പിജി ഡോക്ടര്‍മാര്‍ പണിമുടക്കിലേക്ക്; നവംബര്‍ എട്ടിന് അത്യാഹിത വിഭാഗം ബഹിഷ്‌കരിക്കും

പിജി ഡോക്ടര്‍മാര്‍ പണിമുടക്കിലേക്ക്; നവംബര്‍ എട്ടിന് അത്യാഹിത വിഭാഗം ബഹിഷ്‌കരിക്കും

തിരുവനന്തപുരം: സംസ്ഥാനത്തെ റസിഡന്റ് ഡോക്ടര്‍മാര്‍ വീണ്ടും സമരത്തിലേക്ക്. നവംബര്‍ എട്ടാം തീയതി പിജി ഡോക്ടര്‍മാരും ഹൗസ് സര്‍ജനുമാരും അത്യാഹിത വിഭാഗം അടക്കം ബഹിഷ്‌കരിച്ച് സമരം നടത്തും. സ്‌റ്റൈപ്പന്റ് വര്‍ദ്ധന അടക്കം ആവശ്യപ്പെട്ടാണ് സമരം.

ആരാധനാലയങ്ങളിൽ അസമയത്ത് വെടിക്കെട്ട് വേണ്ട:  ഹൈക്കോടതി

ആരാധനാലയങ്ങളിൽ അസമയത്ത് വെടിക്കെട്ട് വേണ്ട: ഹൈക്കോടതി

കൊച്ചി: ആരാധനാലയങ്ങളിൽ അസമയത്തെ വെടിക്കെട്ടിന് നിരോധനം ഏർപ്പെടുത്തി ഹൈക്കോടതി. ദൈവത്തെ പ്രീതിപ്പെടുത്താൻ പടക്കം പൊട്ടിക്കണമെന്ന് ഒരു വിശുദ്ധ ഗ്രന്ഥത്തിലും പറയുന്നില്ലെന്ന് ഹൈക്കോടതി പറഞ്ഞു. വെടിക്കെട്ട് ശബ്ദ, പരിസ്ഥിതി മലിനീകരണങ്ങൾക്ക് കാരണമാകുന്നുണ്ട്. ആരാധനാലയങ്ങളിൽ നിയമവിരുദ്ധമായി സൂക്ഷിച്ചിരിക്കുന്ന വെടിമരുന്ന് പരിശോധന നടത്തി പിടിച്ചെടുക്കണമെന്നും കോടതി ഉത്തരവിട്ടു. ജില്ലാകലക്ടർമാർ ഇത് ഉറപ്പുവരുത്തണം. മരട് ക്ഷേത്രത്തിൽ വെടിക്കെട്ട് നിരോധിക്കണം എന്ന് ആവശ്യപ്പെട്ടുള്ള ഹർജിയിലാണ് ഹൈക്കോടതി ഉത്തരവ്.

മഞ്ചേരി സ്വദേശിയെ ഹണി ട്രാപ്പിൽ കുടുക്കാൻ ശ്രമം; നാലുപേർ അറസ്റ്റിൽ

മഞ്ചേരി സ്വദേശിയെ ഹണി ട്രാപ്പിൽ കുടുക്കാൻ ശ്രമം; നാലുപേർ അറസ്റ്റിൽ

മലപ്പുറം മഞ്ചേരി സ്വദേശിയെ ഹണി ട്രാപ്പിൽ കുടുക്കാൻ ശ്രമം. ഫാമിലി കൗൺസിലറെ കൂത്താട്ടുകുളത്തെ ലോഡ്ജിലേക്ക് വിളിച്ചുവരുത്തി അകപ്പെടുത്തുകയായിരുന്നു. സംഭവത്തിൽ നാലുപേർ കൂത്താട്ടുകുളത്ത് അറസ്റ്റിലായി.

ഈ മാസം ഒന്നാം തീയതി ഉച്ചയ്ക്ക് രണ്ടുമണിക്കാണ് സംഭവം. ഫാമിലി കൗൺസിലിംഗ് ആവശ്യമുണ്ടെന്ന് അറിയിച്ചതിനെ തുടർന്നാണ് കെണിയിൽ അകപ്പെട്ട മലപ്പുറം സ്വദേശി കൂത്താട്ടുകുളത്ത് എത്തുന്നത്. കൗൺസിലിംഗ് ആവശ്യപ്പെട്ട യുവതി ഫോണിൽ അയച്ചുകൊടുത്ത ലൊക്കേഷനിൽ എത്തുകയായിരുന്നു.

റൂമിലെത്തിയ മലപ്പുറം സ്വദേശിക്ക് യുവതി കുടിക്കുന്നതിനായി പാനീയം നൽകിയതോടെ തുടർന്ന് ഇയാളുടെ ബോധം നഷ്ടപ്പെട്ടു. ബോധം വീണ്ടെടുത്ത സമയത്ത് ഫോണിൽ ബന്ധപ്പെട്ട യുവതിയെ കൂടാതെ മറ്റ് മൂന്നുപേർ കൂടി റൂമിൽ ഉണ്ടായിരുന്നു. തുടർന്ന് പരാതിക്കാരനെയും യുവതിയെയും ചേർത്തുനിർത്തി നഗ്നചിത്രങ്ങൾ പകർത്തി ഭീഷണിപ്പെടുത്തുകയായിരുന്നു.

സംഭവത്തിൽ ഇടുക്കി പുതുശ്ശേരിപ്പടിക്കൽ പി.എസ്‌ അഭിലാഷ് (28), കൊല്ലം നൗഫൽ മൻസിൽ അൽ അമീൻ (23), ഇടുക്കി ചെരുവിൽ പുത്തൻവീട് പി ആതിര (28), ഇടുക്കി കാട്ടാഞ്ചേരി കെ.കെ അക്ഷയ (21) എന്നിവരാണ് അറസ്റ്റിലായത്.

ഗൂഗിള്‍, ആപ്പിള്‍ സ്റ്റോറുകളിലെ ഹമാസ് ചാനലുകള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തി ടെലിഗ്രാം

ഗൂഗിള്‍, ആപ്പിള്‍ സ്റ്റോറുകളിലെ ഹമാസ് ചാനലുകള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തി ടെലിഗ്രാം

ഗൂഗിള്‍, ആപ്പിള്‍ സ്റ്റോറുകളിലെ ഹമാസിന്റെ ചാനലുകളെ നിയന്ത്രിച്ച് ടെലിഗ്രാം. ഹമാസുമായി ബന്ധപ്പെട്ട എല്ലാ ചാനലുകള്‍ക്കും ടെലിഗ്രാം നിയന്ത്രണമേര്‍പ്പെടുത്തി. ഗൂഗിള്‍ പ്ലേയില്‍ നിന്നോ ആപ്പിളിന്റെ ആപ്പ് സ്റ്റോറില്‍ നിന്നോ ഡൗണ്‍ലോഡ് ചെയ്ത ടെലിഗ്രാമിന്റെ പതിപ്പുകളില്‍ ഹമാസിന്റെ ഔദ്യോഗിക അക്കൗണ്ടിലേക്കും സായുധ വിഭാഗമായ ഖസ്സാം ബ്രിഗേഡിന്റെ അക്കൗണ്ടിലേക്കും ഗാസ നൗ എന്ന വാര്‍ത്താ അക്കൗണ്ടിലേക്കുമുള്ള പ്രവേശനം നിരോധിച്ചു.

ഒക്ടോബര്‍ 7 ന് ഇസ്രയേലിനെതിരായി ഹമാസ് നടത്തിയ ആക്രമണത്തിന് പിന്നാലെ ലക്ഷണക്കണക്കിന് പുതിയ ഫോളോവേഴ്‌സാണ് ഹമാസിന്റെ ടെലിഗ്രാം ഗ്രൂപ്പുകളിലേക്കെത്തിയത്. ഈ അക്കൗണ്ടുകള്‍ ടെലിഗ്രാമിന്റെ ഓണ്‍ലൈന്‍ പതിപ്പില്‍ നിന്നും ടെലിഗ്രാമിന്റെ വെബ്സൈറ്റില്‍ നിന്ന് നേരിട്ട് ഡൗണ്‍ലോഡ് ചെയ്ത ആപ്പിന്റെ പതിപ്പില്‍ നിന്നും ഇപ്പോഴും ആക്സസ് ചെയ്യാന്‍ കഴിയും.

ഹമാസിനെ നിയന്ത്രിക്കാനുള്ള നീക്കത്തെക്കുറിച്ച് ടെലിഗ്രാം പരസ്യപ്രതികരണം നടത്തിയിട്ടില്ലെങ്കിലും ”ഇസ്രയേല്‍ വിരുദ്ധ പ്രസ്ഥാനങ്ങള്‍”ക്കെതിരെ പ്രചാരണം നടത്തുന്ന യുഎസ് ആസ്ഥാനമായുള്ള സച്ചോര്‍ ലീഗല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഹമാസിന്റെ ടെലിഗ്രാം പ്രവര്‍ത്തനങ്ങള്‍ ചൂണ്ടിക്കാട്ടി ആപ്പിളിന് കത്തെഴുതിയിരുന്നു. ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്കായി ബ്ലോക്ക് ചെയ്തിട്ടും ലിങ്ക് ചെയ്ത അക്കൗണ്ടുകള്‍ ഐഒഎസില്‍ ആക്സസ് ചെയ്യാന്‍ കഴിയുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഇത്. പിന്നാലെയാണ് നിയന്ത്രണം.

സംസ്ഥാനത്ത് തുലാവര്‍ഷം ശക്തമാകുന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് തുലാവര്‍ഷം ശക്തമാകുന്നു. ഇന്ന് മൂന്നു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പുറപ്പെടുവിച്ചു. ഇടുക്കി, കോഴിക്കോട്, വയനാട് ജില്ലകളിലാണ് തീവ്രമഴ മുന്നറിയിപ്പ്. ഒമ്പതു ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പുറപ്പെടുവിച്ചിട്ടുണ്ട്.

കോട്ടയവും കാസര്‍കോടും ഒഴിച്ചുള്ള ജില്ലകളിലാണ് മഞ്ഞ ജാഗ്രതാ ( അതിശക്ത മഴ) മുന്നറിയിപ്പുള്ളത്. ഉച്ചയ്ക്ക് ശേഷം ഇടിമിന്നലോടു കൂടിയ ശക്തമായ മഴയുണ്ടാകുമെന്നാണ് അറിയിപ്പ്. മണിക്കൂറില്‍ 40 കി.മീ വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു

നാളെ പത്തനംതിട്ട, ഇടുക്കി ജില്ലകളിലും ഓറഞ്ച് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളില്‍ നാളെ യെല്ലോ അലര്‍ട്ടുമുണ്ട്.

ബംഗാള്‍ ഉള്‍ക്കടലില്‍ നിന്നും തെക്ക് കിഴക്കന്‍ ഇന്ത്യക്കു മുകളിലേക്ക് വീശുന്ന കിഴക്കന്‍ / വടക്ക് കിഴക്കന്‍ കാറ്റിന്റെയും സ്വാധീനഫലമായി അടുത്ത ഏഴു ദിവസം സംസ്ഥാനത്ത് മഴക്ക് സാധ്യതയുണ്ട്. നവംബര്‍ 6 വരെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്കും, നവംബര്‍ 3, 4 തീയതികളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ അതിശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ഷാജൻ സ്കറിയയുടെ മുൻകൂർ ജാമ്യം: സംസ്ഥാന സർക്കാർ നൽകിയ ഹർജി തള്ളി സുപ്രീം കോടതി

ഷാജൻ സ്കറിയയുടെ മുൻകൂർ ജാമ്യം: സംസ്ഥാന സർക്കാർ നൽകിയ ഹർജി തള്ളി സുപ്രീം കോടതി

തിരുവനന്തപുരം: മറുനാടൻ മലയാളി എഡിറ്ററും ഉടമയുമായ ഷാജൻ സ്കറിയയുടെ മുൻകൂർ ജാമ്യത്തിനെതിരെ സംസ്ഥാന സർക്കാർ നൽകിയ ഹർജി തള്ളി സുപ്രീം കോടതി. നിലമ്പൂർ പൊലീസെടുത്ത കേസിലെ മുൻകൂർ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ ഹർജി നൽകിയത്. മുൻകൂർ ജാമ്യ ഉത്തരവിൽ ഹൈക്കോടതി നൽകിയ പരാമർശം കേസിൻ്റെ വിചാരണയെ ബാധിക്കരുതെന്നും സുപ്രീം കോടതി വ്യക്തമാക്കി.

സംസ്ഥാനത്തിനായി സീനിയർ അഭിഭാഷകൻ ജയന്ത് മുത്തുരാജ്, സ്റ്റാൻഡിംഗ് കൗൺസൽ നിഷേ രാജൻ ഷൊങ്കർ എന്നിവർ ഹാജരായി. മതവിദ്വേഷം വളർത്താൻ ശ്രമിച്ചെന്ന കേസിൽ ഹൈക്കോടതി നൽകിയ മൂൻകൂർ ജാമ്യം റദ്ദാക്കണമെന്നാണ് സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ ആവശ്യപ്പെട്ടത്. നിലമ്പൂർ നഗരസഭ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സ്‌കറിയ നൽകിയ പരാതിയിൽ ആയിരുന്നു ഷാജൻ സ്കറിയക്കെതിരെ പൊലീസ് കേസെടുത്തത്. ഈ കേസിൽ കഴിഞ്ഞ ഓഗസ്റ്റിലാണ് ഹൈക്കോടതി ജാമ്യം നൽകിയത്. സംസ്ഥാനത്തിനായി സ്റ്റാൻഡിംഗ് കൌൺസൽ നിഷേ രാജൻ ഷൊങ്കറാണ് ഹർജി സമർപ്പിച്ചത്.