by Midhun HP News | Nov 20, 2023 | Latest News, കേരളം
കേരളത്തിൽ ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. നവംബർ 23 വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇന്ന് ആറ് ജില്ലകളിൽ യെല്ലോ അലേർട്ടുണ്ട്.കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലാണ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചത്. ബംഗാൾ ഉള്‍ക്കടലില്‍ നിന്നും തെക്ക് കിഴക്കൻ ഇന്ത്യയിലേക്ക് വീശുന്ന ശക്തമായ വടക്ക് കിഴക്കന്‍ കാറ്റിന്റെ സ്വാധീന ഫലമായി ഇടിമിന്നലോടു കൂടിയ മഴയ്ക്കാണ് സാധ്യത പ്രവചിച്ചിട്ടുള്ളത്.വരും ദിവസങ്ങളിൽ ചില ജില്ലകളിൽ യെല്ലോ അലർട്ട് ആണ് നൽകിയിരിക്കുന്നതെങ്കിലും ഓറഞ്ച് അലേർട്ടിന് സമാനമായ മഴയ്ക്ക് സാധ്യത ഉള്ളതിനാൽ പ്രത്യേക ജാഗ്രത പുലർത്തേണ്ടതാണെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പ് അറിയിച്ചു.
നാളെ കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി എന്നിങ്ങനെ 5 ജില്ലകളിലാണ് അലേർട്ട്. 22ന് എട്ട് ജില്ലകളിൽ യെല്ലോ അലേർട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട് ജില്ലകളിലാണ് മുന്നറിയിപ്പ്. 23ന് പത്തനംതിട്ട, എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിലും യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
by Midhun HP News | Nov 20, 2023 | Latest News, കേരളം, ജില്ലാ വാർത്ത
കണ്ണൂര്‍: കാസര്‍കോട് ജില്ലയിലെ പര്യടനം പൂര്‍ത്തിയാക്കി നവകേരള സദസ്സ് ഇന്ന് കണ്ണൂര്‍ ജില്ലയില്‍ തുടങ്ങും. പയ്യന്നൂര്‍ മണ്ഡലത്തിലാണ് ആദ്യ ജന സദസ്സ്. പയ്യന്നൂര്‍, തളിപ്പറമ്പ്, കല്യാശ്ശേരി, ഇരിക്കൂര്‍ മണ്ഡലങ്ങളിലെ ക്ഷണിക്കപ്പെട്ട പ്രമുഖര്‍ രാവിലെ യോഗത്തില്‍ പങ്കെടുക്കും. ഇവരുമായുള്ള ചര്‍ച്ചക്ക് ശേഷം മുഖ്യമന്ത്രി പിണറായി വിജയന്‍ മാധ്യമങ്ങളെ കാണും.
11 മണിക്ക് പയ്യന്നൂര്‍, 3 മണിക്ക് മാടായി, 4.30ന് തളിപ്പറമ്പ്, 6 മണിക്ക് ശ്രീകണ്ഠപുരത്തും ജനസദസ്സ് നടക്കും. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി അഞ്ച് മണ്ഡലങ്ങളില്‍ ഏഴായിരത്തോളം പരാതികളാണ് നവകേരള സദസ്സില്‍ എത്തിയത്. നാളെയും മറ്റന്നാളും കണ്ണൂര്‍ ജില്ലയില്‍ മന്ത്രിസഭയുടെ പര്യടനം തുടരും.
നവകേരള സദസില്‍ കാസര്‍കോട് ജില്ലയില്‍ ഇതുവരെ 14,600 പരാതികള്‍ ലഭിച്ചു. മഞ്ചേശ്വരം മണ്ഡലം 1908, കാസര്‍കോട് മണ്ഡലം 3451, ഉദുമ മണ്ഡലം-3733, കാഞ്ഞങ്ങാട് മണ്ഡലം 2941, തൃക്കരിപ്പൂര്‍ മണ്ഡലം 2567 എന്നിങ്ങനെയാണ് പരാതികളുടെ മണ്ഡലം തിരിച്ചുള്ള വിശദാംശങ്ങള്‍.
by Midhun HP News | Nov 20, 2023 | Latest News, കേരളം
ആലപ്പുഴ: റെയില്‍വേ നിലപാടുകളില്‍ പ്രതിഷേധിച്ച് എറണാകുളം മെമുവില്‍ വാ മൂടിക്കെട്ടി സമരം. ജില്ലയിലെ യാത്രാക്ലേശം നേരിട്ടറിയാന്‍ എ എം ആരിഫ് എംപി എറണാകുളം മെമു ട്രെയിനില്‍ യാത്രക്കാര്‍ക്കൊപ്പം യാത്ര ചെയ്യുന്നു. ആലപ്പുഴ വഴിയുള്ള യാത്രക്കാരോടുള്ള അവഗണനയ്ക്കും തുടര്‍ച്ചയായി ആവശ്യങ്ങളെ നിരാകരിക്കുകയും ചെയ്യുന്ന റെയില്‍വേ നിലപാടുകള്‍ക്കും എതിരെയാണ് യാത്ര.
അനിയന്ത്രിതമായ മെമുവിലെ തിരക്കും വന്ദേഭാരത് മൂലം പിടിച്ചിടുന്ന ട്രെയിനുകളിലെ യാത്രക്കാര്‍ അനുഭവിക്കുന്ന ദുരിതവും അനിശ്ചിതാവസ്ഥയിലായ ഇരട്ടപ്പാതയുമടക്കം നിരവധി പ്രശ്‌നങ്ങള്‍ തീരദേശപാതയെ അലട്ടുന്നുണ്ട്. യാത്രക്കാരുടെ ആവശ്യങ്ങള്‍ക്ക് നേരെ മുഖം തിരിച്ചു നില്‍ക്കുന്ന റെയില്‍വേയുടെ സമീപനങ്ങളാണ് പ്രതിഷേധത്തിലേക്ക് നയിച്ചത്.
കായംകുളം പാസഞ്ചര്‍ വന്ദേഭാരത് മൂലം കുമ്പളത്ത് പിടിച്ചിടുകയും തുടര്‍ച്ചയായി വൈകുകയും ചെയ്തപ്പോള്‍ വന്ദേഭാരതിന്റെ സമയം പുനക്രമീകരിക്കണമെന്ന് ആവശ്യപ്പെട്ട് കറുത്ത ബാഡ്ജ് ധരിച്ച് പ്രതിഷേധിച്ച യാത്രക്കാരെ കൂടുതല്‍ നിരാശരാക്കുന്ന നിലപാടാണ് റെയില്‍വേ സ്വീകരിച്ചത്. വന്ദേഭാരത് മൂലം ട്രെയിനുകള്‍ വൈകുന്നില്ലെന്ന് പ്രസ്താവന ഇറക്കിയ റെയില്‍വേ കായംകുളം പാസഞ്ചറിന്റെ വൈകിയോടിക്കൊണ്ടിരുന്ന സമയക്രമം സ്ഥിരപ്പെടുത്തുകയായിരുന്നു. വര്‍ഷങ്ങളായി മെമുവിലെ യാത്രക്കാര്‍ നേരിടുന്ന ദുരിതം പരിഹരിക്കാന്‍ റെയില്‍വേ താത്പര്യം പ്രകടിപ്പിക്കുന്നില്ലെന്നും പ്രതിഷേധക്കാര്‍ പറയുന്നു.
ഏറനാടിന് ശേഷം രണ്ട് മണിക്കൂര്‍ ഇടവേളയിലാണ് ഇപ്പോള്‍ കായംകുളം എക്‌സ്പ്രസ്സ് സര്‍വീസ് നടത്തുന്നത്. വൈകുന്നേരത്തെ തിരക്ക് വര്‍ദ്ധിക്കുന്നതിന് ഇതൊരു പ്രധാന കാരണമായി യാത്രക്കാര്‍ ചൂണ്ടിക്കാട്ടുന്നു. വന്ദേഭാരതിന് വേണ്ടി മാറ്റിക്രമീകരിച്ച വൈകുന്നേരത്തെ കായംകുളം പാസഞ്ചറിന്റെ പഴയ സമയക്രമമായ ആറുമണിയിലേയ്ക്ക് തന്നെ ആത്യന്തികമായി പുനഃസ്ഥാപിക്കണമെന്നും യാത്രാക്ലേശം പരിഹരിക്കുന്നതിന് രാവിലെയും വൈകുന്നേരവും ഒരു മെമു സര്‍വീസ് കൂടി പരിഗണിക്കണമെന്നുമാണ് യാത്രക്കാരുടെ ആവശ്യം.
by Midhun HP News | Nov 19, 2023 | Latest News, കേരളം
കോഴിക്കോട്: ഓടി കൊണ്ടിരുന്ന കാറിന് തീപിടിച്ചു. ആനയോട് സ്വദേശി കണ്ണതറപ്പില്‍ ബിബിന്റെ കാര്‍ ആണ് അപകടത്തില്‍പ്പെട്ടത്.
തിരുവമ്പാടി കറ്റിയാടിനു സമീപമാണ് സംഭവം. സര്‍വ്വീസ് സ്റ്റേഷനില്‍ നിന്ന് സര്‍വീസ് ചെയ്ത് പുറത്തിറക്കിയ കാറിന്റെ എഞ്ചിന്റെ ഭാഗത്ത് നിന്ന് തീ പടരുകയായിരുന്നു. തീ കണ്ടതിനെ തുടര്‍ന്ന് ബിബിന്‍ കാറില്‍ നിന്ന് ഇറങ്ങി ഓടുകയായിരുന്നു. വിവരം അറിഞ്ഞെത്തിയ നാട്ടുകാര്‍ ചേര്‍ന്ന് തീ അണക്കാന്‍ ശ്രമിച്ചു. പിന്നീട് മുക്കത്തുനിന്ന് രണ്ടു യൂണിറ്റ് അഗ്‌നിശമനസേനയെത്തി തീ പൂര്‍ണമായും അണച്ചു. കാറിന്റെ മുന്‍ ഭാഗവും സീറ്റും പൂര്‍ണമായി കത്തിനശിച്ചു.
by Midhun HP News | Nov 19, 2023 | Latest News, കേരളം
കാസര്‍കോട്: പരാതികള്‍ പരിഹരിക്കാനും വികസനത്തിന് കരുത്തുപകരാനും ലക്ഷ്യമിട്ട് സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌കരിച്ച നവകേരള സദസിന്റെ രണ്ടാം ദിനമായ ഇന്ന് കാസര്‍കോട് ജില്ലയിലെ മണ്ഡലങ്ങളില്‍ പര്യടനം പൂര്‍ത്തിയാക്കും. രാവിലെ 9 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ ജില്ലയിലെ പൗരപ്രമുഖരുമായി കൂടിക്കാഴ്ച നടത്തും. കാസര്‍കോട് റസ്റ്റ് ഹൗസിലാണ് യോഗം. പത്തരയ്ക്ക് മുഖ്യമന്ത്രി മാധ്യമങ്ങളെ കാണും. തുടര്‍ന്ന് കാസര്‍കോട് മണ്ഡലം നവ കേരള സദസ്സ് നായന്മാര്‍മൂല മിനി സ്റ്റേഡിയത്തില്‍ നടക്കും. വൈകീട്ട് മൂന്ന് മണിക്ക് ഉദുമയിലും നാലരയ്ക്ക് കാഞ്ഞങ്ങാടും ആറുമണിക്ക് തൃക്കരിപ്പൂരിലുമാണ് നവകേരള സദസ്. നാളെ കണ്ണൂര്‍ ജില്ലയിലാണ് പര്യടനം.
അതിനിടെ നവകേരള സദസിന്റെ ആദ്യ ദിനമായ ശനിയാഴ്ച 2200 പരാതികളാണ് ലഭിച്ചത്. മഞ്ചേശ്വരത്ത് ലഭിച്ച പരാതികളില്‍ 45 ദിവസത്തിനകം പരിഹാരം കാണണമെന്ന് സര്‍ക്കാര്‍ നിര്‍ദേശിച്ചു. ജില്ലയിലെ മന്ത്രിമാര്‍ ഇതിന്റെ മേല്‍നോട്ടച്ചുമതല വഹിക്കും.
ജനങ്ങളില്‍ നിന്ന് നിര്‍ദേശങ്ങള്‍ സ്വീകരിക്കാനും അവരുടെ പരാതികള്‍ക്ക് പരിഹാരം കാണാനും മുഖ്യമന്ത്രി പിണറായി വിജയനും 20 മന്ത്രിമാരും ഒരു ബസില്‍ 140 നിയോജക മണ്ഡലങ്ങളിലും പര്യടനം നടത്തുന്നതാണ് ‘നവകേരള സദസ്’. വിവിധ ജില്ലകളിലെ പരിപാടികള്‍ പൂര്‍ത്തിയാക്കി ഡിസംബര്‍ 23 ന് വൈകീട്ട് ആറിന് തിരുവനന്തപുരം വട്ടിയൂര്‍ക്കാവിലാണ് നവകേരള സദസിന്റെ സമാപനം. ഒരു ദിവസം ശരാശരി നാല് മണ്ഡലങ്ങളിലെങ്കിലും ജനകീയ സദസുകള്‍ പൂര്‍ത്തിയാക്കും വിധമാണ് നവകേരള ജനസദസിന്റെ സമയക്രമീകരണം. ഓരോ ജനസദസിനും ചുരുങ്ങിയത് 5000 പേരെങ്കിലുമുണ്ടാകണമെന്നാണ് സംഘാടക സമിതിക്കുള്ള നിര്‍ദ്ദേശം.
by Midhun HP News | Nov 19, 2023 | Latest News, കേരളം
തിരുവനന്തപുരം.നവകേരള സദസ് ആരംഭിച്ചതിന് പിന്നാലെ മൂന്നു മാസത്തെ സാമൂഹ്യ സുരക്ഷാ പെൻഷൻ കുടിശ്ശിക കൂടി അനുവദിച്ചു സർക്കാർ. മെയ്, ജൂൺ, ജൂലൈ മാസങ്ങളിലെ പെൻഷനാണ് ധനവകുപ്പ് പണം അനുവദിച്ചത്. ഒരു മാസത്തെ കുടിശിക കഴിഞ്ഞ ദിവസവും അനുവദിച്ചിരുന്നു. ഇന്ദിര ഗാന്ധി ദേശീയ വാർദ്ധക്യ – വികലാംഗ – വിധവാ പെൻഷനുള്ള സംസ്ഥാന വിഹിതവും അനുവദിച്ചിട്ടുണ്ട്. പെൻഷൻ മുടങ്ങിയത് സർക്കാരിനെതിരെ പ്രതിപക്ഷം വലിയ ആയുധമാക്കിയിരുന്നു. സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധി മൂലമാണ് പെൻഷൻ മുടങ്ങിയത്.
Recent Comments