റോബിന്‍ ബസിനെ തടഞ്ഞു; ഉദ്യോഗസ്ഥര്‍ക്ക് കൂക്കി വിളി

റോബിന്‍ ബസിനെ തടഞ്ഞു; ഉദ്യോഗസ്ഥര്‍ക്ക് കൂക്കി വിളി

തൃശൂര്‍: സര്‍വീസ് പുനരാരംഭിച്ച റോബിന്‍ ബസിനെ വിടാതെ മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍. ഇന്ന് യാത്ര തുടങ്ങിയതിന് പിന്നാലെ ബസ് നാലാമതും തടഞ്ഞു. പുതുക്കാട് വെച്ചാണ് ബസ് തടഞ്ഞത്. നിയമപരമായ പരിശോധനയാണെന്നാണ് ഉദ്യോഗസ്ഥരുടെ വാദം. ഇവിടെ നിന്നും വിട്ടയച്ച ബസ് കോയമ്പത്തൂരിലേക്ക് പുറപ്പെട്ടു.
തുടര്‍ച്ചയായി ബസ് തടഞ്ഞതോടെ മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ യാത്രക്കാരും നാട്ടുകാരും രംഗത്തെത്തി. ഇത്തരത്തില്‍ തുടര്‍ച്ചയായി ബസ് തടയുന്നത് എന്തിനെന്നായിരുന്നു ഇവരുടെ ചോദ്യം. എന്നാല്‍ നടത്തുന്നത് നിയമപരമായ പരിശോധനയാണെന്നും മറ്റൊന്നും ഇപ്പോള്‍ പറയാനാവില്ലെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. പരിശോധനയ്ക്കിടെ പുതുക്കാട് വച്ച് നാട്ടുകാര്‍ എംവിഡി ഉദ്യോഗസ്ഥരെ കൂക്കിവിളിക്കുകയും ചെയ്തു. ബസിന്റെയും ഡ്രൈവറുടെയും രേഖകള്‍ ശേഖരിച്ച ശേഷമാണ് ഉദ്യോഗസ്ഥര്‍ ഇവിടെ നിന്നും മടങ്ങിയത്.

പാലിയേക്കര ടോള്‍ പ്ലാസയില്‍ വച്ച് നാട്ടുകാര്‍ ബസിനും ഉടമ ഗിരീഷിനും സ്വീകരണം നല്‍കുകയും ചെയ്തു. പത്തനംതിട്ട സ്വകാര്യ ബസ് സ്റ്റാന്‍ഡില്‍ നിന്ന് യാത്ര തുടങ്ങിയ ബസ് 100 മീറ്റര്‍ പിന്നിട്ടപ്പോളാണു പരിശോധനയുമായി എത്തിയ എംവിഡി പെര്‍മിറ്റ് ലംഘിച്ചെന്ന കുറ്റം ചുമത്തി 7500 രൂപ പിഴയിട്ടത്. പരിശോധന തുടരുമെന്ന് എംവിഡി വീണ്ടും അറിയിച്ചു. തുടര്‍ന്നു പാലാ ഇടപ്പാടിയില്‍ വച്ചും അങ്കമാലിയില്‍ വച്ചും മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ വീണ്ടും ബസ് തടഞ്ഞു. നാട്ടുകാരുടെ ഭാഗത്തു നിന്ന് പ്രതിഷേധം ഉണ്ടായതിനെ തുടര്‍ന്ന് ബസ് വിട്ടയയ്ക്കുകയായിരുന്നു.

അതേസമയം കോടതിയാണോ മോട്ടര്‍വാഹന വകുപ്പാണോ വലുതെന്ന് നോക്കാമെന്നും ഗതാഗതമന്ത്രിയുടെ പിടിവാശി അംഗീകരിക്കില്ലെന്നുമായിരുന്നു ബസ് ഉടമ പാലാ സ്വദേശി ബേബി ഗിരീഷിന്റെ പ്രതികരണം. പരിശോധനയെ തുടര്‍ന്ന് ഏറെ വൈകിയാണ് ബസിന്റെ യാത്ര. കോയമ്പത്തൂര്‍ വരെ ബസുടമയും യാത്രയുടെ ഭാഗമാകുന്നുണ്ട്. ഓഗസ്റ്റ് 30നാണ് റോബിന്‍ ബസ് പത്തനംതിട്ടയില്‍ നിന്നും കോയമ്പത്തൂരിലേക്കു സര്‍വീസ് ആരംഭിച്ചത്. സെപ്റ്റംബര്‍ ഒന്നിന് രാവിലെ റാന്നിയില്‍ വച്ച് മോട്ടോര്‍ വാഹനവകുപ്പ് നടത്തിയ പരിശോധനയില്‍ ഉദ്യോഗസ്ഥര്‍ ബസിന്റെ ഫിറ്റ്‌നസ് റദ്ദാക്കുകയായിരുന്നു. വൈപ്പര്‍ ബ്ലേഡിനു കനംകുറവ്. മഡ്ഫ്‌ലാപ് നട്ട് അയഞ്ഞു കിടക്കുന്നു. ബ്രേക്ക് ചവിട്ടുമ്പോള്‍ എയര്‍ പോകുന്ന ശബ്ദം കേള്‍ക്കുന്നു. യാത്രക്കാരുടെ ഫുട്റെസ്റ്റിന്റെ റബറിനു തേയ്മാനം. എന്നിങ്ങനെയുള്ള കുറ്റങ്ങളാണു കണ്ടെത്തിയത്.45 ദിവസങ്ങള്‍ക്കു ശേഷം കുറവുകള്‍ പരിഹരിച്ചു ഫിറ്റ്‌നസ് ടെസ്റ്റ് പാസായി.

ബസ് ഒക്ടോബര്‍ 16ന് വീണ്ടും സര്‍വീസ് തുടങ്ങി. റാന്നിയില്‍ വച്ച് ബസ് വീണ്ടും എംവിഡി പിടികൂടിയതോടെ കേസ് കോടതിയിലെത്തി. ഒക്ടോബര്‍ 16നു വീണ്ടും സര്‍വീസ് തുടങ്ങി. റാന്നിയിലെത്തിയപ്പോള്‍ മോട്ടര്‍ വാഹന വകുപ്പ് വീണ്ടും പിടികൂടി.’വയലേഷന്‍ ഓഫ് പെര്‍മിറ്റ്’ ചൂണ്ടിക്കാട്ടി ബസ് പിടിച്ചെടുത്തു. തുടര്‍ന്ന് ബസ് ഉടമയ്ക്കു തിരികെ നല്‍കണമെന്നു റാന്നി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതി ഉത്തരവിടുകയായിരുന്നു.

റോഡിൽ കിടന്ന് പ്രതിഷേധിച്ച പ്രവാസി വ്യവസായിക്കെതിരെ കേസ്

റോഡിൽ കിടന്ന് പ്രതിഷേധിച്ച പ്രവാസി വ്യവസായിക്കെതിരെ കേസ്

കോട്ടയം: വ്യവസായ സ്ഥാപനത്തിന് കെട്ടിട നമ്പര്‍ നല്‍കാത്ത പഞ്ചായത്ത് ഭരണ സമിതിക്കെതിരെ റോഡിൽ കിടന്ന് പ്രതിഷേധിച്ച പ്രവാസി വ്യവസായി ഷാജിമോൻ ജോർജിനെതിരെ കേസെടുത്ത് പൊലീസ്. പഞ്ചായത്ത് വളപ്പിൽ അതിക്രമിച്ചു കയറി സമരം ചെയ്തതിനാണ് കേസ്. ​ഗതാ​ഗതം തടസം, പൊതു ജനങ്ങൾക്ക് സഞ്ചാര തടസം എന്നിവ സൃഷ്ടിച്ചതിനും കേസുണ്ട്. ചോദ്യം ചെയ്യലിനു ഹാജരാകാൻ ആവശ്യപ്പെട്ട് നോട്ടീസ് നൽകിയിട്ടുണ്ട്. ഷാജിമോൻ യുകെയിലേക്ക് പോയതിനു പിന്നാലെയാണ് നോട്ടീസ് അയച്ചിരിക്കുന്നത്.

നാട്ടില്‍ 25 കോടി രൂപയുടെ നിക്ഷേപം നടത്തിയിട്ടും വ്യവസായ സ്ഥാപനത്തിനു കെട്ടിട നമ്പർ നൽകാത്ത പഞ്ചായത്ത് നടപടിക്കെതിരെ ഷാജിമോൻ സമരം നടത്തിയിരുന്നു. കോട്ടയം മാഞ്ഞൂര്‍ പഞ്ചായത്ത് പടിക്കലാണ് ഷാജിമോന്‍ ജോര്‍ജ് സമരം തുടങ്ങിയത്. റോഡിൽ കിടന്നും പ്രതിഷേധം നടത്തി. സാങ്കേതിക കാരണങ്ങൾ ചൂണ്ടിക്കാട്ടി മൂന്ന് മാസത്തോളമാണ് മാഞ്ഞൂർ പഞ്ചായത്ത് അധികൃതർ കെട്ടിട നമ്പർ നൽകാതിരുന്നത്. പിന്നാലെയായിരുന്നു പ്രതിഷേധം. പിന്നീട് പ്രശ്നങ്ങൾ പരിഹരിക്കപ്പെട്ടിരുന്നു.

‘തൃശൂർ വിട്ടു പോയില്ലെങ്കിൽ വിവരമറിയും’: സംവിധായകൻ വേണുവിന് ​ഗുണ്ടാഭീഷണി

‘തൃശൂർ വിട്ടു പോയില്ലെങ്കിൽ വിവരമറിയും’: സംവിധായകൻ വേണുവിന് ​ഗുണ്ടാഭീഷണി

തൃശൂർ: പ്രമുഖ ഛായാ​ഗ്രാഹകനും സംവിധായകനുമായ വേണുവിന് ​നേരെ അക്രമ ഭീഷണി. ഫോണിലൂടെയാണ് ഭീഷണി സന്ദേശം എത്തിയത്. സംഭവത്തിൽ വേണു പൊലീസിൽ പരാതി നൽകി. സിനിമയുടെ ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട് തൃശൂരിലാണ് വേണു ഇപ്പോൾ. ഷൂട്ടിങ് ലൊക്കേഷനിൽ നിന്ന് തിരിച്ചെത്തിയ വേണുവിനെ ഹോട്ടലിലെ ഫോണിൽ വിളിച്ചാണ് ഭീഷണി മുഴക്കിയത്. ഉടൻ തൃശൂർ വീട്ടുപോകണമെന്നും ഇല്ലെങ്കിൽ വിവരം അറിയും എന്നുമായിരുന്നു ഭീഷണി.

പിന്നാലെ ഈസ്റ്റ് പൊലീസ് സ്റ്റേഷനിൽ എത്തി പരാതി നൽകുകയായിരുന്നു. ഭീഷണിപ്പെടുത്തിയ സമയത്ത് ഹോട്ടലിലേക്ക് വന്ന ഫോൺ കോളുകളുടെ നമ്പറുകൾ പൊലീസിനു നൽകി. നടൻ ജോജു ജോർജ് ആ​ദ്യമായി സംവിധാനം ചെയ്യുന്ന പണിയുടെ തിരക്കിലാണ് വേണു ഇപ്പോൾ.

വ്യാജ ഐഡി കാര്‍ഡ് വിവാദം; പോലീസ് കേസെടുക്കും

വ്യാജ ഐഡി കാര്‍ഡ് വിവാദം; പോലീസ് കേസെടുക്കും

തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് വിവാദത്തില്‍ കേസെടുക്കാന്‍ പൊലീസിന് നിര്‍ദേശം. പരാതികളില്‍ മ്യൂസിയം പൊലീസ് കേസെടുക്കും. മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗളിന്റെ കത്ത് സിറ്റി പൊലീസ് കമ്മിഷണര്‍ക്ക് ഡിജിപി കൈമാറി. എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണത്തിനാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. സംഭവം അന്വേഷിക്കാന്‍ ഡിജിപിയോട് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ചയ് കൗള്‍ ആവശ്യപ്പെട്ടിരുന്നു. മൂന്നു ദിവസത്തിനകം വിശദീകരണം നല്‍കാന്‍ കോണ്‍ഗ്രസ് പാര്‍ട്ടിയോടും ആവശ്യപ്പെട്ടിരുന്നു. യൂത്ത് കോണ്‍ഗ്രസിനോടും വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്.

തുടര്‍ നടപടികള്‍ അന്വേഷണ റിപ്പോര്‍ട്ട് ലഭിച്ചതിന് ശേഷമായിരിക്കും തെരഞ്ഞെടുപ്പ് കമ്മിഷന്‍ സ്വീകരിക്കുക. നിലവില്‍ വിവാദവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷനെ അറിയിച്ചിട്ടുണ്ട്. വ്യാജ വോട്ടര്‍ ഐഡി ഉപയോഗിച്ച് തെരഞ്ഞെടുപ്പ് നടത്തിയെന്ന് ആരോപിച്ച് യൂത്ത് കോണ്‍ഗ്രസിനെതിരെ ഡിവൈഎഫ്‌ഐയും,ബിജെപിയും പരാതി നല്‍കിയിരുന്നു. സംഘടനാ തെരഞ്ഞെടുപ്പില്‍ വ്യാജ തിരിച്ചറിയല്‍ കാര്‍ഡുണ്ടാക്കിയെന്നും പാലക്കാട്ടെ ഒരു എംഎല്‍എയുടെ നേതൃത്വത്തിലാണ് തട്ടിപ്പ് നടത്തിയതെന്നും കെ സുരേന്ദ്രന്‍ ആരോപിച്ചിരുന്നു.

കുടുംബശ്രീ അം​ഗങ്ങൾ 500 രൂപ നൽകണം; നവ കേരള സദസിനായി പണപ്പിരിവ്

കുടുംബശ്രീ അം​ഗങ്ങൾ 500 രൂപ നൽകണം; നവ കേരള സദസിനായി പണപ്പിരിവ്

കാസർക്കോട്: നവ കേരള സദസിനായി കാസർക്കോട് ദേലംപാടി പഞ്ചായത്തിൽ നിർബന്ധിത പണപ്പിരിവ്. കുടുംബശ്രീ അയൽക്കൂട്ടങ്ങൾ 500 രൂപ നിർബന്ധമായും നൽകണമെന്നായിരുന്നു നിർദ്ദേശം.

പരിപാടിക്ക് എല്ലാ കുടുംബശ്രീ അം​ഗങ്ങളും നിർബന്ധമായും പങ്കെടുക്കണം. ഇതിനായി ഏർപ്പാടാക്കിയ ബസിന്റെ ചെലവിലേക്കാണ് ഓരോ കുടുംബശ്രീ അയൽക്കൂട്ടവും 500 രൂപ നൽകണമെന്നു നിർദ്ദേശിച്ചത്. സിഡിഎസ് അധ്യക്ഷ സുമ വാട്സ്ആപ്പിലൂടെയാണ് അം​ഗങ്ങൾക്ക് നിർദ്ദേശം നൽകിയത്. വായ്പ നൽകിയ വകയിൽ ലഭിച്ച പലിശയിൽ നിന്നു ഈ തുക എടുക്കണമെന്നും സന്ദേശത്തിൽ പറയുന്നു. വിഷയത്തിൽ അന്വേഷണം നടത്തുമെന്നു കലക്ടർ കെ ഇമ്പശേഖർ പറഞ്ഞു. നിർബന്ധിത പണപ്പിരിവ് നടത്തരുതെന്നു നേരത്തെ തന്നെ നിർദ്ദേശം നൽകിയിരുന്നുവെന്നും കലക്ടർ വ്യക്തമാക്കി.

‘2024ൽ കൊച്ചി  കാണണം’- ഏഷ്യയിൽ സന്ദർശിക്കേണ്ട സ്ഥലങ്ങളിൽ ഒന്നാം സ്ഥാനത്ത്

‘2024ൽ കൊച്ചി കാണണം’- ഏഷ്യയിൽ സന്ദർശിക്കേണ്ട സ്ഥലങ്ങളിൽ ഒന്നാം സ്ഥാനത്ത്

കൊച്ചി: അടുത്ത വർഷം ഏഷ്യയിൽ നിശ്ചയമായും സന്ദർശിക്കേണ്ട സ്ഥലങ്ങളിൽ കൊച്ചി ഒന്നാം സ്ഥാനത്ത്. ലോക പ്രശസ്ത ട്രാവൽ പ്രസിദ്ധീകരണമായ കൊണ്ടെ നാസ്റ്റ് ട്രാവലർ ആണ് കൊച്ചിയെ പട്ടികയിൽ ഒന്നാമതായി ഉൾപ്പെടുത്തിയത്.

കൊച്ചിയുടെ സുസ്ഥിര വികസനം, മികച്ച ജല ​ഗതാ​ഗതം, ഉത്സവങ്ങൾ എന്നിവയാണ് പ്രധാന ആകർഷകമായി വിവരിക്കുന്നത്. പട്ടികയിൽ ഉൾപ്പെട്ട ഏക ഇന്ത്യൻ ന​ഗരവും കൊച്ചിയാണ്. ഉത്തരവാദിത്വ ടൂറിസം മാനദണ്ഡങ്ങൾ പാലിക്കുന്നതിലെ നിഷ്കർഷയാണ് ഈ നേട്ടത്തിനു പിന്നിലെന്നു ടൂറിസം മന്ത്രി പിഎ മുഹമ്മദ് റിയാസ് വ്യക്തമാക്കി.

നേപ്പാളിലെ കാഠ്മണ്ഡു താഴ്വര, സിം​ഗപ്പുർ, ഉസ്ബെക്കിസ്ഥാനിലെ സിൽക്ക് റോഡ്, ജപ്പാനിലെ കോബെ ന​ഗരം, തായ്ലൻഡിലെ ബാങ്കോക്ക്, മം​ഗോളിയ, യുഎഇയിലെ റാസ് അൽ ഖൈമ, സൗ​ദി അറേബ്യയിലെ ചുവന്ന സമു​ദ്രം, വിയറ്റ്നാമിലെ ഡാ നം​ഗ്, തെക്കൻ, മധ്യ ശ്രീലങ്ക എന്നിവയാണ് പട്ടികയിൽ മറ്റ് സ്ഥലങ്ങൾ.