by Midhun HP News | Oct 7, 2023 | Latest News, കേരളം
തിരുവനന്തപുരം: സംസ്ഥാനത്ത് നിലവിലുള്ള വൈദ്യുത പ്രതിസന്ധിയില്‍ ഇന്ന് പൂര്‍ണ പരിഹാരം കാണാനാകുമെന്ന പ്രതീക്ഷയില്‍ കെഎസ്ഇബി. കൂടംകുളത്തേയും മൂളിയാറിലേയും തകരാറുകള്‍ ഉച്ചയോടെ പരിഹരിക്കാന്‍ കഴിഞ്ഞാല്‍ ഇന്ന് പൂര്‍ണ പരിഹാരം കാണാനാകുമെന്ന കണക്കു കൂട്ടലിലാണ് കെഎസ്ഇബി. നിലവില്‍ 370 മെഗാവാട്ടിന്റെ കുറവാണുള്ളത്.
ഇന്നലെ വൈകീട്ട് 6.30 മുതല്‍ രാത്രി 11 മണി വരെ വൈദ്യുതി ഉപയോഗം കുറയ്ക്കണമെന്ന് കെഎസ്ഇബി ആവശ്യപ്പെട്ടിരുന്നു. ഇടുക്കി, കൂടംകുളം വൈദ്യുതി നിലയങ്ങളിലെ ജനറേറ്ററുകളുടെ സാങ്കേതിക തകരാറ് മൂലം വൈദ്യുതി ലഭ്യതയില്‍ കുറവ് വന്നതാണ് ഉപയോഗം കുറക്കാന്‍ ആവശ്യപ്പെട്ടത്.

by Midhun HP News | Oct 6, 2023 | Latest News, കേരളം
ആലപ്പുഴ: നൂറനാട്ട് വീട് കേന്ദ്രീകരിച്ചു ദുര്‍മന്ത്രവാദം നടക്കുന്നുവെന്ന പരാതി അന്വേഷിക്കാനെത്തിയ പൊലീസുകാരെ ആക്രമിച്ച കേസില്‍ അമ്മയും മകളും ഉള്‍പ്പെടെ മൂന്ന് പേര്‍ക്ക് 13 വര്‍ഷം കഠിനതടവ്. വനിത സ്റ്റേഷന്‍ ഹൗസ് ഓഫീസറെയും വനിത സിവില്‍ പൊലീസിനെയും ഇരുമ്പു വടി കൊണ്ട് ആക്രമിച്ച കേസില്‍ മൂവരും അര ലക്ഷം രൂപ വീതം പിഴയടയ്ക്കാനും ശിക്ഷിച്ചു.

നൂറനാട് ഉളവുക്കാട് വന്മേലിത്തറയില്‍ ആതിര (ചിന്നു-26), അമ്മ ശോഭന(50), ഇവരുടെ സഹോദരി രോഹിണി (48) എന്നിവര്‍ക്കാണ് അഡീഷനല്‍ ജില്ലാ സെഷന്‍സ് കോടതി-3 ജഡ്ജി എസ് എസ് സീന ശിക്ഷ വിധിച്ചത്. വിവിധ വകുപ്പുകളിലായുള്ള ശിക്ഷ ഒന്നിച്ചനുഭവിച്ചാല്‍ മതിയെന്നതിനാല്‍ മൂന്നു പേരും 7 വര്‍ഷം വീതം കഠിന തടവ് അനുഭവിക്കണം.
2016 ഏപ്രില്‍ 23ന് ആലപ്പുഴ വനിത സെല്‍ എസ്എച്ച്ഒ ആയിരുന്ന മലപ്പുറം തിരൂരങ്ങാടി ചേലാമ്പ്ര പുല്ലിപ്പറമ്പ് സ്വപ്ന വീട്ടില്‍ മീനാകുമാരി (59), വനിത സിവില്‍ പൊലീസ് ഓഫിസര്‍ ലേഖ (48) എന്നിവരെ ആക്രമിച്ച കേസിലാണ് വിധി. ആക്രമണത്തില്‍ മീനാകുമാരിയുടെ വലതു കൈവിരല്‍ ഒടിഞ്ഞിരുന്നു. പിഴത്തുകയില്‍ ഒരു ലക്ഷം രൂപ മീനാകുമാരിക്കു നല്‍കണം.
പാലമേല്‍ പഞ്ചായത്തിലെ ഉളവുക്കാട് വന്മേലില്‍ പ്രദേശത്തെ 51 പേര്‍ ഒപ്പിട്ടു കലക്ടര്‍ക്കു നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണു വനിതാ പൊലീസ് സംഘം സംഭവദിവസം വൈകിട്ട് ഇവരുടെ വീട്ടിലെത്തിയത്. ആതിരയുമായി സംസാരിച്ച മീനാകുമാരി, മന്ത്രവാദവും മറ്റും നിര്‍ത്തി വിദ്യാഭ്യാസം തുടരണമെന്ന് ഉപദേശിച്ചു. അതിനിടെ അപ്രതീക്ഷിതമായി ഇരുമ്പുകമ്പി കൊണ്ടു പ്രതികള്‍ ആക്രമിക്കുകയായിരുന്നു. തടയാന്‍ ചെന്ന ലേഖയ്ക്കും മര്‍ദനമേല്‍ക്കുകയായിരുന്നു.
by Midhun HP News | Oct 6, 2023 | Latest News, കേരളം
ഹാങ്ചൗ: ഏഷ്യന്‍ ഗെയിംസ് ബാഡ്മിന്റണില്‍ മലയാളി താരം എച്ച്എസ് പ്രണോയിക്ക് വെങ്കലം. പുരുഷ സിംഗിള്‍സിലെ സെമി മത്സരത്തില്‍ നേരിട്ടുള്ള സെറ്റുകളില്‍ ചൈനയുടെ ലീ ഷിഫെങ്ങിനോടായിരുന്നു പരാജയം. സ്‌കോര്‍ (21 -16, 21-9)
41 വര്‍ഷത്തെ ഇടവേളയ്ക്കുശേഷമാണ് ഈ നേട്ടം. 1982 ഡല്‍ഹി ഏഷ്യന്‍ ഗെയിംസിലാണ് പുരുഷ ബാഡ്മിന്റണില്‍ അവസാനമായി മെഡല്‍ നേടിയത്. സയിദ് മോദിക്കായിരുന്നു വെങ്കലം. എഷ്യന്‍ ഗെയിംസില്‍ ഇതോടെ ഇന്ത്യയുടെ മെഡല്‍ നേട്ടം 88 ആയി. 21സ്വര്‍ണം, 32 വെള്ളി, 35 വെങ്കലം എന്നിങ്ങനെയാണ് മെഡല്‍ നേട്ടം
അമ്പെയ്ത്തില്‍ ഇന്ത്യന്‍ വനിതാ ടീം വെങ്കലം നേടി. മത്സരത്തില്‍ വിയ്റ്റ്നാമിനെ പരാജയപ്പെടുത്തിയാണ് ഇന്ത്യ വെങ്കലം നേടിയത്.കബഡി മത്സരത്തില്‍ ഇന്ത്യ മെഡല്‍ ഉറപ്പിച്ച് ഫൈനലില്‍ പ്രവേശിച്ചു. നേപ്പാളിനെ 61-17നാണ് ഇന്ത്യന്‍വനിതാ ടീം പരാജയപ്പെടുത്തിയത്.

പുരുഷ ക്രിക്കറ്റില്‍ ഇന്ത്യ മെഡല്‍ ഉറപ്പിച്ചു. സെമിയില്‍ ബംഗ്ലാദേശിനെ ഒമ്പത് വിക്കറ്റിന് തകര്‍ത്ത് ഇന്ത്യ ഫൈനലില്‍ പ്രവേശിച്ചു. അര്‍ധ സെഞ്ച്വറി നേടി പുറത്താകാതെ നിന്ന തിലക് വര്‍മയുടെയും ക്യാപ്റ്റന്‍ ഋതുരാജ് ഗെയ്ക് വാദിന്റെയും ബാറ്റിങ് മികവിലാണ് ഇന്ത്യന്‍ വിജയം. ഋതുരാജ് ഗെയ്ക് വാദ് 40 റണ്‍സുമായി പുറത്താകെ നിന്നു. 26 പന്തില്‍ 55 റണ്‍സാണ് തിലക് വര്‍മ്മയുടെ സംഭാവന.
ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ബംഗ്ലാദേശ് നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 96 റണ്‍സാണ് നേടിയത്. മൂന്ന് വിക്കറ്റ് നേടിയ സായ് കിഷോറാണ് ബംഗ്ലാദേശിനെ തകര്‍ത്തത്. മറുപടി ബാറ്റിംഗില്‍ ഇന്ത്യ 9.2 ഓവറില്‍ ഒരു വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു.
ആദ്യ ഓവറില്‍ തന്നെ ഇന്ത്യക്ക് യഷസ്വി ജെയ്‌സ്വാളിന്റെ വിക്കറ്റ് നഷ്ടമായിരുന്നു. നാല് പന്തുകള്‍ മാത്രം നേരിട്ട ജെയ്‌സ്വാളിന് റണ്‍സൊന്നുമെടുക്കാന്‍ സാധിച്ചില്ല. റിപ്പണ്‍ മണ്ഡലിനായിരുന്നു വിക്കറ്റ്. എന്നാല്‍ മറ്റൊരു വിക്കറ്റ് നഷ്ടമാവാന്‍ സമ്മതിക്കാതെ ഗെയ്ക് വാദ് – തിലക് സഖ്യം ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചു. 26 മാത്രം നേരിട്ട തിലക് ആറ് സിക്‌സും രണ്ട് ഫോറും നേടി. ഗെയ്കവാദിന്റെ ഇന്നിംഗ്‌സില്‍ മൂന്ന് സിക്‌സും നാല് ഫോറുമുണ്ടായിരുന്നു.
by Midhun HP News | Oct 6, 2023 | Latest News, കേരളം
തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴ തുടരുമെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ്. ശക്തമായ മഴ കണക്കിലെടുത്ത് ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.
ഞായറാഴ്ച വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും തിങ്കളാഴ്ച മലപ്പുറം, വയനാട്, കണ്ണൂര്‍ ജില്ലകളിലുമാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുമെന്നാണ് പ്രവചനം.
കേരളതീരത്തും തെക്കന്‍ തമിഴ്നാട് തീരത്തും ഇന്ന് രാത്രി 11.30 വരെ 0.5 മുതല്‍ 2.0 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്ക്കണമെന്ന് മുന്നറിയിപ്പില്‍ പറയുന്നു.

കടല്‍ക്ഷോഭം രൂക്ഷമാകാന്‍ സാധ്യതയുള്ളതിനാല്‍ അപകട മേഖലകളില്‍ നിന്ന് അധികൃതരുടെ നിര്‍ദേശാനുസരണം മാറി താമസിക്കണം. മല്‍സ്യബന്ധന യാനങ്ങള്‍ (ബോട്ട്, വള്ളം, മുതലായവ) ഹാര്‍ബറില്‍ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. വള്ളങ്ങള്‍ തമ്മില്‍ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം. മല്‍സ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം. ബീച്ചിലേക്കുള്ള യാത്രകളും കടലില്‍ ഇറങ്ങിയുള്ള വിനോദങ്ങളും പൂര്‍ണമായും ഒഴിവാക്കുക.
by Midhun HP News | Oct 6, 2023 | Latest News, കേരളം
കുറച്ച് ദിവസങ്ങളായി തുടരുന്ന ഇടിവിന് ശേഷം സംസ്ഥാനത്തെ സ്വര്‍ണവിലയില്‍ ഇന്ന് നേരിയ വര്‍ധന. പവന് 80 രൂപയാണ് വര്‍ധിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസത്തേക്കാള്‍ ഗ്രാമിന് 10 രൂപ വര്‍ധിച്ച് 5250 എന്ന നിരക്കിലാണ് ഇന്ന് സ്വര്‍ണവ്യാപാരം പുരോഗമിക്കുന്നത്. 18 കാരറ്റ് സ്വര്‍ണവില പവന് 42000 രൂപയിലെത്തി.
ആറ് മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലാണ് ഇന്നലെ സ്വര്‍ണ വ്യാപാരം നടന്നിരുന്നത്. ഇന്നലെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വിപണി വില 160 രൂപ കുറഞ്ഞിരുന്നു. 41920 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നലത്തെ വില.

by Midhun HP News | Oct 6, 2023 | Latest News, കേരളം
ആരോഗ്യമന്ത്രിയുടെ ഓഫിസ് മറയാക്കി നടത്തിയ നിയമനത്തട്ടിപ്പ് കേസില്‍ മുഖ്യപ്രതിയെന്ന് പൊലീസ് സംശയിക്കുന്ന അഖില്‍ സജീവ് പിടിയില്‍. തേനിയില്‍ നിന്നാണ് പത്തനംതിട്ട പൊലീസ് ഇയാളെ പിടികൂടിയത്. അഖില്‍ സജീവിനെ തെരഞ്ഞ് ഇന്നലെ പത്തനംതിട്ട പൊലീസ് ചെന്നൈയിലേക്ക് പോയിരുന്നു. അഖില്‍ ചില സുഹൃത്തുക്കളുമായി ഒളിവില്‍ താമസിക്കുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇന്നലെ അര്‍ദ്ധരാത്രിയോടെ ഇയാളെ തമിഴ്‌നാട്ടില്‍ നിന്ന് പൊലീസ് കുടുക്കിയത്. അഖില്‍ സജീവ് പരാതിക്കാരനായ ഹരിദാസില്‍ നിന്ന് നേരിട്ട് പണം വാങ്ങിയെന്ന് കണ്ടെത്തിയതിന് പിന്നാലെയാണ് അറസ്റ്റ്.
അഖില്‍ സജീവിനെ ചെന്നൈയില്‍ നിന്ന് ഉടന്‍ തിരുവനന്തപുരത്തേക്ക് എത്തിക്കുമെന്നാണ് വിവരം. തട്ടിപ്പിന്റെ ആസൂത്രണത്തിലും നടത്തിപ്പിലും ഉള്‍പ്പെട്ട കൂടുതല്‍ പേരെക്കുറിച്ച് പൊലീസ് ഇയാളോട് ചോദ്യം ചെയ്ത് കണ്ടെത്തും. അഖില്‍ സജീവനും സംഘവും മറ്റുചില നിയമന തട്ടിപ്പുകളും നടത്തിയിട്ടുണ്ടെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. കോട്ടയം മെഡിക്കല്‍ കോളജില്‍ സെക്യൂരിറ്റി ജീവനക്കാരനായി നിയമനം നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് ഇയാള്‍ പണം തട്ടിയതായും ചോദ്യം ചെയ്തതില്‍ നിന്നുള്‍പ്പെടെ പൊലീസ് കണ്ടെത്തി. റഹീസിനെ ചോദ്യം ചെയ്തതില്‍ നിന്നാണ് ഇത്തരം വിവരങ്ങള്‍ പൊലീസിന് ലഭിച്ചത്.
Recent Comments