ചീട്ട് കളിക്കുന്നതിനിടയിൽ പോലീസിനെ കണ്ട് ഭയന്ന് ഓടിയ മധ്യവയസ്‌കൻ മരിച്ചു

ചീട്ട് കളിക്കുന്നതിനിടയിൽ പോലീസിനെ കണ്ട് ഭയന്ന് ഓടിയ മധ്യവയസ്‌കൻ മരിച്ചു

കല്ലറ: സുഹൃത്തുക്കളുമൊത്ത് ചീട്ട് കളിക്കുന്നതിനിടയിൽ പോലീസിനെ കണ്ട് ഭയന്ന് ഓടിയ മധ്യവയസ്‌കൻ കുളത്തിൽ വീണ് മരിച്ചു. കല്ലറ പാകിസ്ഥാൻ മുക്ക് സ്വദേശി വാഹിദ് (52) ആണ് മരിച്ചത്.

വ്യാഴാഴ്ച രാത്രി 8:30ന് ചിതറ മന്ദിരം കുന്നിലായിരുന്നു സംഭവം. ചീട്ടുകളിക്കുന്നതിനായി കൂട്ടുകാരോടൊപ്പം കൂടിയതായിരുന്നു ഇയാൾ. കളിച്ചുകൊണ്ടിരുന്നപ്പോൾ എത്തിയ പോലീസിനെ കണ്ട് സംഘം ചിതറി ഓടി. സ്ഥല പരിചയം ഇല്ലാതിരുന്ന വാഹിദ് സമീപത്തെ കുളത്തിൽ വീഴുകയായിരുന്നു. നാട്ടുകാരും പോലീസും ചേർന്ന് കരയ്ക്കെടുത്തെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം കടയ്ക്കൽ താലൂക്ക് ആശുപത്രി മോർച്ചറിയിൽ. വസ്തു വിൽപ്പന ബ്രോക്കറാണ് വാഹിദ്.

നവകേരള സദസ്; കടയ്ക്കല്‍ ക്ഷേത്രമൈതാനത്തെ വേദി മാറ്റി

നവകേരള സദസ്; കടയ്ക്കല്‍ ക്ഷേത്രമൈതാനത്തെ വേദി മാറ്റി

കൊല്ലം: കടയ്ക്കല്‍ ക്ഷേത്ര മൈതാനത്ത് നവകേരള സദസിന്റെ വേദി മാറ്റി. ചക്കുവള്ളി ക്ഷേത്ര മൈതാനത്തെ വേദി ഹൈക്കോടതി റദ്ദാക്കിയതിനെത്തുടര്‍ന്നാണ് കടയ്ക്കലെ വേദി മാറ്റം. ഇതു സംബന്ധിച്ച കേസ് തിങ്കളാഴ്ച പരിഗണിക്കാനിരിക്കെയാണ് വേദി മാറ്റിയ തീരുമാനം വന്നിരിക്കുന്നത്.

അനുമതി നല്‍കിയ ദേവസ്വം ഉത്തരവ് ഹൈക്കോടതി റദ്ദാക്കുകയായിരുന്നു. ക്ഷേത്രത്തിന്റെ പ്രവര്‍ത്തനങ്ങളെ തടസപ്പെടുത്തുമെന്നതിനാലാണ് നടപടി. കൊല്ലം കുന്നത്തൂര്‍ സ്വദേശി ജെ ജയകുമാര്‍, മൈനാഗപ്പള്ളി സ്വദേശി ഓമനക്കുട്ടന്‍ പിള്ള എന്നിവരാണ് ക്ഷേത്രമൈതാനത്ത് പരിപാടി നടത്താന്‍ കഴിയില്ലെന്നും ക്ഷേത്രത്തിന്റെ പ്രവര്‍ത്തനങ്ങളെ തടസപ്പെടുത്തുമെന്നും കാണിച്ച് ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്. കുന്നത്തൂര്‍ നിയമസഭാ മണ്ഡലത്തിലെ നവകേരള സദസ്സാണ് ചക്കുവള്ളി ക്ഷേത്രത്തോടനുബന്ധിച്ചുള്ള മൈതാനത്ത് നിശ്ചയിച്ചിരുന്നത്. തിങ്കളാഴ്ചയാണ് കുന്നത്തൂരിലെ നവകേരള സദസ്.

തയ്യാറെടുപ്പുകള്‍ ഏതാണ്ട് പൂര്‍ത്തിയായപ്പോഴാണ് നടപടി. അതേസമയം ശാര്‍ക്കര ക്ഷേത്ര മൈതാനത്തെ വേദി മാറ്റുന്നതില്‍ തീരുമാനമായിട്ടില്ല.

തിരുവനന്തപുരം കോര്‍പറേഷന്റെ മറവില്‍ വായ്പാ തട്ടിപ്പ്; യുവതി അറസ്റ്റില്‍

തിരുവനന്തപുരം കോര്‍പറേഷന്റെ മറവില്‍ വായ്പാ തട്ടിപ്പ്; യുവതി അറസ്റ്റില്‍

തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പറേഷന്റെ മറവില്‍ വായ്പാ തട്ടിപ്പ് നടത്തിയ സംഘത്തിലെ പ്രതികളില്‍ ഒരാള്‍ അറസ്റ്റില്‍. കേസിലെ മൂന്നാം പ്രതി മുരുക്കുംപുഴ സ്വദേശി പൂജപ്പുര വിജയമോഹിനി മില്ലിനു സമീപം താമസിക്കുന്ന രാജില രാജന്‍ (അനു 33) ആണ് അറസ്റ്റിലായത്. കോര്‍പറേഷന്‍ ജീവനക്കാരിയെന്ന വ്യാജേന ആള്‍മാറാട്ടം നടത്തിയ അനുവിനെ ഫോര്‍ട്ട് സി.ഐ വി.ഷിബുവിന്റെ നേതൃത്വത്തിലാണ് അറസ്റ്റ് ചെയ്തത്.

സ്ത്രീകളുടെ സ്വയം തൊഴില്‍ സംഘങ്ങള്‍ക്കായി കോര്‍പറേഷന്‍ നല്‍കുന്ന വായ്പ തരപ്പെടുത്തി നല്‍കാമെന്നു പറഞ്ഞായിരുന്നു തട്ടിപ്പ്. തട്ടിപ്പിലൂടെ നേടിയ 35 ലക്ഷത്തില്‍ 18 ലക്ഷം രൂപ അനുവിന്റെ അക്കൗണ്ടിലെത്തി. സ്വയം തൊഴില്‍ സംരംഭങ്ങള്‍ക്ക് 5 ലക്ഷം രൂപയാണ് നല്‍കുന്നത്. ഇതില്‍ 3.75 ലക്ഷം രൂപ കോര്‍പറേഷന്‍ സബ്‌സിഡിയാണ്. 1.25 ലക്ഷം രൂപ സംരംഭകര്‍ തിരിച്ചടയ്ക്കണം. നാലുപേര്‍ ചേര്‍ന്ന് രൂപവല്‍ക്കരിക്കുന്ന ഗ്രൂപ്പിനാണ് തുക നല്‍കുന്നത്. ഇത്തരത്തില്‍ ഏഴു ഗ്രൂപ്പാണുണ്ടായിരുന്നത്. നേരത്തെ ഒപ്പിട്ടു വാങ്ങിയ മുദ്രപ്പേപ്പറില്‍ സമ്മതപത്രം എഴുതിച്ചേര്‍ത്ത് വായ്പാ തുക മറ്റൊരു അക്കൗണ്ടിലേക്കു മാറ്റിയെടുക്കുകയായിരുന്നു. തിരിച്ചടവ് മുടങ്ങി അക്കൗണ്ടുകള്‍ ബാങ്ക് മരവിപ്പിച്ചതോടെയാണ് വീട്ടമ്മമാര്‍ തട്ടിപ്പ് മനസ്സിലാക്കിയത്.

തിരുവനന്തപുരം കോര്‍പറേഷന്‍ ചെറിയതുറയിലെ സ്ത്രീകളുടെ അഞ്ച് സംഘങ്ങള്‍ക്ക് നല്‍കിയ വായ്പയ്ക്ക് പുറമെ ബീമാപള്ളിയിലെ രണ്ട് സംഘങ്ങള്‍ക്ക് നല്‍കിയ പണവും തട്ടിപ്പ് സംഘം കൈവശപ്പെടുത്തി. ഇതോടെയാണ് 35 ലക്ഷത്തിലേക്ക് തട്ടിപ്പിന്റെ വ്യാപതി വര്‍ധിച്ചത്.

തട്ടിപ്പ് സംഘത്തിന്റെ അക്കൗണ്ടിലേക്ക് പണം കൈമാറിയ ഇന്‍ഡ്യന്‍ ബാങ്ക് ഈഞ്ചക്കല്‍ ബ്രാഞ്ച് മാനേജരെയും കേസില്‍ പ്രതി ചേര്‍ത്തിട്ടുണ്ട്. വസ്ത്ര യൂണിറ്റിലേക്ക് സാധനങ്ങള്‍ കൈമാറുന്ന കരാറുകാരനെന്ന വ്യാജേനെയെത്തി പണം കൈവശപ്പെടുത്തിയ പൂവച്ചലിലെ ഫാന്‍സി സ്റ്റാര്‍ ഉടമ അനീഷ് ഒളിവിലാണ്. ചെറിയതുറ സ്വദേശി ഗ്രേസി, അഖില എന്നിവരാണ് മറ്റ് പ്രതികള്‍.

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ പി അരവിന്ദാക്ഷന്‍ അന്തരിച്ചു

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ പി അരവിന്ദാക്ഷന്‍ അന്തരിച്ചു

കോഴിക്കോട്: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും മലയാള മനോരമ മുന്‍ റസിഡന്റ് എഡിറ്ററുമായ പി അരവിന്ദാക്ഷന്‍ അന്തരിച്ചു. ഇംഗ്ലീഷ്, മലയാള പത്രപ്രവര്‍ത്തന രംഗത്ത് ഒരുപോലെ കഴിവ് തെളിയിച്ച അദ്ദേഹം പത്രപ്രവര്‍ത്തക കൂട്ടായ്മ രൂപീകരിക്കുന്നതില്‍ മികവ് കാട്ടിയ സംഘാടകനായിരുന്നു.

ഗഹനമായ വിഷയങ്ങള്‍ വായനക്കാര്‍ക്കു മുമ്പില്‍ ലളിതമായും ഉള്‍ക്കാഴ്ചയോടെയും അവതരിപ്പിക്കുന്നതില്‍ അദ്ദേഹം അന്യാദൃശമായ പാടവം പ്രകടിപ്പിച്ചു. പത്രപ്രവര്‍ത്തനരംഗത്തെ പുതുതലമുറയ്ക്ക് ഗുരുസ്ഥാനീയനായ അരവിന്ദാക്ഷന്റെ മരണം മാധ്യമ മേഖലയ്ക്ക് വലിയ നഷ്ടമാണ്.

അരവിന്ദാക്ഷന്റെ നിര്യാണത്തില്‍ കാലിക്കറ്റ് പ്രസ് ക്ലബ് അനുശോചിച്ചു. കാലിക്കറ്റ് പ്രസ് ക്ലബ്ബിന്റെ പ്രഥമ പ്രസിഡന്റായിരുന്ന അരവിന്ദാക്ഷന്‍ പ്രസ് ക്ലബ് കെട്ടിട നിര്‍മാണത്തിലും നേതൃപരമായ പങ്ക് വഹിച്ചയാളാണെന്നും
കാലിക്കറ്റ് പ്രസ് ക്ലബ് പ്രസിഡന്റ് എം ഫിറോസ്ഖാനും സെക്രട്ടറി പി എസ് രാകേഷും അനുശോചനക്കുറിപ്പില്‍ പറഞ്ഞു.

സംസ്ഥാനത്ത് ഇന്നും നാളെയും ഇടിമിന്നലോടുകൂടിയ മഴ

സംസ്ഥാനത്ത് ഇന്നും നാളെയും ഇടിമിന്നലോടുകൂടിയ മഴ

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും ഇടിമിന്നലോടുകൂടിയ മഴക്ക് സാധ്യത. തിരുവനന്തപുരം മുതല്‍ ഇടുക്കി വരെയുള്ള ഏഴ് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ടാണ്. നാളെ പത്തനംതിട്ടയിലും ഇടുക്കിയിലും ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്.

തെക്ക് – പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ടിരിക്കുന്ന ചക്രവാതച്ചുഴിയാണ് മഴക്ക് കാരണം. കേരളാ തീരത്തും, ലക്ഷദ്വീപ് പ്രദേശത്തും നാളെയും മറ്റന്നാളും മത്സ്യബന്ധനത്തിന് വിലക്കുണ്ട്.

തമിഴ്നാട്ടിലും ഇന്ന് മുതല്‍ മഴ കനക്കും. പുതുക്കോട്ട, ശിവഗംഗ, രാമനാഥപുരം, തൂത്തുക്കുടി ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ 8 ജില്ലകളിലും ശക്തമായ മഴ പെയ്യുമെന്നാണ് മുന്നറിയിപ്പ്. ചെന്നൈയിലെ ചിലയിടങ്ങളില്‍ മഴയ്ക്ക് സാധ്യതയുണ്ടെങ്കിലും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി.

ശബരിമല നടവരവില്‍ 20 കോടിയുടെ കുറവ്, ഭക്തരുടെ എണ്ണവും കുറഞ്ഞു

ശബരിമല നടവരവില്‍ 20 കോടിയുടെ കുറവ്, ഭക്തരുടെ എണ്ണവും കുറഞ്ഞു

തിരുവനന്തപുരം: ശബരിമലയില്‍ തീര്‍ത്ഥാടകരുടെ എണ്ണത്തിലും വരുമാനത്തിലും ഇടിവ്. 28 ദിവസത്തെ കണക്ക് പരിശോധിക്കുമ്പോള്‍ ഈ വര്‍ഷം ഒന്നര ലക്ഷം തീര്‍ത്ഥാടകർ കുറവാണ്. ഈ ദിവസത്തെ വരുമാനത്തില്‍ 20.44 കോടിയുടെ കുറവ് രേഖപ്പെടുത്തി. ആകെ വരുമാനം 134.44 കോടിയാണെങ്കില്‍ 2022 ല്‍ ഇത് 154.77 കോടിയായിരുന്നു.അരവണ വരുമാനത്തിലും കുറവുണ്ട്. ഈ വര്‍ഷം അരവണയിലൂടെ ലഭിച്ചത് 61.91 കോടിയാണെങ്കില്‍ 2022 ല്‍ ഇത് 73.75 കോടിയാണ്. 11 കോടിയുടെ കുറവാണുള്ളത്.

അപ്പം വില്‍പനയിലൂടെ 8.99 കോടിയാണ് 28 ദിവസത്തില്‍ ലഭിച്ചതെങ്കില്‍ 2022ല്‍ ഇത് 9.43കോടി രൂപയായിരുന്നു. 44 ലക്ഷത്തിന്റെ കുറവാണുള്ളത്. ഈ വര്‍ഷത്തെ കാണിക്ക വരുമാനം 41.8 കോടി രൂപയാണെങ്കില്‍ 2022ല്‍ കാണിക്ക വരുമാനം 46.45 കോടി രൂപയാണ്. 4.65 കോടി രൂപയുടെ കുറവുണ്ടായി.