ആലുവയില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ചു; യുവതി മരിച്ചു

ആലുവയില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ചു; യുവതി മരിച്ചു

കൊച്ചി: ആലുവ പുളിഞ്ചോടില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് യുവതി മരിച്ചു. തൃശൂര്‍ മേലൂര്‍ സ്വദേശി ലിയയാണ് മരിച്ചത്. 21 വയസായിരുന്നു. രാവിലെ ആറ് മണിയോടെ മെട്രോ പില്ലര്‍ അറുപതിന് സമീപത്തായിരുന്നു അപകടം.

ബൈക്ക് ഓടിച്ച കൊരട്ടി സ്വദേശി ജിജിന്‍ ജോയിയുടെ പരിക്ക് ഗുരുതരമാണ്. ഇയാളെ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ലിയയെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. തൃശൂര്‍ ഭാഗത്തേക്ക് പോകുകയായിരുന്ന ഇവര്‍ മറ്റൊരു ബൈക്കിനെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടമെന്ന് ആലുവ പൊലീസ് അറിയിച്ചു.

കഴിക്കാന്‍ പൊറോട്ടയും ചിക്കനും, ‘പപ്പ ചോദിച്ചാല്‍ ഇങ്ങനെ പറയണം’; അബിഗേലിന്റെ പേടി വിട്ടുമാറിയിട്ടില്ലെന്ന് മുത്തച്ഛന്‍

കഴിക്കാന്‍ പൊറോട്ടയും ചിക്കനും, ‘പപ്പ ചോദിച്ചാല്‍ ഇങ്ങനെ പറയണം’; അബിഗേലിന്റെ പേടി വിട്ടുമാറിയിട്ടില്ലെന്ന് മുത്തച്ഛന്‍

കൊല്ലം: ഓയൂരില്‍ നിന്ന് അബിഗേല്‍ സാറയെ തട്ടിക്കൊണ്ടുപോയ സംഘം അന്വേഷണം വഴിതെറ്റിക്കാന്‍ ശ്രമിച്ചു. തട്ടിക്കൊണ്ടുപോയ സംഘത്തില്‍ രണ്ട് ആന്റിമാരും രണ്ട് അങ്കിള്‍മാരുമാണ് ഉണ്ടായതെന്നാണ് അബിഗേല്‍ സാറയുടെ മൊഴി. എന്നാല്‍ പപ്പ ചോദിച്ചാല്‍ രണ്ട് അങ്കിളുമാരും ഒരു ആന്റിയുമാണ് ഉണ്ടായിരുന്നതെന്ന് പറയണമെന്ന് ആശ്രാമം മൈതാനത്ത് എത്തിച്ച ആന്റി പറഞ്ഞതായും അബിഗേല്‍ പൊലീസിനോട് പറഞ്ഞു.

നീല കാറിലാണ് ആശ്രാമത്തേക്ക് എത്തിയതെന്ന് പറയണമെന്നും സംഘം നിര്‍ദേശിച്ചു. കുട്ടി പറയുന്നതില്‍ വ്യക്തത വരുത്താന്‍ കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കുമെന്ന് പൊലീസ് പറഞ്ഞു. തട്ടിക്കൊണ്ടുപോയ ശേഷം വലിയ വീട്ടിലാണ് കുട്ടിയെ താമസിപ്പിച്ചത്. ലാപ്‌ടോപ്പില്‍ ടോം ആന്റ് ജെറി കാര്‍ട്ടൂണ്‍ കാണിച്ചു. ആദ്യം ചോക്ലേറ്റും പിന്നെ കേക്കും തന്നു. രാത്രി പൊറോട്ടയും ചിക്കനും വാങ്ങിത്തന്നു. ഷീറ്റ് വിരിച്ചാണ് ഉറക്കിയത്. രാവിലെയും പൊറോട്ടയും ചിക്കനും തന്നു. കാറില്‍ വരുമ്പോള്‍ പ്രതികള്‍ മുഖംമൂടി ധരിച്ചിരുന്നില്ലെന്നും പക്ഷേ വഴികളൊന്നും അറിയില്ലെന്നും അബിഗേല്‍ പറഞ്ഞു.

അതിനിടെ അബിഗേല്‍ സാറയെ വൈകീട്ടോടെ വീട്ടിലേക്ക് കൊണ്ടുവരുമെന്ന് മുത്തച്ഛന്‍ പറഞ്ഞു. ആശുപത്രിയില്‍ കഴിയുന്ന കുഞ്ഞിന് പേടി വിട്ടുമാറിയിട്ടില്ലെന്നും മുത്തച്ഛന്‍ കൂട്ടിച്ചേര്‍ത്തു.

ആന എഴുന്നള്ളിപ്പിനടുത്ത് വെടിക്കെട്ട്  പാടില്ല; തലപ്പൊക്ക മത്സരത്തിന് വിലക്ക്

ആന എഴുന്നള്ളിപ്പിനടുത്ത് വെടിക്കെട്ട് പാടില്ല; തലപ്പൊക്ക മത്സരത്തിന് വിലക്ക്

കൊച്ചി: ആന എഴുന്നള്ളിപ്പനടുത്ത് വെടിക്കെട്ട് നടത്താന്‍ പാടില്ലെന്ന് നാട്ടാന പരിപാലന ജില്ലാ മോണിറ്ററിങ് കമ്മറ്റി. ഉത്സവസീസണ്‍ ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട് അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റിന്റെ അധ്യക്ഷതയില്‍ ഇന്നലെ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. 2012ലെ നാട്ടാന പരിപാലന ചട്ടത്തില്‍ വീഴ്ച വരുത്തുന്നവര്‍ക്കെതിരെ കര്‍ശന നിയമനടപടി സ്വീകരിക്കും.

രാവിലെ പത്തുമുതല്‍ വൈകീട്ട് നാലുവരെ ആന എഴുന്നള്ളിപ്പുകള്‍ക്ക് അനുവാദം ഉണ്ടാകില്ല. തലപ്പൊക്ക മത്സരം അംഗീകരിക്കില്ല. ആനകള്‍ ജില്ല വിട്ടുപോകുമ്പോള്‍ അസിസ്റ്റന്റ് ഫോറസ്റ്റ് കണ്‍സര്‍വേറ്ററെ അറിയിക്കണം. രജിസ്‌ട്രേഷനുള്ള ഉത്സവങ്ങളില്‍ മാത്രമേ ആന എഴുന്നള്ളിപ്പ് അനുവദിക്കൂകയുള്ളു.

ഉത്സവങ്ങളില്‍ പങ്കെടുക്കുന്ന ആനകള്‍ക്ക് സ്വീകരണം പാടില്ല. ഉത്സവത്തില്‍ 72 മണിക്കൂര്‍ മുന്‍പ് പൊലീസ് സ്‌റ്റേഷനിലും സോഷ്യല്‍ ഫോറസ്റ്റി ഓഫീസിലും അറിയിക്കണം. ഉത്സവഭാരവാഹികള്‍ ആന എഴുന്നള്ളിപ്പ് വിവരം വെറ്ററിനറി ഓഫീസര്‍ക്ക് അപേക്ഷ നല്‍കണം.

കുസാറ്റ് അപകടം; ഇനി ചികിത്സയിലുള്ളത് 9 പേർ മാത്രം

കുസാറ്റ് അപകടം; ഇനി ചികിത്സയിലുള്ളത് 9 പേർ മാത്രം

കുസാറ്റ് അപകടത്തിൽ പരുക്കേറ്റവരിൽ ഇനി ചികിത്സയിൽ ഉള്ളത് 9 പേർ മാത്രം. ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. അപകടത്തിൽ പ്രത്യേക അന്വേഷണ സംഘത്തിൻ്റെ പരിശോധന തുടരുകയാണ്. സംഘാടകരെ പ്രതി ചേർക്കണമോ എന്ന കാര്യത്തിൽ ഇതുവരെ തീരുമാനമായിട്ടില്ല.

ആസ്റ്റർ മെഡ് സിറ്റിയിൽ ചികിത്സയിലായിരുന്ന ഗീതാഞ്ജലി, ഷാബ എന്നീ വിദ്യാർത്ഥികൾ അപകടനില തരണം ചെയ്തു. കുട്ടികളെ ഐസിയുവിൽ നിന്ന് മുറിയിലേക്ക് മാറ്റിയതായും മന്ത്രി ആർ ബിന്ദു അറിയിച്ചു. ഇനി ചികിത്സയിൽ ഉള്ളത് 9 പേർ മാത്രമാണ്. പരിക്കേറ്റവർക്കും ദൃക്സാക്ഷികളായ വിദ്യാർത്ഥികൾക്കും കുസാറ്റ് സ്റ്റുഡന്റ് വെൽഫെയർ വിഭാഗത്തിന്റെ നേതൃത്വത്തിൽ കൗൺസിലിംഗ് നൽകുന്നുണ്ട്.

അതിനിടെ അന്വേഷണത്തിന്റെ ഭാഗമായി അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും മൊഴി രേഖപ്പെടുത്തി വരികയാണ്. പരിപാടിയെക്കുറിച്ച് പൊലീസിനെ അറിയിക്കാതിരുന്നതാണ് സംഘാടകർക്കെതിരെ ആരോപിക്കപ്പെടുന്ന കുറ്റം. സംഘാടകരെ പ്രതി ചേർക്കണമോ എന്ന കാര്യത്തിൽ പൊലീസ് നിയമോപദേശം തേടിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ തുടർനടപടികൾ സ്വീകരിക്കും.

ഗവര്‍ണര്‍ക്കെതിരെയുള്ള ഹര്‍ജി ഇന്ന് സുപ്രീം കോടതിയില്‍

ഗവര്‍ണര്‍ക്കെതിരെയുള്ള ഹര്‍ജി ഇന്ന് സുപ്രീം കോടതിയില്‍

ഡല്‍ഹി: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. നിയമസഭ പാസാക്കിയ ഏഴ് ബില്ലുകള്‍ ഗവര്‍ണര്‍ ഇന്നലെ രാഷ്ട്രപതിക്ക് അയച്ചിരുന്നു. സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി പരിഗണിക്കാനിരിക്കെയായിരുന്നു നീക്കം.

പരിഗണിക്കാതിരുന്ന എട്ട് ബില്ലുകളില്‍ തീരുമാനമായെന്ന് ഗവര്‍ണര്‍ക്ക് വേണ്ടി, അഡീഷണല്‍ ചീഫ് സെക്രട്ടറി കോടതിയെ അറിയിച്ചേക്കും. ലോകയുക്ത ബില്‍, സര്‍വ്വകലാശാല നിയമ ഭേദഗതി ബില്‍ (രണ്ടെണ്ണം), ചാന്‍സ്ലര്‍ ബില്‍, സഹകരണ നിയമ ഭേദഗതി ബില്‍, സേര്‍ച് കമ്മിറ്റി എക്‌സ്പാന്‍ഷന്‍ ബില്‍, സഹകരണ ബില്‍ (മില്‍മ) എന്നിവയാണ് രാഷ്ട്രപതിയുടെ പരിഗണനക്ക് വിടുന്നത്. അതേസമയം പൊതു ജനാരോഗ്യ ബില്ലില്‍ ഗവര്‍ണര്‍ ഒപ്പിട്ടു

ബില്ലുകളില്‍ ഗവര്‍ണര്‍ തീരുമാനം എടുക്കാന്‍ വൈകുന്നതിനെതിരെയായിരുന്നു സര്‍ക്കാര്‍ കോടതിയെ സമീപിച്ചത്. നിയമസഭ പാസാക്കിയ ബില്ലുകളില്‍ പലതും ഒരു വര്‍ഷത്തോളം ഗവര്‍ണര്‍ ഒപ്പുവെയ്ക്കാതെ ഇരിക്കുകയായിരുന്നു. നേരത്തെ പഞ്ചാബ്, തെലങ്കാന സംസ്ഥാനങ്ങളുടെ ഹര്‍ജികള്‍ പരിഗണനയ്ക്ക് എത്തവേ കോടതിയില്‍ എത്തുന്നതിന് തൊട്ടു മുന്‍പായി മാത്രം, ഗവര്‍ണര്‍മാര്‍ ബില്ലില്‍ നടപടി എടുക്കുന്നതില്‍ സുപ്രീംകോടതിയുടെ വിമര്‍ശനം ഉയര്‍ത്തിരുന്നു. ഗവര്‍ണര്‍ തീക്കൊണ്ട് കളിക്കരുത് എന്നതടക്കം പരാമര്‍ശങ്ങളും കോടതി നടത്തിയിരുന്നു.

സംശയിക്കുന്ന 30 സ്ത്രീകളുടെ ചിത്രങ്ങള്‍ കാണിച്ചു, അബിഗേല്‍ തിരിച്ചറിഞ്ഞില്ല; സംഘം ആദ്യം പോയത് വര്‍ക്കല ഭാഗത്തേയ്ക്ക്

സംശയിക്കുന്ന 30 സ്ത്രീകളുടെ ചിത്രങ്ങള്‍ കാണിച്ചു, അബിഗേല്‍ തിരിച്ചറിഞ്ഞില്ല; സംഘം ആദ്യം പോയത് വര്‍ക്കല ഭാഗത്തേയ്ക്ക്

കൊല്ലം: ഓയൂരില്‍ നിന്ന് ആറുവയസുകാരി അബിഗേലിനെ തട്ടിക്കൊണ്ടുപോയ സംഘം ആദ്യം പോയത് വര്‍ക്കല ഭാഗത്തേയ്ക്ക് എന്ന് സൂചന. ഇതിന്റെ അടിസ്ഥാനത്തില്‍ വര്‍ക്കല ഭാഗത്ത് പൊലീസ് തിരച്ചില്‍ ഊര്‍ജ്ജിതമാക്കി. പ്രതികളെ പിടികൂടുന്നതിന് ദക്ഷിണമേഖല ഡിഐജിയുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നല്‍കിയിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ പൊലീസ് ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തിയാണ് അന്വേഷണ സംഘത്തിന് രൂപം നല്‍കിയത്.

അതിനിടെ പ്രതിയെന്ന് സംശയിക്കുന്ന സ്ത്രീയുടെ രേഖാചിത്രം പൊലീസ് പുറത്തുവിട്ടു. കുട്ടിയുടെയും കഴിഞ്ഞ ദിവസം
പ്രതിയെന്ന് സംശയിക്കുന്ന സ്ത്രീ സംസാരിച്ച കടയുടമയുടെയും മൊഴിയുടെ അടിസ്ഥാനത്തിലാണ് രേഖാചിത്രം തയ്യാറാക്കിയത്. സംഘത്തില്‍ രണ്ടു സ്ത്രീകള്‍ ഉണ്ടെന്നാണ് പൊലീസ് സംശയിക്കുന്നത്. അബിഗേലിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

സംശയിക്കുന്ന 30 സ്ത്രീകളുടെ ചിത്രങ്ങള്‍ അബിഗേലിനെ കാണിച്ചെങ്കിലും കുട്ടി ആരെയും തിരിച്ചറിഞ്ഞില്ല. സംഭവത്തിന് ശേഷം കുട്ടിയുടെ പേടി ഇതുവരെ വിട്ടുമാറിയിട്ടില്ലെന്നാണ് മുത്തച്ഛന്‍ പറഞ്ഞത്. അതിനാല്‍ കുട്ടിയുടെ മാനസികാവസ്ഥ കൂടി പരിഗണിച്ചാണ് മൊഴിയെടുക്കുന്നത്. ഒരു സ്ത്രീയാണ് തട്ടിക്കൊണ്ടുപോകലിന് പിന്നിലെ സൂത്രധാരന്‍ എന്നാണ് പൊലീസ് സംശയിക്കുന്നത്. വ്യക്തിവിരോധമാണോ തട്ടിക്കൊണ്ടുപോകലിലേക്ക് നയിച്ചത് എന്നതടക്കമുള്ള കാര്യങ്ങള്‍ പൊലീസ് അന്വേഷിക്കുന്നുണ്ട്. പ്രതികളെ പിടികൂടിയാല്‍ മാത്രമേ എന്തിനാണ് തട്ടിക്കൊണ്ടുപോയത് എന്നതടക്കമുള്ള കാര്യങ്ങളില്‍ വ്യക്തത വരികയുള്ളൂ എന്നും പൊലീസ് പറയുന്നു.