റിമാൻഡ് തടവുകാരനെ ചൂടുവെള്ളം ഒഴിച്ച് പൊള്ളിച്ചതായി പരാതി

റിമാൻഡ് തടവുകാരനെ ചൂടുവെള്ളം ഒഴിച്ച് പൊള്ളിച്ചതായി പരാതി

റിമാൻഡ് തടവുകാരനെ പൊലീസുകാർ ജയിലിൽ വെച്ച് പൊള്ളിച്ചതായി പരാതി. തിരുവനന്തപുരം പൂജപ്പുര സെൻട്രൽ ജയിലിലെ തടവുകാരനായ ലിയോൺ ജോൺസൺ ആണ് കോടതിയെ സമീപിച്ചത്. ഉദ്യോഗസ്ഥർ ദേഹത്ത് ചൂടുവെള്ളം ഒഴിച്ചുവെന്നും ചികിത്സ നിഷേധിച്ചെന്നും ഇയാൾ കോടതിയിൽ സമർപ്പിച്ച പരാതിയിൽ ആരോപിക്കുന്നു.

മുഖ്യമന്ത്രിക്കെതിരെ ഫേസ്ബുക്ക്‌ പോസ്റ്റ്‌ ഇട്ട കേസിലെ പ്രതിയാണ് ലിയോൺ ജോൺസൺ. കൂടാതെ മറ്റ് നിരവധി കേസുകളിലും ഇയാൾ പ്രതിയാണ്. പൂജപ്പുര സെൻട്രൽ ജയിലിൽ റിമാൻഡ് തടവുകാരനായി കഴിയുകയാണ് ഇയാൾ. ജയിലിന്റെ വാച്ച് ടവറിലേക്ക് വിളിച്ചുവരുത്തിയ ശേഷം മൂന്ന് ജീവനക്കാർ ക്രൂരമായി മർദിക്കുകയും ചൂടുവെള്ളം ഒഴിക്കുകയും ചെയ്തുവെന്നാണ് ഇയാളുടെ ആരോപണം.

ഗുരുതരമായി പൊള്ളലേറ്റ തനിക്ക് ചികിത്സ നിഷേധിച്ചു. കൂടാതെ, സംഭവം പുറത്ത് പറഞ്ഞാൽ കൂടുതൽ കേസുകളിൽ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും തിരുവനന്തപുരം സെഷൻസ് കോടതിയിൽ നൽകിയ പരാതിയിൽ പറയുന്നു. ഷർട്ട് ധരിക്കാതെയാണ് ഇന്ന് ഇയാൾ കോടതിയിൽ എത്തിയത്. റിമാൻഡ് കാലാവധി അവസാനിച്ചതിനെ തുടർന്നാണ് കോടതിയിൽ ഹാജരാക്കിയത്. ഇയാളുടെ ബന്ധുക്കൾ നേരത്തെ മനുഷ്യാവകാശ കമ്മീഷനിലും പരാതി നൽകിയിരുന്നു.

ബെവ്കോ ഔട്ട്‍ലെറ്റിൽ കവർച്ച; 40ൽ അധികം മദ്യക്കുപ്പികളും 20,000 രൂപയും നഷ്ടപ്പെട്ടു, തറയിൽ രക്തക്കറ

ബെവ്കോ ഔട്ട്‍ലെറ്റിൽ കവർച്ച; 40ൽ അധികം മദ്യക്കുപ്പികളും 20,000 രൂപയും നഷ്ടപ്പെട്ടു, തറയിൽ രക്തക്കറ

പാലക്കാട്: പാലക്കാട് ചെർപ്പുളശ്ശേരിയിൽ ബെവ്കോ ഔട്ട്‍ലെറ്റിൽ കവർച്ച. 40ലധികം മദ്യകുപ്പികളും 20,000 രൂപയും മോഷണം പോയി. ഇന്നലെ രാത്രിയാണ് കവർച്ച നടന്നത്.

മദ്യം വിതരണം ചെയ്യുന്ന കൗണ്ടർ തകർത്താണ് മോഷ്ടാക്കൾ അകത്ത് കടന്നത്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിച്ച് പ്രതികളെ കണ്ടെത്താനാണ് ശ്രമം. മോഷ്ടാവിന്റെതെന്ന് സംശയിക്കുന്ന രക്തക്കറ തറയിലുണ്ട്. 10 വർഷം മുൻപ് ചെർപ്പുളശ്ശേരിയിലെ ബെവ്കോയിൽ മോഷണം നടന്നിരുന്നു. ആ സംഭവത്തിൽ ഇതുവരെ പ്രതികളെ പിടികൂടാനായിട്ടില്ല.

മകനെ കുത്തി പരുക്കേൽപ്പിച്ച ശേഷം അച്ഛന്‍ തൂങ്ങി മരിച്ചു

മകനെ കുത്തി പരുക്കേൽപ്പിച്ച ശേഷം അച്ഛന്‍ തൂങ്ങി മരിച്ചു

കോട്ടയത്ത് മകനെ കുത്തി പരുക്കേൽപ്പിച്ച ശേഷം അച്ഛന്‍ തൂങ്ങി മരിച്ചു. വള്ളിച്ചിറ വെട്ടുകാട്ടിൽ ചെല്ലപ്പൻ (74) ആണ് മരിച്ചത്. പരുക്കേറ്റ മകൻ ശ്രീജിത്ത് ചികിത്സയിലാണ്. സ്വത്ത് തർക്കത്തെ ചൊല്ലിയാണ് ഇരുവരും തമ്മിൽ സംഘർഷമുണ്ടായത്.

വസ്തു കൈമാറ്റവുമായി ബന്ധപ്പെട്ട് ഇരുവരും തമ്മിൽ നേരത്തെയും തർക്കമുണ്ടായിരുന്നു. നാട്ടുകാർ ചേർന്നാണ് ശ്രീജിത്തിനെ ആശുപത്രിയിലേക്ക് മാറ്റിയത്. മകനെ ആശുപത്രിയിലേക്ക് കൊണ്ടുപോയ സമയത്ത്, ചെല്ലപ്പൻ പഴയ വീടിനോട് ചേർന്ന് തൂങ്ങിമരിക്കുകയായിരുന്നു.

മരട് അനീഷിന് നേരെ ജയിലില്‍ വധശ്രമം; ബ്ലേഡ് കൊണ്ട് ശരീരമാകെ മുറിവേല്‍പ്പിച്ചു

മരട് അനീഷിന് നേരെ ജയിലില്‍ വധശ്രമം; ബ്ലേഡ് കൊണ്ട് ശരീരമാകെ മുറിവേല്‍പ്പിച്ചു

തൃശൂര്‍: വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലെ തടവുകാരന്‍ കുപ്രസിദ്ധ ഗുണ്ടാത്തലവന്‍ മരട് അനീഷിന് നേരെ വധശ്രമം. ബ്ലേഡ് കൊണ്ട് തലയിലും ശരീരത്തിലും മുറിവേല്‍പ്പിച്ചു. പരിക്കേറ്റ അനീഷിനെ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

രാവിലെ ഭക്ഷണവുമായി ബന്ധപ്പെട്ട് ഉണ്ടായ തര്‍ക്കവും മുന്‍ വൈരാഗ്യവുമാണ് സംഘര്‍ഷത്തിലേക്ക് നയിച്ചതെന്നാണ് വിവരം. സഹതടവുകാരനായ അമ്പായത്തോട് സ്വദേശിയായ അഷ്‌റഫ് ഹുസൈനുമാണ് അനീഷിനെ ബ്ലേഡ് കൊണ്ട് ആക്രമിച്ചത്. അക്രമണം തടയാന്‍ ശ്രമിക്കുന്നതിനിടെ ജയില്‍ ഉദ്യോഗസ്ഥനായ ബിനോയിക്കും പരിക്കേറ്റു. ചികിത്സയില്‍ കഴിയുന്ന അനീഷിന്റെ പരിക്ക് ഗുരുതരമല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

തൃശൂരിൽ ജ്വല്ലറിയുടെ ഭിത്തി തുരന്ന് മോഷണം; 200 ഗ്രാം വെള്ളി ആഭരണങ്ങൾ നഷ്ടപ്പെട്ടു

തൃശൂരിൽ ജ്വല്ലറിയുടെ ഭിത്തി തുരന്ന് മോഷണം; 200 ഗ്രാം വെള്ളി ആഭരണങ്ങൾ നഷ്ടപ്പെട്ടു

കയ്പമംഗലം മൂന്നുപീടികയിൽ ജ്വല്ലറിയുടെ ഭിത്തി തുരന്ന് മോഷണം. 200 ഗ്രാം വെള്ളിയാഭരണങ്ങൾ നഷ്ടപ്പെട്ടു. ഇന്ന് രാവിലെ ജ്വല്ലറി ഉടമ ഉമർ സ്ഥാപനം തുറക്കാനെത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്. ജ്വല്ലറിയുടെ പിൻവശത്തെ ചുമർ കുത്തിത്തുറന്ന് അകത്ത് കടന്ന മോഷ്ടാവ് ജ്വല്ലറിക്കുള്ളിലെ മേശവലിപ്പിൽ സൂക്ഷിച്ചിരുന്ന വെള്ളിയാഭരണങ്ങളാണ് കവർന്നത്.

ഭൂഗർഭ ലോക്കർ തുറക്കാൻ കഴിയാത്തതിനാൽ സ്വർണമൊന്നും നഷ്ടപെട്ടിട്ടില്ല. ശനിയും, ഞായറും ജ്വല്ലറി തുറന്നിരുന്നില്ല. കയ്പമംഗലം പൊലീസ് ഇൻസ്പെക്ടർ എം.ഷാജഹാന്റെ നേത്യത്വത്തിലുള്ള പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. രണ്ട് മാസം മുമ്പ് തൊട്ടുടുത്ത പൊന്നറ ജ്വല്ലറിയിലും സമാന രീതിയിൽ കവർച്ച നടന്നിരുന്നു.

വിശാഖപട്ടണം ഫിഷിംഗ് ഹാർബറിൽ വൻ തീപിടിത്തം; കോടികളുടെ നാശനഷ്ടം

വിശാഖപട്ടണം ഫിഷിംഗ് ഹാർബറിൽ വൻ തീപിടിത്തം; കോടികളുടെ നാശനഷ്ടം

വിശാഖപട്ടണം തുറമുഖത്ത് ഇന്നലെ രാത്രിയുണ്ടായ വൻ തീപിടിത്തത്തിൽ കോടികളുടെ നാശനഷ്ടം. 25 മത്സ്യബന്ധന ബോട്ടുകൾ പൂർണമായി കത്തിനശിച്ചു. 4-5 കോടി രൂപയുടെ നഷ്ടമുണ്ടായതായാണ് പ്രാഥമിക വിലയിരുത്തൽ. തീപിടിത്തത്തിന്റെ കാരണം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.

ഇന്നലെ രാത്രി 11.30 ഓടെയാണ് തീപിടിത്തമുണ്ടായത്. ഏകദേശം 15 ലക്ഷം വീതം വിലവരുന്ന 25 മത്സ്യബന്ധന ബോട്ടുകൾ കത്തിനശിച്ചു. ബോട്ടുകളിൽ ഡീസൽ കണ്ടെയ്‌നറുകളും ഗ്യാസ് സിലിണ്ടറുകളും ഉണ്ടായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. ഇവ പൊട്ടിത്തെറിച്ചുണ്ടായ സ്ഫോടനം അപകടത്തിന്റെ തീവ്രത കൂട്ടി. ഇതോടെ ഹാർബറിൽ നിന്ന് ആളുകളെ കൂട്ടത്തോടെ ഒഴിപ്പിച്ചു.

നിരവധി ഫയർ എഞ്ചിനുകൾ സ്ഥലത്തെത്തി തീയണക്കാൻ ശ്രമിച്ചെങ്കിലും നിയന്ത്രണവിധേയമാക്കാൻ കഴിഞ്ഞില്ല. ഒടുവിൽ ഇന്ത്യൻ നേവിയുടെ ഒരു കപ്പൽ കൊണ്ടുവരേണ്ടി വന്നു. സാമൂഹിക വിരുദ്ധരാണ് ബോട്ടുകൾക്ക് തീയിട്ടതെന്നാണ് മത്സ്യത്തൊഴിലാളികൾ സംശയിക്കുന്നത്. ബോട്ടുകളിലൊന്നിൽ നടന്ന പാർട്ടിയും അപകടകരണമായി പറയപ്പെടുന്നു.