by Midhun HP News | Oct 31, 2023 | Latest News, കേരളം
കൊച്ചി: ആലുവയില്‍ അഞ്ചുവയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസില്‍ കോടതി ശനിയാഴ്ച വിധി പ്രസ്താവിക്കും. എറണാകുളം പോക്‌സോ കോടതിയാണ് വിധി പുറപ്പെടുവിക്കുക. ബിഹാര്‍ സ്വദേശി അസഫാക് ആലമാണ് കേസിലെ പ്രതി.
കേസില്‍ നൂറാം ദിവസമാണ് കോടതി വിധി പ്രസ്താവിക്കുന്നത്. 26 ദിവസം കൊണ്ടാണ് കേസിലെ വിചാരണ പൂര്‍ത്തിയാക്കിയത്. ഒക്ടോബര്‍ 4നാണ് കേസില്‍ വിചാരണ ആരംഭിച്ചത്. കുറ്റകൃത്യം റിപ്പോര്‍ട്ട് ചെയ്ത് 100 ദിവസത്തിനകം വിധി പറഞ്ഞ കേസുകള്‍ രാജ്യത്തെ നീതിന്യായ ചരിത്രത്തില്‍ തന്നെ അപൂര്‍വമാണ്.
ജൂലൈ 28 നാണ് ബിഹാര്‍ സ്വദേശികളായ ദമ്പതികളുടെ അഞ്ച് വയസ്സുള്ള കുഞ്ഞിനെ പ്രതിയായ അസഫാക് ആലം വിളിച്ചുകൊണ്ടുപോയി ക്രൂരമായി ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയത്. പിറ്റേന്ന് രാവിലെ ആലുവ മാര്‍ക്കറ്റ് പരിസരത്ത് ചാക്കില്‍ കെട്ടിയ നിലയില്‍ കുട്ടിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു.
ലഹരിക്കടിമയായ പ്രതി കുട്ടിയെ കൂട്ടിക്കൊണ്ടുപോയി ജ്യൂസ് വാങ്ങി നല്‍കിയ ശേഷമാണ് ലൈംഗികാതിക്രമത്തിന് ഇരയാക്കി കൊലപ്പെടുത്തിയത്. കേസില്‍ വേഗത്തില്‍ അന്വേഷണം പൂര്‍ത്തിയാക്കിയ പൊലീസ് 30 ദിവസത്തിനുള്ളില്‍ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു.
by Midhun HP News | Oct 31, 2023 | Latest News, കേരളം
ഡല്‍ഹി: എസ്എന്‍സി ലാവലിന്‍ കേസ് സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. ജസ്റ്റിസ് ദീപാങ്കര്‍ ദത്ത, ജസ്റ്റിസ് ഉജ്ജല്‍ ഭുവിയാന്‍ എന്നിവരാണ് ബെഞ്ചിലെ മറ്റ് അംഗങ്ങള്‍. ആറ് വര്‍ഷത്തിനിടെ 35 തവണയാണ് ലാവലിൻ കേസ് പരിഗണിക്കുന്നത് സുപ്രീംകോടതി മാറ്റിവെച്ചത്.
2017ല്‍ സുപ്രീംകോടതിയിലെത്തിയ കേസ് ആറ് വര്‍ഷത്തിനിടെ നാല് ബെഞ്ചുകളിലായി 35 തവണയാണ് ലിസ്റ്റ് ചെയ്യപ്പെടുന്നത്. ഇക്കഴിഞ്ഞ ഒക്ടോബര്‍ പത്തിനും കേസ് ലിസ്റ്റ് ചെയ്തിരുന്നെങ്കിലും സുപ്രീം കോടതി പരിഗണിച്ചിരുന്നില്ല. പന്നിയാര്‍, ചെങ്കുളം, പള്ളിവാസല്‍ ജലവൈദ്യുത പദ്ധതികളുടെ നവീകരണത്തിന് കാനഡയിലെ എസ്എന്‍സി ലാവലിന്‍ കമ്പനിയുമായി കരാറുണ്ടാക്കിയതില്‍ ക്രമക്കേടുണ്ടായെന്നും ഇതുവഴി 86.25 കോടിയുടെ നഷ്ടം സംഭവിച്ചുവെന്നുമാണ് കേസ്.
മുഖ്യമന്ത്രി പിണറായി വിജയന്‍, ഊര്‍ജവകുപ്പ് സെക്രട്ടറി കെ. മോഹനചന്ദ്രന്‍, ജോയിന്റ് സെക്രട്ടറി എ ഫ്രാന്‍സിസ് എന്നിവരെ കുറ്റവിമുക്തരാക്കിയ 2017-ലെ ഹൈക്കോടതി വിധിക്കെതിരെ സിബിഐ സമര്‍പ്പിച്ച ഹര്‍ജിയാണ് സുപ്രീംകോടതിയുടെ പരിഗണനയിലുള്ള ഒരു കേസ്. വിചാരണ നേരിടേണ്ട വൈദ്യുതിബോര്‍ഡ് മുന്‍ സാമ്പത്തിക ഉപദേഷ്ടാവ് കെ ജി രാജശേഖരന്‍ നായര്‍, ബോര്‍ഡ് മുന്‍ ചെയര്‍മാന്‍ ആര്‍. ശിവദാസന്‍, മുന്‍ ചീഫ് എന്‍ജിനിയര്‍ കസ്തൂരിരംഗ അയ്യര്‍ എന്നിവര്‍ ഇളവുവേണമെന്ന് ആവശ്യപ്പെടുന്ന ഹര്‍ജികളും സുപ്രീംകോടതിയുടെ പരിഗണനയിലുണ്ട്.
by Midhun HP News | Oct 30, 2023 | Latest News, കേരളം
തിരുവനന്തപുരം: സംസ്ഥാനത്തെ സ്വകാര്യ ബസുകൾ നാളെ സർവീസ് നിർത്തി പണിമുടക്കും. വിദ്യാർത്ഥികളുടെ യാത്രാ നിരക്ക് വർധിപ്പിക്കുക, ബസുകളിൽ സീറ്റ് ബെൽറ്റും ക്യാമറയും നിർബന്ധമാക്കിയ സർക്കാർ തീരുമാനത്തിൽ മാറ്റം വരുത്തുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സമരം. വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചത് സ്വകാര്യ ബസ്സുകളുടെ സംയുക്തസമര സമിതി ഗതാഗതമന്ത്രിക്ക് നിവേദനം നൽകിയിരുന്നു. ആവശ്യങ്ങള്‍ നടപ്പാക്കിയില്ലെങ്കിൽ അടുത്ത മാസം 21 മുതൽ അനിശ്ചിതകാല സമരം ആരംഭിക്കുമെന്നും സംയുക്ത സമരസമിതി ഭാരവാഹികള്‍ തിരുവനന്തപുരത്ത് വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കിയിരുന്നു.
സീറ്റ് ബെൽറ്റും ക്യാമറയും നവംബർ 1 നകം ഘടിപ്പിക്കണമെന്നായിരുന്നു സർക്കാർ നിർദ്ദേശം. എന്നാൽ ബസുടമകളുടെ സമരപ്രഖ്യാപനത്തെ വിമർശിച്ചാണ് ഗതാഗത മന്ത്രി ആന്റണി രാജു രംഗത്ത് വന്നത്. സീറ്റ് ബെൽറ്റ് കേന്ദ്ര നിയമമാണെന്ന് പറഞ്ഞ മന്ത്രി ബസുകളിൽ ക്യാമറ ഘടിപ്പിക്കണമെന്ന ആവശ്യം ബസുടമകൾ തന്നെ മുന്നോട്ട് വെച്ചതാണെന്നും പറഞ്ഞിരുന്നു. ബസ് ജീവനക്കാരെ കേസുകളിൽ പ്രതികളാക്കുന്നത് തടയാനും യഥാർത്ഥ കുറ്റവാളികളെ കണ്ടെത്താനും ക്യാമറ വേണമെന്ന് പറഞ്ഞത് ബസുടമകൾ തന്നെയാണ്. നല്ല ഗുണനിലവാരമുള്ള ക്യാമറകൾ കിട്ടുന്നില്ലെന്ന് പറഞ്ഞ് സമയം മാസങ്ങളോളം നീട്ടി നൽകിയതാണെന്നും മന്ത്രി പറഞ്ഞിരുന്നു.
by Midhun HP News | Oct 30, 2023 | Latest News, കേരളം
കണ്ണൂരില്‍ വനം വകുപ്പ് സംഘത്തിന് നേരെ മാവോയിസ്റ്റുകളുടെ ആക്രമണം. മാവോയിസ്റ്റുകള്‍ വനപാലകര്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. കണ്ണൂർ ആറളം വന്യജീവി സങ്കേതത്തിനുള്ളില്‍ ചാവച്ചിയില്‍ വെച്ചാണ് സംഭവം. ആര്‍ക്കും പരിക്കില്ല. പ്രദേശത്ത് തെരച്ചില്‍ തുടരുന്നു.നായാട്ടു വിരുദ്ധ സ്ക്വാഡിന് അരിയും സാധനങ്ങളും എത്തിക്കാൻ പോയ സംഘത്തിനു നേരെയാണ് മാവോയിസ്റ്റുകൾ വെടിയുതിർത്തത്. ആറളം വന്യജീവി സങ്കേതത്തിന്റെ ഏറ്റവും ഉയർന്ന മേഖലയായ അമ്പലപ്പാറയിലാണ് നായാട്ടു വിരുദ്ധ സ്ക്വാഡ് ക്യാംപ് ചെയ്യുന്നത്. അവിടേക്ക് സാധനങ്ങൾ കൊണ്ടു പോകുകയായിരുന്ന മൂന്നംഗ വനം വാച്ചർമാരുടെ സംഘത്തിനു നേരെയാണ് ഉച്ചയോടെ വെടിവയ്പുണ്ടായത്. മാവോയിസ്റ്റുകളുടെ മുന്നിൽപെട്ട വനം വാച്ചർമാരുടെ സംഘം തിരിഞ്ഞോടിയപ്പോഴാണ് വെടിവയ്പുണ്ടായതെന്നാണു ലഭിക്കുന്ന വിവരം. കോളനിയിൽ നിന്നു തിരഞ്ഞെടുക്കപ്പെട്ട താൽക്കാലിക വാച്ചർമാരാണ് വനപാലക സംഘത്തിൽ ഉണ്ടായിരുന്നത്.
by Midhun HP News | Oct 30, 2023 | Latest News, കേരളം
ആറ്റിങ്ങൽ: നെഹ്‌റു സാംസ്‌കാരിക വേദിയുടെ നേതൃത്വത്തിൽ ജില്ലാ തല ചിത്രരചന മത്സരം സംഘടിപ്പിക്കുന്നു. ആറ്റിങ്ങൽ ഗ്രാമം ലിറ്റിൽ ബീസ് സ്കൂളിൽ നവംബർ 5 നാണ് മത്സരം. നഴ്സറി,എൽ പി, യു പി, എച്ച് എസ്സ് എന്നീ വിഭാഗങ്ങളിലായാണ് മത്സരം സംഘടിപ്പിക്കുന്നത്. നഴ്സറി, എൽ പി, യു പി വിഭാഗത്തിന് ക്രയോൺ കളറിങ് ഉം എച്ച് എസ്സ് വിഭാഗത്തിന് പെൻസിൽ ഡ്രായിങ് മാണ് മത്സരം.
കൂടുതൽ വിവരങ്ങൾക്ക് താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക
മൊബൈൽ നമ്പർ : 9946953070
by Midhun HP News | Oct 30, 2023 | Latest News, കേരളം
കോട്ടയം: കോട്ടയം അയ്മനത്ത് സര്‍വീസ് ബോട്ട് വള്ളത്തില്‍ ഇടിച്ച് ഒഴുക്കില്‍പ്പെട്ട് ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനി മരിച്ചു. കുടവച്ചൂര്‍ സെന്റ് മൈക്കിള്‍സ് സ്‌കൂള്‍ വിദ്യാര്‍ത്ഥിനി അനശ്വരയാണ് മരിച്ചത്. രാവിലെ ഒമ്പതുമണിയോടെയായിരുന്നു അപകടം.
അമ്മയ്ക്കും സഹോദരിക്കുമൊപ്പമാണ് പെണ്‍കുട്ടി പ്രധാന ബോട്ടുജെട്ടിയിലേക്ക് പോകാനായി എത്തിയത്. ഇടത്തോട്ടില്‍ നിന്നും പ്രധാന ജലപാതയിലേക്ക് കയറുന്ന സ്ഥലത്തുവെച്ചായിരുന്നു അപകടം. കുട്ടിയും അമ്മയും സഞ്ചരിച്ചിരുന്ന വള്ളം അപ്പോള്‍ അതുവഴി വന്ന സര്‍വീസ് ബോട്ടിന് മുന്നില്‍പ്പെട്ടു. തടിവള്ളത്തിന്റെ മധ്യഭാഗത്തായി ബോട്ട് ഇടിക്കുകയായിരുന്നു.
ഇതേത്തുടര്‍ന്ന് വിദ്യാര്‍ത്ഥിനി വെള്ളത്തില്‍ വീണു. അമ്മയും സഹോദരിയും അത്ഭുതകരമായി രക്ഷപ്പെട്ടു. അമ്മ കുട്ടിയുടെ കൈ പിടിക്കാന്‍ ശ്രമിച്ചെങ്കിലും വഴുതി പോകുകയും ഒഴുക്കില്‍പ്പെടുകയുമായിരുന്നു. കോട്ടയത്തു നിന്ന് അടക്കമുള്ള ഫയര്‍ഫോഴ്‌സ് സംഘം മൂന്നുമണിക്കൂറോളം തിരച്ചില്‍ നടത്തിയശേഷമാണ് മൃതദേഹം കണ്ടെടുക്കാനായത്. കുട്ടിയുടെ മൃതദേഹം കോട്ടയം മെഡിക്കല്‍ കോളജിലേക്ക് മാറ്റി.
Recent Comments