by Midhun HP News | Dec 18, 2023 | Latest News, കേരളം
താന്‍ ചെയ്യുന്ന സഹായങ്ങളോ നന്‍മകളോ ഒന്നും ആരും അറിയരുതെന്ന് ചിന്തിക്കുന്ന ആളാണ് മഹാനടന്‍ മമ്മൂട്ടിയെന്ന് മുന്‍ മന്ത്രി ജോസ് തെറ്റയില്‍. നേരിട്ടറിയുന്ന ഒരു സംഭവം പങ്കുവെച്ചുകൊണ്ട് ജോസ് തെറ്റയില്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു. പത്ത് ലക്ഷം രൂപയോളം ചിലവ് വരുന്ന ശസ്ത്രക്രിയ ഒരു പാവപ്പെട്ട കുടുംബത്തിന് സൌജന്യമായി നല്‍കിയ ശേഷം, അതില്‍ വലിയ അസാധാരണത്വം കാണാത്ത നടനാണ് മമ്മൂട്ടിയെന്ന് ജോസ് തെറ്റയില്‍ പറയുന്നു. തനിക്ക് നേരിട്ടറിയുന്ന ആ അനുഭവം പങ്കുവെക്കുന്നു എന്ന ആമുഖത്തോടെയാണ് തെറ്റയില്‍ മുഴുവന്‍ വിവരങ്ങളും ഉള്‍പ്പെടുത്തി ഫെയ്‌സ്ബുക്കില്‍ കുറിച്ചിരിക്കുന്നത്.
ജോസ് തെറ്റയിലിന്റെ കുറിപ്പ് പൂര്‍ണരൂപം:
ഇങ്ങനെയും ചില മനുഷ്യര്‍ ഉണ്ട്…. ഒരു കൈ ചെയ്യുന്നത് മറുകൈ അറിയരുതെന്ന് വിശ്വസിക്കുന്നവര്‍!!!. പറയുന്നത് മറ്റാരെയും കുറിച്ചല്ല, മലയാളത്തിന്റെ മഹാനടന്‍ മമ്മൂട്ടിയെ കുറിച്ച് തന്നെ. പത്ത് ലക്ഷം രൂപയോളം ചിലവ് വരുന്ന ശസ്ത്രക്രിയ ഒരു പാവപ്പെട്ട കുടുംബത്തിന് സൌജന്യമായി നല്‍കിയ ശേഷം, അതില്‍ വലിയ അസാധാരണത്വം കാണാത്ത, തന്നിലെ നടനേക്കാള്‍ വലിയ മനുഷ്യസ്‌നേഹി! ഞാന്‍ ഈ കുറിപ്പ് എഴുതുന്നത് ഒരു സാധാരണ കുടുംബത്തിന് വേണ്ടി മമ്മൂട്ടിയെന്ന വലിയ മനുഷ്യന്‍ മാറ്റി വെച്ച സമയവും, അദ്ദേഹം എടുത്ത പരിശ്രമങ്ങളും നേരിട്ട് അറിവുളളതിനാലാണ്. ‘പത്ത് രൂപയുടെ സഹായം, പത്തു പേര്‍ക്കായി കൊടുത്ത് പതിനായിരം നോട്ടീസ് അടിക്കുന്ന മഹാന്മാര്‍ ഉള്ള നാട്ടില്‍ ഒരൊറ്റ ജീവന്‍ രക്ഷിക്കാന്‍ പത്തു ലക്ഷം ചിലവാക്കി ഒരൊറ്റ വാക്ക് പോലും പുറം ലോകത്തെ അറിയിക്കാ തിരുന്ന മമ്മൂട്ടി ഒരു വിസ്മയമായി മാറുന്നതെങ്ങനെയെന്ന് ഞാന്‍ നേരിട്ടറിഞ്ഞ ആ അനുഭവം നിങ്ങളുമായി പങ്കുവെക്കുകയാണ്…
മൂന്ന് മാസങ്ങള്‍ക്ക് മുന്‍പാണ് സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ജേതാവ് കൂടിയായ അഡ്വ.അനില്‍ നാഗേന്ദ്രന്റെ ഒരു ഫോണ്‍ കോള്‍ എന്നെ തേടി വരുന്നത്. ഏറെ പ്രതീക്ഷയോടെയാണ് എന്നെ വിളിച്ചതെന്ന് സംസാരത്തില്‍ തന്നെയുണ്ടായിരുന്നു. കാര്യം മറ്റൊന്നുമല്ല, വീട്ടിലെ പെയിന്റിങ് ജോലിയുമായി ബന്ധപ്പെട്ട് മുമ്പ് പരിചയമുളള വെഞ്ഞാറമൂട് സ്വദേശി ശ്രീകുമാറിന്റെ ഭാര്യ ബിന്ദുവിന് അടിയന്തരമായി ഹൃദയശസ്ത്രക്രിയ വേണം. സ്‌ട്രോക്ക് വന്ന് ഒരു വശം തളര്‍ന്നിരിക്കുന്ന അവസ്ഥയില്‍ ഭര്‍ത്താവ് ശ്രീകുമാറിന് ബിന്ദുവിന്റെ ശസ്ത്രക്രിയക്ക് വേണ്ട ഭീമമായ തുക കണ്ടെത്താന്‍ കഴിയുമായിരുന്നില്ല. കുടുംബ സാഹചര്യവും പരിതാപകരമായിരുന്നു.
വിവിധ സംഘടനകള്‍ക്ക് കീഴിലെ സൗജന്യ ഹൃദയ ശസ്ത്രക്രിയ പദ്ധതികളുടെ സാധ്യത തേടിയെങ്കിലും, ബിന്ദുവിനു അതൊന്നും പ്രയോജനപ്പെടുന്നില്ലെന്നും, സഹായിക്കണമെന്നും പറഞ്ഞാണ് അഡ്വ. അനില്‍ നാഗേന്ദ്രന്‍ ഫോണ്‍ കട്ട് ചെയ്തത്. കാരണം വേറെയൊന്നുമല്ല, ബിന്ദുവിന് വേണ്ടത് ഏകദേശം പത്ത് ലക്ഷത്തോളം രൂപ ചിലവ് വരുന്ന സങ്കീര്‍ണമായ വാല്‍വ് മാറ്റിവെക്കല്‍ ശസ്ത്രക്രിയ തന്നെ ആയിരുന്നു. കാരുണ്യ പദ്ധതിയുടെ സാധ്യത തേടിയെങ്കിലും, ഒരു പക്ഷെ അതില്‍ വന്നേക്കാവുന്ന കാലതാമസം, ബിന്ദുവിന്റെ ജീവന്‍ തന്നെ അപകടത്തില്‍ ആക്കുമെന്നതിനാല്‍ സമാന്തരമായി മറ്റൊരു വഴി തേടാന്‍ ഞാന്‍ തീരുമാനിച്ചു.
ആ ചിന്തയിലാണ് എന്റെ മനസ്സിലേക്ക് പെട്ടെന്ന് ഒരു മുഖം കടന്ന് വന്നത്. ഞാന്‍ ലോ കോളേജില്‍ പഠിക്കുമ്പോള്‍ എന്റെ ജൂനിയര്‍ ആയിരുന്ന ആ പയ്യന്റെ!! അവിടെ ചെത്തി നടന്നിരുന്ന സര്‍വ്വ മഹാന്മാരെയും പിന്നിലാക്കി പെട്ടെന്ന് കോളേജിന്റെ ഹീറോ ആയി, പലരുടേയും ഹൃദയങ്ങള്‍ കീഴടക്കിയ പഴയ ആ കൗമാരക്കാരന്‍. അത് മറ്റാരുമല്ല പിന്നീട് മലയാളത്തിന്റെ മുഖമായി ലോകം കാണുന്ന മെഗാസ്റ്റാര്‍ മമ്മൂട്ടി.
നടനവൈഭവത്തിനപ്പുറം ആയിരക്കണക്കിന് നിരാലംബര്‍ക്ക് കൈ താങ്ങായി മാറിയ ആ മമ്മൂട്ടിയെ തന്നെ ഒന്ന് വിളിച്ചാലോ എന്നായി എന്റെ ചിന്ത. മമ്മൂട്ടിയുടെ പല ജീവ കാരുണ്ണ്യ പദ്ധതികളും അടുത്തറിയുന്ന ഒരാള്‍ എന്ന നിലയിലും, പതിനായിരങ്ങള്‍ക്ക് പ്രയോജനപ്പെട്ട അയാളുടെ ആദ്യത്തെ ‘കാഴ്ച്ച ‘ പദ്ധതിയുടെ തുടക്കം മുതല്‍ കൂടെ നിന്ന ആള്‍ എന്ന നിലയിലും, ലോ കോളേജിലെ പഴയ സീനിയറിന്റെ സ്വാതന്ത്ര്യത്തോടും ഞാന്‍ മമ്മൂട്ടിയോട് എന്റെ ഈ ആവശ്യം പറഞ്ഞു. അടിയന്തരസാഹചര്യവും വ്യക്തമാക്കി. കാര്യഗൗരവം മനസ്സിലാക്കിയ മമ്മൂട്ടിയുടെ ഇടപെടലിന്റെ വേഗമാണ് എന്നെ എറെ വിസ്മയിപ്പിച്ചത്.
ബിന്ദുവിന്റെ ശസ്ത്രക്രിയയും, ചികിത്സയും അതിവേഗതയില്‍ ഏറ്റെടുക്കാന്‍ തന്റെ ഓഫീസിന് നിര്‍ദ്ദേശം കൊടുത്ത മമ്മൂട്ടി, ആലുവയിലെ രാജഗിരി ആശുപത്രിയും തന്റെ ജീവ കാരുണ്യ പ്രസ്ഥാനമായ കെയര്‍ ആന്‍ഡ് ഷെയര്‍ ഇന്റര്‍നാഷണല്‍ ഫൌണ്ടേഷനുമായി സഹകരിച്ചു നടപ്പാക്കുന്ന ‘ഹൃദ്യം’ പദ്ധതിയില്‍ തന്നെ ഈ ശസ്ത്രക്രിയ ഉള്‍പ്പെടുത്താന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു. ഇന്ത്യയിലെ തന്നെ അറിയപ്പെടുന്ന കാര്‍ഡിയാക് സര്‍ജന്‍മാരില്‍ ഒരാളായ ഡോ.ശിവ് കെ നായരുടെ നേതൃത്വത്തില്‍ വിദ്ഗദ ഡോക്ടര്‍മാരുടെ സംഘം സര്‍ജറി എല്ലാം വിജയകരമായി പൂര്‍ത്തിയാക്കി.
ഇന്ന് ബിന്ദു പരിപൂര്‍ണ ആരോഗ്യവതിയായി വെഞ്ഞാറമൂടിലെ വീട്ടില്‍ സന്തോഷത്തോടെ ഇരിക്കുന്നു. ഇത്രയും വലിയ തുക മുടക്കിയ ഒരു ജീവ കാരുണ്യം ആകുമ്പോള്‍ അത് നാളെ മാധ്യമങ്ങളില്‍ വരും, പുറം ലോകം അറിഞ്ഞോളും എന്ന് ഞാന്‍ വിചാരിച്ചു. മൂന്ന് മാസം ഞാന്‍ കാത്തിരുന്നു , പക്ഷെ ഒന്നും സംഭവിച്ചില്ല!ഇതേപ്പറ്റി മമ്മൂട്ടിയുടെ ഈ ജീവകാരുണ്ണ്യം കൈകാര്യം ചെയ്യുന്നവരുമായിരുന്നു ഞാന്‍ സംസാരിച്ചു. അവരുടെ മറുപടി എനിക്ക് മറ്റൊരു അശ്ചര്യമായി ‘ സഹായം ചെയ്യുന്നത് വിളിച്ചു പറയുന്നത് അദ്ദേഹത്തിന് ഇഷ്ടമല്ല,പദ്ധതികള്‍ തുടങ്ങുമ്പോള്‍ എല്ലാവരെയും അറിയിക്കാറുണ്ട്. അത് ഗുണഫോക്താക്കള്‍ക്ക് സഹായകമാകാന്‍ വേണ്ടി മാത്രം ആണ്.’
by Midhun HP News | Dec 18, 2023 | Latest News, കേരളം
തിരുവനന്തപുരം: ചക്രവാതച്ചുഴിയുടെ സ്വാധീനഫലമായി സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ തീവ്രമഴയ്ക്ക് സാധ്യത. പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ ഒറ്റപ്പെട്ട തീവ്രമഴയാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ഈ രണ്ടു ജില്ലകളില്‍ കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു.
തിരുവനന്തപുരം, കൊല്ലം, എറണാകുളം, മലപ്പുറം ജില്ലകളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയും കാലാവസ്ഥ വകുപ്പ് കണക്കുകൂട്ടുന്നു. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. നേരത്തെ എറണാകുളം ജില്ലയിൽ മാത്രമാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരുന്നത്. കോമറിന്‍ മേഖലയ്ക്ക് മുകളില്‍ നില്‍ക്കുന്ന ചക്രവാതച്ചുഴിയാണ് കേരളത്തില്‍ മഴ ലഭിക്കാന്‍ കാരണമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ അറിയിപ്പില്‍ പറയുന്നത്.
കേരള- ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ലെന്നും കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി. തെക്കന്‍ കേരളത്തീരത്ത് മണിക്കൂറില്‍ 40 മുതല്‍ 45 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ 55 കിലോമീറ്റര്‍ വേഗത്തിലും ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്. ഇത് കണക്കിലെടുത്താണ് മുന്നറിയിപ്പ് നല്‍കിയത്. ഇന്ന് രാത്രി 11.30 വരെ കേരളത്തീരത്ത് 0.6 മുതല്‍ 1.6 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ട്. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്ന് ദേശീയ സമുദ്രസ്ഥിതി പഠന ഗവേഷണ കേന്ദ്രം അറിയിച്ചു.
by Midhun HP News | Dec 18, 2023 | Latest News, കേരളം
കോഴിക്കോട്: പൊലീസ് സുരക്ഷ അവഗണിച്ച് റോഡിലിറങ്ങിയ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ മിഠായിത്തെരുവിലെ കടയിലെത്തി ഹല്‍വ വാങ്ങി. തുടര്‍ന്ന് മിഠായിത്തെരുവിലെ കച്ചവടക്കാരോട് ഗവര്‍ണര്‍ സംസാരിക്കുകയും ചെയ്തു. പൊലീസ് സുരക്ഷ വേണ്ടെന്ന് പ്രഖ്യാപിച്ചാണ് ആരിഫ് മുഹമ്മദ് ഖാന്‍ തെരുവിലിറങ്ങിയത്.
എസ് എം സ്ട്രീറ്റില്‍ സ്ത്രീകളും കുട്ടികളുമായി കുശലം പറയുകയും സെല്‍ഫി എടുക്കാന്‍ പോസ് ചെയ്യുകയും ചെയ്തു. കേരളത്തിന്റെ സ്‌നേഹം കോഴിക്കോട് നിന്നും അനുഭവിച്ചറിഞ്ഞതായി ഗവര്‍ണര്‍ പറഞ്ഞു. മിഠായിത്തെരുവില്‍ ബിജെപി പ്രവര്‍ത്തകര്‍ ഗവര്‍ണറെ അഭിവാദ്യം ചെയ്ത് മുദ്രാവാക്യം വിളിച്ചു.
ഗവര്‍ണര്‍ തെരുവിലേക്ക് ഇറങ്ങിയതോടെ, പൊലീസ് നഗരത്തില്‍ സുരക്ഷ ശക്തമാക്കി. സിറ്റി പൊലീസ് കമ്മീഷണര്‍ അടക്കം ജില്ലയിലെ ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി. മാനാഞ്ചിറയില്‍ സ്‌കൂള്‍ കുട്ടികളെ ചേര്‍ത്തു പിടിക്കുകയും, ആളുകളെ അഭിവാദ്യം ചെയ്യുകയും ചെയ്തിരുന്നു. ഗവര്‍ണറുടെ സുരക്ഷയ്ക്കായി നഗരത്തിലുടനീളം കൂടുതല്‍ പൊലീസിനെ വിന്യസിച്ചിട്ടുണ്ട്.
by Midhun HP News | Dec 18, 2023 | Latest News, കേരളം
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവില ഉയർന്നു. പവന് 80 രൂപയാണ് ഉയർന്നത്. ശനിയാഴ്ച വില കുത്തനെ കുറഞ്ഞിരുന്നു, പവന് 360 രൂപ കുറഞ്ഞ് വില 46000 ത്തിന് താഴെയെത്തി. വിപണിയിൽ ഇന്ന് ഒരു പവൻ സ്വർണത്തിന്റെ വില 45,920 രൂപയാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില ഇന്ന് 10 രൂപ ഉയർന്നു. വിപണി വില 5740 രൂപയാണ്. 18 കാരറ്റ് സ്വർണത്തിന്റെ വില 5 രൂപ ഉയർന്നു. വില 4755 രൂപയുമാണ്.
by Midhun HP News | Dec 18, 2023 | Latest News, കേരളം
കല്‍പ്പറ്റ: പൂതാടി പഞ്ചായത്തിലെ വാകേരി കൂടല്ലൂര്‍, കല്ലൂര്‍ക്കുന്ന് പ്രദേശങ്ങളില്‍ ജനങ്ങളെ ഭീതിയിലാക്കിയ നരഭോജി കടുവ കൂട്ടിലായി. കര്‍ഷകനെ കൊലപ്പെടുത്തി, പത്താം ദിവസമാണ്, കൂടല്ലൂര്‍ കോളനിക്ക് സമീപം ദൗത്യത്തിന്റെ ഭാഗമായി വനം വകുപ്പ് സ്ഥാപിച്ച കൂട്ടില്‍ കടുവ കുടുങ്ങിയത്.
ഞായറാഴ്ച രാത്രിയും കല്ലൂര്‍ക്കുന്നില്‍നിന്നു അകലെ വട്ടത്താനി ഭാഗത്ത് കടുവയെ കണ്ടതായി ആളുകള്‍ പറഞ്ഞിരുന്നു. കടുവയെ പിടികൂടാന്‍ ശ്രമം തുടരുന്നതിനിടെ, വാകേരിയില്‍നിന്നു ഏകദേശം അഞ്ച് കിലോമീറ്റര്‍ അകലെ ഞാറ്റാടിയില്‍ വാകയില്‍ സന്തോഷിന്റെ അഞ്ചുമാസം ഗര്‍ഭമുള്ള പശുവിനെ കടുവ കൊലപ്പെടുത്തിയിരുന്നു. കാല്‍പാടുകള്‍ പരിശോധിച്ചാണ് നരഭോജി കടുവയാണ് കല്ലൂര്‍ക്കുന്നില്‍ പശുവിനെ കൊന്നതെന്നു വനസേന സ്ഥിരീകരിച്ചത്.
ഉത്തര മേഖല സിസിഎഫ് കെഎസ്ദീപയുടെ മേല്‍നോട്ടത്തില്‍ സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌ന കരീം, മൃഗസംരക്ഷണ വകുപ്പ് അസിസ്റ്റന്റ് ഡയറക്ടര്‍ ഡോ.അരുണ്‍ സക്കറിയ, ഫോറസ്റ്റ് വെറ്ററിനറി ഓഫീസര്‍ അജേഷ് മോഹന്‍ദാസ് തുടങ്ങിയവരാണ് ദൗത്യത്തിനു നേതൃത്വം നല്‍കിയത്.
by Midhun HP News | Dec 18, 2023 | Latest News, കേരളം
കൊച്ചി: തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ പിജി വിദ്യാര്‍ഥി ഡോ. ഷഹന ആത്മഹത്യ ചെയ്ത കേസില്‍ ഒന്നാം പ്രതി റുവൈസ് ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചു. ഭീമമായ സ്ത്രീധനം ആവശ്യപ്പെട്ടതിനെത്തുടര്‍ന്നുള്ള മാനസിക വിഷമം താങ്ങാനാവാതെയാണ് ഡോ. ഷഹന ആത്മഹത്യ ചെയ്തത്.
കക്ഷികള്‍ക്കിടയില്‍ വിവാഹാലോചന മാത്രമാണ് നടന്നതെന്ന് റുവൈസിന്റെ ജാമ്യാപേക്ഷയില്‍ പറയുന്നു. വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ശേഷം മാത്രമേ വിവാഹം നടത്താന്‍ കഴിയൂ എന്ന് റുവൈസിന്റെ പിതാവ് പറഞ്ഞിരുന്നു. ഇത് അംഗീകരിക്കാന്‍ ഷഹന തയ്യാറായിരുന്നില്ല. പിതാവിന്റെ നിര്‍ദേശം സ്വീകരിക്കാതെ വിവാഹം കഴിക്കാന്‍ തന്നെ നിര്‍ബന്ധിക്കുകയായിരുന്നുവെന്നുമാണ് ജാമ്യാപേക്ഷയില്‍ വ്യക്തമാക്കുന്നത്.
സ്ത്രീധനമായി തുക വാങ്ങുകയോ വാങ്ങാന്‍ ശ്രമിക്കുകയോ ചെയ്തിട്ടില്ല. സ്ത്രീധന നിരോധന നിയമപ്രകാരമുള്ള കുറ്റങ്ങള്‍ ആരോപിച്ച് ഇരയോ അവളുടെ ബന്ധുക്കളോ ബന്ധപ്പെട്ട അധികാരികള്‍ക്ക് പരാതി നല്‍കിയിട്ടും ഇല്ല. മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ സ്‌റ്റൈപ്പന്റും സൗകര്യങ്ങളും വര്‍ധിപ്പിക്കുന്നതിന് വേണ്ടി സംസ്ഥാന സര്‍ക്കാരിനെതിരെ നിരവധി പ്രക്ഷോഭങ്ങള്‍ക്ക് താന്‍ നേതൃത്വം നല്‍കിയിട്ടുണ്ടെന്നും ഇക്കാരണങ്ങളുടെ പേരിലാണ് ഈ കേസില്‍ കുടുക്കാനുള്ള ശ്രമം നടത്തുന്നതെന്നും റുവൈസ് ജാമ്യാപേക്ഷയില്‍ പറയുന്നു. റുവൈസിനെ കോളജില്‍ നിന്ന് നോട്ടീസ് നല്‍കാതെയും കേള്‍ക്കാതെയും സസ്‌പെന്‍ഡ് ചെയ്തിരിക്കുകയാണെന്നും ഹര്‍ജിക്കാരനെ ജാമ്യത്തില്‍ വിട്ടയച്ചില്ലെങ്കില്‍ ഭാവി നഷ്ടമാകുമെന്നും ഹര്‍ജിയില്‍ പറയുന്നു.
ആത്മഹത്യ പ്രേരണ, സ്ത്രീധനം ആവശ്യപ്പെട്ടതിന് പിഴ എന്നീ കുറ്റങ്ങളാണ് റുവൈസിനെതിരെ ചുമത്തിയിരിക്കുന്നത്. റുവൈസിന്റെ ജാമ്യാപേക്ഷ നേരത്തെ അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് തള്ളിയിരുന്നു. ഡിസംബര്‍ 20ന് അപേക്ഷ വീണ്ടും പരിഗണിക്കും. കേസിലെ രണ്ടാം പ്രതി റുവൈസിന്റെ പിതാവിന് പ്രായം പരിഗണിച്ച് നേരത്തെ കോടതി ജാമ്യം അനുവദിച്ചിരുന്നു.
Recent Comments