ജില്ലയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു

ജില്ലയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു

തിരുവനന്തപുരം: തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ശ്രീലങ്കൻ തീരത്തോട് ചേർന്ന് ചക്രവാതച്ചുഴി രൂപപ്പെട്ടതിൻ്റെ ഫലമായി തെക്കൻ, മധ്യ ജില്ലകളിൽ കനത്ത മഴ. തിരുവനന്തപുരം ജില്ലയിൽ അർധരാത്രിയാരംഭിച്ച മഴ ഇപ്പോഴും തുടരുകയാണ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ കനത്ത മഴക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുണ്ട്. നാളെയും മഴ തുടർന്നേക്കും. കേരള – ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന മുന്നറിയിപ്പുണ്ട്.

പാലക്കാട് ഒരു വീട്ടിലെ നാലുപേര്‍ അബോധാവസ്ഥയില്‍; ആശുപത്രിയിലേക്ക് മാറ്റി

പാലക്കാട് ഒരു വീട്ടിലെ നാലുപേര്‍ അബോധാവസ്ഥയില്‍; ആശുപത്രിയിലേക്ക് മാറ്റി

പാലക്കാട്: പാലക്കാട് ഒരു വീട്ടിലെ നാലുപേരെ അബോധാവസ്ഥയില്‍ കണ്ടെത്തി. പാലക്കാട് സിവില്‍ സ്റ്റേഷന് സമീപമാണ് ഒരു വീട്ടിലെ നാലുപേരെ അബോധാവസ്ഥയില്‍ കണ്ടത്.

സന്ധ്യ, ശ്രുതി, സുന്ദരന്‍, സുനന്ദ എന്നിവരെയാണ് അബോധാവസ്ഥയില്‍ കണ്ടെത്തിയത്. സ്ഥലത്തെത്തിയ പാലക്കാട് സൗത്ത് പൊലീസ് ഇവരെ ജില്ലാ ആശുപത്രിയിലെത്തിച്ചു. ആരുടേയും ജീവന് ഭീഷണിയില്ലെന്നാണ് വിവരം. അതേസമയം, കുടുംബത്തിന് വലിയ കടബാധ്യതയുണ്ടെന്ന വിവരം പുറത്തുവരുന്നുണ്ട്.

ഒമൈക്രോണ്‍ ഉപവകഭേദം; സ്ഥിതിഗതികള്‍ നിരീക്ഷിക്കുന്നു, ആശങ്കപ്പെടേണ്ട സാഹചര്യമില്ല: ആരോഗ്യമന്ത്രി

ഒമൈക്രോണ്‍ ഉപവകഭേദം; സ്ഥിതിഗതികള്‍ നിരീക്ഷിക്കുന്നു, ആശങ്കപ്പെടേണ്ട സാഹചര്യമില്ല: ആരോഗ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് ഒമൈക്രോണ്‍ ഉപവകഭേദം പടരുന്നതില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. നിതാന്ത ജാഗ്രതയിലൂടെയാണ് ഉപവകഭേദം കണ്ടെത്തിയതെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

‘ആശങ്കപ്പെടേണ്ട സാഹചര്യമില്ല. കണ്ടെത്തിയത് ഉപവകഭേദമാണ്. സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിച്ച് വരികയാണ്. എന്നാല്‍ ജാഗ്രത ഉണ്ടാകണം. പ്രത്യേകിച്ച് മറ്റു രോഗങ്ങള്‍ ഉള്ളവര്‍ കൂടുതല്‍ ശ്രദ്ധ പുലര്‍ത്തണം.’ – വീണാ ജോര്‍ജ് പറഞ്ഞു.

തിരുവൈരാണിക്കുളം നടതുറപ്പ് ഉത്സവം: വെര്‍ച്വല്‍ ബുക്കിങ് ഇന്നുമുതല്‍

തിരുവൈരാണിക്കുളം നടതുറപ്പ് ഉത്സവം: വെര്‍ച്വല്‍ ബുക്കിങ് ഇന്നുമുതല്‍

കൊച്ചി: തിരുവൈരാണിക്കുളം മഹാദേവക്ഷേത്രത്തിലെ നടതുറപ്പ് മഹോത്സവം 26 മുതല്‍ ജനുവരി ആറുവരെ നടക്കും. ദര്‍ശനത്തിനായുള്ള വെര്‍ച്വല്‍ ക്യൂ ബുക്കിങ് ഗായിക കെ എസ് ചിത്ര ഉദ്ഘാടനം ചെയ്തു. ഞായര്‍മുതല്‍ എന്ന വെബ്‌സൈറ്റിലൂടെ ബുക്ക് www.thiruvairanikkulamtemple.orgചെയ്യാം.

വെര്‍ച്വല്‍ ക്യൂ ബുക്ക് ചെയ്തവര്‍ക്ക് ദേവസ്വം പാര്‍ക്കിങ് ഗ്രൗണ്ടുകളായ സൗപര്‍ണിക, കൈലാസം എന്നിവിടങ്ങളിലെ വെരിഫിക്കേഷന്‍ കൗണ്ടറില്‍ ബുക്കിങ് രസീത് നല്‍കി ദര്‍ശന പാസ് വാങ്ങാം. ബുക്ക് ചെയ്യാത്തവര്‍ക്ക് സാധാരണ ക്യൂവിലൂടെയും ദര്‍ശനം അനുവദിക്കും. ചടങ്ങില്‍ ക്ഷേത്രം മാനേജര്‍ എം കെ കലാധരന്‍, സെക്രട്ടറി കെ എ പ്രസൂണ്‍കുമാര്‍, മറ്റു ഭാരവാഹികള്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

ഏതോ മരുന്ന് കഴിക്കാന്‍ മറന്നുപോകുന്നുണ്ട്; മുഖ്യമന്ത്രിക്കൊപ്പമുള്ളവര്‍ അത് ശ്രദ്ധിക്കണം; പരിഹസിച്ച് സതീശന്‍

ഏതോ മരുന്ന് കഴിക്കാന്‍ മറന്നുപോകുന്നുണ്ട്; മുഖ്യമന്ത്രിക്കൊപ്പമുള്ളവര്‍ അത് ശ്രദ്ധിക്കണം; പരിഹസിച്ച് സതീശന്‍

കോഴിക്കോട്: കേരളത്തിലെ ഏറ്റവും വെറുക്കപ്പെട്ട മുഖ്യമന്ത്രിയായി, ജനങ്ങളാല്‍ ആട്ടിയോടിക്കുന്ന മുഖ്യമന്ത്രിയായി പിണറായി വിജയന് പടിയിറങ്ങേണ്ടി വരുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. മുഖ്യമന്ത്രിയുടെ സമനില തെറ്റിയിരിക്കുകയാണ്. കേരളീയര്‍ ഏറ്റവും ശത്രുവായി കാണുന്നത് ഈ മുഖ്യമന്ത്രിയെയാണ്. നാട്ടുകാരുടെ പണം കൊണ്ട് നവകേരള സദസ് നടത്തി രാഷ്ട്രീയം പറയുന്ന വ്യക്തിയെ ജനം വെറുക്കുകയാണ്. ഇയാളുടെ അവസാനത്തിന്റെ ആരംഭമാണ് ഈ സംഭവങ്ങളിലൂടെ കാണുന്നതെന്നും പ്രതിപക്ഷ നേതാവ് വടകരയില്‍ മാധ്യമങ്ങളോട് പറഞ്ഞു.

വഴിയരികില്‍ സമാധാനപരമായി കരിങ്കൊടി കാണിച്ച കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മുഖ്യമന്ത്രിയുടെ ഗണ്‍മാനും സഫാരി സൂട്ടിട്ട പൊലീസ് ക്രിമിനലുകളും ചേര്‍ന്ന് ക്രൂരമായി മര്‍ദിക്കുകയായിരുന്നു. പൊലീസ് കസ്റ്റഡിയിലിരിക്കെയാണ് മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍ അനിലും തിരുവനന്തപുരം സ്വദേശി സന്ദീപും ഇവരെ മര്‍ദിച്ചത്. മുഖ്യമന്ത്രിയുടെ ഭാഷയില്‍ പറഞ്ഞാല്‍ ജീവന്‍ രക്ഷാപ്രവര്‍ത്തനം കോണ്‍ഗ്രസും ആരംഭിക്കേണ്ട സ്ഥിതിയിലേക്കാണ് കാര്യങ്ങള്‍ കൊണ്ടുപോകുന്നത്. അക്രമം നടത്തിയ ഇവരെ പരസ്യമായി സംരക്ഷിക്കുകയാണ്. ഗവര്‍ണറുടെ വാഹനത്തിന് കേടുപാടുണ്ടാക്കിയതുപോലെ ഈ കുട്ടികള്‍ എന്തെങ്കിലും ചെയ്‌തോയെന്നും സതീശന്‍ ചോദിച്ചു.

തങ്ങള്‍ വിചാരിച്ചാല്‍ അവനൊന്നും അവന്റെ വീട്ടില്‍ നിന്ന് ഇറങ്ങില്ല. അതിനൊക്കെയുള്ള കോണ്‍ഗ്രസുകാര്‍ ഈ നാട്ടിലുണ്ട്. ഇത് സംഘര്‍ഷഭരിതമാകരുതെന്ന് കരുതി തങ്ങളാണ് സംയമനം പാലിച്ചത്. എല്ലാ മര്യാദയുടെയും അതിര്‍വരമ്പുകള്‍ ലംഘിച്ചുകൊണ്ടാണ് മുഖ്യമന്ത്രി ജനങ്ങളുടെ നെഞ്ചത്തുകൂടിയുള്ള തേരോട്ടം നടക്കുന്നത്. ഇയാളുടെ ധാരണ മഹാരാജാവാണെന്നാണ്. മഹാരാജാവ് എഴുന്നള്ളുമ്പോള്‍ ഒരു പ്രതിഷേധവും പാടില്ല. രാഷ്ട്രീയനേതാക്കള്‍ക്കെതിരെയും മുഖ്യമന്ത്രിമാര്‍ക്കെതിരെയും നമ്മുടെ നാട്ടില്‍ പ്രതിഷേധം ഉണ്ടായിട്ടില്ലേ?. സമാധാനപരമായി റോഡരികില്‍ നിന്ന് കരിങ്കൊടി കാണിച്ചാല്‍ ഈ മുഖ്യമന്ത്രിക്ക് എന്താണെന്നും സതീശന്‍ ചോദിച്ചു.

ക്രിമിനല്‍ മനസുള്ള സാഡിസ്റ്റാണ് മുഖ്യമന്ത്രി പിണറായി വിജയന്‍. അധികാരത്തിന്റെ ദാര്‍ഷ്ട്യവും അഹങ്കാരവും തലയ്ക്ക് പിടിച്ച് മുഖ്യമന്ത്രിയുടെ സമനില തെറ്റിയിരിക്കുകയാണ്. എട്ടാമത്തെ പ്രാവശ്യമാണ് പ്രതിപക്ഷ നേതാവിന്റെ സമനില തെറ്റിയെന്ന് മുഖ്യമന്ത്രി പറയുന്നത്. നാട്ടുകാരുടെ ചെലവില്‍ സ്റ്റേജ് കെട്ടി നവകേരള സദസില്‍ ഇരുന്ന് ആദ്യം പറയുന്നത് ഇതാണ്.

താന്‍ എവിടെ വേണമെങ്കിലും പോയി ചികിത്സിക്കാന്‍ തയ്യാറാണ്. മുഖ്യമന്ത്രിയുടെ ഒപ്പമുള്ള മന്ത്രിമാരോട് തനിക്ക് പറയാനുള്ളത് വീട്ടുകാര്‍ ആരും അടുത്ത ഇല്ലാത്തതാണ്. മരുന്ന് എടുത്തുകൊടുക്കാന്‍ മറക്കരുത്. ഏതോ മരുന്ന് കഴിക്കാന്‍ അദ്ദേഹം മറന്നുപോകുന്നുണ്ട്. അതുകൊണ്ടാണ് ഇങ്ങനെ തോന്ന്യാസം പറയുന്നത്. നവകേരള സദസില്‍ ആരെല്ലാമാണ് അപമാനിക്കപ്പെട്ടത്. ഇതെല്ലാം കഴിഞ്ഞ് വരുമ്പോള്‍ ഉത്തമരായ കമ്യൂണിസ്റ്റുകാര്‍ ആരും ഇവരുടെ കൂടെ ഉണ്ടാവില്ല. കേരള മണ്ണില്‍ കമ്യൂണിസത്തെ കുഴിച്ചുമൂടാനുള്ള അവസാനത്തെ യാത്രയാണെന്നും സതീശന്‍ പറഞ്ഞു.

ചലച്ചിത്ര അക്കാദമി സമാന്തര യോഗം ചേർന്നില്ലെന്ന രഞ്ജിത്തിന്റെ വാദം തെറ്റ്

ചലച്ചിത്ര അക്കാദമി സമാന്തര യോഗം ചേർന്നില്ലെന്ന രഞ്ജിത്തിന്റെ വാദം തെറ്റ്

ചലച്ചിത്ര അക്കാദമിയിൽ സമാന്തര യോഗം ചേർന്നില്ലെന്ന രഞ്ജിത്തിന്റെ വാദം തെറ്റ്. സമാന്തര യോഗം ചേർന്നതിന്റെ മിനിറ്റ്സ് പുറത്ത്. യോഗത്തിൽ പങ്കെടുത്തത് കുക്കു പരമേശ്വരൻ ഉൾപ്പെടെ 9 പേര്. സമാന്തര യോഗം സംബന്ധിച്ച അക്കാദമി ചെയര്‍മാന്‍ സംവിധായകന്‍ രഞ്ജിത്തിന്റെ വാദം ശരിയല്ലെന്നാണ് രേഖ പറയുന്നത്.

കുക്കുവും സോഹനും പങ്കെടുത്തത് ഓൺ ലൈനിലൂടെയാണ്. പരാതി ഉന്നയിച്ച കുക്കുവിനോട് ജോലി അവസാനിപ്പിച്ചു വീട്ടിൽ പോകാൻ ചെയര്‍മാന്‍ പറഞ്ഞെന്നു മിനിറ്റ്സിൽ പറയുന്നുണ്ട്. കുക്കുവും സോഹനും പങ്കെടുത്തില്ല എന്നായിരുന്നു രഞ്ജിത് നേരത്തെ അവകാശപ്പെട്ടത്. വിമത യോഗം ചേർന്നു എന്ന വാർത്തയും ചെയർമാൻ തള്ളിയിരുന്നു. ഇത് തെറ്റാണ് എന്ന് തെളിയിക്കുന്നതാണ് പുറത്തുവന്ന രേഖ.