സാധനങ്ങൾ എടുക്കുന്നതിനിടെ മുഖത്തേക്ക് ചാടി: അങ്കണവാടിയിൽവെച്ച് ആയയ്ക്ക് പാമ്പു കടിയേറ്റു

സാധനങ്ങൾ എടുക്കുന്നതിനിടെ മുഖത്തേക്ക് ചാടി: അങ്കണവാടിയിൽവെച്ച് ആയയ്ക്ക് പാമ്പു കടിയേറ്റു

കോഴിക്കോട്: അങ്കണവാടിയിലെ അടുക്കളയിൽ വച്ച് ആയയ്ക്ക് പാമ്പുകടിയേറ്റു. കോഴിക്കോട് ഏരിമല അങ്കണവാടിയിലാണ് സംഭവമുണ്ടായത്. പരതപ്പൊയിൽ സ്വദേശിനി സുശീലയ്ക്കാണ് കടിയേറ്റത്.

അലമാരയിൽ നിന്ന് സാധനങ്ങൾ എടുക്കവേ പാമ്പ് മുഖത്തേക്ക് ചാടുകയായിരുന്നു. മുഖത്ത് കടിയേറ്റ സുശീലയെ ഉടന്‍ തന്നെ നാട്ടുകാർ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചു. സംഭവ സമയത്ത് അങ്കണവാടിയിൽ കുട്ടികളുണ്ടായിരുന്നില്ല. പാമ്പു പിടുത്തക്കാരൻ എത്തിയാണ് പാമ്പിനെ പിടിച്ചത്. തുടർന്ന് പാമ്പിനെ ഫോറസ്റ്റ് അധികൃതർക്ക് കൈമാറി.

സംസ്ഥാനത്ത് ഇന്നും സ്വർണവില ഉയർന്നു

സംസ്ഥാനത്ത് ഇന്നും സ്വർണവില ഉയർന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും സ്വർണവില ഉയർന്നു. കഴിഞ്ഞ ആഴ്ചയിൽ കുത്തനെ ഇടിഞ്ഞ സ്വർണവില ഇന്നലെയാണ് ഉയർന്നത്. ആറ് മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലായിരുന്നു കഴിഞ്ഞ ആഴ്ചയിലെ വ്യാപാരം. ഇന്നലെയും ഇന്നുമായി 280 രൂപ ഉയർന്നതോടെ വിപണിയിൽ ഒരു പവൻ സ്വർണത്തിന്റെ വില 42200 രൂപയാണ്.

ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില 5275 രൂപയും ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 4358 രൂപയുമാണ്.

പെരുമ്പാവൂരില്‍ 65കാരനെ വെട്ടിക്കൊന്നു; പ്രതി ഒളിവില്‍

പെരുമ്പാവൂരില്‍ 65കാരനെ വെട്ടിക്കൊന്നു; പ്രതി ഒളിവില്‍

കൊച്ചി: പെരുമ്പാവൂരില്‍ 65കാരനെ വെട്ടിക്കൊന്നു. കിഴക്കേ ഐമുറി സ്വദേശി വേലായുധന്‍ ആണ് മരിച്ചത്.
പ്രതി പാണിയേലി സ്വദേശി ലിന്റോ ഒളിവിലാണ്. മാസങ്ങള്‍ക്ക് മുന്‍പ് ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു. ഇതിന്റെ പകയാണ് കൊലപാതകത്തില്‍ കലാശിച്ചത്.

മുനമ്പത്ത് കടലില്‍ കാണാതായ നാലുപേരില്‍ രണ്ട് പേരുടെ മൃതദേഹം കണ്ടെത്തി; മറ്റുള്ളവര്‍ക്കായി തിരച്ചില്‍

മുനമ്പത്ത് കടലില്‍ കാണാതായ നാലുപേരില്‍ രണ്ട് പേരുടെ മൃതദേഹം കണ്ടെത്തി; മറ്റുള്ളവര്‍ക്കായി തിരച്ചില്‍

കൊച്ചി: മുനമ്പത്ത് ഫൈബര്‍ വെള്ളം മുങ്ങി കടലില്‍ കാണാതായ നാല് മത്സ്യത്തൊഴിലാളികളില്‍ രണ്ടുപേരുടെ മൃതദേഹം കണ്ടെത്തി. മാലിപ്പുറം സ്വദേശി ശരത്തിന്റെയും മറ്റൊരാളുടെയും മൃതദേഹമാണ് കണ്ടെത്തിയത്. മറ്റ് രണ്ടുപേര്‍ക്കായി തിരച്ചില്‍ തുടരുന്നു. അഴിക്കോട് തീരത്തിന് സമീപത്തുവച്ചാണ് ഇവരുടെ മൃതദേഹം കണ്ടെത്തിയത്. ചൂണ്ടയില്‍ ചെറുവളളത്തില്‍ മീന്‍ പിടിക്കാന്‍ പോയവരാണ് മൃതദേഹം കണ്ടെത്തിയത്. അവര്‍ കോസ്റ്റല്‍ പൊലീസിനെ വിവരം അറിയിച്ചു. കണ്ടെത്തിയ മൃതദേഹം ശരത്തിന്റെതാണെന്ന് സ്ഥിരീകരിച്ചു. ശരത്തിന്റെ മൃതദേഹം കണ്ടെത്തിയതിന് രണ്ട് നോട്ടിക്കല്‍ മൈല്‍ ദൂരത്ത് നിന്നാണ് മറ്റൊരു മൃതദേഹം കണ്ടെത്തിയത്. അപകടത്തില്‍പ്പെട്ട മറ്റ് രണ്ടുപേര്‍ക്കായി തിരച്ചില്‍ തുടരുകയാണ്.

വിവിധ സര്‍ക്കാര്‍ ഏജന്‍സികളും മത്സ്യത്തൊഴിലാളികളും രാത്രിയും പകലും തിരച്ചില്‍ നടത്തിയിട്ടും കാണാതായവരെ കുറിച്ചു ഇന്നലെ രാത്രിവരെ സൂചനകളൊന്നും ലഭിച്ചിരുന്നില്ല. മീന്‍ കൊണ്ടുവരാനായി മാലിപ്പുറത്തു നിന്ന് പോയ ‘നന്മ’ എന്ന വള്ളമാണ് വ്യാഴം വൈകിട്ട് 5 മണിയോടെ അപകടത്തില്‍ പെട്ടത്. 7 തൊഴിലാളികള്‍ ഉണ്ടായിരുന്ന വള്ളം മുനമ്പം അഴിമുഖത്തിന് 7 കിലോമീറ്റര്‍ അകലെ മുങ്ങുകയായിരുന്നു. വള്ളത്തില്‍ പിടിച്ചു കിടന്ന 3 പേരെ രാത്രി 9 മണിയോടെ സമീപത്തു കൂടി കടന്നുപോയ ഫിഷിങ് ബോട്ടിലെ തൊഴിലാളികള്‍ കണ്ടെത്തി രക്ഷപ്പെടുത്തി.

മാലിപ്പുറം ചാപ്പ കടപ്പുറം സ്വദേശികളായ പടിഞ്ഞാറേ പുരക്കല്‍ ഷാജി (53), ചേപ്ലത്ത് മോഹനന്‍ (53), കൊല്ലം പറമ്പില്‍ ശരത് (24), ആലപ്പുഴ പള്ളിപ്പാട് തച്ചേടത്ത് യേശുദാസ് (രാജു56) എന്നിവരെയാണ് കാണാതായത്. മാലിപ്പുറം സ്വദേശികളായ ബൈജു (42), മണിയന്‍ (54), ആലപ്പുഴ സ്വദേശി ആനന്ദന്‍ (52)എന്നിവരാണ് രക്ഷപ്പെട്ടത്. കോസ്റ്റ്ഗാര്‍ഡ്, ഫിഷറീസ് വകുപ്പ്, മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ്, കോസ്റ്റല്‍ പൊലീസ് എന്നിവരുടെ നേതൃത്വത്തില്‍ അപകട ദിവസം രാത്രി തന്നെ തിരച്ചില്‍ ആരംഭിച്ചിരുന്നു. ഇന്നലെ രാവിലെ മുതല്‍ നാവികസേന ഹെലികോപ്റ്ററും തിരച്ചിലില്‍ പങ്കെടുത്തു. പരമ്പരാഗത മത്സ്യത്തൊഴിലാളികളും ഇന്നലെ തിരച്ചിലിന് ഇറങ്ങി.

കോൺ​ഗ്രസ് നേതാവ് ഹോട്ടലിൽ മരിച്ച നിലയിൽ

കോൺ​ഗ്രസ് നേതാവ് ഹോട്ടലിൽ മരിച്ച നിലയിൽ

കൊച്ചി: കോൺ​ഗ്രസ് നേതാവ് ഹോട്ടലിൽ മരിച്ച നിലയിൽ കണ്ടെത്തി. അങ്കമാലി അങ്ങാടിക്കടവ് പള്ളിപ്പാടൻ പിടി പോളിനെ (61) ആണ് ആലുവയിലെ ഹോട്ടലിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഐഎൻടിയുസി സംസ്ഥാന വൈസ് പ്രസിഡന്റും അങ്കമാലി ബ്ലോക്ക് പഞ്ചായത്ത് മുൻ പ്രസിഡന്റുമാണ്.

ഉച്ചയ്ക്ക് 12.30നാണ് പോൾ ഹോട്ടലിൽ മുറിയെടുത്തത്. തന്നെ കാണാൻ ഒരാൾ വരുമെന്നും അകത്തേക്കു വിടണമെന്നും റിസപ്ഷനിൽ പറഞ്ഞേൽപിച്ചാണു പോൾ മുറിയിലേക്കു പോയത്. മുറിയുടെ വാതിൽ അകത്തുനിന്നു പൂട്ടിയിരുന്നില്ല. 3.15ന് അദ്ദേഹത്തെ കാണാൻ അങ്കമാലിയിൽ നിന്ന് ഒരാൾ എത്തി. മുറിയിൽ എത്തിയ സന്ദർശകൻ കാണുന്നത് മുറിയിൽ ചലനമറ്റ് കിടക്കുന്ന പോളിനെയാണ്. തുടർന്ന് സ്വന്തം വാഹനത്തിൽ കാരോത്തുകുഴി ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു.

മുറിയിൽ പൊലീസ് നടത്തിയ പരിശോധനയിൽ ബാഗും മൊബൈൽ ഫോണും കണ്ടെടുത്തു. അങ്കമാലിയിൽനിന്നു ഡ്രൈവർക്കൊപ്പം സ്വന്തം കാറിൽ ആലുവയിൽ എത്തിയ പോൾ എംജി ടൗൺ ഹാളിനു സമീപം ഇറങ്ങി കാർ പറഞ്ഞുവിട്ടു. തനിക്കു പോകാൻ മറ്റൊരു വാഹനം വരുമെന്നാണു ഡ്രൈവറോടു പറഞ്ഞതെന്നു പൊലീസ് പറഞ്ഞു. ടൗൺ ഹാളിനു തൊട്ടടുത്തുള്ള ഹോട്ടലിലാണു മുറിയെടുത്തത്. മരണവിവരം അറിഞ്ഞ് എംഎൽഎമാരായ അൻവർ സാദത്ത്, റോജി എം. ജോൺ എന്നിവരടക്കം ഒട്ടേറെപ്പേർ ആശുപത്രിയിൽ എത്തി. കോൺഗ്രസ് മുൻ ബ്ലോക്ക് പ്രസിഡന്റായ പോൾ നിലവിൽ അങ്കമാലി സഹകരണ ബാങ്ക് പ്രസിഡന്റും മോട്ടർ തൊഴിലാളി ക്ഷേമിനിധി ബോർഡ് അംഗവുമാണ്.

തിരുവനന്തപുരത്ത് നിന്ന് കൂടുതല്‍ സര്‍വീസുകള്‍ ആരംഭിക്കുന്നു; വിമാന യാത്രക്കാര്‍ക്ക് ആശ്വാസം

തിരുവനന്തപുരത്ത് നിന്ന് കൂടുതല്‍ സര്‍വീസുകള്‍ ആരംഭിക്കുന്നു; വിമാന യാത്രക്കാര്‍ക്ക് ആശ്വാസം

തിരുവനന്തപുരം: സ്‌പൈസ് ജെറ്റ് ബംഗളൂരുവിലേക്കു തിരുവനന്തപുരത്തു നിന്ന് കൂടുതൽ സർവീസുകൾ ആരംഭിക്കുന്നു. ഒക്ടോബർ 10 മുതൽ ആഴ്ചയിൽ രണ്ട് സർവീസുകളാണ് പുതിയതായി തുടങ്ങുന്നത്. നിലവിൽ സ്‌പൈസ് ജെറ്റിന് തിരുവനന്തപുരം – ബംഗളൂരു റൂട്ടിൽ ശനിയാഴ്ചകളിൽ മാത്രമാണ് സർവീസ് ആണുള്ളത്.

തിരുവനന്തപുരത്തു നിന്നും ബംഗളുരുവിലേക്കും തിരിച്ചും ചൊവ്വ, വ്യാഴം ദിവസങ്ങളിലാണ് പുതിയ സർവീസുകൾ ആരംഭിക്കുന്നത്. രാവിലെ 05:50ന് ബാംഗളൂരുവിൽ നിന്ന് പുറപ്പെടുന്ന വിമാനം 07:25ന് തിരുവനന്തപുരത്ത് എത്തും. തിരികെ 08:05ന് പുറപ്പെട്ട് 09:40ന് ബാംഗളൂരുവിലെത്തും. ശനിയാഴ്ചകളിൽ രാത്രി 10:15ന് തിരുവനന്തപുരത്ത് എത്തുന്ന വിമാനം 10:35ന് ബംഗളുരുവിലേര്ര് തിരിച്ചുപോകും.

ഈ റൂട്ടിൽ ഇൻഡിഗോ എയർലൈൻസ് നിലവില്‍ ദിവസേന നാല് സർവീസുകൾ നടത്തുന്നുണ്ട്. ഇന്ത്യയിലേക്ക് നേരിട്ടുള്ള സര്‍വീസുമായി ഉഗാണ്ട എയര്‍ലൈന്‍സ് പ്രവര്‍ത്തനം ആരംഭിച്ചു. ആദ്യ സര്‍വീസ് ഒക്ടോബര്‍ ഏഴിന് തുടങ്ങും. ഉഗാണ്ടയിലെ എന്റബ്ബെ രാജ്യാന്തര വിമാനത്താവളത്തേയും മുംബൈ ഛത്രപതി ശിവജി മഹാരാജ് രാജ്യാന്തര വിമാനത്താവളത്തേയും ബന്ധിപ്പിച്ചാണ് സര്‍വീസ്. ആദ്യ വിമാനം (യുആര്‍ 430) ശനിയാഴ്ച എന്റബ്ബെയില്‍ നിന്ന് പ്രാദേശിക സമയം രാത്രി 8.15ന് പുറപ്പെട്ട് ഞായറാഴ്ച പുലര്‍ച്ചെ 5.55ന് മുംബൈയില്‍ ഇറങ്ങും.

മുംബൈയില്‍ നിന്നുള്ള ആദ്യ വിമാനം (യുആര്‍ 431) ഞായറാഴ്ച രാവിലെ 7.55 ന് പുറപ്പെട്ട് പ്രാദേശിക സമയം 12.25ന് എന്റബ്ബെയില്‍ ഇറങ്ങും. ഇരു നഗരങ്ങള്‍ക്കുമിടയില്‍ ആഴ്ചയില്‍ മൂന്ന് സര്‍വീസുകളാണ് ഉള്ളത്. മുംബൈയില്‍ നിന്ന് ചൊവ്വ, വ്യാഴം, ഞായര്‍ ദിവസങ്ങളിലും എന്റബ്ബെയില്‍ നിന്ന് തിങ്കള്‍, ബുധന്‍, ശനി ദിവസങ്ങളിലുമാണ് സര്‍വീസ്.

എയര്‍ബസ് എ330-800 നിയോ വിമാനമാണ് സര്‍വീസിന് ഉപയോഗിക്കുക. ബിസിനസ് ക്ലാസ് 20, പ്രീമിയം ഇക്കോണമി 28, ഇക്കോണമി 210 എന്നിങ്ങനെ മൂന്ന് ക്ലാസുകളായാണ് സീറ്റുകള്‍ ക്രമീകരിച്ചിരിക്കുന്നത്. അരനൂറ്റാണ്ടിനു ശേഷം ഇതാദ്യമായാണ് ഉഗാണ്ടയില്‍ നിന്ന് ഇന്ത്യയിലേക്ക് നേരിട്ടുള്ള നോണ്‍-സ്റ്റോപ്പ് വിമാന സര്‍വീസ് ആരംഭിക്കുന്നത്.

അതേസമയം, ഇന്ത്യയിലെ മുന്‍നിര ഗ്ലോബല്‍ കരിയറായ എയര്‍ ഇന്ത്യ ഈ മാസം 23 മുതല്‍ കൊച്ചി- ദോഹ പ്രതിദിന സര്‍വീസ് ആരംഭിക്കും. രണ്ടു നഗരങ്ങളെ തമ്മില്‍ നേരിട്ട് ബന്ധിപ്പിക്കുന്ന ഈ പുതിയ സര്‍വീസ് കൂടുതല്‍ സൗകര്യപ്രദവും സുഖപ്രദവുമായ യാത്രാവശ്യം നിറവേറ്റുന്നതാണ്. കൊച്ചിയില്‍ നിന്ന് പ്രാദേശിക സമയം 1.30ന് പുറപ്പെടുന്ന എഐ 953 ദോഹയില്‍ 3.45ന് എത്തിച്ചേരും. തിരിച്ചുള്ള യാത്രാവിമാനമായ എഐ 954 ദോഹയില്‍ നിന്ന് പ്രാദേശിക സമയം 4.45ന് പുറപ്പെട്ട് കൊച്ചിയില്‍ പ്രാദേശിക സമയം 11.35ന് എത്തിച്ചേരും.