പ്രധാനമന്ത്രിയെ സന്ദർശിച്ച് സുരേഷ് ഗോപി: മകളുടെ വിവാഹക്ഷണക്കത്തും നൽകി

പ്രധാനമന്ത്രിയെ സന്ദർശിച്ച് സുരേഷ് ഗോപി: മകളുടെ വിവാഹക്ഷണക്കത്തും നൽകി

പ്രധാനമന്ത്രിയെ സന്ദർശിച്ച് സുരേഷ് ഗോപി. മകളുടെ വിവാഹക്ഷണക്കത്തും നൽകി. ഭാര്യ രാധികയ്‌ക്കും മകൾ ഭാഗ്യക്കുമൊപ്പമാണ് സുരേഷ് ഗോപി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സന്ദർശിച്ചത്. ഇതിന്റെ ചിത്രങ്ങളും അദ്ദേഹം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തു. MODI, the Family Man.. PARIVAROM ki NETA’ എന്ന തലക്കെട്ടോടെയാണ് ചിത്രം പങ്കുവച്ചിരിക്കുന്നത്. ഭാഗ്യയുടെ വിവാഹക്ഷണക്കത്ത് മോദിക്ക് നൽകുന്നതിന്റെ ചിത്രവും അദ്ദേഹം പോസ്റ്റ് ചെയ്തിട്ടുണ്ട്.

ഈ വര്‍ഷം ജൂലൈയില്‍ ആയിരുന്നു ഭാഗ്യയുടെ വിവാഹ നിശ്ചയം. മവേലിക്കര സ്വദേശിയും ബിസിനസുകാരനുമായ ശ്രേയസ് മോഹൻ ആണ് ഭാഗ്യയുടെ ഭാവി വരന്‍. തിരുവനന്തപുരത്തെ വീട്ടില്‍ വച്ച് ലളിതമായിട്ട് ആയിരുന്നു ചടങ്ങുകള്‍. ഇരുവരുടെയും വിവാഹം ജനുവരിയില്‍ നടക്കും.

കഠിനംകുളം കായലിൽ വളളം മറിഞ്ഞ് കാണാതായ മധ്യവയസ്കൻ്റെ മൃതദേഹം കണ്ടെത്തി

കഠിനംകുളം കായലിൽ വളളം മറിഞ്ഞ് കാണാതായ മധ്യവയസ്കൻ്റെ മൃതദേഹം കണ്ടെത്തി

കഠിനംകുളം കായലിൽ വളളം മറിഞ്ഞ് കാണാതായ മധ്യവയസ്കൻ്റെ മൃതദേഹം കണ്ടെത്തി. ചാന്നാങ്കര കണ്ടവിള സ്വദേശി ബാബു (50) ആണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് മൂന്നരയ്ക്കാണ് നാലുപേർ സഞ്ചരിച്ച വള്ളം കായലിൽ മറിഞ്ഞത്. കൂടെയുണ്ടായിരുന്ന മൂന്ന് പേർ നീന്തി രക്ഷപ്പെട്ടിരുന്നു.

ഇന്ന് രാവിലെ പ്രദേശവാസികൾ നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. കഴക്കൂട്ടത്തു നിന്ന് ഫയർഫോഴ്സ് സംഘവും സ്കൂബാ ടീമും രാത്രിയിലും തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഇന്നലെ ഉച്ചയ്ക്ക് 12 നാണ് രണ്ട് ചെറിയ വള്ളങ്ങളിലായി ആറംഗ സംഘം നിർമ്മാണം നടക്കുന്ന ചാന്നാംകരയിലെ പുതിയ ബോട്ട്ജെട്ടിയിൽ നിന്ന് യാത്ര തിരിച്ചത്. ഒരു വള്ളത്തിൽ 4 പേരും രണ്ടാമത്തെ വള്ളത്തിൽ 2 പേരുമാണ് ഉണ്ടായിരുന്നത്.

ബോട്ട് ജെട്ടിയിൽ നിന്ന് അരകിലോമീറ്റർ മാറി കായലിൽ വള്ളത്തിലിരുന്ന് വലയിടുന്നതിനിടയിൽ ശക്തമായ കാറ്റിൽ 4 പേർ കയറിയ വള്ളം മറിയുകയായിരുന്നു. അപകടത്തിൽപ്പെട്ട മറ്റ് മൂന്നുപേർ നീന്തി രക്ഷപ്പെടുന്നതിനിടയിൽ ഒപ്പമുണ്ടായിരുന്ന ബാബു കായലിലെ ചെളിക്കുണ്ടിൽ താഴ്ന്നു പോവുകയായിരുന്നു. കണ്ടവിള സ്വദേശി സജീവ്, അരിയോട്ടുകോണം സ്വദേശികളായ സന്തോഷ്, പ്രവീൺ എന്നിവരാണ് രക്ഷപ്പെട്ടത്.

സംസ്‌ഥാനത്തെ ആദ്യ നൈറ്റ് ലൈഫ് കേന്ദ്രം ഈ മാസം തുറക്കും

സംസ്‌ഥാനത്തെ ആദ്യ നൈറ്റ് ലൈഫ് കേന്ദ്രം ഈ മാസം തുറക്കും

തിരുവനന്തപുരം: രാത്രിമുതല്‍ പുലര്‍ച്ചെവരെ മാനവീയംവീഥി ഉണര്‍ന്നിരിക്കും. ഭക്ഷണവും കലാപരിപാടികളും ഒക്കെയായി രാത്രിജീവിതം ഇവിടെ ആസ്വദിക്കാം. രാത്രി എട്ടുമുതല്‍ പുലര്‍ച്ചെ അഞ്ചുവരെയാണ് സംസ്ഥാനത്തിന്റെ ആദ്യ നൈറ്റ് ലൈഫ് സെന്ററാകുന്ന മാനവീയംവീഥി ജനങ്ങളെ വരവേല്‍ക്കുക. കുടുംബശ്രീ അംഗങ്ങളുടെ തട്ടുകടകളും വ്യത്യസ്ത കലാപരിപാടികളും ഇവിടെ ഒരുക്കും. മാനവീയംവീഥി നവീകരണത്തിന്റെ ഭാഗമായി പാതയോരത്ത് തയ്യാറാക്കിയ കടകളുടെ നടത്തിപ്പാണ് കുടുംബശ്രീയെ ഏല്‍പ്പിക്കുന്നത്. കൂടാതെ മൂന്ന് മൊബൈല്‍ വെന്‍ഡിങ് ഭക്ഷണശാലയും സജ്ജീകരിക്കും.

മുന്‍കൂട്ടി ബുക്ക് ചെയ്യുന്നത് അനുസരിച്ചാണ് കലാപരിപാടികള്‍ അവതരിപ്പിക്കാന്‍ അവസരം നല്‍കുക. കോര്‍പ്പറേഷനും ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലും സംയുക്തമായി കലാപരിപാടികള്‍ മുന്‍കൂട്ടി ബുക്ക് ചെയ്യുന്നതിന് പോര്‍ട്ടല്‍ ക്രമീകരിക്കും. ഇതിലൂടെ കലാകാരന്‍മാര്‍ക്കും സംഘങ്ങള്‍ക്കും പരിപാടിയുടെ വിവരങ്ങള്‍ നല്‍കാം. ലഭിക്കുന്ന അപേക്ഷകളില്‍ പരിശോധന നടത്തിയശേഷമാണ് പരിപാടികള്‍ അവതരിപ്പിക്കുന്നതിന് അനുമതി നല്‍കുക.

ആറ്റിങ്ങൽ കരിച്ചിയിൽ തുമ്പിക്കോട്ടുകോണം മാടൻനട ദേവീക്ഷേത്രത്തിലെ ആയില്യം ഊട്ട് തിങ്കളാഴ്ച

ആറ്റിങ്ങൽ കരിച്ചിയിൽ തുമ്പിക്കോട്ടുകോണം മാടൻനട ദേവീക്ഷേത്രത്തിലെ ആയില്യം ഊട്ട് തിങ്കളാഴ്ച

ആറ്റിങ്ങൽ: ആറ്റിങ്ങൽ കരിച്ചിയിൽ തുമ്പിക്കോട്ടുകോണം മാടൻനട ദേവീക്ഷേത്രത്തിലെ ആയില്യം ഊട്ട് ഒൻപതാം തീയതി തിങ്കളാഴ്ച രാവിലെ 10 30 ന് നടക്കും.

അഖില്‍ സജീവ് ഉള്‍പ്പെട്ട സ്‌പൈസസ് ബോര്‍ഡ് നിയമന തട്ടിപ്പ്; യുവ മോര്‍ച്ച നേതാവിന് പങ്ക്

അഖില്‍ സജീവ് ഉള്‍പ്പെട്ട സ്‌പൈസസ് ബോര്‍ഡ് നിയമന തട്ടിപ്പ്; യുവ മോര്‍ച്ച നേതാവിന് പങ്ക്

അഖില്‍ സജീവ് ഉള്‍പ്പെട്ട സ്‌പൈസസ് ബോര്‍ഡ് നിയമന തട്ടിപ്പില്‍ യുവ മോര്‍ച്ച നേതാവിനും പങ്കെന്ന് പൊലീസ്. യുവമോര്‍ച്ച നേതാവ് രാജേഷ് എന്നു വിളിപ്പേരുള്ള ശ്രീരൂപിനാണ് തട്ടിപ്പില്‍ പങ്കുള്ളത്. നിയമനത്തിന് പണം നല്‍കിയത് രാജേഷിനാണെന്ന് അഖില്‍ സജീവിന്റെ മൊഴി. പത്തനംതിട്ടയിലെ യുവംമോര്‍ച്ച നേതാവാണ് രാജേഷ്.

ഇയാളുടെ അക്കൗണ്ടിലേക്കാണ് പണം കൈമാറിയത്. പത്തനംതിട്ട എസ്പി വി അജിത്തും കന്റോണ്‍മെന്റ് പൊലീസും നടത്തിയ ചോദ്യം ചെയ്യലിലാണ് അഖില്‍ സജീവിന്റെ നിര്‍ണായക മൊഴി വന്നത്. അഖില്‍ സജീവുമായി രാജേഷിന് ബിസിനസ് ബന്ധമുണ്ടെന്ന് പൊലീസ് കണ്ടെത്തി.

രാജേഷിന്റെ ബാങ്ക് അക്കൗണ്ട് സ്റ്റേറ്റ്‌മെന്റടക്കം പൊലീസ് ശേഖരിച്ചു. രാജേഷ് എന്ന ശ്രീരൂപിനായി അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു. ഉടന്‍ തന്നെ ഇയാളെ കണ്ടെത്താന്‍ കഴിയുമെന്ന് പൊലീസ് വ്യക്തമാക്കി.

വിവാഹ വാഗ്ദാനം നല്‍കി; വിവാഹിതയാണെന്നതും മകനുണ്ടെന്നതും മറച്ചുവച്ച് യുവതി ചതിച്ചു; ലൈംഗിക പീഡനം നടന്നിട്ടില്ല; ഷിയാസിന്റെ മൊഴി

വിവാഹ വാഗ്ദാനം നല്‍കി; വിവാഹിതയാണെന്നതും മകനുണ്ടെന്നതും മറച്ചുവച്ച് യുവതി ചതിച്ചു; ലൈംഗിക പീഡനം നടന്നിട്ടില്ല; ഷിയാസിന്റെ മൊഴി

കൊച്ചി: വിവാഹവാഗ്ദാനം നല്‍കി യുവതിയെ പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ നടന്‍ ഷിയാസ് കരീമിന്റെ മൊഴി പുറത്ത്. യുവതിക്ക് വിവാഹവാഗ്ദാനം നല്‍കിയിരുന്നു. വിവാഹിതയാണെന്നതും കുട്ടിയുണ്ടെന്നതും മറച്ചുവച്ച് തന്ന ചതിക്കുകയായിരുന്നുവെന്നും ഷിയാസ് പൊലീസില്‍ മൊഴി നല്‍കി. യുവതിയെ ലൈംഗികമായി പീഡിപ്പിച്ചിട്ടില്ലെന്നും മൊഴിയില്‍ ഉണ്ട്. ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായ ശേഷം ചന്തേര പൊലീസ് പ്രതിയെ കോടതിയില്‍ ഹാജരാക്കും. കേസില്‍ ഹൈക്കോടതി ഇടക്കാല ജാമ്യം അനുവദിച്ച പശ്ചാത്തലത്തില്‍ ഷിയാസിനെ ഉപാധികളോടെ വിട്ടയക്കാനാണ് സാധ്യത.

നേരത്തെ വിവാഹിതയാണെന്നതും മകനും ഉണ്ടെന്നതും യുവതി മറച്ചവച്ച് ചതിക്കുകയായിരുന്നുവെന്ന് ഷിയാസ് പൊലീസില്‍ മൊഴി നല്‍കി. പരാതിക്കാരിയായ യുവതിയെ ലൈംഗികമായി പീഡിപ്പിച്ചിട്ടില്ല. പരസപര സമ്മതത്തോടെയുള്ള ഒരു ബന്ധമാണ് ഉണ്ടായിരുന്നതെന്നും ഷിയാസ് മൊഴി നല്‍കി.

യുവതിയുടെ പരാതിയില്‍ ഇന്ന് രാവിലെയാണ് ഷിയാസിനെ ചന്തേര പൊലീസ് അറസ്റ്റ് ചെയ്തത്. ബുധനാഴ്ച ചെന്നൈ വിമാനത്താവളത്തില്‍നിന്നാണ് ഷിയാസ് പിടിയിലായത്. ഷിയാസിനെതിരെ കേരള പൊലീസ് തിരച്ചില്‍ നോട്ടിസ് പുറപ്പെടുവിച്ചിരുന്നു. ദുബായില്‍നിന്നു ചെന്നൈയില്‍ എത്തിയപ്പോള്‍ തടഞ്ഞുവച്ച് കേരള പൊലീസിനെ അറിയിക്കുകയായിരുന്നു. ചന്തേര പൊലീസ് ചെന്നൈയിലെത്തി ഷിയാസിനെ കസ്റ്റഡിയിലെടുത്തു.

അതേസമയം, ഷിയാസിനു ഹൈക്കോടതി ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. ജസ്റ്റിസ് പി ഗോപിനാഥാണ് ഉപാധികളോടെ ജാമ്യം അനുവദിച്ചത്. ഭീഷണിപ്പെടുത്തി വന്‍തുക വാങ്ങാനാണ് യുവതി അടുപ്പം സ്ഥാപിച്ചതെന്ന് ഷിയാസ് ജാമ്യാപേക്ഷയില്‍ പറഞ്ഞു. എറണാകുളത്ത് ഫിറ്റ്‌നസ് ഇന്‍സ്ട്രക്ടറായ കാസര്‍കോട് പടന്ന സ്വദേശിനിയാണ് ഷിയാസിനെതിരെ കഴിഞ്ഞമാസം ചന്തേര പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്.