കേരള പൊലീസിൽ 5 വര്‍ഷത്തിനിടെ ആത്മഹത്യ ചെയ്തത് 69 ഉദ്യോഗസ്ഥർ; ഞെട്ടിക്കുന്ന റിപ്പോർട്ട്

കേരള പൊലീസിൽ 5 വര്‍ഷത്തിനിടെ ആത്മഹത്യ ചെയ്തത് 69 ഉദ്യോഗസ്ഥർ; ഞെട്ടിക്കുന്ന റിപ്പോർട്ട്

തിരുവനന്തപുരം: സംസ്ഥാന പൊലീസിൽ അഞ്ച് വര്‍ഷത്തിനിടെ ആത്മഹത്യ ചെയ്തത് 69 പേർ. കേരള പൊലീസ് തയ്യാറാക്കിയ റിപ്പോർട്ടിൽ അഞ്ച് വർഷത്തിനിടെ 12 പേർ ആത്മഹത്യാ ശ്രമവും നടത്തിയിട്ടുള്ളതായി വ്യക്തമാക്കുന്നു. ജോലി സമ്മര്‍ദ്ദത്തിന് ഒപ്പം കുടുംബ പ്രശ്നങ്ങളും ആത്മഹത്യകൾക്ക് കാരണമാകുന്നുണ്ടെന്നാണ് പൊലീസ് തയ്യാറാക്കിയ റിപ്പോർട്ടിലെ കണ്ടെത്തൽ. ജീവിതം പാതിവഴിക്ക് അവസാനിപ്പിക്കുന്ന പൊലീസുകാരുടെ എണ്ണം ഏറി വരുമ്പോഴും കൗൺസിലിംഗിന് തയ്യാറാക്കിയ പദ്ധതി പണമില്ലാത്ത കാരണം നിലച്ചുപോയി.

പൊലീസ് സേനാംഗങ്ങൾക്കിടയിൽ മാനസിക സമ്മര്‍ദ്ദം ഏറുന്നു എന്ന ചര്‍ച്ചകൾക്കിടെയാണ് കഴിഞ്ഞ വര്‍ഷങ്ങളിൽ ആത്മഹത്യ ചെയ്ത പൊലീസുകാരുടെ കണക്ക് ശേഖരിച്ചത്. 2019 ജനുവരി മുതൽ ഇക്കഴിഞ്ഞ സെപ്തംബര്‍ വരെ 69 പേരാണ് ആത്മഹത്യ ചെയ്തത്. ഇതിൽ 32 പേര്‍ സിവിൽ പൊലീസ് ഓഫീസർമാരാണ്. 16 സീനിയർ സിവിൽ പൊലിസ് ഓഫീസർമാരും 8 ഗ്രേഡ് എസ്ഐമാരും ഒരു എസ്എച്ച്ഒയും ആത്മഹത്യ ചെയ്തിട്ടുണ്ട്. 2019ൽ 18 പേർ ആത്മഹത്യ ചെയ്തപ്പോള്‍ 2020ൽ 10 ഉം, 2021 ൽ എട്ടും പേരാണ് ആത്മഹത്യ ചെയ്തത്. വിശദവും സമഗ്രവുമായി നടത്തിയ അന്വേഷണത്തിൽ ജോലി സമ്മര്‍ദ്ദം എന്ന ഒറ്റക്കാരണമല്ല ആത്മഹത്യകൾക്ക് പിന്നിലുള്ളത്. കുടുംബ പ്രശ്നങ്ങളും സാമ്പത്തിക പ്രശ്നങ്ങളും രോഗവും എല്ലാം കാരണമാണ്.

സേനയുടെ കരുത്തും കെട്ടുറപ്പും മാനസിക ആരോഗ്യവും സംരക്ഷിക്കാൻ ലക്ഷ്യമിട്ടാണ് സംസ്ഥാനത്തെ മുഴുവൻ പൊലീസുകാര്‍ക്കും കൗൺസിലിംഗ് നൽകാൻ പദ്ധതി തയ്യാറാക്കിയത്. മൂന്ന് വര്‍ഷം മുൻപത്തെ ആശയം ഇന്നും ഫയലിൽ ഉറങ്ങുന്നു. ബംഗലൂരുവിലെ നിംഹാൻസുമായി സഹകരിച്ചായിരുന്നു പദ്ധതി.

അഞ്ച് കോടി രൂപ ബജറ്റിട്ടു. പൊലീസുകാരെയും കുടുംബാംഗങ്ങളെയും പങ്കെടുപ്പിച്ചുള്ള പദ്ധതി പക്ഷെ ഇന്നും എങ്ങും എത്തിയിട്ടില്ല. സാമ്പത്തിക പരാധീനകളാണ് കാരണം പറയുന്നത്. സ്റ്റേഷനുകളിൽ അതിരൂക്ഷമായ ആൾക്ഷാമം കാരണം പൊലീസുകാർക്ക് എട്ടുമണിക്കൂര്‍ ജോലി സമയം പാലിക്കാനാകില്ല. ജോലി ഭാരം കുറയ്ക്കാൻ ക്രമസമാധാനവും കുറ്റാന്വേഷണവും വേര്‍തിരിക്കുമെന്ന പ്രഖ്യാപനവും പാതിവഴിക്ക് ഉപേക്ഷിച്ച മട്ടാണ്.

പൊലീസ് മർദ്ദനത്തില്‍ 17 കാരന്റെ നട്ടെല്ലിന് പരിക്കേറ്റ സംഭവം; രണ്ട് പൊലീസുകാർക്കെതിരെ നടപടി

പൊലീസ് മർദ്ദനത്തില്‍ 17 കാരന്റെ നട്ടെല്ലിന് പരിക്കേറ്റ സംഭവം; രണ്ട് പൊലീസുകാർക്കെതിരെ നടപടി

കോട്ടയം: വാഹന പരിശോധനയുടെ പേരില്‍ പാലാ സ്റ്റേഷനില്‍ വിദ്യാര്‍ത്ഥിയെ ക്രൂരമായി മര്‍ദ്ദിച്ചെന്ന പരാതിയിൽ രണ്ടു പൊലീസുകാർക്കെതിരെ കേസെടുത്തു. ട്രാഫിക് യൂണിറ്റിലെ ബിജു, പ്രേംസൺ എന്നിവർക്കെതിരെയാണ് പാലാ പൊലീസ് കേസെടുത്തത്. പെരുമ്പാവൂർ സ്വദേശി പാര്‍ത്ഥിപന്റെ പരാതിയിലാണ് ഐപിസി 323, 325 വകുപ്പ് ചുമത്തി കേസെടുത്തിരിക്കുന്നത്.

പൊലീസ് മര്‍ദ്ദനത്തില്‍ പെരുമ്പാവൂര്‍ സ്വദേശിയായ 17 കാരന് നട്ടെല്ലിന് പരിക്കേറ്റ് ചികിത്സയിലാണ്. വിദ്യാര്‍ത്ഥിയുടെ ആരോപണം പാലാ പൊലീസ് നിഷേധിച്ചെങ്കിലും ഏഷ്യാനെറ്റ് ന്യൂസ് വാര്‍ത്തയ്ക്ക് പിന്നാലെ സംഭവത്തില്‍ കോട്ടയം എസ്‍പി അന്വേഷണത്തിന് ഉത്തരവിട്ടുകയായിരുന്നു. കഴിഞ്ഞ ശനിയാഴ്ച കൂട്ടുകാരനെ വിളിക്കാന്‍ കാറുമായി പോയ പാര്‍ത്ഥിപനെ വഴിയില്‍ പൊലീസ് കൈ കാണിച്ചു. വണ്ടി നിര്‍ത്താത്തിനെ തുടര്‍ന്ന് പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു.

ലൈസന്‍സ് ഇല്ലാതെ വാഹനമോടിച്ചതിന് പാലാ പൊലീസ് സ്റ്റേഷനില്‍ എത്തിച്ചു. കൈയ്യില്‍ ലഹരി മരുന്ന് ഉണ്ടെന്ന് ആരോപിച്ച് പൊലീസ് മര്‍ദ്ദിച്ചെന്നാണ് വിദ്യാര്‍ത്ഥി ആരോപിക്കുന്നത്. സ്റ്റേഷനില്‍ ക്യാമറയില്ലാത്ത ഭാഗത്തേക്ക് മാറ്റി നിര്‍ത്തിയായിരുന്നു മര്‍ദ്ദനമെന്നും വിദ്യാര്‍ത്ഥി പറയുന്നു.

സംസ്ഥാനത്ത് അടുത്ത ഏഴ് ദിവസം ഇടത്തരം മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്

സംസ്ഥാനത്ത് അടുത്ത ഏഴ് ദിവസം ഇടത്തരം മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്

ബംഗാൾ ഉൾക്കടലിൽ നിന്നും തെക്ക് കിഴക്കൻ ഇന്ത്യക്കു മുകളിലേക്ക് വീശുന്ന കിഴക്കൻ / വടക്ക് കിഴക്കൻ കാറ്റിന്റെയും സ്വാധീനഫലമായി അടുത്ത 7 ദിവസം മിതമായ, ഇടത്തരം മഴക്ക്‌ സാധ്യത. നവംബർ 3 മുതൽ 6 വരെ കേരളത്തിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്കും, നവംബർ 3, 4 തീയതികളിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ അതിശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.

ഇന്ന് പത്തു ജില്ലകളിലും നാളെ 12 ജില്ലകളിലും മഴ മുന്നറിയിപ്പുണ്ട്. ഇടുക്കിയിൽ ഇന്ന് ഓറഞ്ച് അലേർട്ടാണ്. കൊല്ലം, പത്തനംതിട്ട, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, ജില്ലകളിൽ യല്ലോ മുന്നറിയിപ്പുണ്ട്.

പത്തനംതിട്ടയില്‍ ബൈക്ക് യാത്രികന്‍ മരിച്ച നിലയില്‍; ബൈക്കും മൃതദേഹവും ഓടയില്‍

പത്തനംതിട്ടയില്‍ ബൈക്ക് യാത്രികന്‍ മരിച്ച നിലയില്‍; ബൈക്കും മൃതദേഹവും ഓടയില്‍

പത്തനംതിട്ട: പത്തനംതിട്ട പുല്ലാട് ബൈക്ക് യാത്രക്കാരന്‍ റോഡരികില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ബൈക്കും മൃതദേഹവും ഓടയില്‍ കുടുങ്ങിയ നിലയിലാണ്. വാഹനാപകടമാണെന്നാണ് പ്രാഥമിക നിഗമനം.

മുട്ടുമണ്‍ ചെറുകോല്‍പ്പുഴ റോഡില്‍ പുല്ലാട് ആത്മാവ് കവലയ്ക്ക് സമീപം രാവിലെയാണ് മൃതദേഹം കണ്ടെത്തുന്നത്. രാവിലെ ഇതുവഴി പോയ യുവാക്കളാണ് മൃതദേഹം കണ്ടെത്തുന്നത്. തുടര്‍ന്ന് ഇവര്‍ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.

മൃതദേഹത്തിന്റെ മുഖത്ത് അടക്കം പരിക്കേറ്റിട്ടുണ്ട്. മൃതദേഹത്തില്‍ നിന്നും ഒരു ഐഡന്റിറ്റി കാര്‍ഡ് ലഭിച്ചതായി സൂചനയുണ്ട്. എന്നാല്‍ മരിച്ചത് ആരാണെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടില്ല. അപകട മരണമാണെന്നാണ് പൊലീസിന്റെ പ്രാഥമിക വിലയിരുത്തല്‍.

വൈദ്യുതി ചാർജിന് പിന്നാലെ വെള്ളക്കരവും വർദ്ധിപ്പിക്കാനൊരുങ്ങി സർക്കാർ

വൈദ്യുതി ചാർജിന് പിന്നാലെ വെള്ളക്കരവും വർദ്ധിപ്പിക്കാനൊരുങ്ങി സർക്കാർ

തിരുവനന്തപുരം: വൈദ്യുതി വർധിപ്പിച്ചതിന് പിന്നാലെ അടുത്ത ഇരുട്ടടിയായി വെള്ളക്കരവും കൂട്ടുന്നു. ഏപ്രിൽ 1 മുതൽ 5 % നിരക്ക് വർധനയാണ് ഉണ്ടാകുക. ചാർജ് വർധിപ്പിക്കുന്നത് സംബന്ധിച്ച് ജല അതോറിറ്റി ഫെബ്രുവരിയിൽ സർക്കാരിന് ശുപാർശ നൽകും. കടമെടുപ്പ് പരിധി ഉയർത്തുന്നതിനായി കേന്ദ്ര സർക്കാർ മുന്നോട്ട് വച്ച വ്യവസ്ഥ പ്രകാരമാണിത്.

ശബരിമല മേല്‍ശാന്തി തെരഞ്ഞെടുപ്പ്: ഹര്‍ജി ഇന്ന് വീണ്ടും പരിഗണിക്കും; സിസിടിവി ദൃശ്യങ്ങള്‍ കോടതി പരിശോധിച്ചു

ശബരിമല മേല്‍ശാന്തി തെരഞ്ഞെടുപ്പ്: ഹര്‍ജി ഇന്ന് വീണ്ടും പരിഗണിക്കും; സിസിടിവി ദൃശ്യങ്ങള്‍ കോടതി പരിശോധിച്ചു

കൊച്ചി: ശബരിമല മേല്‍ശാന്തി തെരഞ്ഞെടുപ്പ് ചോദ്യം ചെയ്തുകൊണ്ടുള്ള ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. തെരഞ്ഞെടുപ്പ് സുതാര്യമല്ലെന്നും, അതിനാല്‍ റദ്ദാക്കണമെന്നുമാണ് ഹര്‍ജിയിലെ ആവശ്യം. ഹൈക്കോടതിയുടെ ദേവസ്വം ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്.

തിരുവനന്തപുരം സ്വദേശി മധുസൂദനന്‍ നമ്പൂതിരിയാണ് ഹര്‍ജി നല്‍കിയത്.
മേല്‍ശാന്തി തെരഞ്ഞെടുപ്പിനായി പേരെഴുതി തയ്യാറാക്കിയ കടലാസുകള്‍ എല്ലാം ഒരേ രീതിയില്‍ അല്ല മടക്കിയതെന്നും ഇത് അട്ടിമറി ലക്ഷ്യമിട്ടാണെന്നുമാണ് ഹര്‍ജിയില്‍ ആരോപിക്കുന്നത്.

കോടതി നിര്‍ദേശപ്രകാരം മേല്‍ശാന്തി നറുക്കെടുപ്പിന്റെ സിസിടിവി ദൃശ്യങ്ങള്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഹൈക്കോടതിയില്‍ ഹാജരാക്കിയിരുന്നു. ശ്രീകോവിലിനു മുന്‍പില്‍ നറുക്കെടുപ്പ് നടക്കുന്നതിന്റെ 19.12 മിനിറ്റുള്ള വിഡിയോ ദൃശ്യങ്ങള്‍ ഇന്നലെ തുറന്ന കോടതിയില്‍ ജസ്റ്റിസ് അനില്‍ കെ നരേന്ദ്രന്‍, ജസ്റ്റിസ് ജി ഗിരീഷ് എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് പരിശോധിച്ചിരുന്നു.