by Midhun HP News | Dec 19, 2023 | Latest News, കേരളം
ഇടുക്കി: മുല്ലപ്പെരിയാര്‍ അണക്കെട്ട് തുറക്കില്ല. ഡാമിലേക്കുള്ള നീരൊഴുക്ക് കുറഞ്ഞ സാഹചര്യത്തിലാണ് തീരുമാനം. ഇന്നു രാവിലെ 10 മണിയോടെ ഡാം തുറക്കുമെന്നായിരുന്നു തമിഴ്‌നാട് നേരത്തെ അറിയിച്ചിരുന്നത്. തമിഴ്‌നാട് ഡാമില്‍ നിന്നും കൊണ്ടുപോകുന്ന വെള്ളത്തിന്റെ അളവ് കുറച്ചിട്ടുണ്ട്.
വൃഷ്ടിപ്രദേശങ്ങളില്‍ മഴ കുറഞ്ഞതോടെ ഡാമിലേക്കുള്ള നീരൊഴുക്ക് കുറഞ്ഞു. സെക്കന്‍ഡില്‍ 2300 ഘനയടി വെള്ളമാണ് ഇപ്പോള്‍ ഡാമിലേക്ക് വരുന്നത്. ഇന്നലെ ഇത് 15,500 ആയിരുന്നു. ഇന്നലെ ഒറ്റദിവസം കൊണ്ട് രണ്ടടിയോളം വെള്ളം ഡാമില്‍ ഉയരുകയും ചെയ്തിരുന്നു.
ഈ സാഹചര്യത്തിലായിരുന്നു ഡാം തുറക്കാന്‍ തമിഴ്‌നാട് തീരുമാനിച്ചത്. പെരിയാറിന്റെ തീരപ്രദേശത്ത് താമസിക്കുന്നവര്‍ക്ക് ജാഗ്രതാ നിര്‍ദേശവും നല്‍കിയിരുന്നു. സെക്കന്‍ഡില്‍ 250 ഘനയടി വെള്ളമാണ് തമിഴ്‌നാട് ഇപ്പോള്‍ മുല്ലപ്പെരിയാറില്‍ നിന്നും കൊണ്ടുപോകുന്നത്.
by Midhun HP News | Dec 19, 2023 | Latest News, കേരളം
ഡല്‍ഹി: രാജ്യത്ത് വീണ്ടും കോവിഡ് വ്യാപനം വര്‍ധിക്കുന്ന സാഹചര്യത്തില്‍ കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ അടിയന്തരയോഗം വിളിച്ചു. നാളെയാണ് യോഗം ചേരുക. രാജ്യത്തെ കോവിഡ് സ്ഥിതിഗതികള്‍, മുന്‍കരുതല്‍ നടപടികള്‍ തുടങ്ങിയവ യോഗം വിലയിരുത്തും.
ഓണ്‍ലൈനായി ചേരുന്ന യോഗത്തില്‍ സംസ്ഥാന ആരോഗ്യമന്ത്രിമാര്‍, ആരോഗ്യ വകുപ്പ് സെക്രട്ടറിമാര്‍, കേന്ദ് ആരോഗ്യമന്ത്രാലയ ഉദ്യോഗസ്ഥര്‍, കേന്ദ്രഭരണപ്രദേശങ്ങളിലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്.
കോവിഡിന്റെ പുതിയ വകഭേദമായ ജെഎന്‍.1 കേരളത്തില്‍ സ്ഥിരീകരിച്ചിരുന്നു. ഡിസംബര്‍ എട്ടിന് 79 വയസ്സായ സ്ത്രീയിലാണ് കോവിഡിന്റെ പുതിയ വകഭേദം കണ്ടെത്തിയത്. രാജ്യത്ത് കോവിഡ് കേസുകള്‍ കൂടുന്നത് കണക്കിലെടുത്ത് സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ നേരത്തെ ജാഗ്രതാ നിര്‍ദേശം നല്‍കിയിരുന്നു.
by Midhun HP News | Dec 18, 2023 | Latest News, കേരളം
ഗവർണറുടെ സന്ദർശനത്തിനിടെ മിഠായി തെരുവിൽ കുഴഞ്ഞു വീണ ചേവായൂർ സ്വദേശി മരിച്ചു. അശോകൻ അടിയോടി (70) ആണ് മരിച്ചത്.
കോഴിക്കോട് ഗവ. ബീച്ച് ആശുപത്രിയിൽ ചികിത്സയിലായിരുന്നു ഇദ്ദേഹം.
സുരക്ഷാ നിർദേശങ്ങൾ അവഗണിച്ചാണ് ഗവർണർ കോഴിക്കോട് എസ് എം സ്ട്രീറ്റിൽ ജനങ്ങൾക്കിടയിലേക്ക് എത്തിയത്. ഹൽവ വാങ്ങാനാണ് താൻ എസ്എം സ്ട്രീറ്റിൽ എത്തിയതെന്നാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞത്. യുവമോർച്ച നേതാക്കളും ഗവർണർക്കൊപ്പം ഉണ്ടായിരുന്നു.
“നഗരത്തിലേക്ക് ഇറങ്ങുക തന്നെ ചെയ്യും. ഒരു സുരക്ഷയും ആവശ്യമില്ല. കേരളത്തിലെ ജനങ്ങൾ എന്നെ സ്നേഹിക്കുന്നു. എസ്എഫ്ഐ മാത്രമാണ് പ്രതിഷേധിക്കുന്നത്. ആരും എന്നെ ആക്രമിക്കില്ല”- ഗവർണർ പറഞ്ഞു.
by Midhun HP News | Dec 18, 2023 | Latest News, കേരളം
കൊല്ലം: ഒന്നര മാസത്തിനിടെ സംസ്ഥാനത്ത് 1600 ലധികം പേര്‍ക്ക് കോവിഡ് വന്നതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. മരിച്ച പത്ത് പേര്‍ക്ക് കോവിഡ് രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല്‍ ഇവരില്‍ ഭൂരിഭാഗം പേര്‍ക്കും മറ്റ് ഗുരുതര അസുഖങ്ങള്‍ ഉണ്ടായിരുന്നു. പുതിയ കോവിഡ് ഉപവകഭേദം രാജ്യത്ത് ആദ്യം കണ്ടെത്തിയത് കേരളത്തിലാണെന്നത് സംസ്ഥാന ആരോഗ്യ സംവിധാനങ്ങളുടെ മികവ് കൊണ്ടാണെന്നും മന്ത്രി പറഞ്ഞു.
കേരളത്തില്‍ ആദ്യം ഒമൈക്രോണ്‍ ജെഎന്‍ 1 ഉപവകഭേദം കണ്ടെത്തിയതിന്റെ അര്‍ത്ഥം അത് ആദ്യമുണ്ടായത് കേരളത്തിലാണെന്നല്ല. ഒന്നര മാസത്തിനിടെ കേരളത്തില്‍ മരിച്ച 10 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. എന്നാല്‍ മരിച്ചവരില്‍ ഭൂരിഭാഗം പേര്‍ക്കും മറ്റ് ഗുരുതര രോഗങ്ങളുണ്ടായിരുന്നു. നവംബര്‍ മുതല്‍ സംസ്ഥാനത്ത് കോവിഡ് കേസുകളില്‍ നേരിയ വര്‍ധനയുണ്ടായിരുന്നു. സംസ്ഥാനത്തെ കോവിഡ് സാഹചര്യം സര്‍ക്കാരും ആരോഗ്യവകുപ്പും സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട്. പ്രതിപക്ഷനേതാവ് ഉള്‍പ്പെടെ ഇതിനെ രാഷ്ട്രീയവല്‍ക്കരിക്കുകയാണെന്നും വീണാ ജോര്‍ജ് പറഞ്ഞു.
സംസ്ഥാനത്ത് 1906 ഐസൊലേഷന്‍ ബെഡുകള്‍ തയ്യാറാണെന്നും അനാവശ്യ ഭീതി പടര്‍ത്തരുതെന്നും മന്ത്രി ആവശ്യപ്പെട്ടു.ജെഎന്‍ 1 ഉപവകഭേദത്തിന് വ്യാപനശേഷി കൂടുതലാണെങ്കിലും തീവ്രത കൂടുതലല്ല. രാഷ്ട്രീയവത്കരിക്കുന്നത് നിര്‍ഭാഗ്യകരമാണ്. കേരളം കോവിഡ് കേസുകളുടെ എണ്ണത്തില്‍ മുന്നില്‍ നില്‍ക്കുന്നതിന്റെ കാരണം ഇവിടെ പരിശോധന നടത്തുന്നതാണ്. കേരളത്തില്‍ ആദ്യം ഉപവകഭേദം കണ്ടെത്തിയത് ആരോഗ്യവകുപ്പിന്റെ നേട്ടമാണെന്നും ആരോഗ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
by Midhun HP News | Dec 18, 2023 | Latest News, കേരളം
തിരുവനന്തപുരം: ഗവര്‍ണര്‍ ബോധപൂര്‍വ്വം പ്രകോപനം സൃഷ്ടിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എന്തും വിളിച്ച് പറയാവുന്ന മാനസികാവസ്ഥയാണ് ഗവര്‍ണര്‍ക്ക്. പ്രതിഷേധത്തിന് നേരെ പാഞ്ഞടുക്കുന്ന ഗവര്‍ണര്‍ എവിടെയെങ്കിലും ഉണ്ടോ? ഏതെല്ലാം കഠിന പദങ്ങളാണ് കുട്ടികള്‍ക്ക് നേരെ ഗവര്‍ണര്‍ ഉപയോഗിക്കുന്നത്? സംസ്ഥാനത്തിന്റെ ക്രമസമാധാനം തകര്‍ക്കാന്‍ ഗവര്‍ണര്‍ ശ്രമിക്കുന്നു എന്ന് പറയേണ്ടി വരുമെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
കേന്ദ്രസര്‍ക്കാര്‍ തന്നെ കാര്യങ്ങള്‍ പരിശോധിക്കണമെന്നും കേന്ദ്രസര്‍ക്കാരിന് കത്ത് അയക്കുന്നത് ആലോചിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.എന്തും വിളിച്ച് പറയാവുന്ന മാനസികാവസ്ഥയാണ് ഗവര്‍ണര്‍ക്ക്. ശരിയായ രീതിയാണോ അത്. ഗവര്‍ണര്‍ ആയിരിക്കുന്നയാള്‍ അങ്ങനെ എന്തും വിളിച്ചു പറയാമോ?. അത് എവിടെ വരെ എത്തി. വ്യക്തിപരമായി ആളുകളെ ആക്ഷേപിക്കുന്നത് മാത്രമല്ല, ഒരു നാടിനെ തന്നെ ആക്ഷേപിച്ച് ‘ബ്ലഡി കണ്ണൂര്‍’ എന്ന് പറയുന്ന നിലയുണ്ടായി. ഒരു ഭരണാധികാരി അങ്ങനെ ചെയ്യുമോ? കേരളത്തിന്റെ അന്തരീക്ഷം ശാന്തമാണ്. മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് ക്രമസമാധാന നില നല്ലനിലയിലുള്ള സംസ്ഥാനമാണ് കേരളത്തിന്റേത്. അത് പൂര്‍ണമായി ഇല്ലാതെയാക്കി, കലുഷിതമായ അന്തരീക്ഷം ഉണ്ടാക്കാന്‍ അദ്ദേഹം ആഗ്രഹിക്കുന്നുതായാണ് തോന്നുന്നതെന്നും മുഖ്യമന്ത്രി ആരോപിച്ചു.
ഏതെങ്കിലും ഔദ്യോഗിക സ്ഥാനത്തിരിക്കുന്ന ഒരാള്‍ പ്രതിഷേധിക്കുന്നവര്‍ക്ക് നേരെ പാഞ്ഞടുക്കുക എന്നത് നമ്മുടെ രാജ്യത്തിന്റെ ചരിത്രത്തില്‍ ഇല്ലാത്ത കാര്യമാണ്. അതാണ് അദ്ദേഹം ഇവിടെ സ്വീകരിച്ചത്. മാത്രമല്ല, എന്താണ് അവരുടെ നേരെ വിളിച്ചുപറയുന്നത്. ക്രിമിനല്‍സ്, ബ്ലഡി, റാസ്‌ക്കല്‍സ് എന്നൊക്കെയുള്ള എന്തെല്ലാം കഠിന പദങ്ങളാണ് വിളിച്ചുപറയുന്നത്.അങ്ങനെ ഏതൊക്കെ തരത്തിലാണ് കുട്ടികളെ വിശേഷിപ്പിക്കുന്നതെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു.
ഉന്നത സ്ഥാനത്തിരിക്കുന്ന വ്യക്തി ഈ വിധത്തിലാണോ ചെയ്യേണ്ടത്. സാധാരണ അങ്ങനെയാണോ സമീപിക്കുക. ആ തരത്തില്‍ നേരിട്ട് കൈകാര്യം ചെയ്യാനാണോ ഉന്നതസ്ഥാനമുള്ളത്. അതിന് അതിന്റേതായ വഴികളുണ്ട്. ആ വഴികള്‍ സ്വീകരിക്കുക. തെറ്റായ രീതിയില്‍ കാര്യങ്ങള്‍ ഉണ്ടെങ്കില്‍ നോക്കാനാണല്ലോ നിയമപാലനത്തിന് ഉദ്യോഗസ്ഥര്‍ ഉള്ളത്, അവര്‍ നോക്കില്ലെ.എന്തും വിളിച്ചു പറയാനുള്ള മാനസീകാവസ്ഥയില്‍ അദ്ദേഹം എത്തി.വ്യക്തിപരം മാത്രമല്ല, ഒരു നാടിനെ തന്നെ ആക്ഷേപിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
‘ ബ്ലഡി കണ്ണൂര്‍ എന്നാണ് പറയുന്നത്. ചില കേന്ദ്ര സര്‍ക്കാരിന്റെ വക്താക്കള്‍ ഗവര്‍ണറെ ന്യായീകരിക്കാന്‍ പുറപ്പെടുന്നതും കാണുന്നതുണ്ട്. അവരുമായി ആലോചിച്ചാണ് ഇത്തരം കാര്യങ്ങള്‍ക്ക് ഇറങ്ങി പുറപ്പെടുന്നതെന്നാണ് ഇതില്‍ നിന്ന് വ്യക്തമാകുന്നത്. കേന്ദ്രസംസ്ഥാന ബന്ധം വഷളാക്കുക അല്ല ഉദ്ദേശ്യമെങ്കില്‍ ഇത്തരം കാര്യങ്ങള്‍ തിരുത്തിക്കാനുള്ള ഇടപെടല്‍ വേണം. അങ്ങേയറ്റം പ്രകോപനപരമായ അന്തരീക്ഷം സൃഷ്ടിക്കുകയാണ്. വളരെ ശാന്തമായ അന്തരീക്ഷം നിലനില്‍ക്കുന്ന സംസ്ഥാനമാണ് കേരളം. അവിടെ ഒരു കലുഷിത അന്തരീക്ഷം സൃഷ്ടിക്കാന്‍ അദ്ദേഹം ആഗ്രഹിക്കുന്നുണ്ടെന്നാണ് തോന്നുന്നത്’ -മുഖ്യമന്ത്രി പറഞ്ഞു.
അദ്ദേഹത്തിന് വേറെ എന്തോ ഉദ്ദേശമുണ്ട്. അതിനായി അദ്ദേഹം തന്നെ പ്രചാരണം നടത്തുന്നു.ഇതുപോലൊരു വ്യക്തിയെ മുരളീധരനെ പോലെ അപൂര്‍വ്വം ആളുകള്‍ക്ക് ഉള്‍ക്കൊള്ളാനാകും.വിഷയങ്ങള്‍ കേന്ദ്രത്തിന്റെ ശ്രദ്ധയില്‍ പെടുത്തേണ്ട സമയമായി. അതിനുള്ള നടപടി സ്വീകരിക്കും. ആ നിലയിലാണ് കാര്യങ്ങളുള്ളതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
by Midhun HP News | Dec 18, 2023 | Latest News, കേരളം
ബംഗലൂരു: കേരളത്തില്‍ കോവിഡിന്റെ പുതിയ വകഭേദം സ്ഥീരീകരിച്ച പശ്ചാത്തലത്തില്‍ കര്‍ണാടകയില്‍ ജനങ്ങള്‍ക്ക് മാസ്‌ക് ധരിക്കാന്‍ നിര്‍ദേശം. മുതിര്‍ന്ന പൗരന്മാരും രോഗബാധിതരുമായ ആളുകള്‍ പുറത്തിറങ്ങുമ്പോള്‍ നിര്‍ബന്ധമായും മാസ്‌ക് ധരിക്കണമെന്നാണ് കര്‍ണാടക ആരോഗ്യമന്ത്രി ദിനേഷ് ഗുണ്ടുറാവു നിര്‍ദേശിച്ചത്.
ജനങ്ങള്‍ പരിഭ്രാന്തരാകേണ്ട സാഹചര്യമില്ല. കോവിഡുമായി ബന്ധപ്പെട്ട സ്ഥിതിഗതികള്‍ കഴിഞ്ഞ ദിവസം യോഗം ചേര്‍ന്ന് വിലയിരുത്തിയിരുന്നു. 60 വയസ്സിന് മുകളില്‍ പ്രായമുള്ളവരും ഹൃദയസംബന്ധമായ രോഗങ്ങളും മറ്റ് അസുഖങ്ങളുമുള്ളവര്‍ മാസ്‌ക് ധരിക്കണം. ഇതു സംബന്ധിച്ച മാര്‍ഗനിര്‍ദേശം ഉടന്‍ പുറത്തിറക്കുമെന്നും മന്ത്രി ദിനേഷ് ഗുണ്ടുറാവു പറഞ്ഞു.
കേരളവുമായി അതിര്‍ത്തി പങ്കിടുന്ന ജില്ലകളില്‍ ജാഗ്രത പാലിക്കാന്‍ നിര്‍ദേശം നല്‍കിയതായി ആരോഗ്യമന്ത്രി പറഞ്ഞു. മംഗലൂരു, ചാംരാജ്‌നഗര്‍, കുടക് ജില്ലകളില്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. കോവിഡ് ലക്ഷണമുള്ളവര്‍ക്ക് പരിശോധന ഉറപ്പുവരുത്തണം. ആശുപത്രികളില്‍ പരിശോധനയ്ക്കുവേണ്ട ആര്‍ടിപിസിആര്‍, റാപ്പിഡ് ആന്റിജന്‍ ടെസ്റ്റ് കിറ്റുകള്‍ ഉറപ്പുവരുത്താനും കര്‍ണാടക മെഡിക്കല്‍ സപ്ലൈസ് കോര്‍പ്പറേഷനോട് സര്‍ക്കാര്‍ ആവശ്യപ്പെട്ടു.
കോവിഡ് രോഗബാധ വര്‍ധിച്ചാല്‍ ചികിത്സ കാര്യക്ഷമമാക്കുന്നത് ഉറപ്പാക്കാന്‍ സര്‍ക്കാര്‍ ആശുപത്രികള്‍ക്ക് നിര്‍ദേശം നല്‍കിയതായും ആരോഗ്യമന്ത്രി ദിനേഷ് ഗുണ്ടുറാവു അറിയിച്ചു. രാജ്യത്ത് നിലവില്‍ കോവിഡ് കേസുകള്‍ 1828 ആയതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. കേരളത്തില്‍ കോവിഡിന്റെ ജെഎന്‍.1 എന്ന ഉപവകഭേദമാണ് സ്ഥിരീകരിച്ചത്.
Recent Comments