by Midhun HP News | Dec 14, 2023 | Latest News, കേരളം
കോട്ടയം: കോട്ടയം മേലുകാവില്‍ ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ചിരുന്ന മിനി ബസ് തോട്ടിലേക്ക് മറിഞ്ഞ് അപകടം. അപകടത്തില്‍ ഒരാള്‍ മരിച്ചു.
പോണ്ടിച്ചേരി സ്വദേശി അറുമുഖന്‍(48)ആണ് മരിച്ചത്. കോട്ടയം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചിരുന്ന അറുമുഖന്‍ ഇന്ന് രാവിലെയാണ് മരിച്ചത്.
അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. ഈരാറ്റുപേട്ട തൊടുപുഴ റോഡ് ചാലമറ്റത്തില്‍ സമീപം ഇന്നലെ രാത്രി 11 മണിയോടെയായിരുന്നു അപകടം.
പോണ്ടിച്ചേരിയില്‍ നിന്നും ശബരിമലയിലേക്ക് പോവുകയായിരുന്ന അയ്യപ്പഭക്തരായ വാഹനത്തില്‍ ഉണ്ടായിരുന്നത്. നിയന്ത്രണം വിട്ട വാഹനം തോട്ടിലേക്ക് മറിയുകയായിരുന്നു.
മേലുകാവ് എസ് എച്ച് രഞ്ജിത്ത് ശ്രീനിവാസ്, ഈരാറ്റുപേട്ട ഫയര്‍ഫോഴ്‌സ്, നാട്ടുകാര്‍ എന്നിവരുടെ നേതൃത്വത്തില്‍ പരിക്കേറ്റവരെ ഈരാറ്റുപേട്ടയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. അപകടത്തില്‍പ്പെട്ട മറ്റുള്ളവരുടെ പരുക്കുകള്‍ സാരമുള്ളതല്ല.
by Midhun HP News | Dec 14, 2023 | Latest News, കേരളം
ഇടുക്കി വണ്ടിപ്പെരിയാറിൽ ആറുവയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ വിധി ഇന്ന്. കുറ്റപത്രം സമർപ്പിച്ച് രണ്ടുവർഷത്തിനുശേഷമാണ് വിധി പറയുന്നത്. 2021 ജൂൺ മുപ്പതിനാണ് സംഭവം.
ഒരു നാടിനെയാകെ നടുക്കിയ കൊടുംക്രൂരതയായിരുന്നു രണ്ടുവർഷം മുൻപ് വണ്ടിപ്പെരിയാറിൽ നടന്നത്. പീഡനത്തിനിടെ ബോധരഹിതയായ പെൺകുട്ടിയെ കൊലപ്പെടുത്തിയശേഷം കെട്ടിത്തൂക്കി. പോസ്റ്റ്മോർട്ടം റിപ്പോർട്ടിലാണ് ഈ വിവരം വെളിപ്പെടുന്നത്. അതുവരെ എല്ലാവരും കരുതിയിരുന്നത് കഴുത്തിൽ ഷാൾ കുരുങ്ങിയാണ് ആറുവയസ്സുകാരിയുടെ മരണം എന്നാണ്. പൊലീസ് അന്വേഷണത്തിൽ വണ്ടിപ്പെരിയാർ സ്വദേശി അർജുനാണ് പ്രതിയെന്ന് കണ്ടെത്തി.
പെൺകുട്ടിയെ മൂന്നു വയസ് മുതൽ പ്രതി പീഡിപ്പിച്ചിരുന്നു. അറസ്റ്റിലായ പ്രതിക്കെതിരെ കൊലപാതകം, ബലാത്സംഗം, പോക്സോ നിയമത്തിലെ വിവിധ വകുപ്പുകൾ ഉൾപ്പടെ ചുമത്തി. 2021 സെപ്റ്റംബർ 21ന് കുറ്റപത്രം സമർപ്പിച്ചു. കഴിഞ്ഞ വർഷം മെയിൽ കേസിന്റെ വിചാരണ കട്ടപ്പന അതിവേഗ കോടതിയിൽ തുടങ്ങി. കേസിൽ സാക്ഷികളാക്കിയിരുന്ന 48 പേരെ വിസ്തരിച്ചു. 69ലധികം രേഖകളും 16 വസ്തുക്കളും തെളിവായി കോടതിയിൽ സമർപ്പിച്ചു.
by Midhun HP News | Dec 14, 2023 | Latest News, കേരളം
കെ ബി ഗണേഷ് കുമാറും കടന്നപ്പളളി രാമചന്ദ്രനും ഉടൻ മന്ത്രിമാരായി സ്ഥാനമേൽക്കും.
ഈ മാസം 24ന് നടക്കുന്ന ഇടതുമുന്നണി യോഗത്തില്‍ ഇതു സംബന്ധിച്ച തീരുമാനം ഉണ്ടാവുമെന്ന് അറിയുന്നു. മുന്നണി ധാരണ പ്രകാരം നിലവിലെ ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജുവും തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവിലും രാജി സമര്‍പ്പിക്കും.
ഗണേഷ് കുമാറിന് ഗതാഗത വകുപ്പും കടന്നപ്പള്ളിക്ക് തുറമുഖ വകുപ്പും കിട്ടാനാണ് സാദ്ധ്യത. കടന്നപ്പള്ളി രാമചന്ദ്രൻ മുൻപ് തുറമുഖ വകുപ്പും ഗണേഷ് കുമാര്‍ ഗതാഗത വകുപ്പും ഭരിച്ചിട്ടുണ്ട്. ഡിസംബർ അവസാന വാരം സത്യപ്രതിജ്ഞ ഉണ്ടായാൽ എറണാകുളത്ത് ജനുവരി ഒന്ന്, രണ്ട് തീയതികളില്‍ നടക്കുന്ന നവകേരളസദസില്‍ ഇരുവരും മന്ത്രിമാരായി പങ്കെടുത്തേക്കും. ഇതിലൂടെ നവകേരളസദസില്‍ ഇരുവരും പങ്കാളികളാകും.
നിലവിലെ മന്ത്രിമാര്‍ തന്നെ നവകേരളസദസ് തീരുന്നതുവരെ തുടരട്ടെ എന്ന മുഖ്യമന്ത്രിയുടെ തീരുമാനത്തെ തുടര്‍ന്നായിരുന്നു നവംബര്‍ 20ന് നടക്കേണ്ട മന്ത്രിസഭാ പുനഃസംഘടന നീണ്ടുപോയത്.
by Midhun HP News | Dec 14, 2023 | Latest News, കേരളം
ഗവർണരുടെ ക്രിസ്മസ് വിരുന്നിന് 7 ലക്ഷം രൂപ അനുവദിച്ച് സംസ്ഥാന സർക്കാർ. ട്രഷറി നിയന്ത്രണത്തിൽ ഇളവ് വരുത്തിയാണ് ഗവർണരുടെ ക്രിസ്മസ് വിരുന്നിന് പണം അനുവദിച്ചത്. പത്താം തീയതിയായിരുന്നു ക്രിസ്മസ് ആഘോഷം, എട്ടാം തീയതി പണം അനുവദിച്ച് ഉത്തരവിറങ്ങി.
രാജ്ഭവനിൽ നടന്ന വിരുന്നിൽ പൗരപ്രമുഖർ അടക്കമുള്ളവരെ ഗവർണർ ക്ഷണിച്ചിരുന്നു. നവകേരള സദസ്സിന്റെ തിരക്കിലായതിനാൽ മുഖ്യമന്ത്രിയും മന്ത്രിമാരും വിരുന്നിൽ പങ്കെടുത്തില്ല.
സംസ്ഥാനത്തെ സാമ്പത്തിക സ്ഥിതിയുമായി ബന്ധപ്പെട്ട് ഗവർണർ ചീഫ് സെക്രട്ടറിയോട് റിപ്പോർട്ട് തേടിയിരുന്നു. ഇതിനിടയിൽ വിഷയത്തിൽ കേന്ദ്ര സർക്കാർ ഇടപെടൽ വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട് സർക്കാർ സുപ്രിംകോടതിയെ സമീപിക്കുകയും ചെയ്തു. ഈ അസ്വാരസ്യങ്ങൾക്കിടയിൽ ആണ് ഗവർണറുടെ ക്രിസ്മസ് വിരുന്നിന് പണമനുവദിച്ച് സർക്കാർ ഉത്തരവിറക്കിയിരിക്കുന്നത്.
by Midhun HP News | Dec 14, 2023 | Latest News, കേരളം
ചെന്നൈ: ശബരിമല തീർത്ഥാടകരുടെ തിരക്ക് പരിഗണിച്ച് ചെന്നൈ – കോട്ടയം റൂട്ടിൽ വന്ദേഭാരത് ട്രെയിൻ സ്പെഷൽ സർവീസ് നടത്താൻ ദക്ഷിണ റെയിൽവെ. ഡോ. എംജിആർ ചെന്നൈ സെൻട്രലിൽ നിന്ന് കോട്ടയം വരെ ഈ മാസം 15 മുതൽ 24 വരെയാണ് സർവീസ്.
ചെന്നൈ സെൻട്രലിൽ നിന്ന് പുലർച്ചെ 4.30ന് പുറപ്പെടുന്ന ട്രെയിൻ വൈകുന്നേരം 4.15ന് കോട്ടയം സ്റ്റേഷനിലെത്തും. തിരിച്ച് ഈ ട്രെയിൻ അടുത്ത ദിവസം പുലർച്ചെ 4.40ന് കോട്ടയം സ്റ്റേഷനിൽ നിന്ന് പുറപ്പെടും. അന്ന് വൈകുന്നേരം 5.15ന് ട്രെയിൻ ചെന്നൈ സെൻട്രലിൽ എത്തും.
ചെന്നൈയിൽ നിന്ന് വെള്ളി, ഞായർ ദിവസങ്ങളിലും തിരിച്ച് കോട്ടയത്തു നിന്ന് ശനി, തിങ്കൾ ദിവസങ്ങളിലും ട്രെയിൻ സർവീസ് ഉണ്ടായിരിക്കും. നാല് സർവീസുകളാണ് നടത്തുക. മുന്‍കൂർ ബുക്കിങ് ഇന്ന് രാവിലെ എട്ട് മണി മുതൽ ആരംഭിച്ചിട്ടുണ്ടെന്നു ദക്ഷിണ റെയിൽവെ അറിയിച്ചു.
by Midhun HP News | Dec 14, 2023 | Latest News, കേരളം
മലപ്പുറം: കുറ്റിപ്പാലത്ത് ബൈക്ക് യാത്രികന്റെ മരണത്തിന് കാരണമായ അപകടമുണ്ടാക്കി നിർത്താതെ പോയ കാർ കണ്ടെത്തി. കോട്ടയം മെഡിക്കൽ കോളജിലെ ഡോക്ടറുടേതാണ് കാർ എന്നാണ് പൊലീസ് പറയുന്നത്. അപകടത്തിനുശേഷം പൊളിച്ചു വിൽപന നടത്താൻ തൃശൂരിലെ കടയിലെത്തിച്ച കാർ കുറ്റിപ്പുറം പൊലീസ് പിടിച്ചെടുത്തു.
സംഭവവുമായി ബന്ധപ്പെട്ട് ഡോക്ടറും കോഴിക്കോട് സ്വദേശി ഡോ.ബിജു ജോർജിനെതിരെ കേസെടുത്തു. മനഃപൂർവമല്ലാത്ത നരഹത്യയ്ക്കും തെളിവ് നശിപ്പിക്കലിനുമാണ് കേസ്. നവംബർ 27ന് പുലർച്ചെയാണ് യുവാവിന്റെ മരണത്തിന് കാരണമായ അപകടമുണ്ടായത്.
കോഴിക്കോട് ഭാഗത്തുനിന്ന് അമിതവേഗത്തിലെത്തിയ കാർ പാലത്തിനുമുകളിൽ ഓട്ടോയിലും ബൈക്കിലും ഇടിച്ച് നിർത്താതെ പോവുകയായിരുന്നു. അപകടത്തിൽ ഗുരുതര പരുക്കേറ്റ ബൈക്ക് യാത്രക്കാരൻ കുറ്റിപ്പുറം കഴുത്തല്ലൂർ സ്വദേശി സനാഹ് (22) മരിച്ചിരുന്നു. സംഭവത്തെ തുടർന്ന് കുറ്റിപ്പുറം സിഐ പി.കെ.പത്മരാജന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് കാറിനെക്കുറിച്ച് വിവരം ലഭിച്ചത്.
ചങ്ങരംകുളത്തെ സിസിടിവിയിൽ നിന്നാണ് നമ്പർ പ്ലേറ്റ് ഒടിഞ്ഞു തൂങ്ങിയ കാറിന്റെ ദൃശ്യങ്ങൾ കണ്ടെത്തിയത്. അപകടത്തിൽപെട്ടശേഷം നിർത്താതെ പോയ കാർ കുന്നംകുളത്തുവച്ച് കേടുവന്നതോടെ അവിടെയുള്ള കടയിൽ പൊളിച്ചുവിൽക്കാനായി ഏൽപിക്കുകയായിരുന്നു. കാർ പൊളിക്കാൻ പിന്നീട് തൃശൂർ അത്താണിയിലെ കേന്ദ്രത്തിലെത്തിച്ചു. അപകടത്തെക്കുറിച്ച് അറിഞ്ഞില്ലെന്നാണ് ഡോക്ടർ പൊലീസിനോട് പറഞ്ഞത്. എന്നാൽ അപകടത്തിനുശേഷം തെളിവ് നശിപ്പിക്കാനാണ് കാർ പൊളിച്ചുവിൽക്കാൻ ഡോക്ടർ ശ്രമിച്ചതെന്ന് അന്വേഷണ സംഘം പറഞ്ഞു.
Recent Comments