റേഷന്‍ കടകള്‍ക്ക് മാസത്തിലെ ആദ്യത്തെ പ്രവൃത്തി ദിനം അവധി

റേഷന്‍ കടകള്‍ക്ക് മാസത്തിലെ ആദ്യത്തെ പ്രവൃത്തി ദിനം അവധി

തിരുവനന്തപുരം: അടുത്ത മാസം മുതല്‍ റേഷന്‍ കടകള്‍ക്ക് മാസത്തിലെ ആദ്യ പ്രവൃത്തി ദിനം അവധിയായിരിക്കും. ഭക്ഷ്യമന്ത്രി ജി ആര്‍ അനില്‍ ആണ് ഇക്കാര്യം അറിയിച്ചത്. റേഷന്‍ വ്യാപാരി സംഘടനകളുടെ ആവശ്യം പരിഗണിച്ചാണ് തീരുമാനം. ഒരു മാസത്തെ റേഷന്‍ വിതരണം അവസാനിച്ച് അടുത്ത മാസത്തെ റേഷന്‍ വിതരണം ആരംഭിക്കും മുമ്പ് റേഷന്‍ വിഹിതം സംബന്ധിച്ച് ഇ പോസ് മെഷീനില്‍ ക്രമീകരണം വരുത്തേണ്ടതുണ്ട്. അതിനാല്‍ നിലവില്‍ മാസത്തെ ആദ്യത്തെ പ്രവൃത്തിദിനം വൈകീട്ടോടെയാണ് റേഷന്‍ വിതരണം ആരംഭിക്കാനാകുന്നത്.

ഈ സാഹചര്യത്തിലാണ് മാസത്തിലെ ആദ്യത്തെ പ്രവൃത്തി ദിനം അവധി വേണമെന്ന് റേഷന്‍ വ്യാപാരികള്‍ ആവശ്യമുന്നയിച്ചത്. നിലവില്‍ ഞായറാഴ്ചയും പൊതു അവധി ദിവസങ്ങളിലുമാണ് റേഷന്‍ കടകള്‍ക്ക് അവധിയുള്ളത്.

വീണ്ടും ഇരുട്ടടി, സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂട്ടി

വീണ്ടും ഇരുട്ടടി, സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂട്ടി

തിരുവനന്തപുരം: വിലക്കയറ്റത്തിൽ പൊറുതിമുട്ടിയ ജനങ്ങൾക്ക് വീണ്ടും തിരിച്ചടി. സംസ്ഥാനം വൈദ്യുതി നിരക്ക് കൂട്ടി. യൂണിറ്റിന് ശരാശരി 20 പൈസ വരെയാണ് കൂട്ടിയത്. പ്രതിമാസം 40 യൂണിറ്റിൽ താഴെയുള്ളവർക്ക് നിരക്ക് വർധന ബാധകമല്ല. 100 യൂണിറ്റ് ഉപയോഗിക്കുന്നവർക്ക് 20 ശതമാനം നിരക്ക് വർധനയുണ്ടാകും. വൈദ്യുതി റഗുലേറ്ററി കമ്മീഷൻ നിരക്ക് വർധന ഇന്നലെ മുതൽ പ്രാബല്യത്തിൽ വന്നു.

25 മുതൽ 40 ശതമാനം വരെ നിരക്ക് കൂട്ടണമെന്നായിരുന്നു നേരത്തെ കെഎസ്ഇബി വൈദ്യുതി റഗുലേറ്ററി കമ്മീഷന് മുന്നിൽ വെച്ച ആവശ്യം. നിലവിൽ പരമാവധി 20 ശതമാനമാണ് കൂട്ടിയത്. 2022 ജൂണിലാണ് കേരളം അവസാനമായി വൈദ്യുതി നിരക്ക് കൂട്ടിയിരുന്നത്. അനാഥാലയങ്ങൾ, വ്യദ്ധസദനങ്ങൾ, ഐടി, ഐടി അനുബന്ധ സ്ഥാപനങ്ങൾ എന്നിവയ്ക്ക് നിരക്ക് വർധന ബാധകമല്ല.

വെട്ടുകാട് പള്ളി തിരുന്നാള്‍: തിരക്ക് നിയന്ത്രിക്കാന്‍ കെ.എസ്.ആര്‍.ടിസി പ്രത്യേക സര്‍വീസ്

വെട്ടുകാട് പള്ളി തിരുന്നാള്‍: തിരക്ക് നിയന്ത്രിക്കാന്‍ കെ.എസ്.ആര്‍.ടിസി പ്രത്യേക സര്‍വീസ്

വെട്ടുകാട് മാദ്രെ ദെ ദേവൂസ് ദേവാലയത്തിലെ ഈ വര്‍ഷത്തെ ക്രിസ്തുരാജത്വ തിരുന്നാളിനോടനുബന്ധിച്ചുള്ള മുന്നൊരുക്കങ്ങള്‍ വിലയിരുത്താന്‍ ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജുവിന്റെ നേതൃത്വത്തില്‍ അവലോകന യോഗം ചേര്‍ന്നു. നവംബര്‍ 17 മുതല്‍ 26 വരെ നടക്കുന്ന പെരുന്നാളിന് മുന്നോടിയായി സര്‍ക്കാര്‍ വകുപ്പുകള്‍ ഒരുക്കുന്ന അടിസ്ഥാന സൗകര്യങ്ങളെല്ലാം ഇതിനോടകം പൂർണമായിട്ടുണ്ട്.പെരുന്നാള്‍ ദിവസങ്ങളില്‍ വാഹനത്തിരക്ക് നിയന്ത്രിക്കുന്നതിനായി കെ.എസ്.ആര്‍.ടി.സിയുടെ ഇലക്ട്രിക്ക് ബസ് സര്‍വീസ് ഏര്‍പ്പെടുത്തുന്നത് പരിഗണനയിലാണെന്ന് മന്ത്രി ആന്റണി രാജു പറഞ്ഞു.

ശംഖുമുഖം മുതല്‍ വേളി ടൂറിസം വില്ലേജ് വരെയുള്ള റോഡില്‍ വലിയ വാഹനങ്ങളെ നിയന്ത്രിച്ച്, തീര്‍ത്ഥാടകരെ കെ എസ് ആർ ടി സി ബസില്‍ പള്ളിയിലേക്കും തിരിച്ചും എത്തിക്കാനാണ് പദ്ധതി. ഇതുകൂടാതെ ഉത്സവ ദിവസങ്ങളിലെ തിരക്ക് കണക്കിലെടുത്ത് ജില്ലകളിലെ വിവിധ ഡിപ്പോകളില്‍ നിന്നും കിഴക്കേക്കോട്ട, തമ്പാനൂര്‍ എന്നിവിടങ്ങളില്‍ നിന്നും പ്രത്യേക സര്‍വീസും നടത്തും.ട്രാഫിക് നിയന്ത്രണത്തിനും സുരക്ഷക്കും പോലീസ് പ്രത്യേക പദ്ധതികള്‍ തയ്യാറാക്കിയിട്ടുണ്ട്. സുരക്ഷയ്ക്കായി കൂടുതല്‍ സി.സി.ടി.വി ക്യാമറകളും മഫ്തിയിലും യൂണിഫോമിലും പോലീസ് ഉദ്യോഗസ്ഥരെയും നിയമിക്കും. പോലീസ് കണ്‍ട്രോള്‍ റൂമും സ്ഥാപിക്കും. നിരോധിത ലഹരിമരുന്നിന്റെ ഉപയോഗം തടയാന്‍ പോലീസും എക്‌സൈസ് വകുപ്പും പ്രത്യേക പരിശോധനകള്‍ നടത്തുന്നുണ്ട്.

പള്ളിയുടെ പരിസരത്തും കടല്‍ത്തീരത്തും തിരുവനന്തപുരം കോര്‍പ്പറേഷന്റെ നേതൃത്വത്തിലുള്ള ശുചീകരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി. ജീവനക്കാരെ ഷിഫ്റ്റ് അടിസ്ഥാനത്തില്‍ നിയോഗിച്ചാണ് ശുചീകരണം നടത്തുന്നത്. ഉത്സവ ദിവസങ്ങളില്‍ കടല്‍ത്തീരത്ത് അടി്ഞ്ഞുകൂടുന്ന മാലിന്യങ്ങള്‍ നീക്കാനും ഹരിത പ്രോട്ടോക്കോള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്താനും പ്രത്യേക സജ്ജീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

തെരുവ് നായ പ്രശ്‌നം പരിഹരിക്കുന്നതിനുള്ള ക്രമീകരണങ്ങളും പുരോഗമിക്കുകയാണ്. വെട്ടുകാട് പരിസരത്തെ റോഡുകളുടെ അറ്റക്കുറ്റപ്പണികൾ ഉടൻ പൂർത്തിയാകും. കേടായ തെരുവുവിളക്കുകളെല്ലാം മാറ്റിസ്ഥാപിച്ചിട്ടുണ്ട്. ഉത്സവ ദിവസങ്ങളില്‍ പ്രത്യേക ട്രെയിനുകള്‍ക്ക് കൊച്ചുവേളി, പേട്ട സ്റ്റേഷനുകളില്‍ സ്റ്റോപ്പ് അനുവദിക്കുകയും കൊച്ചുവേളി റെയില്‍വേ സ്റ്റേഷനില്‍ പ്രത്യേക കൗണ്ടര്‍ ഏര്‍പ്പെടുത്തുകയും ചെയ്യും. ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ മെഡിക്കല്‍ സംഘവും ആംബുലന്‍സ് സൗകര്യവുമുണ്ടാകും.

ടിക്കറ്റുകൾ കരിഞ്ചന്തയ്ക്ക് വിറ്റു; ബിസിസിഐക്കെതിരെ എഫ് ഐ ആർ

ടിക്കറ്റുകൾ കരിഞ്ചന്തയ്ക്ക് വിറ്റു; ബിസിസിഐക്കെതിരെ എഫ് ഐ ആർ

ബിസിസിഐക്കെതിരെ കോൽക്കത്തയിൽ കേസ്. ടിക്കറ്റുകൾ കരിഞ്ചന്തക്ക് വിറ്റെന്ന കേസിലാണ് എഫ് ഐ ആർ. നവംബർ അഞ്ചിന് ഈഡൻ ഗാർഡൻസിൽ നടക്കുന്ന ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള മത്സരത്തിന്റെ ടിക്കറ്റുകളുടെ പേരിലാണ് കേസ്. ബിസിസിഐ, സിഎബി, ബുക്ക് മൈ ഷോ എന്നിവയ്‌ക്കെതിരെ കൊൽക്കത്ത പോലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തു. ബിസിസിഐ, സിഎബി, ബുക്ക് മൈ ഷോ എന്നിവക്ക് പൊലീസ് നോട്ടീസ് അയച്ചു.

അതേസമയം മലിനീകരണ തോത് ഉയര്‍ത്തുമെന്നതിനാല്‍ മുംബൈയിലും ഡല്‍ഹിയിലും നടക്കുന്ന ലോകകപ്പ് മത്സരങ്ങളില്‍ കരിമരുന്ന് പ്രയോഗം ഉണ്ടാകില്ലെന്ന് ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡ് (ബി.സി.സി.ഐ) അറിയിച്ചു. മുംബൈയിലെ മോശമാകുന്ന വായുഗുണനിലവാരം ബോംബെ ഹൈക്കോടതിയുടെ ശ്രദ്ധയില്‍പ്പെടുകയും, സ്വമേധയാ നടപടികള്‍ ആരംഭിക്കുകയും ചെയ്ത അതേ ദിവസമാണ് ബിസിസിഐയുടെ പ്രഖ്യാപനം. പാരിസ്ഥിതിക പ്രശ്‌നങ്ങളോട് പോരാടാന്‍ ബോര്‍ഡ് പ്രതിബദ്ധരാണെന്ന് ബി.സി.സി.ഐ. സെക്രട്ടറി ജയ് ഷാ പറഞ്ഞു.

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; 9 ജില്ലകളിൽ യെല്ലോ അലേർട്ട്

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; 9 ജില്ലകളിൽ യെല്ലോ അലേർട്ട്

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത. ഒമ്പത് ജില്ലകളിൽ യെല്ലോ അലേർട്ടാണ്. തിരുവനന്തപുരം, കൊല്ലം കോട്ടയം പത്തനംതിട്ട, ഇടുക്കി, പാലക്കാട്. മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് യെല്ലോ അലേർട്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ഉച്ചയ്ക്ക് ശേഷം ഇടിയോട് കൂടി മഴ കനത്തേക്കും. കേരള-കർണാടക തീരത്തും ലക്ഷദ്വീപ് പ്രദേശത്തും മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കേരള തീരത്ത് ഇന്ന് രാത്രി 11.30 വരെ 1.2 മുതൽ 2.0 മീറ്റർ വരെയും തെക്കൻ തമിഴ്‌നാട് തീരത്ത് 1.2 മുതൽ 2.1 മീറ്റർ വരെയും ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു.

സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിച്ച കേരളീയത്തിനെതിരെ പ്രതിപക്ഷ നേതാവ് വിഡി സതീശന്‍

സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിച്ച കേരളീയത്തിനെതിരെ പ്രതിപക്ഷ നേതാവ് വിഡി സതീശന്‍

പത്തനംതിട്ട: സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിച്ച കേരളീയത്തിനെതിരെ പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ദാരിദ്ര്യം മറയ്ക്കാനായി ഉണക്കാനിട്ട പട്ടുകോണകമാണ് കേരളീയം എന്ന് വിഡി സതീശന്‍ പറഞ്ഞു. സംസ്ഥാനം രൂക്ഷമായ ധനപ്രതിസന്ധിയിലൂടെ കടന്നുപോകുന്നുവെന്നാണ് സര്‍ക്കാര്‍ ഇന്നലെ കോടതിയില്‍ പറഞ്ഞത്.

അതുകൊണ്ട് സര്‍ക്കാരിന് ഗ്യാരണ്ടി പോലും നല്‍കാന്‍ കഴിയുന്നില്ല. അത് സര്‍ക്കാരിന് ബാധ്യതയാണ്. ഹൈക്കോടതി പോലും രൂക്ഷമായി വിമര്‍ശിച്ചു. ദാരിദ്ര്യമാണ്, അഞ്ചു പൈസയില്ല. പക്ഷെ ദാരിദ്ര്യം മറയ്ക്കാന്‍ വേണ്ടി പുരപ്പുരത്ത് പട്ടുകോണകം ഉണക്കാനിട്ടതുപോലെയാണ് കേരളീയം നടത്തുന്നത്. വിഡി സതീശന്‍ പറഞ്ഞു.

എന്താണ് കേരളീയത്തിന്റെ ഉദ്ദേശം. കേരളത്തിന് പുറത്തുള്ള പ്രധാനപ്പെട്ട ആളുകള്‍ തിരുവനന്തപുരത്ത് വന്ന് പരിപാടിയില്‍ പങ്കെടുത്ത് തിരിച്ചുപാേയി പുകഴ്ത്തി പറയുമെന്നാണ് മുഖ്യമന്ത്രി പറയുന്നത്. ഈ പരിപാടിക്ക് 75 കോടിയോളം വരും. കുഞ്ഞുങ്ങള്‍ക്ക് ഉച്ചയൂണിന് പണം കൊടുക്കാനില്ലാത്ത സര്‍ക്കാരാണ് ഈ ആര്‍ഭാടം കാണിക്കുന്നത്.

കേരളീയം പരിപാടി ധൂര്‍ത്താണ്. പ്രതിപക്ഷം ഓരോ വകുപ്പിലും പറയുന്ന കാര്യവുമായി ബന്ധപ്പെട്ട് ഏതെങ്കിലും വസ്തുതാപരമായ തെറ്റുണ്ടെങ്കില്‍, സംസ്ഥാനത്തെ യഥാര്‍ത്ഥമായ ധനപ്രതിസന്ധി വിവരിക്കുന്ന ഒരു ധവളപത്രം ഇറക്കാന്‍ സര്‍ക്കാരിനെ വെല്ലുവിളിക്കുന്നതായി പ്രതിപക്ഷ നേതാവ് പറഞ്ഞു. കേരളം ഇതുവരെ കാണാത്ത ഏറ്റവും ഭയാനകമായ ധനപ്രതിസന്ധിയിലാണ് കേരളം കടന്നുപോകുന്നതെന്നും വിഡി സതീശന്‍ പറഞ്ഞു.