by Midhun HP News | Dec 18, 2023 | Latest News, കേരളം
കൊച്ചി: സാഹസിക വിനോദസഞ്ചാര റിസോര്‍ട്ടിലെ സുരക്ഷാ വീഴ്ച കാരണം രണ്ടു മക്കളും മരിക്കാന്‍ ഇടയായ കേസില്‍ മാതാപിതാക്കള്‍ക്ക് 1.99 കോടി രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവ്. മഹാരാഷ്ട്രയിലെ പുനെ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന റിസോര്‍ട്ടിനോടാണ് നഷ്ടപരിഹാരം നല്‍കാന്‍ ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്‍ ഉത്തരവിട്ടത്.
കോടതി ചെലവിനത്തില്‍ 20,000 രൂപയും അധികം നല്‍കണം. തുക രണ്ടും കൈമാറാന്‍ ഒരുമാസത്തെ സാവകാശമാണ് ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്‍ അനുവദിച്ചത്.
എറണാകുളം ആമ്പല്ലൂര്‍ സ്വദേശികളായ പി വി പ്രകാശന്‍, ഭാര്യ വനജ എന്നിവരുടെ ഹര്‍ജിയിലാണു ഡി ബി ബിനു അധ്യക്ഷനും വൈക്കം രാമചന്ദ്രന്‍, ടി എന്‍ ശ്രീവിദ്യ എന്നിവര്‍ അംഗങ്ങളുമായ കമ്മീഷന്റെ ഉത്തരവ്. 2019ല്‍ ഉപഭോക്തൃ തര്‍ക്കപരിഹാര നിയമം പുതുക്കിയ ശേഷം കമ്മീഷന്‍ വിധിക്കുന്ന ഏറ്റവും വലിയ നഷ്ടപരിഹാര തുകയാണിത്.
2020 ഒക്ടോബറിലാണ് സംഭവം. ഹര്‍ജിക്കാരുടെ മക്കളായ മിഥുന്‍ (30), നിതിന്‍ (24) എന്നിവര്‍ പുനെയിലെ കരന്തിവാലി അഡ്വഞ്ചര്‍ ആന്‍ഡ് അഗ്രോ ടൂറിസം റിസോര്‍ട്ടിലാണ് മരിച്ചത്. വിനോദങ്ങള്‍ക്കിടയില്‍ ഇരുവരും കുളത്തില്‍ മുങ്ങി മരിക്കുകയായിരുന്നു. മക്കളെ വളരെ ചെറിയ പ്രായത്തില്‍ നഷ്ടപ്പെടുന്ന മാതാപിതാക്കളുടെ വേദനയ്ക്കു നഷ്ടപരിഹാര തുക പരിഹാരമല്ലെങ്കിലും ഇത്തരം വീഴ്ചകള്‍ ആവര്‍ത്തിക്കാതിരിക്കാനാണു പിഴ ചുമത്തുന്നതെന്നും കമ്മീഷന്‍ ചൂണ്ടിക്കാട്ടി.
വിനോദസഞ്ചാരികള്‍ക്ക് സുരക്ഷയൊരുക്കുന്നതിലും പരിചയസമ്പന്നരായ ലൈഫ് ഗാര്‍ഡുകളെയും ഗൈഡുകളെയും നിയോഗിക്കുന്നതിലും അധികൃതര്‍ വീഴ്ച വരുത്തിയതാണു അപകടകാരണമെന്ന ഹര്‍ജിക്കാരുടെ വാദം കമ്മീഷന്‍ അംഗീകരിച്ചു.പുനെ പൊലീസ് രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആര്‍, നിരീക്ഷണ ക്യാമറ ദൃശ്യങ്ങള്‍ എന്നിവ പരിശോധിച്ച ശേഷമാണ് ഉത്തരവ്.
by Midhun HP News | Dec 18, 2023 | Latest News, കേരളം
തിരുവനന്തപുരം: കാലിക്കറ്റ് സര്‍വകലാശാലയിലെ പരിപാടികള്‍ക്ക് ശേഷം ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഇന്ന് തിരുവനന്തപുരത്തെത്തും. രാത്രി ഒമ്പതു മണിയോടെയാണ് ഗവര്‍ണര്‍ രാജ്ഭവനിലെത്തുക. ഗവര്‍ണര്‍ എത്തുന്നത് കണക്കിലെടുത്ത് തലസ്ഥാനത്ത് സുരക്ഷ ശക്തമാക്കി.
ഗവര്‍ണര്‍ക്കെതിരെ പ്രതിഷേധത്തിനുള്ള സാധ്യത കണക്കിലെടുത്ത് വിമാനത്താവളം മുതല്‍ രാജ്ഭവന്‍ വരെ കനത്ത സുരക്ഷയൊരുക്കാനാണ് തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണര്‍ നിര്‍ദേശം നല്‍കിയിട്ടുള്ളത്. രാജ്ഭവനിലും കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്.
രാജ്ഭവനിലേക്ക് വരുന്ന വഴിയില്‍ റോഡിന് ഇരുവശത്തും കൂടുതല്‍ ബാരിക്കേഡുകള്‍ പൊലീസ് നിരത്തിയിട്ടുണ്ട്. തിരുവനന്തപുരത്തെ ഗവര്‍ണര്‍ക്കെതിരായ പ്രതിഷേധത്തില്‍ സുരക്ഷാ വീഴ്ച ഉണ്ടായിട്ടില്ലെന്നാണ് പൊലീസ് കമ്മീഷണര്‍ ഡിജിപിക്ക് റിപ്പോര്‍ട്ട് നല്‍കിയിട്ടുള്ളത്. ആ റിപ്പോര്‍ട്ട് ഇതുവരെയും ഡിജിപിയും ചീഫ് സെക്രട്ടറിയും ഗവര്‍ണര്‍ക്ക് കൈമാറിയിട്ടില്ല. വലിയ തോതില്‍ സുരക്ഷാ വീഴ്ചയുണ്ടായി എന്നാണ് രാജ്ഭവന്റെ വിലയിരുത്തല്‍.
by Midhun HP News | Dec 18, 2023 | Latest News, കേരളം
ബംഗലൂരു: കേരളത്തില്‍ പുതിയ കോവിഡ് വകഭേദം കണ്ടെത്തിയ സാഹചര്യത്തില്‍ കര്‍ണാടകയില്‍ ജാഗ്രതാ നിര്‍ദേശം. കേരളവുമായി അതിര്‍ത്തി പങ്കിടുന്ന ജില്ലകളില്‍ ജാഗ്രത പാലിക്കാന്‍ ആരോഗ്യവകുപ്പ് നിര്‍ദേശം നല്‍കി. കോവിഡ് ലക്ഷണമുള്ളവര്‍ക്ക് പരിശോധന ഉറപ്പുവരുത്തണം. ആശുപത്രികളില്‍ പരിശോധനയ്ക്കുവേണ്ട ആര്‍ടിപിസിആര്‍, റാപ്പിഡ് ആന്റിജന്‍ ടെസ്റ്റ് കിറ്റുകള്‍ അടുത്ത മൂന്നുമാസത്തേക്ക് ഉറപ്പുവരുത്താനും കര്‍ണാടക മെഡിക്കല്‍ സപ്ലൈസ് കോര്‍പ്പറേഷന്‍ ലിമിറ്റഡിനോട് സര്‍ക്കാര്‍ ആവശ്യപ്പെട്ടു.
കോവിഡ് രോഗബാധ വര്‍ധിച്ചാല്‍ ചികിത്സ കാര്യക്ഷമമാക്കുന്നത് ഉറപ്പാക്കാന്‍ സര്‍ക്കാര്‍-സ്വകാര്യ ആശുപത്രികളില്‍ മോക് ഡ്രില്‍ നടത്താനും നിര്‍ദേശിച്ചിട്ടുണ്ട്. കോവിഡ് പരിശോധന നടത്തിയശേഷം പുതിയ വകഭേദമാകാന്‍ സാധ്യതയുണ്ടെന്ന് സംശയമുള്ള സാംപിളുകള്‍ ജനിതകശ്രേണീകരണത്തിന് അയക്കാനും നിര്‍ദേശിച്ചു. പ്രതിരോധ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ആലോചിക്കാന്‍ കോവിഡ് സാങ്കേതികോപദേശക സമിതി യോഗം വിളിച്ചു.
ചൊവ്വാഴ്ച നടക്കുന്ന യോഗത്തില്‍ പുതിയ കോവിഡ് വകഭേദത്തെക്കുറിച്ച് ചര്‍ച്ചചെയ്യും. അതേസമയം, കേരള അതിർത്തിയിൽ കർണാടകത്തിലേക്കുള്ള ഗതാഗതത്തിന് നിയന്ത്രണം ഏർപ്പെടുത്തേണ്ട ആവശ്യം ഇപ്പോഴില്ലെന്ന് ആരോഗ്യമന്ത്രി ദിനേഷ് ഗുണ്ടുറാവു പറഞ്ഞു. രോഗനിയന്ത്രണത്തിന് മുൻകരുതൽ നടപടികൾ സർക്കാർ സ്വീകരിച്ചിട്ടുണ്ട്. പക്ഷേ, കൂടുതൽ ജാഗ്രത വേണമെന്നും മന്ത്രി നിർദേശിച്ചു. നിലവിൽ കർണാടകത്തിൽ കോവിഡ് ബാധിച്ചവർ 58 പേരാണ്. ഇതിൽ 11 പേർ ആശുപത്രിയിൽ ചികിത്സയിലാണ്.
by Midhun HP News | Dec 18, 2023 | Latest News, കേരളം
തിരുവനന്തപുരം: സപ്ലൈകോ ക്രിസ്മസ് ചന്ത 21ന് ആരംഭിക്കും. തിരുവനന്തപുരം പുത്തരിക്കണ്ടത്താണ് സംസ്ഥാന ഉദ്ഘാടനം. വിലക്കുറവില്‍ സാധനങ്ങള്‍ ലഭ്യമാക്കാന്‍ ലക്ഷ്യമിട്ടുള്ള ക്രിസ്മസ് ചന്തയില്‍ 13 ഇന സബ്സിഡി സാധനങ്ങള്‍ ലഭിക്കും.
തിരുവനന്തപുരത്തിന് പുറമേ കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശൂര്‍ ജില്ലാചന്തകളുമുണ്ടാകും. 1600 ഓളം ഔട്ട്ലറ്റുകളിലും വില്‍പ്പനയുണ്ടാകും. സാധനങ്ങള്‍ ലഭ്യമാക്കാനുള്ള ടെന്‍ഡര്‍ നടപടി ശനിയാഴ്ച പൂര്‍ത്തിയായി. ജില്ലാചന്തകളില്‍ ഹോര്‍ട്ടികോര്‍പ്പിന്റെയും മില്‍മയുടെയും സ്റ്റാളുകളുമുണ്ടാകും.
ഓണച്ചന്തകള്‍ക്കു സമാനമായി സബ്സിഡി ഇതര സാധനങ്ങള്‍ക്ക് ഓഫറുകള്‍ നല്‍കാനും ആലോചിക്കുന്നുണ്ട്. 30ന് ചന്തകള്‍ അവസാനിക്കും.
by Midhun HP News | Dec 17, 2023 | Latest News, കേരളം
തിരുവനന്തപുരം: മുല്ലയുടെയും താമരയുടെയും വില കുത്തനെ ഉയര്‍ന്നു. ഇന്നലെ ഒരു കിലോ മുല്ലയുടെ വില 2700 രൂപയായാണ് ഉയര്‍ന്നത്. ഒരു മീറ്റര്‍ മുല്ലമാലയ്ക്ക് 750 രൂപ കൊടുക്കണം. വിവാഹത്തിനും മറ്റുമൊക്കെ ഒരു മുഴം മുല്ല കിട്ടണമെങ്കില്‍ പോലും തലേന്നു തന്നെ ഏര്‍പ്പാടാക്കേണ്ട സ്ഥിതിയാണ്.
തോവാളയില്‍ നിന്നാണു തിരുവനന്തപുരം അടക്കമുള്ള ജില്ലകളില്‍ മുല്ല എത്തുന്നത്. അവിടെ നിന്ന് 2500 രൂപയ്ക്കു നല്‍കുന്നതാണ് ഇവിടത്തെ കടകളില്‍ 2700നു വില്‍ക്കുന്നത്. ചെറിയ മുല്ലയാണു വരുന്നത്. അതിനാല്‍ കേടാകുന്നതിന്റെ തോതും കൂടും. രണ്ടു മാസം മുന്‍പ് 500 രൂപ മുതല്‍ 700 രൂപ വരെയായിരുന്നു വില. അത് ആയിരത്തില്‍ എത്തിയശേഷം കുതിക്കുകയായിരുന്നു. ഒരു താമരയ്ക്കു 3 മാസം മുന്‍പു വില 5 രൂപ. ഇപ്പോള്‍ 30 രൂപ കൊടുക്കണം.
തോവാളയില്‍ നിന്നും വെള്ളായണിയില്‍ നിന്നുമാണു താമര എത്തുന്നത്. വെള്ളായണി കായലില്‍ ഇപ്പോള്‍ താമര ഇല്ല. മുന്‍പു ദിവസം 1000 താമരപ്പൂക്കള്‍ അവിടെ നിന്ന് എത്തിയിരുന്നു. ജനുവരി പകുതിയോടെ മുല്ലയുടെയും താമരയുടെയും വില കുറയുമെന്നാണ് വ്യാപാരികളുടെ പ്രതീക്ഷ.
by Midhun HP News | Dec 17, 2023 | Latest News, കേരളം
മലപ്പുറം: 2023ലെ ഇടശ്ശേരി പുരസ്‌കാരം എഴുത്തുകാരന്‍ ദേവദാസ് വി എമ്മിന്. ദേവദാസ് രചിച്ച ചെറുകഥകളുടെ സമാഹരമായ ‘കാടിന് നടുക്കൊരു മരം’ എന്ന പുസ്തകമാണ് മലപ്പുറം കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഇടശ്ശേരി സ്മാരക സമിതി നല്‍കുന്ന അവാര്‍ഡിന് അര്‍ഹമാക്കിയത്. 50000 രൂപയും പ്രശസ്തി ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം.
ഡിസംബര്‍ 23ന് പൊന്നാനിയില്‍ വച്ച് ഇടശ്ശേരി അനുസ്മരണ വേളയില്‍ പുരസ്‌കാരം സമര്‍പ്പിക്കും. ചരിത്രത്തേയും പൈതൃക സംസ്‌കൃതിയെയും സമകാലിക ജീവിത പരിതോവസ്ഥകളോട് തികഞ്ഞ ശില്‍പ്പചാതുരിയോടെ ചേര്‍ത്തുവെയ്ക്കുന്ന കഥകളാണ് ദേവദാസിന്റേത് എന്ന് മൂല്യനിര്‍ണ്ണയ കമ്മിറ്റി വിലയിരുത്തി.
Recent Comments