by Midhun HP News | Dec 15, 2023 | Latest News, കേരളം
തിരുവനന്തപുരം: സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ പാചക വിദഗ്ധന്‍ പഴയിടം മോഹനന്‍ നമ്പൂതിരി തന്നെ ഇത്തവണയും ഭക്ഷണമൊരുക്കും. ഇതിനുള്ള ടെന്‍ഡര്‍ തുടര്‍ച്ചയായ 17-ാം വട്ടവും അദ്ദേഹം നേടി. കൊല്ലത്ത് ജനുവരി 2 മുതല്‍ 8 വരെയാണു കലോത്സവം.
ഈ വര്‍ഷം മുതല്‍ കലോത്സവ ഭക്ഷണത്തില്‍ മാംസ വിഭവങ്ങളും ഉള്‍പ്പെടുത്തുമെന്നു കഴിഞ്ഞ തവണ മന്ത്രി വി ശിവന്‍കുട്ടിയും ഇനി കലോത്സവ ഭക്ഷണം ഒരുക്കാനില്ലെന്ന് കഴിഞ്ഞ വര്‍ഷം പഴയിടവും പ്രഖ്യാപിച്ചിരുന്നു.
ദിവസവും 40000- 50000 പേര്‍ക്ക് ഭക്ഷണം വിളമ്പേണ്ട കലോത്സവത്തില്‍ നോണ്‍ വെജ് കൂടി ഉള്‍പ്പെടുത്തിയാല്‍ ചെലവു കുത്തനെ കൂടുമെന്നതും പ്രായോഗിക പ്രശ്‌നങ്ങളും വിലയിരുത്തിയാണ് ‘വെജിറ്റേറിയന്‍’ തുടരാന്‍ പൊതുവിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചത്. സ്‌കൂള്‍ കായിക മേളയില്‍ രാത്രി മാംസ വിഭവങ്ങളും വിളമ്പുന്നുണ്ടെങ്കിലും 4500 പേര്‍ക്കു മതിയാകും.
കോണ്‍ഗ്രസ് അനുകൂല അധ്യാപക സംഘടനയായ കെപിഎസ്ടിഎയ്ക്കാണ് ഇത്തവണ കലോത്സവ ഭക്ഷണ കമ്മിറ്റി ചുമതല. സസ്യ ഭക്ഷണം ആയതിനാലും കമ്മിറ്റിക്കാര്‍ തന്നെ ആവശ്യപ്പെട്ടതുകൊണ്ടുമാണ് ടെന്‍ഡറില്‍ പങ്കെടുത്തതെന്ന് പഴയിടം മോഹനന്‍ നമ്പൂതിരി പറഞ്ഞു.
by Midhun HP News | Dec 14, 2023 | Latest News, കേരളം
ശബരിമലയിൽ പൊലീസുകാരുടെ ഡ്യൂട്ടി ക്രമീകരണത്തിൽ മാറ്റം. 15 ദിവസത്തെ ഡ്യൂട്ടി പൂർത്തിയാക്കിയവരിൽ 50 ശതമാനം പേർ വീണ്ടും ശബരിമലയിൽ തുടരണം. ഡിജിപി ഷെയ്ക്ക് ദർവേഷ് സാഹേബാണ് ഡ്യൂട്ടി ക്രമീകരണത്തിൽ മാറ്റം വരുത്തി സർക്കുലർ ഇറക്കിയത്. തിരക്ക് നിയന്ത്രിക്കാൻ ആവശ്യത്തിന് ഉദ്യോഗസ്ഥരില്ലെന്ന് ആരോപണം ഉയർന്നിരുന്നു.
പുതുതായി എത്തുന്ന 50 ശതമാനം ഉദ്യോഗസ്ഥർക്ക് കാര്യങ്ങൾ പറഞ്ഞുകൊടുക്കണം. രണ്ടു ദിവസം കഴിഞ്ഞ് 50 ശതമാനം പേർ എത്തുമ്പോൾ ആദ്യ ബാച്ചിലുള്ളവർക്ക് തിരികെ മടങ്ങാം. അഞ്ച് ഘട്ടങ്ങളിലായാണ് എസ്പി റാങ്കിനു മുകളിലുള്ള പൊലീസുകാർക്ക് ഡ്യൂട്ടി നൽകിയിരിക്കുന്നത്. ആറു ഘട്ടങ്ങളിലായാണ് ഇതിനു താഴെയുള്ള ഉദ്യോഗസ്ഥർക്ക് ഡ്യൂട്ടി.
by Midhun HP News | Dec 14, 2023 | Latest News, കേരളം
കേരള രാജ്യാന്തര ചലച്ചിത്രമേള അവസാനിക്കാന്‍ ഒരു ദിവസം മാത്രം ശേഷിക്കെ കാണാന്‍ ആഗ്രഹിച്ച ചിത്രങ്ങളുടെ ബിഗ് സ്ക്രീന്‍ അനുഭവത്തിനായുള്ള പരിശ്രമത്തിലാണ് ഡെലിഗേറ്റുകള്‍. മേളയില്‍ ഏറ്റവും തിരക്കുള്ള ദിനങ്ങളിലൊന്നായിരുന്ന ഇന്നലെ പല ചിത്രങ്ങളും സീറ്റുകള്‍ നിറഞ്ഞതിനാല്‍ നിലത്തിരുന്നും പ്രേക്ഷകര്‍ കണ്ടു. ഇത്തവണത്തെ പാം ഡി ഓര്‍ ചിത്രം അനാട്ടമി ഓഫ് എ ഫോള്‍, മേളയുടെ ഓപണിംഗ് ചിത്രമായിരുന്ന ഗുഡ് ബൈ ജൂലിയ, ജാപ്പനീസ് ചിത്രം മോണ്‍സ്റ്റര്‍, ശ്രീലങ്കന്‍ ചിത്രം പാരഡൈസ് ഇങ്ങനെ നിരവധി ചിത്രങ്ങള്‍ തിങ്ങിനിറഞ്ഞിരുന്നാണ് ഡെലിഗേറ്റുകള്‍ ഇന്നലെ കണ്ടത്.
അതേസമയം ഏഴാം ദിനമായ ഇന്ന് 65 സിനിമകളുടെ അവസാനപ്രദര്‍ശനം നടക്കുന്നുണ്ട്. ലോക സിനിമാവിഭാഗത്തിലെ ഇന്‍ഷാ അള്ളാ എ ബോയ്, അഫയര്‍, എ കപ്പ് ഓഫ് കോഫി ആന്‍ഡ് ന്യൂ ഷൂസ് ഓണ്‍, നൂറി ബില്‍ഗെ ജെയ്ലാന്റെ എബൗട്ട് ഡ്രൈ ഗ്രാസസ്, മത്സരവിഭാഗത്തിലെ ആഗ്ര, ഫാമിലി, സനൂസി റെട്രോസ്പെക്റ്റീവിലെ ദി കോണ്‍ട്രാക്റ്റ്, മലയാളം സിനിമാ ടുഡേ വിഭാഗത്തിലെ ആട്ടം, ബി 32 മുതല്‍ 44 വരെ, കലൈഡോസ്കോപ്പ് വിഭാഗത്തില്‍ എ മാച്ച്, അനുരാഗ് കശ്യപിന്‍റെ കെന്നഡി തുടങ്ങിയ ചിത്രങ്ങളുടെയൊക്കെ അവസാന പ്രദര്‍ശനമാണ് ഇന്ന്.
ആര്‍ട്ടിസ്റ്റിക് ഡയറക്ടറിന് പകരം ക്യുറേറ്റര്‍ എന്ന തസ്തിക വന്ന ആദ്യ ചലച്ചിത്രോത്സവമാണ് ഇത്. സിനിമകളുടെ തെരഞ്ഞെടുപ്പിന് തങ്ങള്‍ക്ക് വളരെ കുറച്ച് സമയം മാത്രമാണ് ലഭിച്ചതെന്ന് ഫ്രഞ്ച് സ്വദേശിയായ ഗോള്‍ഡ സെല്ലം പറയുകയും ചെയ്തിരുന്നു. പ്രദര്‍ശനങ്ങള്‍ ആരംഭിക്കുന്നതിന് മുന്‍പ് സിനിമകളുടെ തെരഞ്ഞെടുപ്പിലെ തൃപ്തിയില്ലായ്‍മ കാണികളില്‍ വലിയൊരു വിഭാഗം പങ്കുവച്ചെങ്കിലും ആദ്യ മൂന്ന് ദിവസങ്ങള്‍ക്കിപ്പുറം ആ അഭിപ്രായം മാറി. ലോക സിനിമാവിഭാഗത്തില്‍ ഇക്കുറി യൂറോപ്യന്‍ ചിത്രങ്ങള്‍ എണ്ണത്തില്‍ കുറവായിരുന്നതും കണ്ടംപററി മാസ്റ്റര്‍ ഇന്‍ ഫോക്കസ് വിഭാഗം ഇല്ലാതിരുന്നതും ഒഴിച്ചാല്‍ മികച്ച ഒരുപിടി ചിത്രങ്ങള്‍ ഓരോ വിഭാഗത്തിലും ഉണ്ടായിരുന്നു.
ഇത്തവണത്തെ പാം ഡി ഓര്‍ വിന്നര്‍ അനാട്ടമി ഓഫ് എ ഫോള്‍, ടര്‍ക്കിഷ് സംവിധായകന്‍ നൂറി ബില്‍ഗെ ജെയ്ലാന്റെ എബൗട്ട് ഡ്രൈ ഗ്രാസസ്, മലയാള ചിത്രങ്ങളായ ഫാമിലി, ആട്ടം, റോഷന്‍ മാത്യുവും ദര്‍ശന രാജേന്ദ്രനും അഭിനയിച്ച ശ്രീലങ്കന്‍ ചിത്രം പാരഡൈസ്, ഒപ്പം മൃണാള്‍ സെന്നിന്‍റെയും ക്രിസ്റ്റോഫ് സനൂസിയുടെയും റെട്രോസ്പെക്റ്റീവുകള്‍ എന്നിവയ്ക്കൊപ്പം ഹോമേജ് വിഭാഗത്തില്‍ കെ ജി ജോര്‍ജിന്‍റെ യവനികയുടെ റെസ്റ്റോര്‍ഡ് പതിപ്പ് പോലെയുള്ള ബിഗ് സ്ക്രീന്‍ അനുഭവങ്ങളും ഡെലിഗേറ്റുകള്‍ക്ക് വിരുന്നൊരുക്കി.
തിയറ്ററുകളിലെ സീറ്റിന്‍റെ എണ്ണവും പാസുകളുടെ അന്തരവും കാരണമുള്ള തിരക്കും ഓണ്‍ലൈന്‍ ബുക്കിംഗില്‍ അടക്കം നേരിടുന്ന പ്രശ്നങ്ങളും ഒഴിച്ചാല്‍ വലിയ പരാതികള്‍ ഒഴിഞ്ഞുനിന്ന മേളയുമായിരുന്നു ഇത്തവണത്തേത്. ഇന്നത്തെ പ്രദര്‍ശനങ്ങള്‍ കഴിഞ്ഞാല്‍ സര്‍ക്കാര്‍ തിയറ്ററുകളില്‍ മാത്രം നാളെ മൂന്ന് പ്രദര്‍ശനങ്ങള്‍ വീതം നടക്കും. ശേഷം നിശാഗന്ധിയില്‍ വിജയികളെ പ്രഖ്യാപിക്കും.
by Midhun HP News | Dec 14, 2023 | Latest News, കേരളം
ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്തിനെതിരെ ചലച്ചിത്ര അക്കാദമിയില്‍ കലാപം. രഞ്ജിത്തിനെ മാറ്റണമെന്നാവശ്യപ്പെട്ട് അക്കാദമി അംഗങ്ങള്‍ സര്‍ക്കാരിന് കത്ത് നല്‍കി. അക്കാദമി മുഖ്യ സംഘാടകരായ കേരള രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് ഇടയില്‍ അക്കാദമി അംഗങ്ങള്‍ സമാന്തര യോഗം ചേരുകയും ചെയ്തു. രഞ്ജിത്ത് കഴിഞ്ഞ ദിവസം നല്‍കിയ ഒരു അഭിമുഖത്തിലെ ചില പരാമര്‍ശങ്ങള്‍ വിവാദമായിരുന്നു.
സംവിധായകന്‍ ഡോ. ബിജുവിനെതിരെയുള്ള വിമര്‍ശനങ്ങളടക്കം ഈ അഭിമുഖത്തിലെ ചെയര്‍മാന്‍റെ പല അഭിപ്രായങ്ങളും ചര്‍ച്ചയും വിവാദവും ആയിരുന്നു. ചലച്ചിത്ര മേളയുടെ പ്രധാന വേദിയായ ടാഗോര്‍ തിയറ്ററില്‍ ചെയര്‍മാന്‍റെ മുറിയോട് ചേര്‍ന്നുള്ള മറ്റൊരു മുറിയിലാണ് അക്കാദമി അംഗങ്ങള്‍ സമാന്തരയോഗം ചേര്‍ന്നത്. 15 അംഗങ്ങളില്‍ 9 പേര്‍ ഈ യോഗത്തില്‍ പങ്കെടുത്തു. ചില അംഗങ്ങള്‍ ഓണ്‍ലൈന്‍ ആയാണ് പങ്കെടുത്തത്. കുക്കു പരമേശ്വരന്‍, മനോജ് കാന, എന്‍ അരുണ്‍, മമ്മി സെഞ്ചുറി അടക്കമുള്ള ജനറല്‍ കൗണ്‍സില്‍ അംഗങ്ങളാണ് സമാന്തര യോഗം ചേര്‍ന്നത്.
ചെയര്‍മാന്‍ ഒറ്റയ്ക്ക് തീരുമാനങ്ങള്‍ എടുക്കുന്നു എന്നതടക്കമുള്ള പരാതികളാണ് അക്കാദമി അംഗങ്ങള്‍ക്ക് ഉള്ളത്. ചെയര്‍മാനെ മാറ്റണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള കത്ത് സാംസ്കാരിക മന്ത്രിക്കും സാംസ്കാരിക സെക്രട്ടറിക്കും അയച്ചിട്ടുണ്ട്. കേരള രാജ്യാന്തര ചലച്ചിത്ര മേളയുടെ ചരിത്രത്തില്‍ത്തന്നെ അത്യപൂര്‍വ്വ നടപടിയാണ് ഇത്.
by Midhun HP News | Dec 14, 2023 | Latest News, കേരളം
മൂന്നാര്‍: ആറു വയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ ശേഷം കെട്ടിത്തൂക്കിയ കേസില്‍ പ്രതിയെ വെറുതെ വിട്ട് കൊണ്ടുള്ള വിധി പ്രസ്താവിച്ച കോടതിയില്‍ നാടകീയ രംഗങ്ങള്‍. കേസില്‍ വണ്ടിപ്പെരിയാര്‍ സ്വദേശി അര്‍ജുനെ വെറുതെ വിട്ട് കൊണ്ടുള്ള കട്ടപ്പന അതിവേഗ പ്രത്യേക കോടതിയുടെ വിധി കേട്ട് കുട്ടിയുടെ അമ്മ പൊട്ടിക്കരഞ്ഞു. നീതി ലഭിച്ചില്ലെന്ന് പറഞ്ഞ് ബന്ധുക്കള്‍ കോടതിക്ക് പുറത്ത് പ്രതിഷേധിച്ചു.
2021 ജൂണ്‍ മുപ്പതിനാണ് വണ്ടിപ്പെരിയാര്‍ ചുരക്കുളം എസ്റ്റേറ്റ് ലയത്തില്‍ ആറു വയസ്സുകാരിയെ കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തിയത്. പ്രതിക്കെതിരായ കൊലപാതകം, ബലാത്സംഗം തുടങ്ങിയ കുറ്റങ്ങള്‍ തെളിയിക്കാന്‍ പ്രോസിക്യൂഷന് സാധിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് അര്‍ജുനെ കോടതി വെറുതെ വിട്ടത്. ഇത് കേട്ടാണ് കോടതിയില്‍ ഉണ്ടായിരുന്ന കുട്ടിയുടെ അമ്മ പൊട്ടിക്കരഞ്ഞത്.
‘എന്റെ മകളെ അവന്‍ കൊന്നതാണ്. പൂജാമുറിയില്‍ ഇട്ടാണ് കൊന്നത്. അലമാരയ്ക്ക് അകത്തിരുന്ന ഷര്‍ട്ട് എടുത്താണ് കെട്ടിത്തൂക്കിയത്. കുഞ്ഞിന് ചോറ് കൊടുത്ത് പുറത്തേയ്ക്ക് പോയ സമയത്തായിരുന്നു അവന്‍ വീട്ടില്‍ കയറിയത്. 14 വര്‍ഷം കുഞ്ഞുങ്ങള്‍ ഇല്ലാതെ കിട്ടിയതാണ്. അറിയാമോ?. നീതി ലഭിച്ചില്ല. അവന്‍ തന്നെയാണ് കുഞ്ഞിനെ കൊന്നത്. അതാണ് സത്യം’- കുട്ടിയുടെ അമ്മയുടെ വാക്കുകള്‍.
സാമ്പത്തികമായും സാമൂഹികമായും പിന്നാക്കം നല്‍കുന്ന അര്‍ജുന്റെ തലയില്‍ കേസ് കെട്ടിവെയ്ക്കുകയായിരുന്നുവെന്നാണ് പ്രതിഭാഗം അഭിഭാഷകന്റെ പ്രതികരണം. പൊലീസ് അർജുനെതിരെ കൃത്രിമ തെളിവുകള്‍ ഉണ്ടാക്കുകയും കള്ളസാക്ഷികളെ സൃഷ്ടിക്കുകയും ചെയ്തു. അന്ന് ഡിവൈഎഫ്‌ഐ നേതാവ് അങ്ങനെ ചെയ്തു, ഇങ്ങനെ ചെയ്തു എന്ന് പറഞ്ഞ് ആഘോഷിച്ചു. ഇപ്പോള്‍ കോടതി നീതി നടപ്പിലാക്കിയതായി അഭിഭാഷകന്‍ മാധ്യമങ്ങളോട് പറഞ്ഞു.
ഡിവൈഎഫ്‌ഐ നേതാവായിരുന്നു എന്നതാണോ തെളിവ്?,യഥാര്‍ഥ പ്രതി എവിടെ? കേസ് പുനരന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിക്കും. അര്‍ജുന് വേണ്ടി നഷ്ടപരിഹാരവും ആവശ്യപ്പെടും. അര്‍ജുനെ രണ്ടര വര്‍ഷമാണ് ജയിലില്‍ കിടത്തിയതെന്നും അഭിഭാഷകന്‍ ആരോപിച്ചു.
കുറ്റപത്രം സമര്‍പ്പിച്ച് രണ്ടു വര്‍ഷത്തിനു ശേഷമാണ് കേസില്‍ വിധി വന്നത്. 2021ലാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. കഴുത്തില്‍ ഷാള്‍ കുരുങ്ങി മരിച്ചെന്നാണ് ആദ്യം കരുതിയിരുന്നത്. എന്നാല്‍ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ കുട്ടി പീഡനത്തിന് ഇരയായെന്നും കൊലപ്പെടുത്തിയെന്നുമാണ് പറയുന്നത്.
തുടര്‍ന്ന് നടത്തിയ അന്വേഷണത്തെത്തുടര്‍ന്നാണ് വണ്ടിപ്പെരിയാര്‍ സ്വദേശി അര്‍ജുന്‍ പൊലീസ് പിടിയിലാകുന്നത്. പീഡനത്തിനിടെ ബോധരഹിതയായ പെണ്‍കുട്ടിയെ കൊലപ്പെടുത്തിയ ശേഷം കെട്ടിത്തൂക്കുകയായിരുന്നുവെന്നാണ് പൊലീസ് വാദം. പ്രതി മൂന്നു വയസു മുതല്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചതായും മാതാപിതാക്കള്‍ ജോലിക്കു പോകുന്ന സമയത്തായിരുന്നു പീഡനമെന്നും കുറ്റപത്രത്തില്‍ പറയുന്നു.
2021 സെപ്റ്റംബര്‍ 21 നാണ് കുറ്റപത്രം സമര്‍പ്പിച്ചത്. കൊലപാതകം, ബലാത്സംഗം, പോക്സോ നിയമത്തിലെ വിവിധ വകുപ്പുകള്‍ എന്നിവയാണ് ചുമത്തിയിരുന്നത്. കേസില്‍ 48 പേരെ വിസ്തരിച്ചു. 69 ലധികം രേഖകളും 16 വസ്തുക്കളുമാണ് തെളിവായി കോടതിയില്‍ സമര്‍പ്പിച്ചത്.
by Midhun HP News | Dec 14, 2023 | Latest News, കേരളം
മൂന്നാര്‍: ഇടുക്കി വണ്ടിപ്പെരിയാറില്‍ ആറു വയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ ശേഷം കെട്ടിത്തൂക്കിയ കേസില്‍ പ്രതി അര്‍ജുനെ കോടതി വെറുതെ വിട്ടു. പ്രതിക്കെതിരായ കൊലപാതകം, ബലാത്സംഗം തുടങ്ങിയ കുറ്റങ്ങള്‍ തെളിയിക്കാന്‍ പ്രോസിക്യൂഷന് സാധിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി കട്ടപ്പന അതിവേഗ പ്രത്യേക കോടതിയുടേതാണ് വിധി. കുറ്റപത്രം സമര്‍പ്പിച്ച് രണ്ടു വര്‍ഷത്തിനു ശേഷമാണ് കേസില്‍ വിധി വന്നത്.
2021 ജൂണ്‍ മുപ്പതിനാണ് വണ്ടിപ്പെരിയാര്‍ ചുരക്കുളം എസ്റ്റേറ്റ് ലയത്തില്‍ ആറു വയസ്സുകാരിയെ കെട്ടിത്തൂക്കി കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തിയത്. കഴുത്തില്‍ ഷാള്‍ കുരുങ്ങി മരിച്ചെന്നാണ് ആദ്യം കരുതിയിരുന്നത്. എന്നാല്‍ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ കുട്ടി പീഡനത്തിന് ഇരയായെന്നും കൊലപ്പെടുത്തിയെന്നുമാണ് പറയുന്നത്.
തുടര്‍ന്ന് നടത്തിയ അന്വേഷണത്തെത്തുടര്‍ന്നാണ് വണ്ടിപ്പെരിയാര്‍ സ്വദേശി അര്‍ജുന്‍ പൊലീസ് പിടിയിലാകുന്നത്. പീഡനത്തിനിടെ ബോധരഹിതയായ പെണ്‍കുട്ടിയെ കൊലപ്പെടുത്തിയ ശേഷം കെട്ടിത്തൂക്കുകയായിരുന്നുവെന്നാണ് പൊലീസ് വാദം. പ്രതി മൂന്നു വയസു മുതല്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചതായും മാതാപിതാക്കള്‍ ജോലിക്കു പോകുന്ന സമയത്തായിരുന്നു പീഡനമെന്നും കുറ്റപത്രത്തില്‍ പറയുന്നു.
2021 സെപ്റ്റംബര്‍ 21 ന് കുറ്റപത്രം സമര്‍പ്പിച്ചു. കൊലപാതകം, ബലാത്സംഗം, പോക്സോ നിയമത്തിലെ വിവിധ വകുപ്പുകള്‍ എന്നിവയാണ് ചുമത്തിയിരുന്നത്. കേസില്‍ 48 പേരെ വിസ്തരിച്ചു. 69 ലധികം രേഖകളും 16 വസ്തുക്കളും തെളിവായി കോടതിയില്‍ സമര്‍പ്പിച്ചു
Recent Comments