കളമശ്ശേരി ബോംബ് സ്‌ഫോടനം ആസൂത്രണം ചെയ്തത് വിദേശത്ത്; മൊഴി നൽകി ഡൊമിനിക്ക്

കളമശ്ശേരി ബോംബ് സ്‌ഫോടനം ആസൂത്രണം ചെയ്തത് വിദേശത്ത്; മൊഴി നൽകി ഡൊമിനിക്ക്

കളമശ്ശേരി ബോംബ് സ്‌ഫോടനം ആസൂത്രണം ചെയ്തത് വിദേശത്തെന്ന് പ്രതിയുടെ മൊഴി. വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ അന്വേഷണം ദുബായിലേക്കടക്കം നീളും. ഇതിനിടെ സ്‌ഫോടനം നടത്തിയതിന്റെ തലേദിവസം മാർട്ടിന്റെ ഫോണിലേക്ക് രാത്രിയിൽ ഒരു കോൾ വന്നതായി ഭാര്യ പോലീസിന് മൊഴി നൽകി.

ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ നടന്ന ചോദ്യം ചെയ്യലിലാണ് സ്‌ഫോടനം ആസൂത്രണം ചെയ്തത് വിദേശത്തെന്ന് പ്രതി മൊഴി നൽകിയത്. പിന്നാലെ വിദേശത്തെ മാർട്ടിന്റെ പരിചയക്കാരിൽ നിന്നും ഇയാളുടെ പ്രവർത്തനം സംബന്ധിച്ച് അന്വേഷണ സംഘം പ്രാഥമിക വിവരശേഖരണം നടത്തി. ഇതിനിടെ എൻഐഎ നടത്തിയ പ്രാഥമിക പരിശോധനയിലും കൂടുതൽ കണ്ടെത്തലുകളില്ലെന്നാണ് വിവരം.
പ്രതി മാർട്ടിൻ തന്നെയെന്ന നിഗമനത്തിലാണ് ഏജൻസി. കേസ് ഔദ്യോഗികമായി ഏറ്റെടുക്കണോയെന്ന് പിന്നീട് തീരുമാനിക്കും.

ഇതിനിടെ സ്‌ഫോടനം നടത്തിയതിന്റെ തലേദിവസം മാർട്ടിന്റെ ഫോണിലേക്ക് രാത്രിയിൽ ഒരു കോൾ വന്നതായി ഭാര്യ പോലീസിന് മൊഴി നൽകി. ഇത് ആരെന്ന് ചോദിച്ച തന്നോട് ദേഷ്യപ്പെട്ടതായും നാളെ രാവിലെ ഒരു സ്ഥലത്ത് പോകാനുണ്ടെന്നും അത് കഴിഞ്ഞശേഷം പറയാമെന്നും പറഞ്ഞു. സ്‌ഫോടനം നടന്നതോടെയാണ് ഇക്കാര്യം താൻ വീണ്ടും ഓർത്തതെന്നും മൊഴിയിലുണ്ട്. മാർട്ടിന്റെ ഫോണിലേക്ക് വിളിച്ചത് ആരെന്ന് പോലീസ് പരിശോധിക്കുന്നുണ്ട്.

ഹോം വര്‍ക്ക് ചെയ്തില്ല; ആറാം ക്ലാസ് വിദ്യാര്‍ഥിക്ക് ട്യൂഷന്‍ സെന്ററില്‍ അധ്യാപകന്റെ ക്രൂരമര്‍ദനം

ഹോം വര്‍ക്ക് ചെയ്തില്ല; ആറാം ക്ലാസ് വിദ്യാര്‍ഥിക്ക് ട്യൂഷന്‍ സെന്ററില്‍ അധ്യാപകന്റെ ക്രൂരമര്‍ദനം

കൊല്ലം: ആറാം ക്ലാസ് വിദ്യാര്‍ഥിക്ക് ട്യൂഷന്‍ സെന്റിറില്‍ അധ്യാപകന്റെ ക്രൂരമര്‍ദനം. ദേഹമാസകലം അടിയേറ്റ നിലയില്‍ പട്ടത്താനം സ്വദേശിയായ 12 വയസ്സുകാരനെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഹോം വര്‍ക്ക് ചെയ്തില്ലെന്നാരോപിച്ച് അധ്യാപകന്‍ റിയാസ് വിദ്യാര്‍ഥിയെ ക്രൂരമായി മര്‍ദിക്കുകയായിരുന്നു. ഇന്നലെ വൈകീട്ടായിരുന്നു സംഭവം. സംഭവത്തിന് പിന്നാലെ കുട്ടിയുടെ അമ്മ ചൈല്‍ഡ് ലൈനിനെ സമീപിച്ചു.

ഹോം വര്‍ക്ക് ചെയ്യാത്തതിനെ തുടര്‍ന്ന് അധ്യാപകന്‍ മാറ്റി നിര്‍ത്തി മര്‍ദിക്കുകയായിരുന്നെന്ന് കുട്ടിയുടെ രക്ഷിതാക്കള്‍ പറഞ്ഞു. കുട്ടിയുടെ പിന്‍ഭാഗത്തായിരുന്നു മര്‍ദനമേറ്റത്. വീട്ടിലെത്തിയ കുട്ടി സഹോദരിയോട് വിവരങ്ങള്‍ പറയുകയായിരുന്നു. കുട്ടിയുടെ പിന്‍ഭാഗം കണ്ട സഹോദരി ഫോട്ടോയെടുത്ത് രക്ഷിതാക്കള്‍ക്ക് അയച്ചുനല്‍കി. തുടര്‍ന്ന് രക്ഷിതാക്കള്‍ കുട്ടിയെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആശുപത്രി അധികൃതരാണ് ചൈല്‍ഡ് ലൈനിനെയും പൊലീസിനെയും വിവരം അറിയിച്ചത്.

ശരീരാമാസകലം ദേഹത്ത് അടിയേറ്റതിന്റെ പാടുകള്‍ ഉള്ളതായി ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ പറഞ്ഞു. കുട്ടിയില്‍ നിന്ന് വിവരങ്ങള്‍ ശേഖരിച്ച ശേഷം തുടര്‍നടപടി സ്വീകരിക്കുമെന്ന് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ അറിയിച്ചു.

ചക്രവാതച്ചുഴി; ശനിയാഴ്ച വരെ ശക്തമായ മഴ;  ആറിടത്ത് യെല്ലോ അലര്‍ട്ട്

ചക്രവാതച്ചുഴി; ശനിയാഴ്ച വരെ ശക്തമായ മഴ; ആറിടത്ത് യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ശക്തമായ മഴ കണക്കിലെടുത്ത് വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ശ്രീലങ്കക്കും കോമറിന്‍ മേഖലക്കും മുകളിലായി സ്ഥിതിചെയ്യുന്ന ചക്രവാതച്ചുഴിയുടെയും ബംഗാള്‍ ഉള്‍ക്കടലില്‍ നിന്നും തെക്കേ ഇന്ത്യക്കു മുകളിലേക്ക് വീശുന്ന കിഴക്കന്‍/വടക്ക് കിഴക്കന്‍ കാറ്റിന്റെയും സ്വാധീന ഫലമായി അഞ്ച് ദിവസം മഴയ്ക്ക് സാധ്യതയെന്നാണ് മുന്നറിയിപ്പ്.

ചൊവ്വാഴ്ച ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലും വെള്ളിയാഴ്ച പത്തനംതിട്ട, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളിലും ശനിയാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, കോഴിക്കോട്, വയനാട് ജില്ലകളിലുമാണ് യെല്ലോ അലര്‍ട്ട്.

വിദ്യാര്‍ഥികളുടെ ആധാര്‍ വിവരങ്ങള്‍ തേടുന്നതിനെതിരെ ഹര്‍ജി, കേന്ദ്രസര്‍ക്കാരിന്റെ വിശദീകരണം തേടി ഹൈക്കോടതി

വിദ്യാര്‍ഥികളുടെ ആധാര്‍ വിവരങ്ങള്‍ തേടുന്നതിനെതിരെ ഹര്‍ജി, കേന്ദ്രസര്‍ക്കാരിന്റെ വിശദീകരണം തേടി ഹൈക്കോടതി

കൊച്ചി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം വിദ്യാര്‍ഥികളുടെ ആധാര്‍വിവരങ്ങളും രക്ഷിതാക്കളുടെ മൊബൈല്‍ നമ്പര്‍ അടക്കമുള്ള വിവരങ്ങളും ശേഖരിക്കുന്നത് സ്വകാര്യതയുടെ ലംഘനമാണെന്ന ഹര്‍ജിയില്‍ കേന്ദ്രസര്‍ക്കാരിന്റെ വിശദീകരണം തേടി ഹൈക്കോടതി.

ഡെമോക്രാറ്റിക് അലയന്‍സ് ഫോര്‍ നോളജ് ഫ്രീഡം എന്ന സംഘടനയാണ് ഹര്‍ജി നല്‍കിയത്. ഇവര്‍ നല്‍കിയ പൊതുതാത്പര്യ ഹര്‍ജിയില്‍ ചീഫ് ജസ്റ്റിസ് എ ജെ ദേശായി, ജസ്റ്റിസ് വി ജി അരുണ്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് വിശദീകരണം തേടിയത്.

ശബരിമല സീസണില്‍ ബസുടമകള്‍ സമ്മര്‍ദ്ദതന്ത്രം പ്രയോഗിക്കുന്നു; സമരം അനവസരത്തിലെന്ന് മന്ത്രി ആന്റണി രാജു

ശബരിമല സീസണില്‍ ബസുടമകള്‍ സമ്മര്‍ദ്ദതന്ത്രം പ്രയോഗിക്കുന്നു; സമരം അനവസരത്തിലെന്ന് മന്ത്രി ആന്റണി രാജു

തിരുവനന്തപുരം: സ്വകാര്യ ബസ് സമരം അനവസരത്തിലെന്ന് ഗതാഗതമന്ത്രി ആന്റണി രാജു. ശബരിമല സീസണില്‍ ബസുടമകള്‍ സമ്മര്‍ദ്ദതന്ത്രം പ്രയോഗിക്കുകയാണെന്നും മന്ത്രി കുറ്റപ്പെടുത്തി. സീറ്റ് ബെല്‍റ്റ്, ബസിലെ കാമറ എന്നിവയില്‍ നിന്നും പിന്നോട്ടു പോയിട്ടില്ല. വിദ്യാര്‍ത്ഥികളുടെ കണ്‍സെഷന്‍ ചാര്‍ജ് വിഷയത്തില്‍ പഠനം നടക്കുകയാണെന്നും ഗതാഗതമന്ത്രി പറഞ്ഞു.

നാലു വര്‍ഷത്തിനിടെ സ്വകാര്യബസുകള്‍ക്ക് ടിക്കറ്റ് ചാര്‍ജ് വര്‍ധിപ്പിച്ചു കൊടുത്ത ഏക കാലഘട്ടം ഇതാണ്. അതിനെയൊക്കെ വിസ്മരിച്ചുകൊണ്ട് വിദ്യാര്‍ത്ഥികളുടെ കണ്‍സെഷന്‍ ചാര്‍ജ് വര്‍ധിപ്പിക്കണമെന്ന കാര്യമാണ് സ്വകാര്യ ബസുകാര്‍ ഇപ്പോള്‍ ഉന്നയിക്കുന്നത്. ഇത് അനാവശ്യമായ കാര്യമാണെന്നൊന്നും താന്‍ പറയുന്നില്ല.

പക്ഷെ വിദ്യാര്‍ത്ഥികളുടെ ടിക്കറ്റ് ചാര്‍ജ് ഒരു സാമൂഹിക വിഷയമാണ്. ശബരിമല സീസണില്‍ തന്നെ ഈ ആവശ്യം ഉന്നയിച്ചുകൊണ്ട് സമ്മര്‍ദ്ദ തന്ത്രത്തിലൂടെ കാര്യങ്ങള്‍ നേടാമെന്നാണ് സ്വകാര്യ ബസുടമകള്‍ കരുതുന്നതെങ്കില്‍ ആ നീക്കം ശരിയല്ല. അതില്‍ ബസുടമകള്‍ പുനര്‍വിചിന്തനം നടത്തണമെന്ന് ഗതാഗതമന്ത്രി ആവശ്യപ്പെട്ടു.

കാമറയും സീറ്റ് ബെല്‍റ്റും യഥാര്‍ത്ഥത്തില്‍ പ്രയോജനം ചെയ്യാന്‍ പോകുന്നത് വാഹനം ഓടിക്കുന്ന ഡ്രൈവര്‍മാര്‍ക്കും വാഹനത്തിലെ ജീവനക്കാര്‍ക്കുമാണ്. ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റിനായി ഒന്നാം തീയതി മുതല്‍ ഹാജരാക്കുന്ന, കെഎസ്ആര്‍ടിസി ഉള്‍പ്പെടെ എല്ലാ ഹെവി വാഹനങ്ങള്‍ക്കും സീറ്റ് ബെല്‍റ്റും കാമറയും നിര്‍ബന്ധമാണെന്നും മന്ത്രി ആന്റണി രാജു വ്യക്തമാക്കി

കളമശേരി സ്‌ഫോടനത്തില്‍ പ്രതിയുടെ ഭാര്യയുടെ നിര്‍ണായക മൊഴി പുറത്ത്

കളമശേരി സ്‌ഫോടനത്തില്‍ പ്രതിയുടെ ഭാര്യയുടെ നിര്‍ണായക മൊഴി പുറത്ത്

കളമശേരി സ്‌ഫോടനക്കേസില്‍ പ്രതി ഡൊമിനിക് മാര്‍ട്ടിന്റെ ഭാര്യയുടെ നിര്‍ണായ മൊഴി പുറത്ത്. സംഭവം നടക്കുന്നതിന്റെ തലേദിവസം രാത്രി മാര്‍ട്ടിന് ഒരു കോള്‍ വന്നിരുന്നു. ആരാണെന്ന് ചോദിച്ചപ്പോള്‍ തന്നോട് ദേഷ്യപ്പെട്ടെന്നും രാവിലെ ഒരു സ്ഥലത്ത് പോകാനുണ്ട്, അത് കഴിഞ്ഞതിന് ശേഷം പറയാമെന്നും മാര്‍ട്ടിന്‍ പറഞ്ഞതായാണ് ഭാര്യയുടെ മൊഴി.

പൊലീസിന് നല്‍കിയ മൊഴിയുടെ വിശദാംശങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. സ്‌ഫോടനം നടന്ന ശേഷമാണ് ഫോണ്‍ വന്ന കാര്യം താന്‍ ഓര്‍ത്തെടുത്തതെന്നും ഭാര്യ മൊഴിയില്‍ പറയുന്നു. മൊഴിയുടെ അടിസ്ഥാനത്തില്‍ മാര്‍ട്ടിനെ ഫോണില്‍ ബന്ധപ്പെട്ടത് ആരാണെന്ന് കണ്ടെത്താനുളള ശ്രമത്തിലാണ് അന്വേഷണ സംഘം. സ്‌ഫോടനത്തിന് ശേഷം ഒരു സുഹൃത്തിനെയും മാര്‍ട്ടിന്‍ ഫോണില്‍ ബന്ധപ്പെട്ടു. ഇയാളെയും പൊലീസ് ചോദ്യം ചെയ്തിരുന്നു. ഈ സുഹൃത്ത് തന്നെയാണോ സംഭവദിവസം തലേന്ന് രാത്രി മാര്‍ട്ടിനെ വിളിച്ചതെന്നുമാണ് അന്വേഷിക്കുന്നത്.

അതേസമയം മാര്‍ട്ടിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും. നിലവില്‍ ലഭ്യമായ തെളിവുകള്‍ പ്രകാരം മാര്‍ട്ടിന്‍ തന്നെയാണ് കേസിലെ ഏക പ്രതിയെന്നാണ് പൊലീസിന്റെ വിലയിരുത്തല്‍.24 മണിക്കൂറിനകം പ്രതിയെ കോടതിയില്‍ ഹാജരാക്കുമെന്ന് അന്വേഷണസംഘം വ്യക്തമാക്കിയിരുന്നു. കോടതിയില്‍ ഹാജരാക്കിയ ശേഷം ഇന്ന് തന്നെ പ്രതിയെ കസ്റ്റഡിയില്‍ വാങ്ങാനാണ് പൊലീസ് നീക്കം.