കേരളീയം, തലസ്ഥാന നഗരം ഒരുങ്ങി തുടങ്ങി; ഇതുവരെ കണ്ടിട്ടില്ലാത്ത മഹാ സർഗോത്സവം എന്ന് സജി ചെറിയാൻ

കേരളീയം, തലസ്ഥാന നഗരം ഒരുങ്ങി തുടങ്ങി; ഇതുവരെ കണ്ടിട്ടില്ലാത്ത മഹാ സർഗോത്സവം എന്ന് സജി ചെറിയാൻ

തിരുവനന്തപുരം: കേരളീയത്തിന് ഒരുങ്ങി തലസ്ഥാന നഗരം. നവംബർ ഒന്ന് മുതൽ ഏഴ് വരെ 40 വേദികളിലായാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. കേരളീയത്തിനായി ജില്ലയിൽ തയ്യാറെടുപ്പുകൾ പുരോഗമിക്കുകയാണ്. കേരളീയം വേദികൾ ഉൾപ്പെടുന്ന മേഖലകൾ റെഡ്സോൺ ആയി കണ്ട് ക്രമീകരണങ്ങളും പാർക്കിങ്ങിന് വിപുലമായ സംവിധാനവുമൊരുക്കും. കേരളീയം, ഇതുവരെ കണ്ടിട്ടില്ലാത്ത മഹാ സർഗോത്സവമാണെന്ന് മന്ത്രി സജി ചെറിയാൻ പറഞ്ഞു.കേരളത്തിന്റെ പുരോഗതിയും നേട്ടങ്ങളും സാംസ്കാരിക പാരമ്പര്യവും ലോകത്തിന് മുന്നിൽ അവതരിപ്പിക്കുക എന്നതാണ് ഏഴ് ദിവസ പരിപാടിയിലൂടെ കേരളീയം ലക്ഷ്യം വയ്ക്കുന്നത്. സെമിനാറുകൾ, പ്രദർശനങ്ങൾ, കല-സാംസ്‌കാരിക പരിപാടികൾ, ഭക്ഷണ മേളകൾ തുടങ്ങി ഇനി അങ്ങോട്ട് തലസ്ഥാനം തിരക്കിലാവും.

നവംബർ ഒന്ന് മുതൽ സന്ദർശകർക്ക് കെഎസ്ആർടിസി സൗജന്യ യാത്രയും ഒരുക്കും. കിഴക്കേക്കോട്ട മുതൽ കവടിയാർ വരെ 8 കിലോമീറ്ററിലധികം ദൂരത്തിൽ എട്ടു വ്യത്യസ്ത കളർ തീമുകളിൽ ദീപാലങ്കാരവും ഒരുക്കും. പ്രതിപക്ഷം സർക്കാരിന്റെ ധൂർത്തെന്ന് ആരോപിക്കുമ്പോഴും, ലോകോത്തര കേരളത്തെ ലോകത്തിനു മുന്നിൽ അവതരിപ്പിക്കുന്ന പരിപാടിയെന്നാണ് സർക്കാരിന്റെ വിശദീകരണം. കേരളീയത്തിനായി തിരക്കിട്ട ഒരുക്കങ്ങൾ തുടങ്ങിക്കഴിഞ്ഞു.

കല്ലറയിൽ കിണറ്റിൽ വീണ വീട്ടമ്മയെ ഫയർഫോഴ്സ് എത്തി രക്ഷപ്പെടുത്തി

കല്ലറയിൽ കിണറ്റിൽ വീണ വീട്ടമ്മയെ ഫയർഫോഴ്സ് എത്തി രക്ഷപ്പെടുത്തി

കല്ലറയിൽ കിണറ്റിൽ വീണ വീട്ടമ്മയെ ഫയർഫോഴ്സ് എത്തി രക്ഷപ്പെടുത്തി.കല്ലറ കതിരുവിള വൃന്ദാ സദനത്തിലെ ലീലാമണി (66) യാണ് തൊണ്ണൂറടി കിണറ്റിൽ വീണത്. 20 അടി വെള്ളമുള്ള കിണറ്റിൽ വാട്ടർ പമ്പിന്റെ പൈപ്പിൽ പിടിച്ചു
കിടക്കുകയായിരുന്ന വീട്ടമ്മയെ വെഞ്ഞാറമൂട് ഫയർഫോഴ്സ് സ്ഥലത്തെത്തി
അസിസ്റ്റൻറ് സ്റ്റേഷൻ ഓഫീസർ അനിൽകുമാറിന്റെ നേതൃത്വത്തിൽ ഫയർ ആൻഡ്
റെസ്ക്യൂ ഓഫീസർ ഓഫീസർ രഞ്ജിത്ത് കിണറിൽ ഇറങ്ങി വീട്ടമ്മയെ വലയിൽ കെട്ടി
പുറത്തെടുത്തു. ഫയർഫോഴ്സ് ആംബുലൻസിൽ കല്ലറ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ എത്തിച്ചു.

ബസ് സമരം അനാവശ്യം, ഗവൺമെന്റ് സമ്മർദ്ദങ്ങൾക്ക് വഴങ്ങില്ല; മന്ത്രി ആന്റണി രാജു

ബസ് സമരം അനാവശ്യം, ഗവൺമെന്റ് സമ്മർദ്ദങ്ങൾക്ക് വഴങ്ങില്ല; മന്ത്രി ആന്റണി രാജു

ബസ് സമരം അനാവശ്യമാണെന്നും ഗവൺമെന്റ് സമ്മർദ്ദങ്ങൾക്ക് വഴങ്ങില്ലെന്നും മന്ത്രി ആന്റണി രാജു. ആവശ്യങ്ങൾ പരിഗണിക്കാമെന്ന് ബസുടമകൾക്ക് ഉറപ്പ് നൽകിയിരുന്നു. 846 കുട്ടികളാണ് അതിദരിദ്ര വിഭാഗത്തിലുള്ളത്. അവർക്ക് സൗജന്യ യാത്ര നൽകാൻ തയ്യാറുണ്ടോ ബസ് ഉടമകൾ?. ബസുടമകൾക്ക് സാമൂഹ്യ പ്രതിബദ്ധതയുണ്ടെങ്കിൽ അത് നടപ്പാക്കണമെന്നും അദ്ദേഹം പറഞ്ഞു.സ്വകാര്യ ബസ് സമരത്തെപ്പറ്റി വാർത്ത കണ്ട അറിവ് മാത്രമാണ് തനിക്കുള്ളത്. വിദ്യാർത്ഥി കൺസഷൻ പഠിക്കാൻ കമ്മിറ്റി ഉണ്ട്.
സീറ്റ് ബെൽറ്റ് സർക്കാർ തീരുമാനിച്ചതല്ല. നേരത്തെ ഉള്ള നിയമമാണ്. അത് നടപ്പാക്കാൻ തന്നെയാണ് സർക്കാരിന്റെ തീരുമാനമെന്നും അദ്ദേഹം വ്യക്തമാക്കി.

ഈ മാസം 31ന് കേരളത്തില്‍ സമരം പ്രഖ്യാപിച്ചിരിക്കുകയാണ് സ്വകാര്യ ബസ് ഉടമകള്‍. ബസുടമകളുടെ സംയുക്ത സമിതിയുടേതാണ് തീരുമാനം. വിദ്യാര്‍ഥികളുടെ കണ്‍സഷന്‍ തുക വര്‍ധിപ്പിക്കണം എന്നതുള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം. അടുത്ത മാസം അനിശ്ചിത കാല സമരം തുടങ്ങാനും സ്വകാര്യ ബസ് ഉടമകള്‍ തീരുമാനിച്ചിട്ടുണ്ട്.

സമരത്തോട് സര്‍ക്കാര്‍ അനുകൂലമായ നിലപാട് സ്വീകരിച്ചില്ലെങ്കിലാണ് നവംബര്‍ 23 മുതല്‍ അനിശ്ചിതകാല സമരത്തിലേക്ക് കടക്കാൻ തീരുമാനിച്ചിട്ടുള്ളത്. തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തിലാണ് സമര സമിതി നേതാക്കള്‍ തീരുമാനങ്ങള്‍ വിശദീകരിച്ചത്. ഇപ്പോഴത്തെ സാഹചര്യത്തില്‍ ബസ് സര്‍വീസുമായി മുന്നോട്ട് പോകാന്‍ പ്രയാസമാണ് എന്ന് ബസ് ഉടമകള്‍ പറയുന്നു.

സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടും വർധന

സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടും വർധന

തിരുവനന്തപുരം: സ്വർണ വിലയിൽ വീണ്ടും വർധന. പവന് 120 രൂപ വർധിച്ച് 45,440 ആയി. ഗ്രാം വിലയിൽ 15 രൂപയുടെ വർധന. ഒരു ഗ്രാം സ്വർണത്തിന്റെ വില 5680 രൂപ. ഈ മാസത്തെ ഏറ്റവും ഉയർന്ന വിലയാണിത്. കഴിഞ്ഞ രണ്ടു ദിവസങ്ങളിലും സ്വർണ വില വർധന രേഖപ്പെടുത്തിയിരുന്നു. 24 കാരറ്റ് സ്വർണത്തിലും ഇന്നും സമാനമായ നിരക്കിലുള്ള വർധനവ് ഉണ്ടായിട്ടുണ്ട്.

പവന് 128 രൂപ വർധിച്ച് 49,568 എന്ന നിരക്കിലും ഗ്രാമിന് 16 രൂപ വർധിച്ച് 6196 എന്ന നിരക്കിലുമാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. മെയ് 5ന് രേഖപ്പെടുത്തിയ പവന് 45,760 രൂപയാണ് സംസ്ഥാനത്ത് ഇന്നുവരെ രേഖപ്പെടുത്തിയതിൽ ഏറ്റവും ഉയർന്ന നിരക്ക്. ഒക്ടോബർ മാസം ഒന്നാം തീയതി 42,080 രൂപയായിരുന്നു വില. ഒക്ടോബർ അഞ്ചിന് രേഖപ്പെടുത്തിയ 41,960 രൂപയാണ് ഈ മാസത്തിലെ ഏറ്റവും കുറഞ്ഞ നിരക്ക്.

ആറ്റിങ്ങൽ ബി.ആർ.സി പരിധിയിലുള്ള സർക്കാർ സ്കൂളുകളിൽ പെൺകുട്ടികൾക്കായി സ്വയം പ്രതിരോധ പരിശീലന പരിപാടി സംഘടിപ്പിച്ചു

ആറ്റിങ്ങൽ ബി.ആർ.സി പരിധിയിലുള്ള സർക്കാർ സ്കൂളുകളിൽ പെൺകുട്ടികൾക്കായി സ്വയം പ്രതിരോധ പരിശീലന പരിപാടി സംഘടിപ്പിച്ചു

പെൺകുട്ടികൾക്ക് സ്വയം പ്രതിരോധം ഉറപ്പായതിലൂടെ കുട്ടികളുടെ ആത്മവിശ്വാസo വർദ്ധിപ്പിക്കുവാനും ശാരീരിക ക്ഷമത ഉറപ്പുവരുത്തുന്നതിനും പ്രതികൂല സാഹചര്യങ്ങളിൽ കൃത്യമായി പ്രതികരിക്കുന്നതിനും വേണ്ടി സമഗ്ര ശിക്ഷ കേരളയും പൊതു വിദ്യാഭ്യാസ വകുപ്പും ചേർന്ന് നടത്തുന്ന പരിപാടിയാണ് സ്വയം പ്രതിരോധ പരിശീലന പരിപാടി . ഇതിന്റെ ഭാഗമായി ഗവൺമെൻറ് വിദ്യാലയങ്ങളിലെ 8 മുതൽ 12 വരെയുള്ള ക്ലാസുകളിലെ പെൺകുട്ടികൾക്കായുള്ള 12 മണിക്കൂർ ദൈർഘ്യമുള്ള സ്വയം പ്രതിരോധ പരിശീലന പരിപാടിയുടെ ആറ്റിങ്ങൽ ബി.ആർ.സി തല ഉദ്ഘാടനം അഴൂർ ഗവ.ഹയർ സെക്കന്ററി സ്കൂളിൽ അഴൂർ പഞ്ചായത്ത് പ്രസിഡന്റ് ആർ അനിൽ ഉദ്ഘാടനം ചെയ്തു.

സ്കൂൾ പിടിഎ പ്രസിഡന്റ് ആർ.നിസാറിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ പ്രഥമാധ്യാപിക മിനി കെ ആർ സ്വാഗതം ആശംസിക്കുകയും ആറ്റിങ്ങൽ ബി ആർ സി ബി.പി.സി വിനു. എസ്. പദ്ധതി വിശദീകരണവും നടത്തി. കരാട്ടെ പരിശീലകൻ സമ്പത്ത്, ജെന്റർ ഇക്യുറ്റി ചാർജ് ഉള്ള കോർഡിനേറ്റർ കൃഷ്ണ എന്നിവർ ആശംസയും കോഡിനേറ്റർ സീന എസ്.എം.യോഗത്തിന് നന്ദിയും പറഞ്ഞു.

പീഡന പരാതി: വ്ലോഗർ അറസ്റ്റിൽ

പീഡന പരാതി: വ്ലോഗർ അറസ്റ്റിൽ

കൊച്ചി: സൗദി സ്വദേശിയായ യുവതി നൽകിയ ലൈംഗികാതിക്രമ കേസിൽ ‘മല്ലു ട്രാവലർ’ എന്ന വ്ലോഗർ ഷാക്കിർ സുബ്ഹാനെ പോലീസ് അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടയച്ചു. ഹൈക്കോടതി ഇടക്കാല മുൻകൂർ ജാമ്യം നൽകിയതിന് പിന്നാലെയാണ് ഷാക്കിർ ഇന്ന് ചോദ്യം ചെയ്യലിനായി സെൻട്രൽ പോലീസിന് മുന്നിൽ ഹാജരായത്. കോഴിക്കോട് സ്വദേശിയായ സുഹൃത്തിനൊപ്പം കൊച്ചിയിലെത്തിയ സൗദി സ്വദേശിയായ യുവതിയെ ഹോട്ടലിൽ വെച്ച് ഷാക്കിർ സുബ്ഹാൻ പീഡിപ്പിക്കാൻ ശ്രമിച്ചെന്നായിരുന്നു പരാതി.

സംഭവത്തിൽ സെൻട്രൽ പോലീസ് കേസ് എടുത്തതിന് പിന്നാലെ വിദേശത്തേക്കുപോയ ഷാക്കിറിനെ ചോദ്യം ചെയ്യാൻ കഴിഞ്ഞിരുന്നില്ല. ഷാക്കിർ നടത്തിയ ലൈംഗികാതിക്രമത്തെക്കുറിച്ച് യുവതി സമൂഹമാധ്യമങ്ങളിലൂടെ വെളിപ്പെടുത്തൽ നടത്തിയിരുന്നു. വിദേശത്തുള്ള ഷാക്കിറിനായി പോലീസ് ലുക്ക്ഔട്ട് നോട്ടീസ് ഇറക്കി അറസ്റ്റിന് നീക്കം തുടങ്ങുന്നതിനിടെയാണ് ഇയാൾ ഹൈക്കോടതിയെ സമീപിച്ച് ഇടക്കാല മുൻകൂർ ജാമ്യം നേടിയത്.

അന്വേഷണവുമായി സഹകരിക്കാൻ കോടതി നിർദ്ദേശം നൽകിയതിനെ തുടർന്ന് ഇന്ന് രാവിലെ സെൻട്രൽ പോലീസിന് മുന്നിൽ ഹാജരായത്. തുടർന്ന് അഞ്ചു മണിക്കൂറോളം ചോദ്യം ചെയ്ത ശേഷം അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടയക്കുകയായിരുന്നു. മൊഴി പരിശോധിച്ച ശേഷം ആവശ്യമെങ്കിൽ ഷാക്കിറിനെ വീണ്ടും ചോദ്യം ചെയ്യുമെന്ന് പോലീസ് വ്യക്തമാക്കി.