പ്രഭാതസവാരിയ്ക്കിടെ ശുചീകരണത്തൊഴിലാളികളോട് മന്ത്രി കുശലം തിരക്കി; ശമ്പളം കിട്ടാത്തതിന്റെ പരിഭവം പറഞ്ഞ് തൊഴിലാളികള്‍

പ്രഭാതസവാരിയ്ക്കിടെ ശുചീകരണത്തൊഴിലാളികളോട് മന്ത്രി കുശലം തിരക്കി; ശമ്പളം കിട്ടാത്തതിന്റെ പരിഭവം പറഞ്ഞ് തൊഴിലാളികള്‍

പ്രഭാതസവാരിയ്ക്കിടെ വിശേഷം തിരക്കിയ മന്ത്രിയോട് മൂന്ന് മാസത്തെ ശമ്പളം കിട്ടാത്തതിന്റെ പരിഭവം പറഞ്ഞ് ഹരിതകര്‍മ്മ സേനാംഗങ്ങള്‍. ആലപ്പുഴ ബീച്ചിലെ ശുചീകരണത്തൊഴിലാളികളാണ് ശമ്പളം മുടങ്ങിയ കാര്യം മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയത്. ജില്ലാ കളക്ടറോട് സംസാരിച്ച് പ്രശ്‌നത്തിന് പരിഹാരം കാണാമെന്ന് തൊഴിലാളികള്‍ക്ക് മന്ത്രി വാക്കുനല്‍കി.

ഓണക്കാലത്ത് ഹരിതകര്‍മ്മസേനാംഗങ്ങള്‍ക്ക് നാലുമാസത്തെ ശമ്പളം മുടങ്ങിയത് വലിയ വാര്‍ത്തയായിരുന്നു. പിന്നീട് ഇതില്‍ ഇടപെടലുണ്ടാകുകയും മുഴുവന്‍ തുകയും കൊടുത്തുതീര്‍ക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് വീണ്ടും തൊഴിലാളികള്‍ ശമ്പളം കിട്ടാതെ ദുരിതത്തിലാകുന്നത്.

പ്രധാനമന്ത്രി കേരളത്തിൽ; ജനുവരി 2ന് തൃശൂരിൽ സ്ത്രീശക്തി സംഗമത്തിൽ പങ്കെടുക്കും

പ്രധാനമന്ത്രി കേരളത്തിൽ; ജനുവരി 2ന് തൃശൂരിൽ സ്ത്രീശക്തി സംഗമത്തിൽ പങ്കെടുക്കും

പ്രധാനമന്ത്രി നരേന്ദ്ര മോദി ജനുവരി 2ന് കേരളത്തിൽ എത്തും. തൃശൂരിൽ നടക്കുന്ന സ്ത്രീശക്തി സംഗമത്തിൽ പങ്കെടുക്കാനായാണ് എത്തുന്നത്. വനിതാ ബിൽ പാസായതിൽ അഭിനന്ദനം അറിയിക്കാനാണ് സം​ഗമം നടത്തുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ അറിയിച്ചു.

ലോക്സഭ തെരഞ്ഞെടുപ്പ് പ്രചരണവും പ്രധാനമന്ത്രിയുടെ സന്ദർ‍ശനത്തിൽ ചർച്ച ചെയ്യും. മോദിയെ കൂടാതെ ആഭ്യന്തര മന്ത്രി അമിത് ഷാ, പാർട്ടി ദേശീയ അധ്യക്ഷൻ ജെ പി നദ്ദ, മറ്റ് മുതിർന്ന നേതാക്കളും വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ദക്ഷിണേന്ത്യൻ സംസ്ഥാനത്ത് എൻഡിഎയുടെ വിവിധ പ്രചാരണ പരിപാടികളിൽ പങ്കെടുക്കുമെന്ന് കെ സുരേന്ദ്രൻ നേരത്തെ പറഞ്ഞിരുന്നു.

പ്രധാനമന്ത്രിയുടെ ക്രിസ്മസ് സന്ദേശം കേരളത്തിലെ ക്രൈസ്തവ ഭവനങ്ങളിലെത്തിക്കാനായി എല്ലാ എൻ.ഡി.എ. പ്രവർത്തകരും ഇറങ്ങുമെന്നും സുരേന്ദ്രൻ പറഞ്ഞിരുന്നു. ജനുവരി അവസാനം എൻ.ഡി.എയുടെ നേതൃത്വത്തിൽ സംസ്ഥാനത്തെ എല്ലാ ലോക്‌സഭാ മണ്ഡലങ്ങളിലും പദയാത്ര നടത്താൻ തീരുമാനമായിരുന്നു.

വണ്ടിപ്പെരിയാര്‍ കേസ്: കേരളത്തിന് അഭിമാനകരമായ കാര്യമല്ല; കോടതി നിരീക്ഷണങ്ങള്‍ ഗൗരവമായി പരിശോധിക്കും; മുഖ്യമന്ത്രി

വണ്ടിപ്പെരിയാര്‍ കേസ്: കേരളത്തിന് അഭിമാനകരമായ കാര്യമല്ല; കോടതി നിരീക്ഷണങ്ങള്‍ ഗൗരവമായി പരിശോധിക്കും; മുഖ്യമന്ത്രി

ആലപ്പുഴ: വണ്ടിപ്പെരിയാര്‍ കേസിലെ വിധി സംസ്ഥാനത്തിന് അഭിമാനകരമായ കാര്യമല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കോടതി വിധി പരിശോധിച്ച് തുടര്‍ നടപടികള്‍ സ്വീകരിക്കും. അപ്പീല്‍ നല്‍കാന്‍ തീരുമാനിച്ചതായും എന്താണ് സംഭവിച്ചതെന്ന് ഗൗരവമായി പരിശോധിക്കുമെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

‘സംസ്ഥാനത്തിന് അഭിമാനിക്കാവുന്ന ഒന്നല്ല ആ സാഹചര്യം. അത് എന്താണെന്നത് ഗൗരവമായി പരിശോധിക്കും. അതിന്റെ ഭാഗമായി ആവശ്യമായ തുടര്‍നടപടികള്‍ സ്വീകരിക്കും. ഇപ്പോള്‍ തന്നെ അപ്പീല്‍ പോകുന്നതുമായുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. കോടതിയുടെ നിരീക്ഷണത്തിന്റെ ഭാഗമായി ചില ഭാഗങ്ങള്‍ വന്നിട്ടുണ്ട്. അത് ഗൗരവമായി പരിശോധിക്കുകയും ചെയ്യും’- മുഖ്യമന്ത്രി പറഞ്ഞു.

‘പ്രതി അര്‍ജുന്‍ തന്നെ;  പൊലീസ് കൃത്യസമയത്ത് എത്തി തെളിവെടുത്തു; ഒരു വീഴ്ചയുമില്ല’; സര്‍ക്കാര്‍ അപ്പീലിന്

‘പ്രതി അര്‍ജുന്‍ തന്നെ; പൊലീസ് കൃത്യസമയത്ത് എത്തി തെളിവെടുത്തു; ഒരു വീഴ്ചയുമില്ല’; സര്‍ക്കാര്‍ അപ്പീലിന്

ഇടുക്കി: വണ്ടിപ്പെരിയാറില്‍ ആറ് വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച് കൊന്ന കേസില്‍ അന്വേഷണത്തില്‍ പൊലീസിന് വീഴ്ച പറ്റിയില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ ടിഡി സുനില്‍ കുമാര്‍. കഴിഞ്ഞ ദിവസം കേസില്‍ പ്രതിയെ കോടതി വെറുതെ വിട്ടതിന് പിന്നാലെയാണ് പ്രതികരണം. കേസില്‍ പ്രതി അര്‍ജുന്‍ തന്നെയാണെന്നും അന്വേഷണ ഉദ്യോഗസ്ഥന്‍ മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം, വിധിക്കെതിരെ അപ്പീല്‍ പോകുമെന്ന് പ്രോസിക്യൂട്ടര്‍ പറഞ്ഞു.

കോടതിയില്‍ തെളിവുകള്‍ ഹാജരാക്കുന്നതില്‍ ഒരുവീഴ്ചയും ഉണ്ടായിട്ടില്ലെന്ന് കേസ് അന്വേഷിച്ച പൊലീസ് ഉദ്യോഗസ്ഥന്‍ സുനില്‍ കുമാര്‍ പറഞ്ഞു. ‘കുട്ടിയുടെ മരണം നടന്നത് ജൂണ്‍ 30നാണ്. കുട്ടിയെ അന്ന് വൈകീട്ട് ആശുപത്രിയില്‍ കൊണ്ടുപോയിരുന്നു. സംഭവം നടന്ന അന്നുതന്നെ ക്വാട്ടേഴ്‌സിലെത്തി സ്ഥലം ബന്തബസ്സ് ചെയ്തതാണ്. പിറ്റേദിവസം രാവിലെയാണ് ഇന്‍ക്വസ്റ്റ് നടത്തി മഹസ്സര്‍ തയ്യാറാക്കിയത്. വിരലടയാള വിദഗ്ധര്‍, സൈന്റിഫിക് ഓഫീസര്‍, ഫോട്ടോ ഗ്രാഫര്‍ എല്ലാം തന്നെ ഇന്‍ക്വസ്റ്റ് സമയത്ത് ഉണ്ടായിരുന്നു കുട്ടിയുടെ രക്തം സീല്‍ ചെയ്ത് തരുന്നത് സൈന്റിഫിക് ഓഫീസറാണ്. പൊലീസിന്റെ ഭാഗത്തുനിന്ന് യാതൊരു വീഴ്ചയുമുണ്ടായില്ല. സംഭവത്തില്‍ പ്രതി അര്‍ജുന്‍ തന്നെയാണ്’- അന്വേഷണ ഉദ്യോഗസ്ഥന്‍ മാധ്യമങ്ങളോട് പറഞ്ഞു.

പൊലീസ് അന്വേഷണത്തില്‍ വീഴ്ചയെന്ന കേസിലെ വിധിപ്പകര്‍പ്പിലെ പരാമര്‍ശം അംഗീകരിക്കാനാവില്ലെന്ന് കേസിലെ പ്രോസിക്യൂട്ടര്‍ സുനില്‍ മഹേശ്വരന്‍ പിള്ള പറഞ്ഞു. ‘പൊലീസ് കൃത്യസമയത്ത് സ്ഥലത്ത് എത്തി തെളിവ് ശേഖരിച്ചിരുന്നു. വിധി റദ്ദ് ചെയ്യണമെന്നാവശ്യപ്പെട്ട് അപ്പീല്‍ നല്‍കും. കൊലപാതകത്തിന് മുന്‍പ് കുട്ടി ലൈംഗികമായി പീഡിപ്പിക്കപ്പെട്ടിട്ടുണ്ടെന്ന കാര്യം കോടതി കണ്ടെത്തിയിട്ടുണ്ട്. ശാസ്ത്രീയ തെളിവുകളുടെ അപര്യാപ്ത, ഡിഎന്‍എ പ്രൈഫൈലിങ് ഇല്ലാത്തതും സാക്ഷികള്‍ പറഞ്ഞ ചെറിയ കാര്യങ്ങള്‍ പോലും കോടതി വലിയ പ്രാധാന്യത്തോടെ കാണുകയും ചെയ്തു. അന്വേഷണ ഉദ്യോഗസ്ഥരുടെ ബുദ്ധിമുട്ടുകള്‍ മനസിലാക്കാതെയാണ് കോടതി അങ്ങനെ പറഞ്ഞത്’- പ്രോസിക്യൂട്ടര്‍ പറഞ്ഞു.

വണ്ടിപ്പെരിയാര്‍ കേസില്‍ അന്വേഷണ ഉദ്യോഗസ്ഥനു വീഴ്ച പറ്റിയതായി കോടതി കണ്ടെത്തിയിരുന്നു. കേസില്‍ പ്രതി അര്‍ജുനെ വെറുതെ വിട്ടുകൊണ്ടുള്ള വിധിയുടെ പകര്‍പ്പിലാണ് പരാമര്‍ശമുള്ളത്. കൊലപാതകം നടന്ന് ഒരുദിവസം കഴിഞ്ഞാണ് അന്വേഷണ ഉദ്യോഗസ്ഥന്‍ സ്ഥലത്തെത്തിയത്. തെളിവ് ശേഖരിച്ചതില്‍ വീഴ്ചയുണ്ടായി. അന്വേഷണ ഉദ്യോഗസ്ഥന്റെ വിശ്വാസ്യത സംശയകരമാണ്.

വിരലടയാള വിദഗ്ധനെ കൊണ്ട് പരിശോധിപ്പിക്കുന്നതില്‍ വീഴ്ച പറ്റിയിട്ടുണ്ട്. പ്രതിക്കെതിരെ ചുമത്തിയ കുറ്റങ്ങള്‍ തെളിയിക്കുന്നതില്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടു. ശാസ്ത്രീയമായ തെളിവുകള്‍ സ്വീകരിക്കുന്നതില്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ പരാജയപ്പെട്ടെന്നും കോടതി വിധിപകര്‍പ്പില്‍ പറയുന്നു. കട്ടപ്പന അതിവേഗ സ്‌പെഷല്‍ കോടതിയാണ് അര്‍ജുനെ വെറുതെവിട്ടത്. കൊലപാതകവും ബലാത്സംഗവും തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് കോടതി വിലയിരുത്തിയായിരുന്നു.

ഞെക്കാട് സ്കൂളിൽ മിതം 2.0 ആചരിച്ചു

ഞെക്കാട് സ്കൂളിൽ മിതം 2.0 ആചരിച്ചു

ആറ്റിങ്ങൽ: ഞെക്കാട് ഗവൺമെൻറ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ വിഎച്ച്എസ്ഇ വിഭാഗം നാഷണൽ സർവീസ് സ്കീമും എനർജി മാനേജ്മെൻറ് സെൻറർ കേരളയുമായി സഹകരിച്ച് ഊർജ്ജ സംരക്ഷണ സാക്ഷരതാ യജ്ഞം – മിതം 2.0 പ്രോജക്ട് സംഘടിപ്പിച്ചു. പരിപാടിയിൽ ഊർജ്ജ സംരക്ഷണ വലയവും പ്രതിജ്ഞയും റാലിയും നടത്തി. പിടിഎ പ്രസിഡൻറ് ഷാജികുമാർ അധ്യക്ഷത വഹിച്ച യോഗം പാലച്ചിറ ഇലക്ട്രിക്കൽ സെക്ഷൻ സബ് എൻജിനീയറായ അഞ്ചു ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ
ഇ താജുദീൻ, പ്രോഗ്രാം ഓഫീസർ ഡോ. കെ എസ് വികാസ്, അദ്ധ്യാപകരായ ജിജിത്, ഷിമി എന്നിവർ ആശംസകൾ അറിയിച്ചു. വോളന്റീയർമാരായ അഞ്ജന സ്വാഗതവും അശ്വിൻ നന്ദിയും പറഞ്ഞു.

ബീമാപ്പള്ളി ഉറൂസ്: തിരുവനന്തപുരത്ത് ഇന്ന് പ്രാദേശിക അവധി

ബീമാപ്പള്ളി ഉറൂസ്: തിരുവനന്തപുരത്ത് ഇന്ന് പ്രാദേശിക അവധി

തിരുവനന്തപുരം: ബീമാപ്പള്ളിയിലെ ഉറൂസിനോട് അനുബന്ധിച്ച് തിരുവനന്തപുരത്ത് ഇന്ന് പ്രാദേശിക അവധി. നഗരപരിധിയിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ ഓഫീസുകൾക്കുമാണ് ഇന്ന് അവധി പ്രഖ്യാപിച്ചിരിക്കുന്നത്.

തിരുവനന്തപുരം നഗരസഭാ പരിധിയിൽ പ്രവര്‍ത്തിക്കുന്ന എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും വിദ്യാലയങ്ങള്‍ക്കുമാണ് ഇന്ന് അവധിയാണെന്ന് തിരുവനന്തപുരം ജില്ലാ കളക്ടര്‍ പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു. എന്നാൽ നേരത്തെ നിശ്ചയിച്ച പരീക്ഷകള്‍ക്കൊന്നും അവധി ബാധകമായിരിക്കില്ല. ബീമാപള്ളി ഉറൂസിന് ഇന്നാണ് തുടക്കമിടുന്നത്. 25 വരെയാണ് ബീമാപ്പള്ളി ദ‍ര്‍ഗാ ഷെരീഫ് വാര്‍ഷിക ഉറൂസ് മഹോത്സവം നടക്കും. മഹോത്സവത്തിന്റെ ആദ്യ ദിവസം പ്രാദേശിക അവധി അനുവദിക്കുന്നതിന് മുൻകൂര്‍ അനുമതി ലഭിച്ചിരുന്നു. ഇത് പ്രകാരമാണ് ഡിസംബര്‍ 15 ന് അവധി പ്രഖ്യാപിച്ചിരിക്കുന്നത്.