by Midhun HP News | Nov 2, 2023 | Latest News, കേരളം
പുത്തൻ ശാസ്ത്ര സാങ്കേതിക വിദ്യകൾ പരിശീലിപ്പിച്ച് ക്ഷീരമേഖലയിൽ മൂല്യ വർദ്ധിത ഉൽപ്പന്നങ്ങളുടെ ഉൽപ്പാദനത്തിലടക്കം മാറ്റങ്ങൾ സൃഷ്ടിക്കാൻ കഴിയണമെന്ന് മന്ത്രി ജെ ചിഞ്ചു റാണി പറഞ്ഞു. കേരളീയത്തിന്റെ രണ്ടാം ദിനം ജിമ്മി ജോർജ് സ്റ്റേഡിയത്തിൽ നടന്ന കേരളത്തിലെ ക്ഷീര വികസനമേഖല എന്ന വിഷയത്തിൽ സംഘടിപ്പിച്ച സെമിനാറിൽ അദ്ധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
പാലുൽപാദനത്തിൽ 90% സ്വയംപര്യാപ്തത കൈവരിക്കുന്നതിന് നമുക്ക് സാധിച്ചത് ആവശ്യമായ നയസമീപനങ്ങൾ സ്വീകരിച്ചതിലൂടെയാണ്. വിവിധ വകുപ്പുകളിലൂടെ കൂടുതൽ കർഷകരെ പശുവളർത്തൽ മേഖലയിൽ ആകർഷിക്കുവാൻ കഴിഞ്ഞു.
ശാസ്ത്രീയമായ പശു വളർത്തൽ രീതികൾ അവലംബിക്കാൻ സംസ്ഥാനത്തെ കർഷകരെ പരിശീലിപ്പിക്കുക, സംസ്ഥാനത്ത് ഉപഭോക്താക്കൾക്ക് ഗുണമേന്മയുള്ള പാൽ ലഭ്യമാക്കുക, പാൽ ഉത്പന്നങ്ങളുടെ ഉപഭോഗം വർദ്ധിപ്പിക്കുന്നതിനുള്ള കർമ്മ പദ്ധതികൾ നടപ്പാക്കുക എന്നിവ പ്രധാനമാണ്. സ്വയം സഹായ സംഘങ്ങൾ രൂപീകരിച്ചുകൊണ്ട് പശു വളർത്തൽ മേഖല ശാക്തീകരിക്കുക അതോടൊപ്പം തന്നെ ഉൽപ്പാദനച്ചെലവ് തിരിച്ച് സംസ്ഥാനത്തെ പശുവളർത്തൽ ലാഭകരമാക്കാനായി തീറ്റ വസ്തുക്കൾ മിതമായ നിരക്കിൽ കർഷകർക്ക് ലഭിക്കുവാനുള്ള വിവിധ പദ്ധതികൾ നടപ്പിലാക്കാനും ഗവൺമെന്റിന് കഴിഞ്ഞു. ശാസ്ത്രീയ പ്രജനന നയം നടപ്പിലാക്കുന്ന വഴി പാൽ ഉൽപാദന് വർദ്ധിച്ചു. പശുവളർത്തൽ മേഖലയിൽ ആധുനികവൽക്കരണവും യന്ത്രവൽക്കരണവും നടപ്പിലാക്കുക സംസ്ഥാനത്തിന് ആവശ്യമായ തലമുറ ഉരുക്കളെ ഉറപ്പാക്കുന്നതിനായി കന്നു കുട്ടികളെ ശാസ്ത്രീയമായി പരിപാലിക്കുക എന്നിവയിലും ശ്രദ്ധ നൽകുന്നു.
വാണിജ്യാടിസ്ഥാനത്തിൽ തീറ്റപ്പുൽ വളർത്തൽ പ്രോൽസാഹിപ്പിക്കുകയാണ്. ക്ഷീരകർഷകർക്കും പശുക്കൾക്കും മികച്ചതും ചെലവുകുറഞ്ഞതുമായ ആരോഗ്യസംരക്ഷണം , പൂർണമായ ഇൻഷുറൻസ് പരിരക്ഷ പദ്ധതികൾ എന്നിവ ഉറപ്പ് നൽകുന്നു. സാമൂഹ്യസുരക്ഷ ഉറപ്പാക്കിയും ആധുനിക സാങ്കേതിക വിദ്യയുടെ ഉപയോഗം പ്രയോജനപ്പെടുത്തിക്കൊണ്ടും സംസ്ഥാനത്തെ ക്ഷീര ഉൽപ്പാദന രംഗത്ത് വിപ്ലവകരമായ മാറ്റം കൊണ്ടുവരികയാണ് സർക്കാർ ചെയ്യുന്നത്. കലണ്ടർ തയ്യാറാക്കി പ്രതിരോധമാർഗങ്ങൾ അവലംബിച്ചും രോഗ സാധ്യത കുറച്ചും വാതിൽ പ്പടി മൃഗചികിത്സ സേവനം നൽകിയും മൃഗസംരക്ഷണ വകുപ്പ് സേവനങ്ങൾ ഉറപ്പാക്കുന്നു.
സ്റ്റാർട്ടപ്പ് മിഷനുകൾ സാധ്യത പരമാവധി പ്രയോജനപ്പെടുത്തി.
100% സ്വയംപര്യാപ്തത എന്ന ലക്ഷ്യത്തിലേക്ക് സംസ്ഥാനം മാറുകയാണ്. മേഖലയിൽ നിന്നും കൊഴിഞ്ഞു പോകുന്ന കർഷകരുടെ എണ്ണം നിയന്ത്രിച്ചു കൊണ്ടുവരേണ്ടതുണ്ട്. പുല്ലിന്റെ ലഭ്യത കുറവ് പരിഹരിക്കുക, വർദ്ധിച്ച പാൽ ഉൽപ്പാദന ചെലവ് നിയന്ത്രിക്കുക, സ്ഥലപരിമിതിയുടെ പ്രശ്നങ്ങൾ എന്നിവ നാം നേരിടുന്ന വെല്ലുവിളികളാണ്.
അന്തരീക്ഷ മലിനീകരണ പ്രശ്നങ്ങൾ , രജിസ്ട്രേഷൻ നടപടികളിൽ നേരിടുന്ന കാലതാമസം എന്നിവ പരിഹരിക്കും. ക്ഷീര കർഷകർക്ക് ഉയർന്ന ബാങ്ക് പലിശ നിരക്ക് നൽകേണ്ടി വരുന്നു എന്ന് പ്രശ്നം നിലവിലുണ്ട്. കേരളം ഒരുകുടക്കീഴിൽ അഭിമാനകരമായ ഒത്തുചേരുന്ന ഈ ധന്യ മുഹൂർത്തത്തിൽ ക്ഷീര കേരളത്തിൻറെ സാക്ഷ്യപ്പെടുത്തലായി നമ്മുടെ ഒത്തുചേരൽ മാറി എന്നത് അഭിമാനകരമാണെന്നും മന്ത്രി അഭിപ്രായപ്പെട്ടു.
ദേശീയ ക്ഷീരവികസന ബോർഡ് ചെയർമാൻ മിനേഷ് ഷാ,ഇന്ത്യൻ ഡയറി അസോസിയേഷൻ പ്രസിഡൻറ് ഡോ.ആർ എസ് സോധി , മൃഗസംരക്ഷണ വകുപ്പ് ഡയറക്ടർ ഡോ. എ കൗശിഗൻ,മിൽമ ചെയർമാൻ കെ എസ് മണി ,ഡോ.പ്രകാശ് കളരിക്കൽ , ഡോ. എസ് രാംകുമാർ ,പ്രൊഫ. പി സുധീർബാബു ക്ഷീരകർഷക അവാർഡ് ജേതാവ് ബീന തങ്കച്ചൻ , ഫാദർ ജിബിൻ ജോസ് എന്നിവർ സംബന്ധിച്ചു
by Midhun HP News | Nov 2, 2023 | Latest News, കേരളം
രാജ്യത്തെ ഏറ്റവും മികച്ച സേനയാണ് കേരള പൊലീസെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പേരൂർക്കട എസ് എ പി ഗ്രൗണ്ടിൽ കേരളപ്പിറവി, കേരള പൊലീസ് രൂപീകരണദിനം എന്നിവയോടനുബന്ധിച്ചുള്ള പൊലീസ് പരേഡില്‍ അഭിവാദ്യം സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരള പൊലീസിന്‍റെ വളർച്ച അത്ഭുതാവഹമാണ്. പൊലീസിൽ സമ്മാനതകളില്ലാത്ത മാറ്റമാണ് കഴിഞ്ഞ ഏഴ് വർഷത്തിനിടെ ഉണ്ടായത്. കുറ്റാന്വേഷണത്തിൽ ആധുനിക രീതികൾ മികച്ച രീതിയിൽ ഉപയോഗിക്കുന്നതായും സൈബർ അന്വേഷണ മേഖലയിലെ മികവ് എടുത്തു പറയേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു.പ്രതിസന്ധി ഘട്ടങ്ങളിൽ സാമൂഹ്യ സേവനം നൽകുന്ന സേനയായി മാറി.
സാമൂഹ്യ പ്രതിബദ്ധതയോടു കൂടിയുള്ള പ്രവർത്തനം ഇനിയും തുടരണം. വനിതകളുടെ പ്രാതിനിധ്യം വർദ്ധിപ്പിക്കുക എന്നതാണ് സർക്കാരിന്‍റെ നയം. 4552 വനിതകൾ പൊലീസിൽ ഉണ്ട്. കഴിഞ്ഞ ഏഴ് വര്‍ഷ കാലയളവില്‍ നിരവധി നിരവധി നിയമനങ്ങള്‍ നടന്നതായും മുഖ്യമന്ത്രി പറഞ്ഞു.
രാജ്യത്തെ മികച്ച ക്രമസമാധാനമുള്ള സംസ്ഥാനമായി കേരളം നിരവധി തവണ തെരഞ്ഞെടുക്കപ്പെട്ടു. രാജ്യത്ത് വർഗീയ സംഘർഷം ഇല്ലാത്ത ഏക സ്ഥാനം കേരളമാണ്. ഇതിൽ കേരള പൊലീസിന്‍റെ സേവനം വളരെ വലുതാണെന്നും അദ്ദേഹം പറഞ്ഞു.
by Midhun HP News | Nov 2, 2023 | Latest News, കേരളം
ഡൽഹി: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തു. ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പിടാത്തതിനെതിരെയാണ് ഹര്‍ജി. എട്ട് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പിട്ടിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി ഫയല്‍ ചെയ്തിരിക്കുന്നത്. ബില്ലുകളിൽ തീരുമാനം അനന്തമായി നീട്ടാനാകില്ലെന്നാണ് സര്‍ക്കാര്‍ നിലപാട്. നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് സർക്കാർ നീക്കം.
ലോകായുക്ത, സര്‍വകലാശാല നിയമഭേദഗതി തുടങ്ങിയ ബില്ലുകള്‍ തുടര്‍നടപടികള്‍ സ്വീകരിക്കാതെ പിടിച്ചുവയ്ക്കുന്ന ഗവര്‍ണറുടെ നടപടിക്കെതിരെയാണ് സർക്കാർ നീക്കം. നിയമസഭ പാസാക്കിയ ബില്‍ ഗവര്‍ണര്‍ക്ക് അയച്ചാല്‍ എന്ത് നടപടി സ്വീകരിക്കാം എന്നതിനെ സംബന്ധിച്ച് ഭരണഘടനയുടെ ഇരുന്നൂറാം അനുച്ഛേദത്തിലാണ് വിശദീകരിക്കുന്നത്.
ഗവർണർ ബില്ലിൽ ഒപ്പിട്ടാൽ അത് നിയമമാകും. ഒപ്പിടുന്നില്ലെങ്കില്‍ പുനഃപരിശോധനയ്ക്ക് തിരിച്ചയക്കാം. പുനഃപരിശോധനയ്ക്ക് അയച്ച ബില്‍ നിയമസഭ ഒരു മാറ്റവും വരുത്താതെ തിരിച്ചയച്ചാല്‍ ഗവര്‍ണര്‍ ഒപ്പിടാന്‍ ബാധ്യസ്ഥനുമാണ്. ബില്ല് രാഷ്ട്രപതിയുടെ പരിഗണനയ്ക്ക് വിടാനുള്ള അധികാരവും ഗവര്‍ണര്‍ക്ക് ഭരണഘടന നല്‍കുന്നു. എന്നാല്‍ ബില്ലില്‍ ഗവര്‍ണര്‍ ഒപ്പിടാതിരുന്നാല്‍ സര്‍ക്കാരിന് ഓര്‍മിപ്പിക്കാമെന്നല്ലാതെ കൂടുതല്‍ ഇടപെടലുകള്‍ നടത്താനാകില്ല. എന്നാൽ, ഈ അധികാരം നൽകുന്ന അനുച്ഛേദത്തിൽ ഗവർണർ തീരുമാനം എടുക്കുന്നതിനെ സംബന്ധിച്ച് സമയ പരിധി നിശ്ചയിച്ചിട്ടില്ല. ഈ പഴുത് ഉപയോഗിച്ചാണ് ഗവര്‍ണര്‍ ബില്ലുകളില്‍ തീരുമാനം എടുക്കാതെ അനന്തമായി നീട്ടി കൊണ്ട് പോകുന്നത്.
by Midhun HP News | Nov 2, 2023 | Latest News, കേരളം
കോട്ടയം: പൊലീസുകാരുടെ മർദ്ദനത്തിൽ നട്ടെല്ലിന് പരിക്കേറ്റതായി 17കാരൻ്റെ പരാതി. പെരുമ്പാവൂർ സ്വദേശിയായ പാർത്ഥിപനാണ് പാലാ പൊലീസ് സ്റ്റേഷനിലെ രണ്ട് പൊലീസുകാർ തന്നെ മർദ്ദിച്ചുവെന്നും മർദ്ദനത്തിൽ നട്ടെല്ലിന് പരിക്കേറ്റുവെന്നുമുള്ള പരാതിയുമായി എത്തിയത്. പാർത്ഥിപൻ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. കുനിച്ചുനിർത്തി മുതുകിൽ മർദ്ദിച്ചെന്നാണ് കുട്ടിയുടെ പരാതി. നട്ടെല്ലിനേറ്റ പരിക്കിനെ തുടർന്ന് മകന് അനങ്ങാൻ കഴിയുന്നില്ലെന്നും ശുചിമുറിയിലേക്ക് വരെ എടുത്ത് പിടിച്ചാണ് കൊണ്ടുപോകുന്നതെന്നും കുട്ടിയുടെ അമ്മ പറയുന്നു.
അതേസമയം, പൊലീസ് മർദ്ദനമെന്ന ആരോപണം കള്ളമാണെന്നാണ് പാലാ പൊലീസിന്റെ വാദം. പാർത്ഥിപനെ ലൈസൻസ് ഇല്ലാതെ വാഹനം ഓടിച്ചതിനാണ് പിടികൂടിയതെന്നും മർദ്ദിച്ചിട്ടില്ലെന്നും പൊലീസുകാർ പറയുന്നു. സംഭവത്തിൽ പ്രാഥമിക അന്വേഷണം നടത്താൻ പാലാ ഡിവൈഎസ്‌പിയെ ചുമതലപ്പെടുത്തിയതായി കോട്ടയം എസ്പി അറിയിച്ചു. പരാതിയിൽ കഴമ്പുണ്ടെന്ന് കണ്ടാൽ പൊലീസുകാർക്കെതിരെ നടപടിയെടുക്കുമെന്നും വിശദമായ അന്വേഷണം നടത്തുമെന്നും എസ്‌പി വ്യക്തമാക്കി.
by Midhun HP News | Nov 2, 2023 | Latest News, കേരളം
തിരുവനന്തപുരം: ബിവ്‌റേജസ് കോര്‍പ്പറേഷനില്‍ കൂട്ടസ്ഥിരപ്പെടുത്തല്‍. 995 താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താനാണ് തീരുമാനം. എല്‍ഡിസി, യുഡിസി സമാന തസ്തികകളില്‍ ജോലി ചെയ്യുന്നവര്‍ക്കാണ് സ്ഥിരനിയമനം. ബെവ്‌കോ ഡയറക്ടര്‍ ബോര്‍ഡിന്റേയാണ് തീരുമാനം. ഇത് സംബന്ധിച്ച നിര്‍ദേശം സര്‍ക്കാരിലേയ്ക്ക് അയച്ചു. ബിവ്‌റജ് കോര്‍പ്പറേഷന്‍ ഡയറക്ടര്‍ ബോര്‍ഡിന്റെ തീരുമാനത്തിന്റെ പകര്‍പ്പ് റിപ്പോര്‍ട്ടറിന് ലഭിച്ചു.
ചാരായഷാപ്പുകള്‍ പൂട്ടിയപ്പോള്‍ ബിവ്‌റേജില്‍ ജോലി ലഭിച്ചവരും ആശ്രിത നിയമനത്തിലൂടെ താല്‍ക്കാലിക ജോലിയില്‍ പ്രവേശിച്ചവരും ഔട്ട്‌ലറ്റുകളില്‍ ജീവനക്കാരുടെ കുറവ് വന്നപ്പോള്‍ താല്‍ക്കാലികമായി നിയമിച്ചവരും സ്ഥിരപ്പെടുത്തുന്നവരുടെ ലിസ്റ്റിലുണ്ട്. താല്‍ക്കാലികമായി ജോലിക്ക് കയറിയവരെ കൂട്ടത്തോടെ സ്ഥിരപ്പെടുത്തുന്നത് പിഎസ്സി ഉദ്യോഗാര്‍ത്ഥികള്‍ക്ക് തിരിച്ചടിയാകും. പിഎസ്സി വഴി കയറിയവര്‍ക്ക് പ്രൊമോഷന്‍ ഇല്ലാതാകും.
ഫയല്‍ ഇപ്പോള്‍ നികുതി വകുപ്പിന്റെ പരിഗണനയിലാണ്. ഉത്തരവ് ഉടന്‍ ഇറങ്ങിയേക്കും. എക്‌സൈസ് മന്ത്രി പങ്കെടുത്ത യൂണിയന്‍ നേതാക്കളുടെ യോഗത്തിലാണ് ആവശ്യം ഉയര്‍ന്നത്. 2023 സെപ്റ്റംബര്‍ 19 നാണ്് യോഗം ചേര്‍ന്നത്. യൂണിയന്‍ നേതാക്കളുടെ അപേക്ഷ പ്രകാരമാണ് തീരുമാനം. ഇത്രയേറെ പേരെ ഒന്നിച്ച് സ്ഥിരപ്പെടുത്തുന്നത് അപൂര്‍വ്വമാണ്. ഇത് കോടതി വിധികളുടെ ലംഘനമെന്നും ആക്ഷേപം ഉയരുന്നുണ്ട്
by Midhun HP News | Nov 2, 2023 | Latest News, കേരളം
മുഖ്യമന്ത്രി പിണറായി വിജയന് നേരെ വധഭീഷണി സന്ദേശം. പൊലീസ് ആസ്ഥാനത്തേക്കാണ് സന്ദേശമെത്തിയത്. സ്‌കൂള്‍ വിദ്യാര്‍ത്ഥിയാണ് ഭീഷണി സന്ദേശമയച്ചതിന് പിന്നിലെന്ന് തിരുവനന്തപുരം മ്യൂസിയം പൊലീസ് പറഞ്ഞു. ഇന്നലെ വൈകുന്നേരം അഞ്ചേകാലോടെയാണ് പൊലീസ് ആസ്ഥാനത്തേക്ക് ഒരു ഫോണ്‍ കോളെത്തിയത്. ഫോണില്‍ വിളിച്ചയാള്‍ ആദ്യം മോശമായി സംസാരിക്കുകയും പിന്നാലെ മുഖ്യമന്ത്രിയെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.
പൊലീസിന്റെ എമര്‍ജന്‍സി സപ്പോര്‍ട്ടിങ് നമ്പരായ 112ലേക്ക് വിളിച്ചായിരുന്നു വധഭീഷണി മുഴക്കിയത്. തുടര്‍ന്ന് പൊലീസ് ആസ്ഥാനത്ത് നിന്ന്, വിളിച്ച നമ്പര്‍ മ്യൂസിയം പൊലീസിന് കൈമാറി. അന്വേഷണത്തില്‍ ഭീഷണിക്ക് പിന്നില്‍ എറണാകുളം സ്വദേശിയായ ഏഴാംക്ലാസുകാരനെന്ന് പൊലീസ് കണ്ടെത്തി. സംഭവത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. ഒരാഴ്ചയ്ക്കിടെ മുഖ്യമന്ത്രിക്ക് നേരെയുണ്ടായ രണ്ടാമത്തെ വധഭീഷണിയാണിത്.
Recent Comments