by Midhun HP News | Nov 24, 2023 | Latest News, കേരളം
പത്തനംതിട്ട: ലക്ഷങ്ങളുടെ ഫണ്ട് തട്ടിപ്പില്‍ ആരോഗ്യവകുപ്പ് ജീവനക്കാരന്‍ അറസ്റ്റില്‍. നിലയ്ക്കല്‍ പ്രാഥമിക ആരോഗ്യകേന്ദ്രത്തിലെ ബാങ്ക് അക്കൗണ്ടില്‍ സൂക്ഷിച്ചിരുന്ന 16,40,000 രൂപ സൂപ്രണ്ടിന്റെ വ്യാജ ഒപ്പിട്ട് തട്ടിയെടുത്ത കേസിലാണ് ഓഫീസ് അറ്റന്‍ഡര്‍ അറസ്റ്റിലായത്. രമേശന്‍ എന്നയാളാണ് അറസ്റ്റിലായതെന്ന് പൊലീസ് പറഞ്ഞു.
സൂപ്രണ്ടിന്റെ വ്യാജ ഒപ്പിട്ടാണ് അറ്റന്ററായ രമേശന്‍ ലക്ഷങ്ങള്‍ തട്ടിയെടുത്തത്. പഞ്ചായത്ത് പ്രസിഡന്റിന്റെയും മെഡിക്കല്‍ സൂപ്രണ്ടിന്റെയും ജോയിന്റ് അക്കൗണ്ടിലായിരുന്നു പ്രാഥമിക ആരോഗ്യകേന്ദ്രത്തിന്റെ പണം സൂക്ഷിച്ചിരുന്നത്.ഇക്കഴിഞ്ഞ ദിവസം നിലയ്ക്കല്‍ പ്രാഥമിക ആരോഗ്യകേന്ദ്രത്തില്‍ ശബരിമലയുമായി ബന്ധപ്പെട്ട ഒന്നുരണ്ടു ജോലികള്‍ ചെയ്യാന്‍ ആവശ്യപ്പെട്ടപ്പോഴാണ് ഫണ്ട് സംബന്ധിച്ച പരിശോധന നടന്നത്. ഈ പ്രവൃത്തിക്കായി പണം തേടിപ്പോയപ്പോഴാണ് അക്കൗണ്ട് കാലിയാണെന്ന് കണ്ടെത്തിയത്.
തുടര്‍ന്ന് എങ്ങനെയാണ് ഈ പണം ബാങ്കില്‍ നിന്ന് പിന്‍വലിച്ചതെന്ന് പരിശോധിച്ചപ്പോഴാണ് അറ്റന്‍ഡര്‍ മെഡിക്കല്‍ സൂപ്രണ്ടിന്റെ വ്യാജ ഒപ്പിട്ട് പണം പിന്‍വലിച്ചതായി കണ്ടെത്തിയത്. ഏറെവര്‍ഷമായി നിലയ്ക്കല്‍ പ്രാഥമിക ആരോഗ്യകേന്ദ്രത്തില്‍ ജോലി ചെയ്യുന്നയാളാണ് രമേശന്‍. ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയതായും പ്രതിയെ ഇന്നുതന്നെ കോടതിയില്‍ ഹാജരാക്കുമെന്നും പൊലീസ് പറഞ്ഞു.
by Midhun HP News | Nov 24, 2023 | Latest News, കേരളം
ഡല്‍ഹി: ബയോളജി പഠിക്കാതെ പന്ത്രണ്ടാം ക്ലാസ് പരീക്ഷ പാസായവര്‍ക്കും ഭാവിയില്‍ ഡോക്ടര്‍ ആകാം. ഫിസിക്‌സ്, കെമിസ്ട്രി, കണക്ക് എന്നിവ പ്രധാന വിഷയങ്ങളായി എടുത്ത് പന്ത്രണ്ടാം ക്ലാസ് പരീക്ഷ പാസായവര്‍ ബയോളജി, അല്ലെങ്കില്‍ ബയോ ടെക്‌നോളജി അധിക വിഷയമായി എടുത്ത് പരീക്ഷയെഴുതി പാസാകുകയാണെങ്കില്‍ എംബിബിഎസ് പ്രവേശനത്തിനുള്ള യോഗ്യതാപരീക്ഷയായ നീറ്റ് യുജി ടെസ്റ്റ് എഴുതാവുന്നതാണെന്ന് നാഷണല്‍ മെഡിക്കല്‍ കമ്മീഷന്റെ പുതുക്കിയ മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു. അംഗീകൃത ബോര്‍ഡില്‍ നിന്ന് വേണം ബയോളജി, അല്ലെങ്കില്‍ ബയോ ടെക്‌നോളജി പരീക്ഷ പാസാകേണ്ടത്.
എംബിബിഎസ്, ബിഡിഎസ് പ്രവേശനത്തിനുള്ള യോഗ്യതാ പരീക്ഷയായ നീറ്റ് യുജി ടെസ്റ്റ് എഴുതണമെങ്കില്‍ ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി അല്ലെങ്കില്‍ ബയോ ടെക്‌നോളജി, ഇംഗ്ലീഷ് എന്നി വിഷയങ്ങള്‍ പഠിച്ച് പന്ത്രണ്ടാം ക്ലാസ് പരീക്ഷ പാസാകണം. മറ്റു വിഷയങ്ങള്‍ പഠിച്ച് പന്ത്രണ്ടാം ക്ലാസ് പരീക്ഷ പാസായവര്‍ക്ക് ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി അല്ലെങ്കില്‍ ബയോ ടെക്‌നോളജി, ഇംഗ്ലീഷ് എന്നിവ അധിക വിഷയങ്ങളായി എടുത്ത് പരീക്ഷ പാസായാല്‍ നീറ്റ് പരീക്ഷയ്ക്ക് യോഗ്യത നേടാമെന്നാണ് നാഷണല്‍ മെഡിക്കല്‍ കമ്മീഷന്റെ നോട്ടീസില്‍ പറയുന്നത്. എന്‍എംസി നല്‍കുന്ന യോഗ്യത സര്‍ട്ടിഫിക്കറ്റിനും ഇവര്‍ക്ക് അര്‍ഹതയുണ്ട്.
നേരത്തെ പ്രാക്ടിക്കലോട് കൂടി ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി അല്ലെങ്കില്‍ ബയോ ടെക്‌നോളജി, ഇംഗ്ലീഷ് എന്നി വിഷയങ്ങള്‍ 11,12 ക്ലാസുകളില്‍ പഠിക്കുന്നവര്‍ക്ക് മാത്രമാണ് നീറ്റ് പരീക്ഷയ്ക്ക് യോഗ്യതയുണ്ടായിരുന്നത്. അതായത് ഈ വിഷയങ്ങള്‍ അധിക വിഷയങ്ങളായി എടുത്ത് പരീക്ഷയെഴുതി നീറ്റിന് യോഗ്യത നേടാന്‍ സാധിക്കുമായിരുന്നില്ല. കൂടാതെ റെഗുലര്‍ സ്ട്രീമില്‍ പഠിച്ച് പരീക്ഷ പാസായവര്‍ക്ക് മാത്രമാണ് യോഗ്യത പരീക്ഷ എഴുതാന്‍ കഴിയുക.
by Midhun HP News | Nov 24, 2023 | Latest News, കേരളം
കോഴിക്കോട്: കോഴിക്കോട് കുറ്റിക്കാട്ടൂര്‍ സൈനബ വധക്കേസില്‍ ഒരു പ്രതി കൂടി അറസ്റ്റില്‍. ഗൂഡല്ലൂര്‍ സ്വദേശി ശരത് ആണ് പിടിയിലായത്. മുഖ്യപ്രതി സമദ്, കൂട്ടുപ്രതി സുലൈമാന്‍ എന്നിവരില്‍ നിന്നും സൈനബയുടെ സ്വര്‍ണം തട്ടിയെടുത്ത സംഘത്തിലുള്ള ആളാണ് ശരത്.
ഗൂഡല്ലൂരില്‍ ഒളിവില്‍ കഴിയുന്നതിനിടെയാണ് ശരത് പിടിയിലാകുന്നത്. ഇയാളില്‍ നിന്നും സൈനബയുടെ മാല ഉള്‍പ്പെടെ ആറര പവന്‍ സ്വര്‍ണാഭരണങ്ങള്‍ കണ്ടെടുത്തു. കോഴിക്കോട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.
പ്രതികൾ സൈനബയിൽ നിന്ന് തട്ടിയെടുത്ത അവശേഷിക്കുന്ന സ്വർണവും പണവും ഇതുവരെ കണ്ടെത്താൻ പൊലീസിന് കഴിഞ്ഞിട്ടില്ല. പ്രതികൾ സ്വർണം മറ്റൊരു സംഘത്തിന് കൈമാറിയതായാണ് പൊലീസിന്റെ നിഗമനം. സ്വർണവും പണവും തട്ടിയ സംഘത്തെ ഉടൻ പിടികൂടാനാകുമെന്ന് പൊലീസ് സൂചിപ്പിച്ചു.
കഴിഞ്ഞ 13-നാണ് കോഴിക്കോട് കുറ്റിക്കാട്ടൂർ സ്വദേശിനി സൈനബയെ സ്വർണാഭരണങ്ങളും പണവും കൈക്കലാക്കുന്നതിനായി കൊന്ന് നാടുകാണി ചുരത്തിൽ തള്ളിയത്. മലപ്പുറം സ്വദേശി സമദും സുഹൃത്ത് സുലൈമാനും ചേർന്നാണ് കൊലപാതകം നടത്തിയത്. ചുരത്തിൽ നടത്തിയ പരിശോധനയിൽ അഴുകിയ നിലയിൽ മൃതദേഹം കണ്ടെത്തിയിരുന്നു.
by Midhun HP News | Nov 24, 2023 | Latest News, കേരളം
തിരുവനന്തപുരം: വ്യാജ ഐഡി കാര്‍ഡ് കേസില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ട രാഹുല്‍ മാങ്കൂട്ടത്തിലിന് പൊലീസിന്റെ നോട്ടീസ്. നാളെ ചോദ്യം ചെയ്യലിന് മ്യൂസിയം പൊലീസ് സ്റ്റേഷനില്‍ ഹാജരാകാനാണ് നോട്ടീസില്‍ ആവശ്യപ്പെട്ടിട്ടുള്ളത്.
പ്രതികളായ ഫെനിയും ബിനിലും മൊബൈല്‍ ഫോണ്‍ ഉപേക്ഷിച്ചത് രാഹുല്‍ മാങ്കൂട്ടത്തിലിന്റെ സാന്നിധ്യത്തിലാണെന്നാണ് പൊലീസിന്റെ നിഗമനം. വ്യാജ കാര്‍ഡ് നിര്‍മ്മിക്കാനുള്ള ആപ്പ് നിര്‍മ്മിച്ചത് കാസര്‍കോട്ടെ യൂത്ത് കോണ്‍ഗ്രസ് നേതാവാണെന്നും പൊലീസ് പറയുന്നു.
യൂത്ത് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പിനായി വ്യാജ തിരിച്ചറിയൽ രേഖയുണ്ടാക്കിയതിന്‍റെ മുഖ്യസൂത്രധാരൻ തൃക്കരിപ്പൂർ സ്വദേശി ജെയ്സണ്‍ തോമസാണെന്ന് പൊലീസ് സൂചിപ്പിക്കുന്നു. തൃക്കരിപ്പൂർ ഈസ്റ്റ് എളേരി മണ്ഡലം വൈസ് പ്രസിഡൻ്റായി തെരഞ്ഞെടുക്കപ്പെട്ട ജെയ്സണ്‍ തോമസാണ് മദർ കാർഡ് ഉപയോഗിച്ച് വ്യാജ കാർഡുകളുടെ നിർമ്മാണം തുടങ്ങിയതെന്നാണ് പൊലിസിന്‍റെ കണ്ടെത്തൽ.
തെളിവ് ലഭിച്ചതിന് പിന്നാലെ ജെയ്സണ്‍ ഒളിവിൽ പോയെന്നാണ് പൊലീസ് പറയുന്നത്. പത്തനംതിട്ടയിൽ വ്യാജ കാർഡ് നിർമ്മിക്കാൻ പണം നൽകിയ വൈസ് പ്രസിഡൻ്റ് രഞ്ചുവിനെ കണ്ടെത്തുന്നതിനും പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി.
നാല് പ്രതികള്‍ക്ക് ജാമ്യം നൽകിയ സിജെഎം കോടതി വിധിക്കെതിരെ പൊലീസ് അപ്പീൽ നൽകില്ല. വ്യാജ കാർഡ് നിർമ്മാണവുമായി ബന്ധപ്പെട്ട നിർണായക തെളിവ് ലഭിച്ച സാഹചര്യത്തിൽ അറസ്റ്റിലായ നാല് യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകർക്ക് ജാമ്യം ലഭിച്ചത് അന്വേഷണത്തിന് തിരിച്ചടിയാകില്ലെന്നാണ് പൊലീസിന്റെ വിലയിരുത്തൽ.
by Midhun HP News | Nov 24, 2023 | Latest News, കേരളം
ഡല്‍ഹി: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ സംസ്ഥാനം നല്‍കിയ ഹര്‍ജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും. കേന്ദ്രസര്‍ക്കാരും ഗവര്‍ണറുടെ അഡീഷണല്‍ ചീഫ്‌സെക്രട്ടറിയും കോടതിയില്‍ നിലപാട് അറിയിക്കണം. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്.
നിയമസഭ പാസാക്കിയ ബില്ലുകളില്‍ തീരുമാനമെടുക്കാത്ത ഗവര്‍ണറുടെ നടപടിയെ ചോദ്യം ചെയ്തു സംസ്ഥാനം സമര്‍പ്പിച്ച ഹര്‍ജിയാണ് കോടതി പരിഗണിക്കുന്നത്. എട്ട് ബില്ലുകളില്‍ ഗവര്‍ണര്‍ തീരുമാനമെടുത്തിട്ടില്ലെന്നു ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. ഗവര്‍ണറുടെ അഡീഷണല്‍ ചീഫ് സെക്രട്ടറി ദാവേന്ദ്ര കുമാര്‍ ദോത്താവത്തിനും കേന്ദ്ര സര്‍ക്കാരിനുമാണ് സുപ്രീംകോടതി നോട്ടീസ് അയച്ചിരുന്നത്.
കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോള്‍ തമിഴ്‌നാട് ഗവര്‍ണര്‍ക്കെതിരെയും കോടതി രൂക്ഷവിമര്‍ശനം ഉന്നയിച്ചിരുന്നു. മൂന്നു കൊല്ലമായി ചില ബില്ലുകള്‍ ഒപ്പിടാതെ വെക്കുന്നതിലാണ് കോടതി രൂക്ഷ വിമര്‍ശനം ഉന്നയിച്ചത്. ഗവര്‍ണര്‍ എന്തു ചെയ്യുകയായിരുന്നു എന്നാണ് കോടതി ചോദിച്ചത്. പഞ്ചാബ് സര്‍ക്കാര്‍ ഗവര്‍ണര്‍ക്കെതിരെ സമര്‍പ്പിച്ച ഹരജി പരിഗണിച്ചപ്പോഴും കോടതി വിമര്‍ശനം മയപ്പെടുത്തിയില്ല .
ബില്ലുകള്‍ തടഞ്ഞു വച്ചുകൊണ്ടു ഗവര്‍ണര്‍ക്ക് നിയമസഭയെ മറികടക്കാനാവില്ല എന്ന് ബെഞ്ച് ഓര്‍മിപ്പിച്ചു . തിരിച്ചയക്കുന്ന ബില്ലുകള്‍ പാസാക്കിയാല്‍ ഒപ്പിടാന്‍ ഗവര്‍ണര്‍ക്ക് ഉത്തരവാദിത്തമുണ്ടെന്നും സുപ്രീംകോടതി വ്യക്തമാക്കിയ സാഹചര്യത്തിലാണ് ഇന്ന് ഹര്‍ജി പരിഗണിക്കുന്നത്.
by Midhun HP News | Nov 24, 2023 | Latest News, കേരളം
പാലക്കാട്: മണ്ണാര്‍ക്കാടിന് സമീപം വിയക്കുറിശ്ശിയില്‍ നിര്‍ത്തിയിട്ട ജെസിബി മോഷണം പോയി. തെങ്കര സ്വദേശി അബുവിന്റെ ജെസിബിയാണ് മോഷ്ടാക്കള്‍ തട്ടിയെടുത്തത്. പുലര്‍ച്ചെ ഈ ജെസിബി വാളയാര്‍ ടോള്‍ കടക്കുന്ന ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചു.
വിയക്കുറിശ്ശിയില്‍ ജെസിബി ഓപ്പറേറ്റര്‍മാര്‍ താമസിക്കുന്ന വീടിന് സമീപത്താണ് ജെസിബി നിര്‍ത്തിയിട്ടിരുന്നത്. രാവിലെ നോക്കിയപ്പോഴാണ് ജെസിബി കാണാനില്ലെന്ന് മനസ്സിലായത്. തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കി.
ഉടമയും സുഹൃത്തുക്കളും പലവഴിക്ക് അന്വേഷണം നടത്തുന്നതിനിടെയാണ് വാളയാര്‍ ടോള്‍ കടക്കുന്നതിന്റെ സിസിടിവി ദൃശ്യം ലഭിച്ചത്. ജെസിബി തമിഴ്‌നാട്ടിലേക്ക് കടത്തിയെന്നാണ് സംശയിക്കുന്നത്. പ്രത്യേക പൊലീസ് സംഘത്തെ രൂപീകരിച്ച് മണ്ണാര്‍ക്കാട് പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി.
Recent Comments