മുഖ്യമന്ത്രി പിണറായി വിജയന്റെ ആറ്റിങ്ങലിലെ വാർത്താ സമ്മേളനത്തിൽ നിന്ന്

മുഖ്യമന്ത്രി പിണറായി വിജയന്റെ ആറ്റിങ്ങലിലെ വാർത്താ സമ്മേളനത്തിൽ നിന്ന്

നവകേരള സദസ് ഇന്നലെ തലസ്ഥാന ജില്ലയിലെ വർക്കല മണ്ഡലത്തിലാണ് സമാപിച്ചത്. നാളെ കഴിഞ്ഞ് തിരുവനന്തപുരം വട്ടിയൂർക്കാവ് മണ്ഡലത്തിലെ ബഹുജന സംഗമത്തോടെ ഒരുമാസത്തിലേറെ നീണ്ട പര്യടനം പൂർത്തിയാക്കും. സഖാവ് കാനം രാജേന്ദ്രന്റെ വിയോഗത്തിന്റെ പശ്ചാത്തലത്തിൽ എറണാകുളം ജില്ലയിലെ നാല് നിയോജക മണ്ഡലങ്ങളിലെ പരിപാടികൾ മാറ്റിവെച്ചിരുന്നു. അത് ജനുവരി ഒന്ന്, രണ്ട് തിയ്യതികളിൽ നടക്കും. അതോടെ, രാജ്യത്തിന്റെ ജനാധിപത്യത്തിന്റെ ചരിത്രത്തിലെ സവിശേഷമായ ബഹുജന സംവാദ പരിപാടി എന്ന ചരിത്ര നേട്ടത്തിലേക്കാണ് നവകേരള സദസ്സ് ഉയരുക.

ജധിപത്യവും മതേതരത്വവും ഉൾപ്പെടെയുള്ള അടിസ്ഥാന ഭരണഘടനാമൂല്യങ്ങൾ നമ്മുടെ വിദ്യാലയങ്ങളിലും ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലും നിലനിർത്തുന്നതിൽ സർക്കാർ പ്രതിജ്ഞാബദ്ധമാണ്. നമ്മുടെ ഉന്നതവിദ്യാഭ്യാസ മേഖല പുതിയ തലത്തിലേക്കെത്തുന്ന ഘട്ടത്തിൽ ഈ നിലപാടിണ് വലിയ പ്രസക്തിയുണ്ട്.

ഉന്നതവിദ്യാഭ്യാസ രംഗത്ത് സമാനതകളില്ലാത്ത വളർച്ചയാണ് കഴിഞ്ഞ ഏഴു വർഷങ്ങളിൽ സംസ്ഥാനത്തുണ്ടായത്. സർവകലാശാലാ നിയമങ്ങളും ചട്ടങ്ങളും കാലോചിതമായി പരിഷ്കരിക്കുകയും ജനാധിപത്യപരമായ പ്രവർത്തനങ്ങളും അക്കാദമിക് സ്വയംഭരണവും ഉന്നത വിദ്യാഭ്യാസ രംഗത്ത് ഉറപ്പു വരുത്തുകയും ചെയ്തു. 2016-ലെ എൽ ഡി. എഫ് സർക്കാർ അധികാരത്തിൽ വന്നതിനു ശേഷം ഈ നാൾ വരെ ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള സ്ഥാപനങ്ങളിൽ മാത്രം പുതിയ 1278 കോഴ്സുകൾ ആരംഭിച്ചു. ഇതുവഴി 47200-ൽ അധികം പുതിയ സീറ്റുകളാണ് സൃഷ്ടിക്കപ്പെട്ടത്.

ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നിലവാരം ഉയർത്താനും നമുക്ക് കഴിഞ്ഞു. നാക് അക്രഡിറ്റേഷനിൽ കേരളസർവകലാശാല എ++, കാലിക്കറ്റ്, കുസാറ്റ് എന്നീ സർവ്വകലാശാലകൾ എ+ ഗ്രേഡുകൾ നേടി. സംസ്ഥാനത്തെ കോളേജുകളിൽ 22 എണ്ണം രാജ്യത്തെ തന്നെ മികച്ച ഗ്രേഡ് ആയ എ++ ഉം 38 കോളേജുകൾ എ+ഉം 60 കോളേജുകൾ എ ഗ്രേഡും നേടി.

ടൈംസ് ഹയർ എജ്യുക്കേഷൻ റാങ്കിംഗിൽ മഹാത്മാഗാന്ധി സർവകലാശാല ഇടംപിടിച്ചു. എൻ.ഐ.ആർ.എഫ് റാങ്കിംഗിൽ (നാഷണൽ ഇൻസ്റ്റിറ്റ്യൂഷണൽ റാങ്കിംഗ് ഫ്രെയിംവർക്ക്) ആദ്യ 100-ൽ കേരളത്തിലെ 17 കോളേജുകളും ആദ്യ 200-ൽ കേരളത്തിലെ 47 കോളേജുകളും ഇടംപിടിച്ചു. അതായത്, രാജ്യത്തെ മികച്ച കോളേജുകളിൽ 21 ശതമാനവും കേരളത്തിലാണുള്ളത്. ആ സ്ഥാപനങ്ങളെല്ലാം സർക്കാർ- എയിഡഡ്‌ മേഖലയിലുമാണ്.

സാങ്കേതിക വിദ്യാഭ്യാസ രംഗത്ത് സ്ഥാപനങ്ങൾക്ക് അംഗീകാരമുദ്ര നൽകുന്ന നാഷണൽ ബോർഡ് ഓഫ് അക്രഡിറ്റേഷൻ കേരളത്തിലെ 9 സർക്കാർ / സർക്കാർ എയ്ഡഡ് എൻജിനീയറിങ് കോളേജുകളിലെ 41 ബ്രാഞ്ചുകൾക്ക് അക്രഡിറ്റേഷൻ നൽകി. കേന്ദ്രസർവ്വകലാശാലകളിലടക്കം പകുതിയിലേറെ അധ്യാപക തസ്തികകൾ ഒഴിഞ്ഞുകിടക്കുമ്പോഴും കേരളം പി.എസ്.സി വഴികഴിഞ്ഞ രണ്ടുവർഷം 186 നിയമനങ്ങളും എയ്ഡഡ്കോളേജുകളിൽ 902 നിയമനങ്ങളും നടത്തി. 2016-17 ൽ 55007 അധ്യാപകർ ഉണ്ടായിരുന്നത് 2020-21 ൽ 61080 ആയി ഉയർന്നു.

കേരളത്തിൻ്റെ ഗ്രോസ് എൻറോൾമെൻ്റ് നിരക്ക് നിലവിൽ ഏകദേശം 45% ആണ്. 2035 ആവുമ്പോഴേക്കും ജി.ഇ.ആർ 75 % -ൽ കൂടുതൽ എത്തിക്കുക എന്നതാണ് ലക്ഷ്യം. സംസ്ഥാനത്ത് ഒരു ലക്ഷം വിദ്യാർത്ഥികൾക്ക് 50 കോളേജെന്ന അനുപാതത്തിൽ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളുണ്ട്. ദേശീയ ശരാശരി 31 ആണ്. 2021 ൽമാത്രം 211945 വിദ്യാർത്ഥികൾ കേരളത്തിലെ വിവിധ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്ന് പഠിച്ചിറങ്ങി.

ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അടിസ്ഥാന സൗകര്യവികസനത്തിൽ വലിയ കുതിച്ചു ചാട്ടമാണുണ്ടായത്. സർക്കാർ കോളേജുകളുടെയും സർവകലാശാലകളുടെയും അടിസ്ഥാന സൗകര്യ വികസനത്തിനും അക്കാദമിക ഉന്നമനത്തിനുമായി കിഫ്‌ബി പദ്ധതിയിൽ 700 കോടി രൂപയുടെ പദ്ധതികക്ക് അംഗീകാരം ലഭിച്ചു. 750 കോടി രൂപയുടെ പദ്ധതികൾക്കുള്ള അംഗീകാരം അവസാന ഘട്ടത്തിലാണ്. കഴിഞ്ഞ അഞ്ചു ബജറ്റുകളിലായി പദ്ധതി ഇനത്തിൽ ഉന്നത വിദ്യാഭ്യാസ വകുപ്പിന് ആകെ 4508.48 കോടി രൂപയാണ് അനുവദിച്ചത്.

വിദൂര വിദ്യാഭ്യാസം ഒരു കുടക്കീഴിൽ കൊണ്ട് വരികയെന്ന ലക്ഷ്യത്തിനായി സംസ്ഥാനത്ത് ആദ്യത്തെ ഓപ്പൺ യൂണിവേഴ്സിറ്റി – ശ്രീ നാരായണഗുരുവിന്റെ നാമധേയത്തിൽ കൊല്ലത്ത് പ്രവർത്തനമാരംഭിച്ചു. പുതുതായി 3 സർക്കാർ ആർട്സ് ആൻഡ് സയൻസ് കോളേജുകളും 5 എയ്ഡഡ് ആർട്സ് ആൻഡ് സയൻസ് കോളേജുകളും ആരംഭിച്ചു.

ഉന്നതവിദ്യാഭ്യാസ രംഗത്ത് സാമൂഹ്യനീതി ഉറപ്പുവരുത്താനായി നിരവധി നടപടികളും കൈക്കൊണ്ടു. അതിൻ്റെ ഭാഗമായി ഭിന്നലിംഗക്കാരായ അപേക്ഷകർക്ക് ബിരുദ-ബിരുദാനന്തരതല കോഴ്‌സുകൾക്ക് സീറ്റ് സംവരണം ഏർപ്പെടുത്തി. എയ്‌ഡഡ്‌ കോളേജ് അധ്യാപക നിയമനത്തിൽ ഭിന്നശേഷിക്കാരായ ഉദ്യോഗാർത്ഥികൾക്ക്‌ 4% സംവരണം ഏർപ്പെടുത്തുകയും ചെയ്തു. എൻജിനീയറിങ് കോളേജുകളിൽ 5% സീറ്റിൽ സൗജന്യ പഠനം ഏർപ്പെടുത്തി. മുന്നോക്കക്കാരിൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രവേശനത്തിന് 10% സംവരണം ഏർപ്പെടുത്തി. എല്ലാ സർവകലാശാലകളിലും ഭരണ സമിതികളിൽ എസ് സി/ എസ് ടി വിഭാഗത്തിനും വനിതകൾക്കും സംവരണം ഏർപ്പെടുത്തി.

എൻജിനീയറിങ് വിദ്യാർത്ഥികളിൽ ഗവേഷണാഭിരുചി വളർത്തുന്നതിനും അധ്യാപകരുടെ ഗവേഷണ വൈദഗ്ധ്യം യോജനപ്പെടുത്തുന്നതിനുമായി തിരുവനന്തപുരത്ത് ‘എഞ്ചിനീയറിംഗ് സയൻസ് ആൻഡ് ടെക്നോളജി റിസർച്ച് പാർക്ക്’ സ്ഥാപിച്ചു. 500 പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ്പുകൾ പ്രതിമാസം ഒരു ലക്ഷം രൂപ നിരക്കിൽ നൽകുന്നതിനും തുക വകയിരുത്തി.

തൊഴിൽ പരിശീലനത്തിന് ഊന്നൽ നൽകുന്ന നയം നടപ്പാക്കി. അസാപിനു കീഴിൽ അന്താരാഷ്ട്ര നിലവാരത്തിലുള്ള 9 നൈപുണ്യ പരിശീലന സമുച്ചയങ്ങൾ കമ്മ്യൂണിറ്റി സ്കിൽ പാർക്കുകൾ എന്ന പേരിൽ പ്രവർത്തനം ആരംഭിച്ചു. പുതിയ ഏഴെണ്ണത്തിൻ്റെ നിർമാണം അവസാന ഘട്ടത്തിലാണ്. സംസ്ഥാനത്തെ എൻജിനീയറിങ് കോളേജുകളിൽ നിന്ന് ബിരുദ-ബിരുദാനന്തര കോഴ്‌സുകൾ പൂർത്തിയാക്കുന്നവർക്ക് വിവിധ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലോ തദ്ദേശ സ്വയംഭരണ വകുപ്പിൻ്റെ അനുബന്ധ സ്ഥാപനങ്ങളിലോ സ്റ്റൈപ്പന്റോടെ ഒരുവർഷം ഇന്റേൺഷിപ്പിന് അവസരം ഒരുക്കി. സർവകലാശാലകളിൽ ബിസിനസ് ഇൻക്യുബേഷൻ ആൻഡ് ഇന്നവേഷൻ സെൻ്ററുകൾ ആരംഭിച്ചു. സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴിലെ 14 ടെക്‌നോളജി ബിസിനസ് ഇൻകുബേഷൻ സെന്ററുകളുടേയും പ്രവർത്തനങ്ങൾ വിപുലപ്പെടുത്തി.

ഇങ്ങനെ ഗണ്യമായ നേട്ടങ്ങൾ സ്വന്തമാക്കി നമ്മുടെ ഉന്നതവിദ്യാഭ്യാസമേഖല മുന്നേറുമ്പോൾ അതിനു തടയിടാൻ വർഗീയശക്തികളും അവയുടെ ദല്ലാളുമാരും ശ്രമിക്കുകയാണ്. അത്തരം നശീകരണ ശ്രമങ്ങൾക്കെതിരെയുള്ള ചെറുത്തു നിൽപ്പാണ് കഴിഞ്ഞ ദിവസങ്ങളിൽ കാണുന്നത്. നാടിന്റെ ഭാവി പുതിയ തലമുറയിലാണ്. ആ തലമുറയുടെ മസ്തിഷ്കത്തിൽ വർഗീയതയുടെയും വിദ്വേഷത്തിന്റെയും വിഷം കുത്തിവെക്കുന്നവർക്കെതിരെ യോജിച്ച മുന്നേറ്റം ഉണ്ടാവേണ്ടതുണ്ട്.

ശബരിമലയിൽ തീർത്ഥാടക പ്രവാഹം തുടരുന്നു; പതിനെട്ടാംപടി കയറാനുള്ള ക്യു ശബരിപീഠം വരെ

ശബരിമലയിൽ തീർത്ഥാടക പ്രവാഹം തുടരുന്നു; പതിനെട്ടാംപടി കയറാനുള്ള ക്യു ശബരിപീഠം വരെ

മണ്ഡലപൂജയ്ക്ക് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ തുടർച്ചയായ മൂന്നാം ദിവസവും ശബരിമലയിൽ വലിയ തിരക്ക്. തൊണ്ണൂ.റായിരം പേരാണ് ഇന്ന് വെർച്വൽ ക്യൂവഴി ബുക്ക് ചെയ്തിരിക്കുന്നത്. ഇന്നലെ വെർച്വൽക്യു ബുക്കിങ് എൺപതിനായിരത്തിൽ താഴെ മാത്രമായിരുന്നു.ചൊവ്വാഴ്ച രാത്രി നട അടയ്ക്കുമ്പോൾ പതിനെട്ടാംപടി കയറാനുള്ള ക്യു ശബരിപീഠം വരെയുണ്ടായിരുന്നു. പതിനെട്ടാംപടി കയറാൻ 16 മണിക്കൂർ വരെ കാത്തുനിന്ന് തീർഥാടകർ വലഞ്ഞു.

വണ്ടിപ്പെരിയാർ കേസ്; ആറു വയസുകാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയത് അർജുൻ തന്നെയെന്ന് പെൺകുട്ടിയുടെ സഹോദരൻ

വണ്ടിപ്പെരിയാർ കേസ്; ആറു വയസുകാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയത് അർജുൻ തന്നെയെന്ന് പെൺകുട്ടിയുടെ സഹോദരൻ

വണ്ടിപ്പെരിയാറിൽ ആറു വയസുകാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയത് അർജുൻ തന്നെയെന്ന് പെൺകുട്ടിയുടെ സഹോദരൻ. അർജുൻ പറയുന്നത് മുഴുവൻ കള്ളമാണെന്നാണ് സഹോദരൻറെ പ്രതികരണം. ആറു വയസ്സുകാരി മരിച്ചതിനുശേഷം അർജുന്റെ സ്വഭാവത്തിൽ വലിയ മാറ്റങ്ങൾ ഉണ്ടായി എന്നാണ് പെൺകുട്ടിയുടെ സഹോദരൻ പറയുന്നത്. പല കാര്യങ്ങളും പൊലീസിനോട് പറയരുത് എന്ന് തന്നോട് ആവശ്യപ്പെട്ടു. കുട്ടിയുടെ ശരീരത്തിൽ നിന്ന് മുടിയും നഖവും മറ്റും കിട്ടി എന്ന് അറിഞ്ഞപ്പോൾ അർജുൻ ഭയന്നത് താൻ കണ്ടതാണെന്നും സഹോദരൻ പറയുന്നു.

കേസ് അന്വേഷണത്തിലെ പോലീസ് വീഴ്ച ആരോപിച്ച് വണ്ടിപ്പെരിയാർ സ്റ്റേഷനിലേക്ക് യൂത്ത് കോൺഗ്രസ് പ്രതിഷേധ മാർച്ച് നടത്തി/ നടത്തും.
അതേസമയം പ്രതിയെ വെറുതെ വിട്ട കട്ടപ്പന കോടതിയുടെ വിധി റദ്ദ് ചെയ്യണണമെന്ന് ആവശ്യപ്പെട്ട് ആറു വയസ്സുകാരിയുടെ മാതാപിതാക്കൾ സ്വകാര്യ ഹർജി നല്കുന്നതിനുളള നടപടി തുടങ്ങി. സർക്കാർ നൽകുന്ന അപ്പീൽ ഹർജിയിലും പെൺകുട്ടിയുടെ കുടുംബം കക്ഷി ചേരും.

ഗവര്‍ണര്‍ക്കെതിരെ രാഷ്ട്രപതിക്ക് മുഖ്യമന്ത്രിയുടെ കത്ത്; പ്രോട്ടോകോള്‍ ലംഘിക്കുന്നുവെന്നു വിമര്‍ശനം

ഗവര്‍ണര്‍ക്കെതിരെ രാഷ്ട്രപതിക്ക് മുഖ്യമന്ത്രിയുടെ കത്ത്; പ്രോട്ടോകോള്‍ ലംഘിക്കുന്നുവെന്നു വിമര്‍ശനം

തിരുവനന്തപുരം: ഗവര്‍ണര്‍ക്കെതിരെ മുഖ്യമന്ത്രി രാഷ്ടപ്രതിക്ക് കത്തയച്ചു. ഭരണഘടനാ ചുമതല നിര്‍വഹിക്കുന്നില്ലെന്നും പ്രോട്ടോകോള്‍ ലംഘിക്കുന്നുവെന്നുമാണ് പ്രധാന വിമര്‍ശനം. ഗവര്‍ണറുടെ നിലപാടുകള്‍ കേന്ദ്രസര്‍ക്കാരിനെ അറിയിക്കുമെന്ന് നേരത്തെ മുഖ്യമന്ത്രി അറിയിച്ചിരുന്നു.

കഴിഞ്ഞ ദിവസം കോഴിക്കോട് എത്തിയ ഗവര്‍ണര്‍ പ്രോട്ടോകോള്‍ ലംഘിച്ച് മിഠായി തെരുവില്‍ എത്തിയിരുന്നു. ഇതിനെതിരെ മുഖ്യമന്ത്രി രംഗത്തുവന്നിരുന്നു. സുരക്ഷയൊരുക്കേണ്ട ഉത്തരവാദിത്വം സര്‍ക്കാരിനുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. നേരത്തെ തിരുവനന്തപുരത്ത് എസ്എഫ്‌ഐ പ്രതിഷേധത്തിനിടെ ഗവര്‍ണര്‍ കാറില്‍ നിന്ന് പുറത്തിറങ്ങിയിരുന്നു. ഇത് സംസ്ഥാനത്തെ സമാധാന അന്തരീക്ഷം തകര്‍ക്കാനുളള ശ്രമമാണെന്നും മുഖ്യമന്ത്രി ആരോപിച്ചു.

നിയമസഭ പാസാക്കിയ ബില്ലുകള്‍ പോലും ഗവര്‍ണര്‍ ഒപ്പിടാത്ത സാഹചര്യത്തില്‍ സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. ബില്ലില്‍ ഒപ്പിടാത്തതിന് കാരണം പറയുന്നില്ലെന്നും തുടര്‍ നടപടികള്‍ സ്വീകരിക്കുന്നില്ലെന്നും ഹര്‍ജിയില്‍ വ്യക്തമാക്കിയിരുന്നു.

കാറില്‍ എംഡിഎംഎ കടത്ത്, പിന്തുടര്‍ന്ന് അതിസാഹസികമായി പിടികൂടി പൊലീസ്

കാറില്‍ എംഡിഎംഎ കടത്ത്, പിന്തുടര്‍ന്ന് അതിസാഹസികമായി പിടികൂടി പൊലീസ്

കാഞ്ഞങ്ങാട്: കാറില്‍ എംഡിഎംഎ കടത്തുകയായിരുന്ന യുവാവിനെ പൊലീസ് പിടികൂടി. ഞാണിക്കടവ് സ്വദേശി അര്‍ഷാദിനെയാണ് ഹോസ്ദുര്‍ഗ് പൊലീസ് അറസ്റ്റ് ചെയ്തത്. അതിസാഹസികമായാണ് പ്രതിയെ പൊലീസ് പിടികൂടിയത്.

രഹസ്യവിവരം ലഭിച്ചതിനെത്തുടര്‍ന്ന് അര്‍ഷാദ് സഞ്ചരിച്ചിരുന്ന കാര്‍ പൊലീസ് പിന്തുടര്‍ന്നു. സംശയം തോന്നിയ അര്‍ഷാദ് പൊലീസിനെ വെട്ടിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോള്‍, ബലംപ്രയോഗിച്ചാണ് കീഴ്‌പ്പെടുത്തിയത്.

കാറില്‍ നിന്നും 27 ഗ്രാം എംഡിഎംഎ കണ്ടെത്തി. ഇയാള്‍ക്കെതിരെ നേരത്തെ ഹോസ്ദുര്‍ഗ്, പയ്യന്നൂര്‍ പൊലീസ് സ്റ്റേഷനുകളില്‍ ലഹരിക്കടത്തു കേസുകളുണ്ട്. കാപ്പ ചുമത്തി കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലായിരുന്ന അര്‍ഷാദ് അടുത്തിടെയാണ് പുറത്തിറങ്ങിയത്.

സംസ്ഥാനത്ത് അഞ്ചുദിവസം കൂടി മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് അഞ്ചുദിവസം കൂടി മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: തെക്ക് കിഴക്കൻ അറബിക്കടലിനു മുകളിൽ ചക്രവാതച്ചുഴി നിലനിൽക്കുന്ന പശ്ചാത്തലത്തിൽ സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴ തുടരുമെന്ന് കാലാവസ്ഥ വകുപ്പ്. കേരളത്തിൽ അടുത്ത അഞ്ചു ദിവസം കൂടി മഴയ്ക്ക്‌ സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അറിയിപ്പ്.

ഇന്ന് ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. തെക്കൻ തമിഴ്‌നാട് തീരത്ത് ഇന്നു രാത്രി 11.30 വരെ 0.6 മുതൽ 1.5 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്.