്‍ കഴിഞ്ഞ ദിവസം റദ്ദാക്കിയിരുന്നു. പൊൻമുടിയേയും ഭാര്യയേയും വെറുതെ വിട്ട കീഴ്‌ക്കോടതി വിധിക്കെതിരെ വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ ഡയറക്ടറേറ്റിന്റെ അപ്പീല്‍ അംഗീകരിച്ചുകൊണ്ടാണ് ജസ്റ്റിസ് ജി ജയചന്ദ്രന്റെ ഉത്തരവ്.
by Midhun HP News | Dec 21, 2023 | Latest News, കേരളം
കൊച്ചി: വിധവാ പെന്‍ഷന്‍ മുടങ്ങിയെന്നു ചൂണ്ടിക്കാട്ടി അടിമാലി പഞ്ചായത്തിലെ എഴുപത്തിയെട്ടുകാരിയായ മറിയക്കുട്ടി നല്‍കിയ ഹര്‍ജിയില്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ക്കു ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. പണമില്ലാത്തതിനാല്‍ ആഘോഷങ്ങള്‍ മുടങ്ങുന്നില്ലല്ലോ എന്നു വിമര്‍ശിച്ച ജസ്റ്റിസ് ദേവന്‍ രാമചന്ദന്‍ നാളെ നിലപാട് അറിയിക്കാന്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ക്കു നിര്‍ദേശം നല്‍കി. നേരത്തെ പെന്‍ഷന്‍ കിട്ടാത്തതിനെത്തുടര്‍ന്ന് യാചനാസമരം നടത്തി മറിയക്കുട്ടി വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു.
പെന്‍ഷന്‍ തുകയായ 1600 രൂപ സര്‍ക്കാരിനു വലിയ കാര്യമായിരിക്കില്ലെന്ന് കോടതി പറഞ്ഞു. എഴുപത്തിയെട്ടു വയസ്സുള്ള മറിയക്കുട്ടിയെ സംബന്ധിച്ച് അതു വലിയ തുകയാണ്. മറിയക്കുട്ടിയുടെ ഹര്‍ജി കോടതി ഗൗരവത്തോടെയാണ് കാണുന്നത്, മറിയക്കുട്ടി കോടതിയെ സംബന്ധിച്ച് വിഐപിയാണെന്നും കോടതി പറഞ്ഞു. പെന്‍ഷന്‍ നല്‍കാനാവുന്നില്ലെങ്കില്‍ മറിയക്കുട്ടിയുടെ മൂന്നു മാസത്തെ ചെലവ് സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് കോടതി അഭിപ്രായപ്പെട്ടു.
പണം ചെലവഴിക്കുന്നതിനു സര്‍ക്കാര്‍ മുന്‍ഗണന നിശ്ചയിക്കണം. പെന്‍ഷന്‍ നല്‍കാന്‍ പണമില്ലെന്നു പറയരുത്. പെന്‍ഷന്‍ നല്‍കിയേ തീരൂവെന്ന് കോടതി പറഞ്ഞു. സാമ്പത്തിക പ്രതിസന്ധിയാണ് പെന്‍ഷന്‍ മുടങ്ങാന്‍ കാരണമെന്ന് സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചു. വിധവാ പെന്‍ഷനുള്ള കേന്ദ്ര വിഹിതം ഏപ്രില്‍ മുതല്‍ മുടങ്ങിക്കിടക്കുകയാണെന്ന് സംസ്ഥാനം അറിയിച്ചപ്പോള്‍ ഇക്കാര്യത്തില്‍ കേന്ദ്രം മറുപടി അറിയിക്കണമെന്ന് കോടതി നിര്‍ദേശിച്ചു. ഹര്‍ജി നാളെ വീണ്ടും പരിഗണിക്കും.
അഞ്ചു മാസമായി വിധവാ പെന്‍ഷന്‍ മുടങ്ങിക്കിടക്കുകയാണെന്നും പുതുവര്‍ഷത്തിനു മുമ്പ് കിട്ടാനായി ഹൈക്കോടതി ഇടപെടല്‍ വേണമെന്നും ആവശ്യപ്പെട്ടാണ് മറിയക്കുട്ടിയുടെ ഹര്‍ജി. പെന്‍ഷന്‍ മുടങ്ങിയതിനാല്‍ മരുന്ന് ഉള്‍പ്പെടെ മുടങ്ങിയെന്ന് മറിയക്കുട്ടി ഹര്‍ജിയില്‍ പറയുന്നു.
by Midhun HP News | Dec 21, 2023 | Latest News, കേരളം
കോഴിക്കോട്: അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥികളെ ലൈംഗികമായി ചൂഷണം ചെയ്തുവെന്ന കേസില്‍ അധ്യാപകന്‍ അറസ്റ്റില്‍. മുക്കം സ്വദേശി ഫൈസല്‍ ആണ് പിടിയിലായത്.
കോഴിക്കോട് ടൗണ്‍ പൊലീസാണ് അധ്യാപകനെ അറസ്റ്റു ചെയ്തത്.
വിവിധ ദിവസങ്ങളില്‍ സ്‌കൂളില്‍ വെച്ച് ആറു വിദ്യാര്‍ത്ഥികളെ ചിത്രകലാ അധ്യാപകനായ ഫൈസല്‍ പീഡിപ്പിച്ചു എന്നാണ് പരാതി.
by Midhun HP News | Dec 21, 2023 | Latest News, കേരളം
ഇടുക്കി: മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 140 അടിയിലെത്തി. ഉച്ചയ്ക്ക് 12 മണിയോടെയാണ് ജലനിരപ്പ് 140 അടിയിലെത്തിയത്. ഡാമിന്റെ ഷട്ടറുകള്‍ തുറന്ന് വെള്ളം പുറത്തേക്ക് ഒഴുക്കി കളയുമെന്നാണ് സൂചന. ഇതിന്റെ ഭാഗമായി തമിഴ്‌നാട് ആദ്യ മുന്നറിയിപ്പ് പുറപ്പെടുവിച്ചു.
നീരൊഴുക്ക് കൂടിയതും, തമിഴ്‌നാട് കൊണ്ടുപോകുന്ന വെള്ളത്തിന്റെ അളവ് കുറച്ചതുമാണ് ജലനിരപ്പ് ഉയരാന്‍ കാരണമായത്. 142 അടിയാണ് മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ പരമാവധി സംഭരണ ശേഷി.
അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്തും തമിഴ്നാട്ടിലും കനത്തമഴ പെയ്ത സാഹചര്യത്തിൽ മുല്ലപ്പെരിയാർ അണക്കെട്ട് ചൊവ്വാഴ്ച തുറക്കാൻ തീരുമാനിച്ചിരുന്നു. എന്നാൽ മഴ കുറഞ്ഞതോടെ അണക്കെട്ട് തുറക്കാനുള്ള തീരുമാനം തമിഴ്നാട് ഉപേക്ഷിക്കുകയായിരുന്നു
Recent Comments