തിങ്കളാഴ്ച വരെ പരക്കെ മഴ; ഇന്ന് എട്ടിടത്ത് യെല്ലോ അലര്‍ട്ട്

തിങ്കളാഴ്ച വരെ പരക്കെ മഴ; ഇന്ന് എട്ടിടത്ത് യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് തിങ്കളാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ് ശക്തമായ മഴയ്ക്ക് സാധ്യത കണക്കിലെടുത്ത് വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

ശനിയാഴ്ച കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, കോഴിക്കോട്, വയനാട് ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഞായറാഴ്ച കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളിലും തിങ്കളാഴ്ച പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചുയ

തിങ്കളാഴ്ച വരെ സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്കൊപ്പം മണിക്കൂറില്‍ 30 മുതല്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും ഒക്ടോബര്‍ 31 മുതല്‍ നവംബര്‍ 1 വരെ ഇടിമിന്നലോടു കൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്നും മുന്നറിയിപ്പില്‍ പറയുന്നു.

കേരള തീരത്ത് ശനിയാഴ്ച രാത്രി 11.30 വരെ 1.2 മുതല്‍ 1.8 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു.

കെഎസ്ആർടിസി ശമ്പള വിതരണം; ധനവകുപ്പ് 20 കോടി അനുവദിച്ചു

കെഎസ്ആർടിസി ശമ്പളവിതരണത്തിന് 20 കോടി രൂപ ധനവകുപ്പ് അനുവദിച്ചു. തിങ്കളാഴ്ചയോടെ തുക കെഎസ്ആർടിസിക്ക് കൈമാറുമെന്നാണ് വിവരം. ധനവകുപ്പ് പണം അനുവദിച്ചെങ്കിലും ശമ്പളം കൃത്യമായി ലഭിക്കുന്നതു വരെ സമരവുമായി മുന്നോട്ടുപോകാനാണ് തൊഴിലാളി സംഘടനകളുടെ തീരുമാനം. അതേസമയം, കോൺഗ്രസ് അനുകൂല തൊഴിലാളി സംഘടനയായ ടിഡിഎഫ് ഇന്ന് വീണ്ടും കെഎസ്ആർടിസി ചീഫ് ഓഫീസ് ഉപരോധിക്കും.

ദേശീയ ഗെയിംസില്‍ നിന്ന് വോളിബോള്‍ ഒഴിവാക്കിയ നടപടി; ഹർജി പരിഗണിക്കും

ദേശീയ ഗെയിംസില്‍ നിന്ന് വോളിബോള്‍ ഒഴിവാക്കിയ നടപടി; ഹർജി പരിഗണിക്കും

കൊച്ചി: ഗോവയില്‍ നടക്കുന്ന 37ാമത് ദേശീയ ഗെയിംസില്‍ നിന്ന് വോളിബോള്‍ ഒഴിവാക്കിയത് ചോദ്യം ചെയ്ത് നല്‍കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ദേശീയ ഒളിമ്പിക് വോളിബോള്‍ അസോസിയേഷനുകളും ദേശീയ ഗെയിംസ് സംഘാടക സമിതിയും ഇന്ന് വിശദീകരണം നല്‍കിയേക്കും. നാല് വോളിബോള്‍ താരങ്ങളും കോച്ചുമാരും നല്‍കിയ ഹര്‍ജിയാണ് ഹൈക്കോടതിയുടെ പരിഗണനയിലുള്ളത്.

വോളിബോള്‍ ഒഴിവാക്കിയ അഡ്‌ഹോക് കമ്മിറ്റി തീരുമാനം നിയമ വിരുദ്ധമാണെന്നും താരങ്ങളുടെ അവകാശങ്ങള്‍ ലംഘിക്കപ്പെട്ടുവെന്നുമാണ് ഹര്‍ജിക്കാരുടെ ആക്ഷേപം. ദേശീയ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പ് നടക്കാത്തതിനാല്‍ മികച്ച എട്ട് ടീമുകളെ കണ്ടെത്താനായില്ലെന്നും അതിനാലാണ് വോളിബോള്‍ ഒഴിവാക്കിയതെന്നുമാണ് അഡ്‌ഹോക് കമ്മിറ്റി സ്വീകരിച്ച നിലപാട്. എന്നാല്‍ നടപടി വിവേചനപരവും താരങ്ങളുടെ അവകാശങ്ങളുടെ ലംഘനമാണെന്നും ഹര്‍ജിക്കാര്‍ കോടതിയെ അറിയിച്ചു. ആനന്ദ്, അല്‍ന രാജ്, റോലി പഥക് അടക്കമുള്ള താരങ്ങളാണ് കോടതിയെ സമീപിച്ചത്.

നവംബർ 10ന് മുൻപായി ജില്ലാ കളക്ടർക്ക് റിപ്പോർട്ട് സമർപ്പിക്കാൻ നിർദേശം

നവംബർ 10ന് മുൻപായി ജില്ലാ കളക്ടർക്ക് റിപ്പോർട്ട് സമർപ്പിക്കാൻ നിർദേശം

വേളി ഇൻഡസ്ട്രിയൽ എസ്‌റ്റേറ്റിലുണ്ടായ വെള്ളക്കെട്ട് പരിഹരിക്കാൻ ഗതാഗതവകുപ്പ് മന്ത്രി ആന്റണി രാജുവിന്റെ നേതൃത്വത്തിൽ യോഗം ചേർന്നു. ഇൻഡസ്ട്രിയൽ എസ്‌റ്റേറ്റ് സന്ദർശിച്ച മന്ത്രി നിലവിലെ സ്ഥിതിഗതികൾ വിലയിരുത്തി. ജില്ലാ കളക്ടർ ജെറോമിക് ജോർജ്, ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ അജിത്ത്.എസ്, തിരുവനന്തപുരം തഹസിൽദാർ (എൽ.ആർ) കെ.ജി മോഹൻ ഉൾപ്പെടെ വിവിധ വകുപ്പ് ഉദ്യോഗസ്ഥരും മന്ത്രിക്കൊപ്പമുണ്ടായിരുന്നു. ഒക്ടോബർ 15ന് ജില്ലയിൽ പെയ്ത കനത്ത മഴയെ തുടർന്ന് ഇൻഡസ്ട്രിയൽ എസ്റ്റേറ്റിലെ പതിനഞ്ചോളം സ്ഥാപനങ്ങളിൽ വെള്ളം കയറിയിരുന്നു. വെള്ളം ഒഴുകി പോകാത്തതിനാൽ ചില സ്ഥാപനങ്ങൾക്ക് പ്രവർത്തിക്കാൻ കഴിയാത്ത സാഹചര്യമുള്ളതിനാൽ, വെള്ളക്കെട്ട് പരിഹരിക്കാൻ അടിയന്തര നടപടികൾക്ക് യോഗം നിർദേശം നൽകി.

വെള്ളക്കെട്ട് പരിഹരിക്കുന്നതിനുള്ള മാർഗങ്ങൾ സംബന്ധിച്ച് സമഗ്രപഠനം നടത്തുന്നതിന് ഉദ്യോഗസ്ഥതല സംയുക്ത സമിതിയെ മന്ത്രി ചുമതലപ്പെടുത്തി. ദുരന്തനിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടർ ജയമോഹൻ.വി, തിരുവനന്തപുരം തഹസിൽദാർ (എൽ.ആർ), ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ, പൊതുമരാമത്ത് വകുപ്പ്, മേജർ, മൈനർ ഇറിഗേഷൻ എക്‌സിക്യൂട്ടീവ് എഞ്ചിനീയർമാർ ഉൾപ്പെടുന്ന ജോയിന്റ് കമ്മിറ്റി നവംബർ 10ന് മുൻപായി റിപ്പോർട്ട് ജില്ലാ കളക്ടർക്ക് സമർപ്പിക്കണം. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തുടർനടപടികൾ സ്വീകരിക്കും. പ്രദേശവാസികളുടെ കൂടി അഭിപ്രായം ശേഖരിച്ചാകണം റിപ്പോർട്ട് തയാറാക്കേണ്ടതെന്നും മന്ത്രി നിർദേശിച്ചു.

ഇൻഡസ്ട്രിയൽ എസ്റ്റേറ്റ് അസോസിയേഷൻ ഹാളിൽ ചേർന്ന യോഗത്തിൽ ട്രാവൻകൂർ ടൈറ്റാനിയം മാനേജിങ് ഡയറക്ടർ ജോർജി നൈനാൻ, വ്യവസായ പാർക്ക് അസോസിയേഷൻ പ്രസിഡന്റ് പീറ്റർ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവരും പങ്കെടുത്തു.

വയറ്റിൽ കത്രിക മറന്നുവച്ച കേസ്; ആരോ​ഗ്യ പ്രവർത്തകരെ പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി തേടി

വയറ്റിൽ കത്രിക മറന്നുവച്ച കേസ്; ആരോ​ഗ്യ പ്രവർത്തകരെ പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി തേടി

കോഴിക്കോട്: പ്രസവ ശസ്ത്രക്രിയക്കിടെ വയറിനുള്ളിൽ കത്രിക മറന്നുവച്ച കേസിൽ നാല് ആരോ​ഗ്യ പ്രവർത്തകരെ പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി തേടി പൊലീസ്. ഹർഷിനയുടെ കേസിൽ സിറ്റി പൊലീസ് കമ്മീഷണർ, ഡിജിപിക്കാണ് പ്രോസിക്യൂട്ട് ചെയ്യാൻ അപേക്ഷ നൽകിയത്.

മെഡിക്കൽ കോളജ് എസിപിയുടെ പുതിയ അപേക്ഷയാണ് പൊലീസ് മേധാവിക്ക് കൈമാറിയത്. ഡിജിപി അപേക്ഷ സർക്കാരിനു കൈമാറും. ഡോക്ടർമാരായ രമേശൻ, ഷ​ഹന, സ്റ്റാഫ് നേഴ്സുമാരായ രഹന, മഞ്ജു എന്നിവരാണ് പ്രതി സ്ഥാനത്ത്. ഇവരെ പ്രോസിക്യൂട്ട് ചെയ്യുന്ന കാര്യത്തിൽ സർക്കാരാണ് അന്തിമ തീരുമാനം എടുക്കുക. നേരത്തെ എട്ട് മാറ്റങ്ങൾ നിർദ്ദേശിച്ച് കമ്മീഷണർ അപേക്ഷ അന്വേഷണ ഉദ്യോ​ഗസ്ഥനായ എസിപി സുദർശനു തിരിച്ചയച്ചിരുന്നു. ഈ മാറ്റങ്ങൾ ഉൾപ്പെടുത്തിയാണ് ഇപ്പോൾ പുതിയ അപേക്ഷ ഡിജിപിക്ക് കൈമാറിയത്.

മകളെപ്പോലെയാണ് കണ്ടത്, ഒരച്ഛനെപ്പോലെ മാപ്പുപറയുന്നു; സുരേഷ് ഗോപി

മകളെപ്പോലെയാണ് കണ്ടത്, ഒരച്ഛനെപ്പോലെ മാപ്പുപറയുന്നു; സുരേഷ് ഗോപി

കോഴിക്കോട്: മാധ്യമ പ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയില്‍ മാപ്പുപറഞ്ഞ് സുരേഷ് ഗോപി. ഒരു മകളെപോലെയാണ് കണ്ടതെന്നും ഒരച്ഛനെപ്പോലെ മാപ്പുപറയുന്നുവെന്നും സുരേഷ് ഗോപി മാധ്യമങ്ങളോട് പറഞ്ഞു.പല തവണ ഫോണില്‍ വിളിച്ച് മാപ്പുപറാന്‍ ശ്രമിച്ചു. എന്നാല്‍ അവര്‍ ഫോണ്‍ എടുത്തില്ലെന്നും സുരേഷ് ഗോപി പറഞ്ഞു

‘അത് ആ പെണ്‍കുട്ടിക്ക് മോശമായിട്ട് തോന്നിയാല്‍ ക്ഷമപറയേണ്ടത് തന്നെയാണ്. പലതവണ സോറി പറയാന്‍ വിളിച്ചു. എന്നാല്‍ ഫോണ്‍ എടുത്തില്ല. നിയമനടപടി സ്വീകരിക്കുമെന്ന് പറയുമ്പോള്‍ ഞാന്‍ എന്തുപറയാനാ. മാധ്യമപ്രവര്‍ത്തകരെ കണ്ടപ്പോള്‍ എന്റെ വഴി മുടക്കിയാണ് അവര്‍ നില്‍ക്കുന്നത്. സൈഡിലേക്ക് മാറ്റി പോകാന്‍ തുടങ്ങിയപ്പോള്‍ വീണ്ടും ചോദ്യം വന്നുകൊണ്ടിരിക്കുകയാണ്’- സുരേഷ് ഗോപി പറഞ്ഞു.

‘ഒരച്ഛന്‍ എന്ന നിലയില്‍ മാപ്പുപറയും. അങ്ങനെയുളള പെണ്‍കുട്ടികളെ മകളെപ്പോലെയാണ് കാണുന്നത്. മൂന്ന് പെണ്‍കുട്ടികളുടെ അച്ഛനാണ് ഞാന്‍. പൊതുസ്ഥലത്ത് ഞാന്‍ അങ്ങനെ പെരുമാറുമോ?. അവര്‍ക്ക് അത് അപ്രിയമായി തോന്നിയാല്‍ മാപ്പുപറയുന്നു’-സുരേഷ് ഗോപി പറഞ്ഞു. സംഭവത്തില്‍ നടന്‍ സുരേഷ് ഗോപി മാപ്പ് പറയണമെന്ന് കേരള പത്രപ്രവര്‍ത്തക യൂണിയന്‍ ആവശ്യപ്പെട്ടിരുന്നു. ഇഷ്ടപ്പെടാത്ത ചോദ്യം ചോദിച്ച മാധ്യമ പ്രവര്‍ത്തകയുടെ തോളില്‍ കൈ വെക്കുമ്പോള്‍ തട്ടി മാറ്റിയിട്ടും അത് ആവര്‍ത്തിച്ചു. സുരേഷ് ഗോപിയുടെ പ്രവൃത്തി അപലപനീയമാണ്. വനിതാ കമ്മിഷനില്‍ പരാതി നല്‍കുമെന്നും ഭാരവാഹികള്‍ അറിയിച്ചു.