by Midhun HP News | Nov 2, 2023 | Latest News, കേരളം
ഹെൽമറ്റ് ധരിക്കാത്തതിന്റെ പേരിൽ ഇന്ത്യയില്‍ ഇരുചക്രവാഹന യാത്രക്കാരുടെ മരണനിരക്ക് വർദ്ധിക്കുന്നതിൽ ആശങ്ക രേഖപ്പെടുത്തി അന്താരാഷ്ട്ര റോഡ് ഫെഡറേഷൻ (ഐആർഎഫ്). ഇരുചക്ര വാഹന യാത്രികർ ഹെൽമറ്റ് ധരിക്കാതെ അപകടത്തിൽപ്പെടുന്നവരുടെ എണ്ണം കുറയ്ക്കുന്നതിനും സുരക്ഷാ ഉപകരണങ്ങളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനായി ഹെല്‍മറ്റിന് ചരക്ക് സേവന നികുതി (ജിഎസ്ടി) വെട്ടിക്കുറയ്ക്കാനുള്ള നിർദ്ദേശവും ഫെഡറേഷൻ മുന്നോട്ട് വച്ചിട്ടുണ്ട്. ഹെൽമെറ്റുകളുടെ ജിഎസ്ടി പൂർണമായും ഒഴിവാക്കണമെന്നാണ് ഏജൻസിയുടെ ആവശ്യം. നിലവിൽ ഹെൽമെറ്റ് വിലയിൽ ഇന്ത്യയിൽ 18 ശതമാനം ജിഎസ്ടി ഉൾപ്പെടുന്നു.
റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം കഴിഞ്ഞ ദിവസം 2022 ലെ ഇന്ത്യയിലെ റോഡപകടങ്ങളെക്കുറിച്ചുള്ള ഒരു റിപ്പോർട്ട് പുറത്തിറക്കിയിരുന്നു. കഴിഞ്ഞ വർഷം 4.61 ലക്ഷം റോഡപകടങ്ങൾക്ക് ഇന്ത്യ സാക്ഷ്യം വഹിച്ചതായും 1.68 ലക്ഷം പേർക്ക് ജീവൻ നഷ്ടപ്പെട്ടതായും റിപ്പോർട്ട് പറയുന്നു. മൊത്തം മരണസംഖ്യയിൽ 50,029 പേർ ഹെൽമറ്റ് ധരിക്കാതെ ഇരുചക്ര വാഹനങ്ങൾ ഓടിച്ചവരാണ്. അവരിൽ 70 ശതമാനത്തിലധികം റൈഡർമാരായിരുന്നു.
ഇരുചക്രവാഹനങ്ങൾ നാലുചക്രവാഹനങ്ങളിൽ കൂടുതൽ വിൽക്കുന്ന ഒരു രാജ്യത്ത് ഹെൽമെറ്റുകളുടെ ഉപയോഗം പലപ്പോഴും വിരളമാണ്. ഹെൽമെറ്റില്ലാതെ വാഹനമോടിക്കുന്നത് തടയാൻ കർശന നിയമമുണ്ടെങ്കിലും വൻ നഗരങ്ങളിൽ പോലും ട്രാഫിക് നിയമം ലംഘിക്കുന്നവരെ ദിനംപ്രതി കാണാം. മിക്ക ഇരുചക്രവാഹന യാത്രികരും വിലകുറഞ്ഞതും അപകടമുണ്ടായാൽ തടയാൻ പര്യാപ്‍തമല്ലാത്തതുമായ ഹെൽമെറ്റുകൾ വാങ്ങാൻ തയ്യാറാകുന്നതായി കണ്ടിട്ടുണ്ടെന്നും ഐആർഎഫ് പ്രസിഡന്റ് കെ കെ കപില പറഞ്ഞു.
ഹെൽമെറ്റുകളിൽ ജിഎസ്ടി ഉണ്ടാകരുതെന്ന് ഐആർഎഫ് ശക്തമായി ശുപാർശ ചെയ്യുന്നുവെന്നും ഇത് സാധാരണ ഹെൽമെറ്റുകൾ സാധാരണക്കാർക്ക് താങ്ങാവുന്ന വിലയുള്ളതാക്കാനും നിലവാരമില്ലാത്ത ഹെൽമെറ്റുകൾ വാങ്ങുന്നതിൽ നിന്ന് അവരെ നിരുത്സാഹപ്പെടുത്താനും സഹായിക്കുമെന്നും ഐആർഎഫ് പറയുന്നു.
by Midhun HP News | Nov 2, 2023 | Latest News, കേരളം
ക്രിക്കറ്റ് ലോകകപ്പിൽ ഇന്ത്യ ഇന്ന് ശ്രീലങ്കക്കെതിരെ. മുംബൈ വാംഖഡെയിൽ ഉച്ചകഴിഞ്ഞ് 2.30ന് മത്സരം ആരംഭിക്കും. ദക്ഷിണാഫ്രിക്കയെ മറികടന്ന് ഒന്നാം സ്ഥാനത്തെത്താൻ ഇന്ത്യ ഇറങ്ങുമ്പോൾ വരുന്ന ചാമ്പ്യൻസ് ട്രോഫിയ്ക്ക് യോഗ്യത ലഭിക്കാനാണ് ശ്രീലങ്കയുടെ ശ്രമം. ലോകകപ്പിൽ ആദ്യ എട്ട് സ്ഥാനങ്ങളിലെത്തുന്നവർക്കാണ് ചാമ്പ്യൻസ് ട്രോഫി കളിക്കാൻ യോഗ്യത ലഭിക്കുക.ക്രിക്കറ്റ് ലോകകപ്പിൽ ഇന്ത്യ ഇന്ന് ശ്രീലങ്കക്കെതിരെ. മുംബൈ വാംഖഡെയിൽ ഉച്ചകഴിഞ്ഞ് 2.30ന് മത്സരം ആരംഭിക്കും.
ദക്ഷിണാഫ്രിക്കയെ മറികടന്ന് ഒന്നാം സ്ഥാനത്തെത്താൻ ഇന്ത്യ ഇറങ്ങുമ്പോൾ വരുന്ന ചാമ്പ്യൻസ് ട്രോഫിയ്ക്ക് യോഗ്യത ലഭിക്കാനാണ് ശ്രീലങ്കയുടെ ശ്രമം. ലോകകപ്പിൽ ആദ്യ എട്ട് സ്ഥാനങ്ങളിലെത്തുന്നവർക്കാണ് ചാമ്പ്യൻസ് ട്രോഫി കളിക്കാൻ യോഗ്യത ലഭിക്കുക.ആറ് മത്സരങ്ങളിൽ ആറും ജയിച്ച് 12 പോയിൻ്റുമായി പട്ടികയിൽ രണ്ടാമതാണ് ഇന്ത്യ. ദക്ഷിണാഫ്രിക്കയ്ക്കൊപ്പം ടൂർണമെൻ്റിലെ കരുത്തരായ ടീം. ടൂർണമെൻ്റിൽ ഇന്നുവരെ പരാജയമറിയാത്ത ഒരേയൊരു ടീം. ടൂർണമെൻ്റിലെ തന്നെ ഏറ്റവും ശക്തമായ ബൗളിംഗ് നിര.
മുഹമ്മദ് ഷമി കൂടിയെത്തിയതോടെ ഈ ബൗളിംഗ് നിരയുടെ കരുത്ത് വർധിച്ചിട്ടുണ്ട്. ബാറ്റിംഗിൽ രോഹിത് ശർമ നൽകുന്ന വിസ്ഫോടനാത്മക തുടക്കവും വിരാട് കോലിയുടെ സ്ഥിരതയും മധ്യനിരയിൽ കെഎൽ രാഹുലിൻ്റെ മിന്നും ഫോമും. ഓപ്പണിംഗിൽ ശുഭ്മൻ ഗില്ലും മധ്യനിരയിൽ ശ്രേയാസ് അയ്യരുമാണ് പെരുമയ്ക്കൊത്ത പ്രകടനം നടത്താൻ കഴിയാത്തവർ. ഇതിൽ ശ്രേയാസിൻ്റെ ഷോർട്ട് ബോൾ പ്രശ്നങ്ങൾ വിമർശനങ്ങൾക്കിടയാക്കുന്നുണ്ട്.
കഴിഞ്ഞ കളിയിൽ സൂര്യകുമാർ യാദവ് മികച്ച പ്രകടനം നടത്തിയത് ടീം മാനേജ്മെൻ്റിനു നൽകുന്ന ആശ്വാസം ചെറുതല്ല. ഹാർദിക് പാണ്ഡ്യ പരുക്കേറ്റ് പുറത്തായതിനാൽ ശ്രേയാസ് ടീമിൽ തുടരും. ഇഷാൻ കിഷനെ മധ്യനിരയിൽ കളിപ്പിക്കാനിടയില്ല. ടീമിൽ മാറ്റമുണ്ടായേക്കില്ല.ഇന്ത്യൻ ടീമിനെ ഒരു താരത്തിൻ്റെ പരുക്കാണ് വലയ്ക്കുന്നതെങ്കിൽ ശ്രീലങ്കയെ പരുക്ക് വല്ലാതെ ബുദ്ധിമുട്ടിക്കുകയാണ്.
ടീമിലെ ഏറ്റവും വിലപിടിപ്പുള്ള താരം വനിന്ദു ഹസരങ്ക പരുക്ക് കാരണം ലോകകപ്പ് ടീമിൽ നിന്ന് പുറത്തായി. പിന്നീട്, മൂന്ന് താരങ്ങൾ ലോകകപ്പിനിടെ പരുക്കേറ്റ് മടങ്ങി. 6 കളിയിൽ രണ്ട് ജയം മാത്രമുള്ള ശ്രീലങ്കയ്ക്ക് സെമി ഏറെക്കുറെ അപ്രാപ്യമാണ്. അതുകൊണ്ട് തന്നെ ചാമ്പ്യൻസ് ട്രോഫി പ്രവേശനമെന്ന റിയലിസ്റ്റിക് മോഹമാവും അവർക്കുള്ളത്. ബാറ്റിംഗിൽ പാത്തും നിസങ്കയും ബൗളിംഗിൽ ദിൽശൻ മധുശങ്കയുമാണ് സ്ഥിരതയോടെ കളിക്കുന്നത്. കുശാൽ മെൻഡിസ്, സദീര സമരവിക്രമ എന്നിവരും ഭേദപ്പെട്ട പ്രകടനങ്ങൾ നടത്തുന്നുണ്ട്. വെറ്ററൽ ഏഞ്ചലോ മാത്യൂസിൻ്റെ വരവ് ശ്രീലങ്കയ്ക്ക് ഊർജമായിട്ടുണ്ട്. ലങ്കൻ ടീമിലും മാറ്റമുണ്ടാവില്ല.
by Midhun HP News | Nov 2, 2023 | Latest News, കേരളം
തിരുവനന്തപുരം: സംസ്ഥാനത്ത് എലിപ്പനി ബാധിച്ച് ഒരു മാസത്തിനിടെ 50 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. ഈവര്‍ഷം എലിപ്പനി മൂലം 220 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടതായും സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു. രോഗബാധ കൂടുതലായി കണ്ടുവരുന്നത് തൊഴിലുറപ്പ് തൊഴിലാളികള്‍ക്കിടയിലാണ്. മലിനജലത്തില്‍ ഇറങ്ങുന്നവര്‍ പ്രതിരോധ മരുന്ന് കഴിക്കണമെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നല്‍കി.
by Midhun HP News | Nov 2, 2023 | Latest News, കേരളം
ആലപ്പുഴ: പരുമല പള്ളി പെരുന്നാളിനോടനുബന്ധിച്ച് ജില്ലയിലെ ചെങ്ങന്നൂർ, മാവേലിക്കര താലൂക്കുകളിൽ ഇന്ന് പ്രാദേശിക അവധി. സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നവംബർ രണ്ടിന് പൊതു അവധി നൽകി ജില്ലാ കലക്ടർ ഉത്തരവ് പുറപ്പെടുവിച്ചു.
പൊതുപരീക്ഷകൾ മുൻനിശ്ചയപ്രകാരം നടക്കുമെന്നും ജില്ലാ കലക്ടർ അറിയിച്ചു. പെരുന്നാളിനുള്ള സർക്കാർ സംവിധാനങ്ങൾ പ്രവർത്തിക്കുമെന്നും ജില്ലാ അധികൃതർ അറിയിച്ചു.
by Midhun HP News | Nov 1, 2023 | Latest News, കേരളം
കൊച്ചി: ചോദ്യം ചോദിക്കാനെത്തിയ മാധ്യമപ്രവര്‍ത്തകരോടേ് ‘നോ ബോഡി ടച്ചിങ്, പ്ലീസ്’ എന്ന് പറഞ്ഞ് സുരേഷ് ഗോപി. കൊച്ചി കലൂരില്‍ ട്രാന്‍സ് ജന്‍ഡേഴ്‌സിന്റെ കേരളപ്പിറവി ദിനാഘോഷത്തിനെത്തിയപ്പോഴായിരുന്നു സുരേഷ് ഗോപിയുടെ പ്രതികരണം. മാധ്യമപ്രവര്‍ത്തകരുടെ ഒരു ചോദ്യത്തോടും സുരേഷ് ഗോപി പ്രതികരിച്ചില്ല
കളമശേരി സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ ആള്‍ക്കൂട്ടമുണ്ടാകുന്ന ഇടങ്ങളില്‍ സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി സമ്മേളന സ്ഥലത്ത് പൊലീസ് എത്തി പരിശോധനയും നടത്തിയിരുന്നു.
അതേസമയം, വഴി തടഞ്ഞാല്‍ താനും കേസ് കൊടുക്കുമെന്ന് സുരേഷ് ഗോപി തൃശൂരില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ഒരു പൊതു പരിപാടിയില്‍ പങ്കെടുത്ത് മടങ്ങുന്നതിനിടെ മാധ്യമങ്ങള്‍ മുന്നിലെത്തിയപ്പോഴായിരുന്നു സുരേഷ് ഗോപിയുടെ സരസമായ ഡയലോഗ്. ‘വഴി നിഷേധിക്കരുത് ഞാനും കേസ് കൊടുക്കും. ദയവായി, വഴി തടയരുത്. മുന്നോട്ടുപോകാന്‍ എനിക്കും അവകാശമുണ്ട്. ക്ലോസ് അറിയണോ?’.സുരേഷ് ഗോപി പറഞ്ഞു.
മാധ്യമപ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയില്‍ സുരേഷ് ഗോപിക്കെതിരെ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കേസില്‍ മാധ്യമപ്രവര്‍ത്തക പൊലീസിന് മൊഴി നല്‍കി. നടക്കാവ് പൊലീസാണ് പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്തിയത്. പ്രാഥമികാന്വേഷണത്തിനു ശേഷം, സ്റ്റേഷനില്‍ ഹാജരാകാന്‍ സുരേഷ് ഗോപിക്കു നോട്ടിസ് അയയ്ക്കും.
സംഭവത്തില്‍ സുരേഷ് ഗോപി മാപ്പു പറഞ്ഞിരുന്നു. മകളെപ്പോലെയാണു കണ്ടതെന്നും, ഒരു അച്ഛനെപ്പോലെ മാപ്പു പറയുന്നുവെന്നും അദ്ദേഹം പറഞ്ഞു. മാപ്പു പറയാന്‍ പലതവണ ഫോണില്‍ വിളിച്ചെങ്കിലും കിട്ടിയില്ലെന്നും സുരേഷ് ഗോപി പറഞ്ഞു. പിന്നീട് ഫെയ്‌സ്ബുക് പോസ്റ്റിലൂടെയും സുരേഷ് ഗോപി ക്ഷമാപണം നടത്തി. വെള്ളിയാഴ്ച കോഴിക്കോട്ടെ ഹോട്ടലില്‍ സുരേഷ് ഗോപി മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുന്നതിനിടെയാണു വിവാദ സംഭവമുണ്ടായത്.
by Midhun HP News | Nov 1, 2023 | Latest News, കേരളം
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ പരമോന്നത സാഹിത്യ ബഹുമതിയായ എഴുത്തച്ഛന്‍ പുരസ്‌കാരം ഭാഷാ ചരിത്ര പണ്ഡിതനും നിരൂപകനുമായ പ്രൊഫസര്‍ എസ്‌കെ വസന്തന്. അഞ്ച് ലക്ഷം രൂപയും പ്രശസ്തിപത്രവും ഫലകവുമാണ് പുരസ്‌കാരം. സാംസ്‌കാരിക രംഗത്തെ സംഭാവനകള്‍ പരിഗണിച്ചാണ് പുരസ്‌കാരമെന്ന് മന്ത്രി സജി ചെറിയാന്‍ പറഞ്ഞു.
ഡോ അനില്‍വള്ളത്തോള്‍, ഡോ. ധര്‍മരാജ് അടാട്ട്, ഡോ. ഖദീജ മുംതാസ്, ഡോ. പി സോമന്‍, സിപി അബൂബക്കര്‍ എന്നിവരടങ്ങിയ ജൂറിയാണ് പുരസ്‌കാര ജേതാവിനെ തെരഞ്ഞെടുത്തത്. ഉപന്യാസം നോവല്‍ ചെറുകഥ കേരള ചരിത്രം, വിവര്‍ത്തനം എന്നിങ്ങനെ വിവിധ ശാഖകളിലായി എസ്‌കെ വസന്തന്‍ രചിച്ച പുസ്തകങ്ങള്‍ പണ്ഡിതരുടെയും സൗഹൃദരുടെയും ശ്രദ്ധ പിടിച്ചുപറ്റിയിട്ടുണ്ടെന്ന് ജൂറി വിലയിരുത്തി.
കേരള സാംസ്‌കാരിക ചരിത്ര നിഘണ്ടു, നമ്മള്‍ നടന്ന വഴികള്‍, കൂടിയല്ലാ ജനിക്കുന്ന നേരത്ത്, പടിഞ്ഞാറന്‍ കാവ്യമീമാംസ, സാഹിത്യസംവാദങ്ങള്‍ തുടങ്ങിയവാണ് പ്രധാനപുസ്തകങ്ങള്‍.
Recent Comments