ശബരിമലയിൽ ഭക്തജന പ്രവാഹം; തീർഥാടകരുടെ ക്യു ശരംകുത്തിവരെ

ശബരിമലയിൽ ഭക്തജന പ്രവാഹം; തീർഥാടകരുടെ ക്യു ശരംകുത്തിവരെ

ശബരിമലയിൽ ഭക്തജന പ്രവാഹം. മണിക്കൂറിൽ 4200 മുതൽ 4500 പേർ വരെ പതിനെട്ടാം പടി ചവിട്ടുന്നു. തീർഥാടകരുടെ ക്യു ശരംകുത്തിവരെ നീണ്ടു. വലിയ നടപ്പന്തലിൽ ആറ് വരിയയാണ് നിലവിൽ ക്യു ഏർപ്പെടുത്തിയത്. വെർച്യുൽ ക്യു വഴി ഇന്ന് ബുക്ക് ചെയ്തിരിക്കുന്നത് 90,000 പേരാണ്.

പമ്പയിൽ നിന്നും 6 മുതൽ 8 മണിക്കൂറെടുത്തതാണ് ഭക്തർ ദർശനം നടത്തുന്നത്. മണ്ഡലപൂജയ്ക്ക് മുൻപുള്ള ദിവസങ്ങളിൽ വെർച്വൽ ക്യൂ ബുക്കിങ് 90,000 കടന്നിട്ടുണ്ട്. സ്പോട്ട് ബുക്കിങ് കൂടിയാകുമ്പോൾ ഒരുലക്ഷത്തോളം ഭക്തർ എത്താനാണ് സാധ്യതയെന്ന് പൊലീസ് പറയുന്നു. അതുകൊണ്ടുതന്നെ, അടുത്തദിവസങ്ങളിൽ കൂടുതൽ സജ്ജീകരണങ്ങളൊരുക്കുമെന്ന് ദേവസ്വം ബോർഡും പൊലീസും പറയുന്നു.

റേഷൻ വിതരണം: സപ്ലൈകോയ്ക്ക് 186 കോടി അനുവദിച്ചു

റേഷൻ വിതരണം: സപ്ലൈകോയ്ക്ക് 186 കോടി അനുവദിച്ചു

റേഷൻ വിതരണവുമായി ബന്ധപ്പെട്ട് സംസ്ഥാന സിവിൽ സപ്ലൈസ് കോർപറേഷന് സംസ്ഥാന സർക്കാർ 185.64 കോടി രൂപ അനുവദിച്ചു. റേഷൻ സാധനങ്ങൾ വിതരണത്തിന്‌ എത്തിക്കുന്നതിനുള്ള വാഹന വാടക, കൈകാര്യ ചെലവ് എന്നിവയുടെ വിതരണത്തിനായാണ് തുക അനുവദിച്ചത്.

ഇവ വിതരണം ചെയ്യുന്നതിന് ആവശ്യമായ തുകയുടെ കേന്ദ്ര സർക്കാർ വിഹിതം ഒമ്പത് മാസമായിട്ടും ലഭ്യമാക്കിയിട്ടില്ല. ഈ സാഹചര്യത്തിലാണ് സംസ്ഥാനം ഈ ഇനത്തിൽ ഒരു വർഷത്തേയ്ക്ക് ബജറ്റിൽ നീക്കിവച്ച തുക മുഴുവൻ കോർപറേഷന് നൽകാൻ തീരുമാനിച്ചത്.

ശബരിമല വാഹനങ്ങൾ പിടിച്ചിട്ടു; പത്തനംതിട്ടയിൽ പൊലീസും ദേവസ്വം ബോര്‍ഡംഗവും തമ്മിൽ നടുറോഡിൽ വാക്പോര്

ശബരിമല വാഹനങ്ങൾ പിടിച്ചിട്ടു; പത്തനംതിട്ടയിൽ പൊലീസും ദേവസ്വം ബോര്‍ഡംഗവും തമ്മിൽ നടുറോഡിൽ വാക്പോര്

പത്തനംതിട്ട: പത്തനംതിട്ടയിൽ ശബരിമല തീര്‍ത്ഥാടകരുടെ വാഹനങ്ങൾ വഴിയിൽ പിടിച്ചിട്ടതുമായി ബന്ധപ്പെട്ട് പൊലീസും ദേവസ്വം ബോര്‍ഡ് അംഗവും തമ്മിൽ വാക്പോര്. പെരനാട് പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരും ദേവസ്വം ബോര്‍ഡ് അംഗം അജികുമാറും തമ്മിലാണ് പെരുനാടിനടുത്ത് കൂനങ്കരയിൽ വച്ച് തര്‍ക്കിച്ചത്.

കാര്യമായ തിരിക്ക് ഇല്ലാതിരുന്നിട്ടും പൊലീസ് വഴിയില്‍ വാഹനങ്ങള്‍ തടയുന്നുവെന്ന് അജികുമാര്‍ വിമര്‍ശിച്ചു. തര്‍ക്കത്തിനിടെ നിരവധി വാഹനങ്ങള്‍ കടന്നുപോയി. ഇന്ന് രാവിലെ 7.30നായിരുന്നു തര്‍ക്കം. വ്യാപാര സ്ഥാപന നടത്തിപ്പുകാരില്‍ നിന്നും പണം വാങ്ങിയാണ് പൊലീസ് വാഹനങ്ങള്‍ തടഞ്ഞിടുന്നതെന്ന് ബോര്‍ഡ് അംഗം ആക്ഷേപിച്ചു. എന്നാൽ സന്നിധാനം, പമ്പ എന്നിവിടങ്ങളിലെ തിരക്ക് കുറയ്‌ക്കുന്നതിനാണ് വാഹന നിയന്ത്രണമെന്ന് പൊലീസ് പറയുന്നു.

പന്തളത്തു നിന്നും കാണാതായ പെണ്‍കുട്ടികളെ തിരുവനന്തപുരത്ത് നിന്നും കണ്ടെത്തി

പന്തളത്തു നിന്നും കാണാതായ പെണ്‍കുട്ടികളെ തിരുവനന്തപുരത്ത് നിന്നും കണ്ടെത്തി

തിരുവനന്തപുരം: പന്തളത്തു നിന്നും കാണാതായ മൂന്നു വിദ്യാര്‍ത്ഥിനികളെ കണ്ടെത്തി. തിരുവനന്തപുരത്തു നിന്നാണ് ഫോര്‍ട്ട് പൊലീസ് പെണ്‍കുട്ടികളെ കണ്ടെത്തിയത്. മൂന്നുപേരെയും പന്തളം പൊലീസ് ഏറ്റുവാങ്ങി. ബാലാശ്രമത്തിലെ പ്ലസ് ടു വിദ്യാര്‍ത്ഥിനികളെയാണ് ഇന്നലെ രാവിലെ മുതല്‍ കാണാതായത്.

വയനാട്ടിൽ കൂട്ടിലകപ്പെട്ട നരഭോജി കടുവ ഇനി തൃശൂരിൽ

വയനാട്ടിൽ കൂട്ടിലകപ്പെട്ട നരഭോജി കടുവ ഇനി തൃശൂരിൽ

കല്‍പ്പറ്റ:വയനാട് വാകേരിയില്‍ നിന്നും പിടികൂടിയ നരഭോജി കടുവയെ തൃശൂർ പുത്തൂർ സുവേളജിക്കൽ പാർക്കിലേക്ക് മാറ്റും. ബത്തേരി കുപ്പാടി മൃഗപരിപാലന കേന്ദ്രത്തിൽ സ്ഥലമില്ലാത്തതാണ് കാരണം. കടുവയെ നിരീക്ഷണ കേന്ദ്രത്തിൽ പാർപ്പിക്കും. പരിക്കുള്ളതിനാൽ ചികിത്സ നൽകും. ഇതിനുശേഷമാകും ഐസൊലേഷൻ ക്യൂബിലേക്ക് കടുവയെ മാറ്റുക.

കടുവയുടെ ആരോ​ഗ്യസ്ഥിതി വനംവകുപ്പ് നിരീക്ഷിച്ചു വരികയാണ്. കടുവയുടെ മുഖത്തും മറ്റിടങ്ങളിലും വലിയ രീതിയിലുള്ള പരിക്കുണ്ട്. ഇന്നലെ ഉച്ചയോടെയാണ് വയനാടിനെ വിറപ്പിച്ച നരഭോജി കടുവ വനംവകുപ്പിന്റെ കെണിയിൽ അകപ്പെട്ടത്. 13 വയസുള്ള കടുവയാണ് കെണിയിലായത്. വാകേരി കൂടല്ലൂര്‍ സ്വദേശിയായ ക്ഷീര കര്‍ഷകന്‍ പ്രജീഷിനെ കടിച്ചുകൊന്ന കടുവയാണിതെന്ന് വനംവകുപ്പ് സ്ഥിരീകരിച്ചിട്ടുണ്ട്.

പ്രജീഷിനെ കടുവ കടിച്ചുകൊന്ന സംഭവം നടന്ന് പത്താം ദിവസമാണ് കടുവ കൂട്ടിലായത്. കോളനിക്കവലയ്ക്ക് സമീപം കാപ്പി തോട്ടത്തിൽ വച്ച കൂട്ടിലാണ് രണ്ടുമണിയോടെ കടുവ കയറിയത്. കെണിയിൽ അകപ്പെട്ടതിന് പിന്നാലെ നരഭോജി കടുവയെ വെടിവെച്ചു കൊല്ലണം എന്നാവശ്യപ്പെട്ട് നാട്ടുകാർ പ്രതിഷേധിച്ചിരുന്നു.

രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങ്; മോഹന്‍ലാലിനും മാതാ അമൃതാനന്ദമയിക്കും ക്ഷണം

രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങ്; മോഹന്‍ലാലിനും മാതാ അമൃതാനന്ദമയിക്കും ക്ഷണം

ലഖ്‌നൗ: അയോധ്യയിലെ രാമക്ഷേത്രത്തില്‍ ജനുവരിയില്‍ നടക്കുന്ന പ്രതിഷ്ഠാ ചടങ്ങുകളിലേക്ക് കേരളത്തില്‍ നിന്ന് മോഹന്‍ലാലിനും മാതാ അമൃതാനന്ദമയിക്കും ക്ഷണം. ജനുവരി 22-നാണ് പ്രതിഷ്ഠാചടങ്ങ് നടക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി പരിപാടിയില്‍ പങ്കെടുക്കും.

ചലച്ചിത്ര രംഗത്തുനിന്ന് അമിതാഭ് ബച്ചന്‍, രജനീകാന്ത്, അക്ഷയ് കുമാര്‍, മാധുരി ദീക്ഷിത്, അനുപം ഖേര്‍, ചിരംഞ്ജീവി, ഋഷഭ് ഷെട്ടി, ധനുഷ്‌ സംവിധായകരായ രാജ് കുമാര്‍ ഹിരാനി, സഞ്ജയ് ലീല ബന്‍സാലി, രോഹിത് ഷെട്ടി എന്നിവര്‍ക്കും ക്ഷണമുണ്ട്. പരിപാടിയില്‍ എഴായിരം പേരാണ് പങ്കെടുക്കുക. ഇതില്‍ നാലായിരം പേര്‍ പുരോഹിതന്‍മാരാണ്. കാശി വിശ്വനാഥ്, വൈഷ്ണോദേവി തുടങ്ങിയ പ്രധാനക്ഷേത്രങ്ങളിലെ മുഖ്യപുരോഹിതന്മാരും ചടങ്ങില്‍ പങ്കെടുക്കും.

അതേസമയം, മുതിര്‍ന്ന ബിജെപി നേതാക്കളായ എല്‍കെ അഡ്വാനിയും മുരളി മനോഹര്‍ ജോഷിയും പങ്കെടുത്തേക്കില്ല. പ്രായവും ആരോഗ്യവും കണക്കിലെടുത്ത് ഇരുവരോടും ചടങ്ങില്‍ പങ്കെടുക്കേണ്ടതില്ലെന്ന് അഭ്യര്‍ഥിച്ചതെന്നും അഡ്വാനിയും ജോഷിയും അത് അംഗീകരിച്ചുവെന്നും രാമക്ഷേത്ര ട്രസ്റ്റ് ജനറല്‍ സെക്രട്ടറി ചമ്പത് റായ് മാധ്യമങ്ങളോടു പറഞ്ഞു.

ചടങ്ങിനുള്ള തയ്യാറെടുപ്പുകള്‍ ജനുവരി 15-ന് പൂര്‍ത്തിയാകുമെന്നും പ്രാണപ്രതിഷ്ഠയ്ക്കു വേണ്ടിയുള്ള പൂജകള്‍ 16-ാം തീയതി മുതല്‍ ആരംഭിച്ച് 22 വരെ തുടരുമെന്നും ചമ്പത് റായ് കൂട്ടിച്ചേര്‍ത്തു. 2020 ഓഗസ്റ്റ് അഞ്ചിന് പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് രാമക്ഷേത്രത്തിന്റെ ശിലാസ്ഥാപനം നടത്തിയത്.