by Midhun HP News | Dec 2, 2023 | Latest News, കേരളം
കൊല്ലം: കൊല്ലത്ത് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ ആദ്യ ഹീറോ സഹോദരനാണെന്ന് എഡിജിപി എംആര്‍ അജിത് കുമാര്‍. ആണ്‍കുട്ടിയാണ് ആദ്യഘട്ടത്തില്‍ ചെറുത്തുനിന്നതെന്നും എഡിജിപി വ്യക്തമാക്കി.സഹോദരിയെ തട്ടിക്കൊണ്ടു പോകുന്നതു പരമാവധി തടയാനും വൈകിപ്പിക്കാനും സഹോദരന്റെ ഇടപെടല്‍ കാരണമായി. ഒരിക്കലും പ്രതീക്ഷിക്കാത്ത ചെറുത്തുനില്‍പ്പാണ് കുട്ടിയുടെ ഭാഗത്തുനിന്ന് ഉണ്ടായതെന്നു പ്രതികള്‍ തന്നെ മൊഴി നല്‍കിയിട്ടുമുണ്ടെന്നും എഡിജിപി വ്യക്തമാക്കി.
‘സഹോദരിയെ തട്ടിക്കൊണ്ടുപോവുന്നത് തടയാന്‍ പരമാവധി കുട്ടി ശ്രമിച്ചു. പ്രതികള്‍ ഒരിക്കലും പ്രതീക്ഷിക്കാത്ത പ്രതികരണമായിരുന്നു. കുട്ടി നന്നായി പോരാടി. ആ പയ്യനാണ് ആദ്യത്തെ ഹിറോ. രണ്ടാമത്തെ താരം ആറുവയസ്സുകാരി തന്നെയാണ്. പെണ്‍കുട്ടി കൃത്യമായ വിവരണം നല്‍കി. മൂന്നാമത്തെ ഹീറോസ് പോര്‍ട്രെയ്റ്റ് വരച്ചവരാണ്. വളരെ കൃത്യതയോടെ കുട്ടി വിവരിച്ചതും വളരെ കൃത്യതയോടെ പോര്‍ട്രെയ്റ്റ് വരയ്ക്കാന്‍ സാധിച്ചതും കേസ് അന്വേഷണത്തില്‍ സഹായകരമായി’എഡിജിപി വിവരിച്ചു.
കേസിലെ എല്ലാ പ്രതികളും അറസ്റ്റിലായെന്ന് അജിത് കുമാര്‍ പറഞ്ഞു. ആദ്യദിവസം കിട്ടിയ സുപ്രധാനമായ ക്ലൂവില്‍നിന്നാണു കേസ് തെളിയിക്കാനായതെന്നും പ്രധാന പ്രതി കൊല്ലം ജില്ലക്കാരനാണെന്നു വ്യക്തമായതെന്നും എഡിജിപി പറഞ്ഞു. കൃത്യമായ ആസൂത്രണത്തോടെ നടത്തിയ തട്ടിക്കൊണ്ടുപോകലായിരുന്നു നടന്നതെന്നും എഡിജിപി മാധ്യമങ്ങളോട് പറഞ്ഞു.
by Midhun HP News | Dec 2, 2023 | Latest News, കേരളം
കൊല്ലം: ഓയൂരില്‍ നിന്ന് ആറു വയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതികളിലൊരാളായ പി അനുപമയ്ക്ക് യൂട്യൂബ് വിഡിയോകളില്‍നിന്നും പ്രതിമാസം അഞ്ച് ലക്ഷം രൂപയോളം വരുമാനം ലഭിച്ചിരുന്നുവെന്ന് എഡിജിപി എംആര്‍ അജിത്കുമാര്‍. കഴിഞ്ഞ ജൂലൈയില്‍ ഇതില്‍നിന്നുള്ള വരുമാനം നിലച്ചു. തുടര്‍ന്നാണ് തട്ടിക്കൊണ്ടുപോകലിനെ എതിര്‍ത്ത അനുപമ, പിന്നീട് യോജിച്ചതെന്നും പത്മകുമാര്‍ പറഞ്ഞു
കേസിലെ മുഖ്യപ്രതിയും അനുപമയുടെ പിതാവുമായ പത്മകുമാറും വന്‍ സാമ്പത്തിക ബാധ്യത നേരിട്ടിരുന്നു. അതു മറികടക്കാന്‍ വേണ്ടിയാണ് ഇവര്‍ കുട്ടിയെ തട്ടിയെടുത്ത് മോചനദ്രവ്യം ആവശ്യപ്പെട്ടത്. പത്മകുമാര്‍, ഭാര്യ അനിതകുമാരി, മകള്‍ അനുപമ എന്നിവരാണ് കേസിലെ പ്രധാന പ്രതികള്‍.
അനുപമയ്ക്ക് 3.8 ലക്ഷം മുതല്‍ അഞ്ച് ലക്ഷം രൂപ വരെ വരുമാനമുണ്ടായിരുന്നു. അസ്സലായിട്ട് ഇംഗ്ലിഷ് പറയുന്ന കുട്ടിയാണ്. എന്നാല്‍ ജൂലൈ മാസത്തില്‍ ആ കുട്ടിയെ ഡീമോണിറ്റൈസ് ചെയ്തു. ഇതോടെ വരുമാനം നിലച്ചു. അതു വീണ്ടും മോണിറ്റൈസ് ചെയ്യണമെങ്കില്‍ ഒരു മൂന്നു മാസം കഴിയും. അതുകൊണ്ടു തന്നെ അതുവരെയുണ്ടായിരുന്ന എതിര്‍പ്പ് മാറ്റി. ബിഎസ്സി കംപ്യൂട്ടര്‍ സയന്‍സിന് അനുപമ ചേര്‍ന്നിരുന്നെങ്കിലും കോഴ്‌സ് പൂര്‍ത്തിയാക്കിയിരുന്നില്ല. എല്‍എല്‍ബി ചെയ്യണമെന്നായിരുന്നു ആഗ്രഹം. ആ സമയത്താണ് യൂട്യൂബിലേക്ക് വരുന്നത്. അതില്‍നിന്നു വരുമാനം കിട്ടി തുടങ്ങിയതോടെ ശ്രദ്ധ അതിലായി.
യുട്യൂബില്‍നിന്നുള്ള വരുമാനം ഉളളതുകൊണ്ടാകാം കുട്ടിയെ തട്ടിയെടുക്കാനുള്ള ശ്രമം ഇടയ്ക്ക് ഉപേക്ഷിച്ചത്. എന്നാല്‍ ജൂലൈ മാസം മുതല്‍ വരുമാനം നിലച്ചതോടെ ഈ പെണ്‍കുട്ടിയുമാകെ നിരാശയിലായി. കുട്ടി ആദ്യം ഇതിനെ എതിര്‍ത്തിരുന്നെങ്കിലും വേറെ വഴിയില്ലെന്ന് തോന്നിയതിനാലാണ് പിതാവിന്റെ പദ്ധതിക്കൊപ്പം ചേര്‍ന്നത്.’ എഡിജിപി പറഞ്ഞു. കുട്ടിയെ തട്ടിയെടുക്കുന്ന സമയത്ത് സഹായിക്കുക മാത്രമാണ് അനുപമ ചെയ്തതെന്നും ബാക്കിയെല്ലാം പത്മകുമാറും അനിതകുമാരിയും ചേര്‍ന്നാണ് നടത്തിയെന്നും എഡിജിപി പറഞ്ഞു.
‘അനുപമ പത്മന്‍’ എന്ന പേരില്‍ യൂട്യൂബ് ചാനലുള്ള അനുപമയ്ക്ക്, അഞ്ച് ലക്ഷം സബ്‌സ്‌ക്രൈബേഴ്‌സുണ്ട്. ഹോളിവുഡ് താരങ്ങളുടെയും സെലിബ്രിറ്റികളുടെയും വൈറല്‍ വിഡിയോകളുടെ റിയാക്ഷന്‍ വിഡിയോയും ഷോട്സുമാണ് കൂടുതലായി പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇംഗ്ലിഷിലാണ് അവതരണം. ഒരുമാസം മുന്‍പാണ് അവസാന വിഡിയോ പോസ്റ്റ് ചെയ്തത്.
by Midhun HP News | Dec 2, 2023 | Latest News, കേരളം
തൃശ്ശൂര്‍: കേരളവര്‍മ്മ കോളജ് യൂണിയന്‍ ചെയര്‍മാന്‍ സ്ഥാനത്തേക്കുള്ള റീ കൗണ്ടിംഗില്‍ എസ്എഫ്‌ഐ സ്ഥാനാര്‍ഥി അനിരുദ്ധന് വിജയം. ഫോട്ടോഫിനിഷിലേക്ക് നീങ്ങിയ വോട്ടെണ്ണലില്‍ അവസാന നിമിഷത്തിലാണ് 3 വോട്ട് ഭൂരിപക്ഷത്തില്‍ അനിരുദ്ധന്‍ ജയിച്ചത്. ഹൈക്കോടതി നിര്‍ദേശപ്രകാരമാണ് റീ കൗണ്ടിങ് നടത്തിയത്. അനിരുദ്ധന് 892 ഉം ശ്രീക്കുട്ടന് 889 ഉം വോട്ടുകളാണ് ലഭിച്ചത്.
കഴിഞ്ഞ ദിവസം ചെയര്‍മാന്‍ സ്ഥാനാര്‍ഥികളും വിദ്യാര്‍ഥി സംഘടനാപ്രതിനിധികളുടെയും യോഗം ചേര്‍ന്നാണ് വോട്ടെണ്ണല്‍ തീരുമാനിച്ചത്. വീണ്ടും വോട്ടെടുപ്പ് നടത്തണമെന്നാവശ്യപ്പെട്ടായിരുന്നു കെ എസ് യു ഹൈക്കോടതിയെ സമീപിച്ചിരുന്നത്. വിജയിയായി പ്രഖ്യാപിച്ചിരുന്ന എസ് എഫ് ഐയുടെ സ്ഥാനാര്‍ഥിയുടെ വിജയം റദ്ദാക്കിയ ഹൈക്കോടതി അസാധു വോട്ടുകളടക്കം കൂട്ടിച്ചേര്‍ത്ത് എണ്ണിയതില്‍ അപകാതയുണ്ടെന്നും വ്യക്തമാക്കിയിരുന്നു.
വോട്ടെണ്ണല്‍ നടപടികള്‍ പൂര്‍ണമായും വീഡിയോയില്‍ പകര്‍ത്തിയിരുന്നു. ചെയര്‍മാന്‍ സ്ഥാനത്തേക്ക് എസ്എഫ്‌ഐ, കെഎസ്‌യു, എബിവിപി, എഐഎസ്എഫ് സംഘടനകളുടെ സ്ഥാനാര്‍ഥികളാണ് മത്സരിച്ചത്. കഴിഞ്ഞ മാസം ഒന്നാം തീയതി രാവിലെയായിരുന്നു തെരഞ്ഞെടുപ്പ്. 896 വോട്ട് ശ്രീക്കുട്ടന് ലഭിച്ചപ്പോള്‍ എസ്എഫ്‌ഐയുടെ ചെയര്‍മാന്‍ സ്ഥാനാര്‍ഥി അനിരുദ്ധന് ലഭിച്ചത് 895 വോട്ടായിരുന്നു. എസ്എഫ്‌ഐയുടെ ആവശ്യപ്രകാരം റീ കൗണ്ടിംഗ് നടന്നു. തുടര്‍ന്ന് 11 വോട്ടിന് അനിരുദ്ധന്‍ വിജയിച്ചതായി പ്രഖ്യാപിച്ചു. തെഞ്ഞെടുപ്പില്‍ അട്ടിമറി ആരോപിച്ച് കെഎസ്‌യു രംഗത്ത് വന്നതോടെയാണ് വിവാദമായതും സംഭവം കോടതിയിലെത്തിയതും.
by Midhun HP News | Dec 2, 2023 | Latest News, കേരളം
ഛത്തീസ്ഗഡ് ,മധ്യപ്രദേശ് ,രാജസ്ഥാൻ , തെലങ്കാന സംസ്ഥാനങ്ങളുടെ വോട്ടെണ്ണൽ നാളെ . രാവിലെ എട്ടുമണിക്കാണ് വോട്ടെണ്ണൽ ആരംഭിക്കുക. ലോക്സഭാ തെരഞ്ഞെടുപ്പിനു മുന്നേയുള്ള അവസാന നിയമസഭാ തെരഞ്ഞെടുപ്പ് ആയതിനാൽ രാഷ്ട്രീയ പാർട്ടികൾക്ക് ഏറെ നിർണായകമാണ് ഈ തെരഞ്ഞെടുപ്പ് ഫലം.മിസോറാം നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ഡിസംബര്‍ നാലിലേക്ക് മാറ്റി. വിവിധ കോണുകളില്‍ നിന്നുള്ളവരുടെ അഭ്യര്‍ത്ഥന പ്രകാരമാണ് വോട്ടെണ്ണല്‍ മാറ്റിവയ്ക്കുന്നതെന്ന് ദേശീയ തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു.
ബാക്കിയുള്ള നാല് സംസ്ഥാനങ്ങളുടെ വോട്ടെണ്ണല്‍ മുന്‍നിശ്ചയിച്ച പ്രകാരം മൂന്നിന് നടക്കും.കര്‍ണാടകയ്ക്ക് ശേഷം ദക്ഷിണേന്ത്യയില്‍ കോണ്‍ഗ്രസിന്റെ തിരിച്ചുവരവാണ് തെലങ്കാനയിലെ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ നല്‍കുന്ന സൂചന.രാജസ്ഥാന്‍, മധ്യപ്രദേശ്, ഛത്തീസ്ഗഡ് എന്നിവിടങ്ങളില്‍ കോണ്‍ഗ്രസിന് മുന്‍തൂക്കമുണ്ടാകുമെന്ന് വിലയിരുത്തപ്പെട്ടിരുന്നെങ്കിലും ബിജെപി പിടിച്ച് നില്‍ക്കുമെന്നാണ് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ സൂചിപ്പിക്കുന്നത്.
ഛത്തീസ്ഗഡില്‍ മാത്രമാണ് കോണ്‍ഗ്രസിന് കൃത്യമായ മുന്‍തൂക്കം പ്രവചിക്കപ്പെടുന്നത്. മധ്യപ്രദേശില്‍ ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുമെന്ന് വിലയിരുത്തപ്പെടുമ്പോള്‍ രാജസ്ഥാനില്‍ കോണ്‍ഗ്രസിനെ അട്ടിമറിച്ച് ബിജെപി സര്‍ക്കാര്‍ രൂപീകരിക്കുമെന്നും എക്‌സിറ്റ് പോളുകള്‍ പറയുന്നു.
by Midhun HP News | Dec 2, 2023 | Latest News, കേരളം
കണ്ണൂര്‍: പോക്സോ കേസില്‍ റിമാന്‍ഡ് തടവുകാരന്‍ തൂങ്ങി മരിച്ചു. ആറളം സ്വദേശി കുഞ്ഞിരാമന്‍ ആണ് മരിച്ചത്. 42 വയസായിരുന്നു. ഇയാള്‍ തലശ്ശേരി സ്പെഷല്‍ സബ് ജയിലില്‍ റിമാന്‍ഡിലായിരുന്നു. ശനിയാഴ്ച പുലര്‍ച്ചെയാണ് ഇയാളെ ജനല്‍ കമ്പിയില്‍ കെട്ടിത്തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. ഉടനെ ജനറല്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു.
by Midhun HP News | Dec 2, 2023 | Latest News, കേരളം
കൊല്ലം ഓയൂരിൽ ആറ് വയസുളള പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിൽ മൂന്ന് പ്രതികളുടെയും അറസ്റ്റ് രേഖപ്പെടുത്തി. മാമ്പള്ളികുന്നം കവിതരാജിൽ കെ ആർ പത്മകുമാർ ( 52) , ഭാര്യ എം ആർ അനിതകുമാരി (45), മകൾ പി. അനുപമ (20) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇവര്‍ മൂന്ന് പേരെയും തെങ്കാശിയിൽ വെച്ചാണ് ഇന്നലെ പൊലീസ് പിടികൂടിയത്.
സംഭവത്തിൽ മറ്റാർക്കും പങ്കില്ലെന്ന പത്മകുമാറിൻ്റെ മൊഴി അന്വേഷണ സംഘം വിശ്വാസത്തിലെടുത്തിട്ടില്ല. നാലുപേർ തട്ടിക്കൊണ്ട് പോകുമ്പോൾ സംഘത്തിൽ ഉണ്ടായിരുന്നതായി കുട്ടി മൊഴി നൽകിയിരുന്നു. സംഘത്തിലെ നാലാമനെ കണ്ടെത്താൻ പൊലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല.
നാലാമനാണ് തട്ടികൊണ്ട് പോകാൻ ഇവർക്ക് പ്രേരണ നൽകിയതെന്നാണ് പൊലീസിന്റെ നിഗമനം.
പത്മകുമാറിൻ്റെ ഭാര്യയുടെ മുഖത്തെ കറുത്ത പാട് പോലും കുട്ടി മൊഴിയായി നൽകിയിരുന്നു. തട്ടികൊണ്ട് പോയ ദിവസം കുട്ടിയ്ക്ക് പനി ഉണ്ടായിരുന്നതിനാൽ ഡോളോ നൽകിയെന്ന് പത്മകുമാർ മൊഴി നൽകിയിരുന്നു. കുട്ടിയെ കൊണ്ടു വിടുന്ന ദിവസവും പൊലീസിനെ വഴിതെറ്റിക്കാൻ ശ്രമിച്ചു. കുട്ടിയെ കൊണ്ടുവിടാൻ വന്ന ദിവസം ലിങ്ക് റോഡിലെ ബിവറേജസിൻ്റെ പ്ലീമിയം കൗണ്ടറിൽ നിന്ന് ബിയർ വാങ്ങി.
കൊല്ലത്ത് മദ്യം വാങ്ങാൻ എത്തിയെന്ന് തെളിയിക്കാനായിരുന്നു ഇത്. തിരികെ പോയത് കുണ്ടറ വഴി ചാത്തന്നൂരിലേക്കെന്നുമാണ് പത്മകുമാറിന്റെ മൊഴി.
ഒരു വർഷം നീണ്ട പ്ലാനായിരുന്നു. ചാത്തന്നൂരിലെ വിട്ടിലേക്ക് കുട്ടിയെ തട്ടിക്കൊണ്ട് പോയത്.അമ്മയുടെ നമ്പർ ശേഖരിച്ചത് കുട്ടിയിൽ നിന്നുമാണ്. തട്ടിക്കൊണ്ട് പോകുന്ന സമയം പ്രതികൾ ഫോൺ വീട്ടിൽ തന്നെ വെച്ചു. കുട്ടിയെ വീട്ടിലെത്തിച്ച ശേഷം പാരിപ്പള്ളിയിലേക്ക് പോയെന്നുമാണ് മൊഴി.പ്രതികളെ എ ആര്‍ ക്യാമ്പിൽ നിന്നും പൂയപ്പള്ളി സ്റ്റേഷനിലേക്ക് മാറ്റും. പദ്മകുമാര്‍ ലോൺ ആപ്പിൽ നിന്നും വായ്പയെടുത്തിരുന്നു. ക്രഡിറ്റ് കാർഡ് വഴിയും പണമിടപാട് നടത്തി. ഈ വായ്പകളെല്ലാം തീര്‍ക്കാൻ പണം കിട്ടാനാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയതെന്നാണ് പൊലീസിൽ നിന്നും ലഭിക്കുന്ന വിവരം.
Recent Comments