by Midhun HP News | Oct 26, 2023 | Latest News, കേരളം
കൊച്ചി: സൗദി സ്വദേശിയായ യുവതി നൽകിയ ലൈംഗികാതിക്രമ കേസിൽ ‘മല്ലു ട്രാവലർ’ എന്ന വ്ലോഗർ ഷാക്കിർ സുബ്ഹാനെ പോലീസ് അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടയച്ചു. ഹൈക്കോടതി ഇടക്കാല മുൻകൂർ ജാമ്യം നൽകിയതിന് പിന്നാലെയാണ് ഷാക്കിർ ഇന്ന് ചോദ്യം ചെയ്യലിനായി സെൻട്രൽ പോലീസിന് മുന്നിൽ ഹാജരായത്. കോഴിക്കോട് സ്വദേശിയായ സുഹൃത്തിനൊപ്പം കൊച്ചിയിലെത്തിയ സൗദി സ്വദേശിയായ യുവതിയെ ഹോട്ടലിൽ വെച്ച് ഷാക്കിർ സുബ്ഹാൻ പീഡിപ്പിക്കാൻ ശ്രമിച്ചെന്നായിരുന്നു പരാതി.
സംഭവത്തിൽ സെൻട്രൽ പോലീസ് കേസ് എടുത്തതിന് പിന്നാലെ വിദേശത്തേക്കുപോയ ഷാക്കിറിനെ ചോദ്യം ചെയ്യാൻ കഴിഞ്ഞിരുന്നില്ല. ഷാക്കിർ നടത്തിയ ലൈംഗികാതിക്രമത്തെക്കുറിച്ച് യുവതി സമൂഹമാധ്യമങ്ങളിലൂടെ വെളിപ്പെടുത്തൽ നടത്തിയിരുന്നു. വിദേശത്തുള്ള ഷാക്കിറിനായി പോലീസ് ലുക്ക്ഔട്ട് നോട്ടീസ് ഇറക്കി അറസ്റ്റിന് നീക്കം തുടങ്ങുന്നതിനിടെയാണ് ഇയാൾ ഹൈക്കോടതിയെ സമീപിച്ച് ഇടക്കാല മുൻകൂർ ജാമ്യം നേടിയത്.
അന്വേഷണവുമായി സഹകരിക്കാൻ കോടതി നിർദ്ദേശം നൽകിയതിനെ തുടർന്ന് ഇന്ന് രാവിലെ സെൻട്രൽ പോലീസിന് മുന്നിൽ ഹാജരായത്. തുടർന്ന് അഞ്ചു മണിക്കൂറോളം ചോദ്യം ചെയ്ത ശേഷം അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടയക്കുകയായിരുന്നു. മൊഴി പരിശോധിച്ച ശേഷം ആവശ്യമെങ്കിൽ ഷാക്കിറിനെ വീണ്ടും ചോദ്യം ചെയ്യുമെന്ന് പോലീസ് വ്യക്തമാക്കി.
by Midhun HP News | Oct 25, 2023 | Latest News, കേരളം
തിരുവനന്തപുരം: സംസ്ഥാനത്ത് ഈ മാസം 31ന് സ്വകാര്യ ബസുകൾ പണിമുടക്കും. നവംബർ 21 മുതൽ അനിശ്ചിതകാലത്തേക്ക് പണിമുടക്കുമെന്നും സംയുക്ത സമിതി അറിയിച്ചു. ദൂരപരിധി നോക്കാതെ എല്ലാ പെർമിറ്റുകളും പുതുക്കി നൽകണമെന്ന് ബസുടമകൾ ആവശ്യപ്പെട്ടു. ബസ് വ്യവസായം നിലനിൽക്കണമെങ്കിൽ വിദ്യാർത്ഥികളുടെ നിരക്ക് കൂട്ടണമെന്നും ബസുടമകൾ പറയുന്നു. ക്യാമറയും സീറ്റ്ബെൽറ്റും ബസുകളിൽ അടിച്ചേൽപ്പിക്കുകയാണെന്നും ബസുടമകൾ വിമര്‍ശിക്കുന്നു.
by Midhun HP News | Oct 25, 2023 | Latest News, കേരളം
കൊച്ചി: തിയറ്ററുകളിലുള്ള സിനിമയെ മോശമാക്കാന്‍ ശ്രമിച്ചുവെന്ന പരാതിയില്‍ സിനിമ റിവ്യൂ ചെയ്തവര്‍ക്കെതിരെ ആദ്യ കേസ് രജിസ്റ്റര്‍ ചെയ്ത് കൊച്ചി സിറ്റി പൊലീസ്. റാഹേൽ മകൻ കോര എന്ന സിനിമയുടെ സംവിധായകൻ ഉബൈനിയുടെ പരാതിയിലാണ് കേസ്. സമൂഹമാധ്യമങ്ങളിലൂടെ സിനിമ മോശമാണെന്ന് വരുത്തിതീർക്കാൻ ശ്രമിച്ചെന്നാണ് പരാതി. എറണാകുളം സെൻട്രൽ പൊലീസ് ആണ് 9 പേർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തത്.
by Midhun HP News | Oct 25, 2023 | Latest News, കേരളം
തിരുവനന്തപുരം: വയനാട്ടിലെ വവ്വാലുകളില്‍ നിപ വൈറസ് സാന്നിധ്യം കണ്ടെത്തിയതായി ഇന്ത്യന്‍ മെഡിക്കല്‍ ഗവേഷണ കൗണ്‍സില്‍ (ഐസിഎംആര്‍) അറിയിച്ചു. ഈ പശ്ചാത്തലത്തില്‍ ജാഗ്രത പാലിക്കാന്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്കു നിര്‍ദേശം നല്‍കിയതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു.
മാനന്തവാടി, ബത്തേരി മേഖലകളിലാണ് വവ്വാലുകളില്‍ നിപ വൈറസ് സാന്നിധ്യം കണ്ടെത്തിയത്. കോഴിക്കോട് മരുതോങ്കരയില്‍ നിപ ആന്റിബോഡി കണ്ടെത്തിയതായും ഐസിഎംആര്‍ അറിയിച്ചിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി പറഞ്ഞു.
കേരളത്തിലെ പൊതുജനാരോഗ്യ സംവിധാനത്തിന്റെ ജാഗ്രതയും വവ്വാല്‍ നിരീക്ഷണം ശക്തമാക്കിയതുമാണ് നിപ സാന്നിധ്യം കണ്ടെത്താന്‍ കാരണമായതെന്ന് ആരോഗ്യമന്ത്രി പറഞ്ഞു.
by Midhun HP News | Oct 25, 2023 | Latest News, കേരളം
കൊച്ചി: വാളയാര്‍ സഹോദരിമാര്‍ മരിച്ച കേസിലെ നാലാം പ്രതിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പ്രതി കുട്ടി മധു എന്ന മധുവിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ആലുവ ബിനാനിപുരത്തെ ഫാക്ടറിക്കുള്ളിലാണ് ഫാനില്‍ തൂങ്ങി മരിച്ച നിലയില്‍ മൃതദേഹം കണ്ടെത്തിയത്. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. ഇന്ന് രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. പൂട്ടിക്കിടക്കുന്ന ഫാക്ടറിയിലെ ജീവനക്കാരനായിരുന്നു മധു.
ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് അയച്ചതായി പൊലീസ് പറഞ്ഞു. മരണത്തിലേക്ക് നയിച്ച കാരണങ്ങള്‍ വ്യക്തമല്ല. കേസിന്റെ നടപടികള്‍ പുരോഗമിക്കുന്നതിനിടെയാണ് ഇയാളെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്.
വാളയാറിലെ ഒന്‍പതും പതിമൂന്നും വയസുള്ള സഹോദരിമാരുടെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട കേസിലെ നാലാം പ്രതിയാണ് മധു. 2021 ജനുവരിയില്‍ പ്രതികളെ വെറുതെവിട്ട വിചാരണകോടതി വിധി ഹൈക്കോടതി റദ്ദാക്കിയിരുന്നു.പിന്നാലെ കേസ് സിബിഐക്ക് വിട്ടു.
2017 മാര്‍ച്ച് 12ന് മരിച്ച കുട്ടികള്‍ പീഡനത്തിനിരയായെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത് വന്നെങ്കിലും 2019 ജൂണ്‍ 22 ന് സഹോദരിമാരുടെ മരണം ആത്മഹത്യയെന്ന് രേഖപ്പെടുത്തി പൊലീസ് കുറ്റപത്രം സമര്‍പ്പിക്കുകയായിരുന്നു. 2019 ഒക്ടോബര്‍ ഒമ്പതിനാണ് കേസിലെ ആദ്യ വിധി വന്നത്. പ്രതിയായ ചേര്‍ത്തല സ്വദേശി പ്രദീപ് കുമാറിനെ തെളിവുകളുടെ അഭാവത്താല്‍ വെറുതെവിട്ടു. 2019 ഒക്ടോബര്‍ 25ന് പ്രതികളായ വി മധു, എം മധു, ഷിബു എന്നിവരേയും കോടതി വെറുതെ വിട്ടിരുന്നു. പ്രദീപ് കുമാര്‍ പിന്നീട് ജീവനൊടുക്കി
by Midhun HP News | Oct 25, 2023 | Latest News, കേരളം
കൊച്ചി: കസ്റ്റംസ് ഉദ്യോഗസ്ഥൻ ഓടിച്ച കാറിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു. തിരുവല്ല സ്വദേശി വിനയ് മാത്യുവാണ് മരിച്ചത്. ഇന്നലെ രാത്രി രണ്ട് മണിക്ക് കൊച്ചി വില്ലിംഗ്ടൺ ഐലന്റിൽ വെച്ചായിരുന്നു അപകടം ഉണ്ടായത്. കാറിൽ ഉണ്ടായിരുന്ന കസ്റ്റംസ് ഉദ്യോഗസ്ഥരായ പങ്കജ്കുമാർ വർമ, അന്തരീക്ഷ് ഡാഗ എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു. പങ്കജ്കുമാർ വർമയാണ് അപകട സമയത്ത് കാറ് ഓടിച്ചിരുന്നത്. ബൈക്ക് യാത്രക്കാരൻ തല്‍ക്ഷണം മരിച്ചു എന്നാണ് പൊലീസ് പറയുന്നത്.
Recent Comments