സിനിമാ റിവ്യൂ ബോംബിങ് തടയണമെന്ന ഹർജി; ഹൈക്കോടതി ഇന്ന് പരിഗണിക്കും

സിനിമാ റിവ്യൂ ബോംബിങ് തടയണമെന്ന ഹർജി; ഹൈക്കോടതി ഇന്ന് പരിഗണിക്കും

കൊച്ചി: സിനിമാ റിവ്യൂ ബോംബിംഗ് തടയണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. സംവിധായകൻ മുബീൻ റൗഫ് ആണ് ഹർജിക്കാരൻ. വിഷയത്തിൽ കേന്ദ്ര സർക്കാർ ഇന്ന് നിലപാട് അറിയിച്ചേക്കും.അനുയോജ്യമായ അധികാര സ്ഥാപനം വിഷയം പരിഗണിക്കുന്നുണ്ടെന്നാണ് കേന്ദ്ര സർക്കാരിന്റെ അഭിഭാഷകൻ ഹൈക്കോടതിയെ അറിയിച്ചത്.

സിനിമകൾക്കെതിരെ സാമൂഹിക മാധ്യമങ്ങൾ വഴി അജ്ഞാത റിവ്യൂ പ്രചരിപ്പിക്കുന്നതിനെതിരെ കർശന നടപടിയെടുക്കണമെന്നാണ് ഹൈക്കോടതി നിർദേശം. റിവ്യൂ ബോംബിംഗ് നിയന്ത്രണ വിധേയമാണെന്നാണ് അമിക്കസ് ക്യൂറി ഹൈക്കോടതിയെ അറിയിച്ചത്. സെപ്റ്റംബർ മാസം റിലീസിനെത്തിയ ‘ആരോമലിന്റെ ആദ്യത്തെ പ്രണയം’ എന്ന ചിത്രത്തിന്റെ സംവിധായകനാണ് മുബീൻ റൗഫ്. ഒരു സംഘം ആളുകളുടെ വർഷങ്ങളോളം നീണ്ട സ്വപ്നവും അധ്വാനവുമാണ് സിനിമ.

റിലീസ് ചെയ്ത് നിമിഷങ്ങൾക്കകം സിനിമ കാണുക പോലും ചെയ്യാതെ ഓൺലൈൻ പ്ലാറ്റഫോമുകളിലും സോഷ്യൽ മീഡിയയിലും നെഗറ്റീവ് റിവ്യൂകൾ പ്രചരിപ്പിക്കുന്നതിൽ നിയന്ത്രണം കൊണ്ടുവരണം എന്നാണ് ഹർജിയിലെ ആവശ്യം. റിലീസിന് മുൻപ് സിനിമയുടെ നിർമ്മാതാവിനെയും പിന്നണി പ്രവർത്തരെയും വിളിച്ച് നെഗറ്റീവ് റിവ്യൂ ഇടാതിരിക്കാൻ പണമാവശ്യപ്പെടുന്ന സ്ഥിതിയാണ് നിലവിലുള്ളതെന്നും ഹർജിക്കാരൻ ആരോപിക്കുന്നുണ്ട്. സമൂഹ മാധ്യമങ്ങളിലെ സിനിമ റിവ്യൂവിന് മാർഗ്ഗനിർദേശങ്ങൾ കൊണ്ടുവരികയും നിയന്ത്രണം നടപ്പിലാക്കുകയും ചെയ്യണമെന്ന് ഹർജിക്കാരൻ ഹൈക്കോടതിയിൽ ആവശ്യപ്പെട്ടിരുന്നു.

സംസ്ഥാനത്ത് അടുത്ത് അഞ്ച് ദിവസം മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

സംസ്ഥാനത്ത് അടുത്ത് അഞ്ച് ദിവസം മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത് അഞ്ച് ദിവസം മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ശക്തമായ മഴ കണക്കിലെടുത്ത് വിവിധ ജില്ലകളില്‍ ഓറഞ്ച്, യെല്ലോ അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചു.

ഇന്ന് പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ തീവ്രമഴ കണക്കിലെടുത്ത് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്.

ബുധനാഴ്ച ഇടുക്കിയിലും വ്യാഴാഴ്ച പത്തനംതിട്ട, ഇടുക്കി ജില്ലകളിലുമാണ് ഓറഞ്ച് അലര്‍ട്ട്. ബുധനാഴ്ച പത്തനംതിട്ട, മലപ്പുറം ജില്ലകളിലും വ്യാഴാഴ്ച തിരുവനന്തപരം, എറണാകുളം, വെള്ളിയാഴ്ച എറണാകുളം ജില്ലയിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

കന്യാകുമാരി മേഖലക്ക് മുകളിലായി ചക്രവാതച്ചുഴി സ്ഥിതി ചെയ്യുന്നു. തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ തമിഴ്‌നാട് തീരത്തോട് ചേര്‍ന്ന് മറ്റൊരു ചക്രവാതച്ചുഴിയും സ്ഥിതി ചെയ്യുന്നു. ഇതിന്റെ ഫലമായാണ് സംസ്ഥാനത്ത് അടുത്ത 5 ദിവസം ഇടി മിന്നലോടു കൂടിയ മിതമായ/ ഇടത്തരം മഴയ്ക്ക് സാധ്യതയെന്ന മുന്നറിയിപ്പ്. നവംബര്‍ 21 -25 വരെയുള്ള തീയതികളില്‍ കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴക്കും ബുധന്‍, വ്യാഴം ദിവസങ്ങളില്‍ അതിശക്തമായ മഴക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ഗുരുവായൂര്‍ ഏകാദശി വ്യാഴാഴ്ച; ദര്‍ശന ക്രമീകരണം, രാത്രി 12 മണി മുതല്‍ ദ്വാദശി പണം സമര്‍പ്പണം

ഗുരുവായൂര്‍ ഏകാദശി വ്യാഴാഴ്ച; ദര്‍ശന ക്രമീകരണം, രാത്രി 12 മണി മുതല്‍ ദ്വാദശി പണം സമര്‍പ്പണം

തൃശൂര്‍: ഗുരുവായൂര്‍ ഏകാദശി മഹോത്സവം നവംബര്‍ 23ന്. തിരക്ക് പരിഗണിച്ച് ക്ഷേത്രത്തില്‍ ദര്‍ശന ക്രമീകരണം ഒരുക്കുമെന്ന് ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് അറിയിച്ചു. രാവിലെ 6 മുതല്‍ 2 മണി വരെ വിഐപി ദര്‍ശനം, പ്രദക്ഷിണം, ചോറൂണ്‍ കഴിഞ്ഞുള്ള ദര്‍ശനം എന്നിവ ഉണ്ടാകില്ല.സീനിയര്‍ സിറ്റിസണ്‍ ക്യൂ രാവിലെ 5 മണിക്ക് അവസാനിപ്പിക്കുമെന്നും ദേവസ്വം ബോര്‍ഡ് അറിയിച്ചു.

ഏകാദശി പ്രസാദ ഊട്ട്

ഏകാദശി വിഭവങ്ങളോടെയുള്ള പ്രസാദ ഊട്ട് അന്ന ലക്ഷ്മി ഹാളില്‍ പതിവുപോലെയും അതിനോട് ചേര്‍ന്നുള്ള പ്രത്യേക പന്തലില്‍ ബുഫെ സമ്പ്രദായത്തിലും ശ്രീഗുരുവായൂരപ്പന്‍ ഓഡിറ്റോറിയത്തിലും രാവിലെ 9 മണിക്ക് ആരംഭിക്കും. പ്രസാദ ഊട്ടിനുള്ള വരി 2 മണിക്ക് അവസാനിപ്പിക്കും. തുടര്‍ന്ന് ബുഫേ രീതിയില്‍ പന്തലുകളില്‍ നല്‍കും.

ദ്വാദശി പണം സമര്‍പ്പണം

ഏകാദശി ദിവസം രാത്രി 12 മണി മുതല്‍ ക്ഷേത്രനട കാലത്ത് അടക്കുന്നതു ‘ വരെ ഭക്തര്‍ക്ക് കൂത്തമ്പലത്തില്‍ ദ്വാദശി പണം സമര്‍പ്പിക്കാം. ദ്വാദശി പണ സമര്‍പ്പണത്തിനായി ഭക്തര്‍ക്ക് ശ്രീഗുരുവായൂരപ്പന്‍ ഓഡിറ്റോറിയത്തില്‍ വരിയിരിക്കാം. ദ്വാദശി ദിവസം കാലത്ത് 8 മണി വരെ മാത്രമേ ദര്‍ശന സൗകര്യം ഉണ്ടാകു.പതിവ് പൂജകള്‍ക്ക് ശേഷം ഭക്തര്‍ക്ക് വൈകുന്നേരം ക്ഷേത്ര ദര്‍ശന സൗകര്യം ഉണ്ടാകും.

ദ്വാദശി ഊട്ട്

അന്ന ലക്ഷ്മി ഹാളിലും അന്നലക്ഷ്മി ഹാളിന് പുറത്തെ പന്തലിലും രാവിലെ 7 മുതല്‍ 11 വരെയാകും ദ്വാദശി ഊട്ട്. ഏകാദശി, ദ്വാദശി ദിവസങ്ങളില്‍ പ്രഭാത ഭക്ഷണവും രാത്രി പ്രസാദ ഊട്ടും ഉണ്ടാകില്ല.

സ്കൂളിൽ തോക്കുമായെത്തി വെടിവെയ്പ്പ്; തൃശ്ശൂരില്‍ പൂർവ വിദ്യാർത്ഥി പിടിയിൽ

സ്കൂളിൽ തോക്കുമായെത്തി വെടിവെയ്പ്പ്; തൃശ്ശൂരില്‍ പൂർവ വിദ്യാർത്ഥി പിടിയിൽ

തൃശ്ശൂർ: സ്കൂളിൽ തോക്കുമായെത്തി വെടി വച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ച യുവാവ് പിടിയിൽ. തൃശ്ശൂർ വിവേകോദയം സ്കൂളിലാണ് സംഭവം നടന്നത്. പൂർവ വിദ്യാർത്ഥി മുളയം സ്വദേശി ജഗനാണ് സ്കൂളിൽ തോക്കുമായെത്തിയത്. ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു.

സ്റ്റാഫ് റൂമിൽ കയറി അധ്യാപകരെ ഭീഷണിപ്പെടുത്തിയ യുവാവ്, ക്ലാസ് റൂമിൽ കയറി മൂന്ന് തവണ മുകളിലേക്ക് വെടിവച്ചു എന്നാണ് അധ്യാപകര്‍ പറയുന്നത്. തുടര്‍ന്ന് ഇറങ്ങി ഓടുന്നതിനിടെ നാട്ടുകാരുടെ സഹായത്തോടെ ഇയാളെ പിടികൂടി പൊലീസില്‍ ഏൽപ്പിക്കുകയായിരുന്നു. ലഹരിക്കടിമയാണ് യുവാവെന്ന് പൊലീസ് പറഞ്ഞു.

കെഎസ്ഇബി മീറ്റർ റീഡർ നിയമനവും പി എസ് സി ലിസ്റ്റും റദ്ദാക്കി

കെഎസ്ഇബി മീറ്റർ റീഡർ നിയമനവും പി എസ് സി ലിസ്റ്റും റദ്ദാക്കി

കൊച്ചി: കെഎസ്ഇബി മീറ്റർ റീഡർ നിയമനവും പി എസ് സി ലിസ്റ്റും ഹൈക്കോടതി റദ്ദാക്കി. അയോഗ്യരായ ഉദ്യോഗാർത്ഥികളെ ഉൾപ്പെടുത്തിയത് റാങ്ക് ലിസ്റ്റ് ദുർബലപ്പെടുത്തിയെന്നും, യോഗ്യരായ ഉദ്യോഗാർത്ഥികളെ ഉൾപ്പെടുത്തി പുതിയ ലിസ്റ്റ് പ്രസിദ്ധീകരിച്ച് നിയമനം നടത്തണമെന്നും ഹൈക്കോടതി നിർദ്ദേശിച്ചു.

ഇതോടെ പി എസ് സിയിലൂടെ നിയമനം നേടിയ നൂറിലധികം പേർ അയോഗ്യരാവും. ജസ്റ്റിസ് അമിത് റാവൽ, ജസ്റ്റിസ് സി.എസ് സുധ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റേതാണ് ഉത്തരവ്. യോഗ്യതയുണ്ടായിട്ടും നിയമനത്തിൽ പരിഗണിക്കാത്തിനെതിരെ തൃശൂർ സ്വദേശി മുഹമ്മദ് നയിം, കൊല്ലം സ്വദേശി നിസാമുദ്ദീൻ എന്നിവരാണ് കോടതിയെ സമീപിച്ചത്.

കെഎസ്ഇബി മീറ്റർ റീഡർ നിയമനവും പി എസ് സി ലിസ്റ്റും റദ്ദാക്കി

നവകേരള സദസ്; സ്കൂൾ ബസ് വിട്ടുകൊടുക്കണമെന്ന ഉത്തരവിന് ഹൈക്കോടതിയുടെ സ്റ്റേ

കൊച്ചി: നവകേരള സദസിനായി സ്കൂൾ ബസ് വിട്ടുനൽകാനുള്ള ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു. കോടതി അനുമതിയില്ലാതെ സ്കൂൾ ബസ് വിട്ട് നൽകരുതെന്ന് ഹൈക്കോടതി നിര്‍ദ്ദേശിച്ചു. പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവിനെതിരെ ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെതാണ് നടപടി. കാസർകോട് സ്വദേശി നൽകിയ പരാതിയിലാണ് ഉത്തരവ്. നവകേരള സദസ്സ് പരിപാടിയുടെ ഭാഗമായി കുട്ടികളുടെ യാത്രയ്ക്ക് അസൗകര്യമില്ലാത്ത വിധത്തിൽ സ്ക്കൂൾബസുകൾ വിട്ടുനൽകാം എന്നായിരുന്നു പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ സര്‍ക്കുലർ.