അധ്യാപക വിദ്യാർത്ഥികൾക്ക് സൗകര്യപ്രദവും മാന്യമായതുമായ ഏത് വസ്ത്രവും ധരിക്കാം: ഉത്തരവുമായി ഉന്നത വിദ്യാഭ്യാസ വകുപ്പ്

അധ്യാപക വിദ്യാർത്ഥികൾക്ക് സൗകര്യപ്രദവും മാന്യമായതുമായ ഏത് വസ്ത്രവും ധരിക്കാം: ഉത്തരവുമായി ഉന്നത വിദ്യാഭ്യാസ വകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്തെ ബിഎഡ് കോളജുകളിലെ വിദ്യാർഥികൾക്ക് സൗകര്യപ്രദവും മാന്യമായതുമായ ഏത് വസ്ത്രവും ധരിക്കാമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ്. കോളജ് വിദ്യാഭ്യാസ ഡയറക്ടർ ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചു. വസ്ത്രധാരണത്തിന്റെ പേരിൽ വിദ്യാർഥിനികളെ അധിക്ഷേപിച്ചു എന്ന പരാതിയെ തുടർന്നാണ് നടപടി.

സംസ്ഥാനത്തെ ബിഎഡ് കോളജുകളിലെ അധ്യാപക വിദ്യാർഥികൾക്ക് അവരുടെ അധ്യാപക പരിശീലന കാലയളവിൽ സൗകര്യപ്രദമായതും മാന്യമായതുമായ ഏത് വസ്ത്രവും ധരിച്ച് ഹാജരാകാമെന്നാണ് ഉത്തരവിൽ പറയുന്നത്. തിരുവനന്തപുരം സർക്കാർ ട്രെയിനിങ് കോളജുകളിൽ യൂണിഫോം ഏർപ്പെടുത്തുന്നതുമായി ബന്ധപ്പെട്ടാണ് പരാതി നേരത്തെ ഉയർന്ന് വന്നിരുന്നു. വിദ്യാർഥികളെ വസ്ത്രധാരണത്തിന്റെ പേരിൽ പ്രിൻസിപ്പൽ അധിക്ഷേപിച്ചു എന്നതാണ് പരാതി.

വന്ദേഭാരതിന്റ ടോയ്‌ലെറ്റില്‍ കയറി പുകവലിച്ചാല്‍ ഇനി എട്ടിന്റെ പണി കിട്ടും

വന്ദേഭാരതിന്റ ടോയ്‌ലെറ്റില്‍ കയറി പുകവലിച്ചാല്‍ ഇനി എട്ടിന്റെ പണി കിട്ടും

പുതിയ വന്ദേഭാരതില്‍ കയറുന്ന പുകവലിക്കാര്‍ ഒന്നു ശ്രദ്ധിച്ചോളൂ…ട്രെയിനിന്റെ ടോയ്‌ലറ്റില്‍ കയറി ഒരു പുകവലിക്കാമെന്ന് വിചാരിച്ചാല്‍ എട്ടിന്റെ പണി കിട്ടും. പുതിയ വന്ദേഭാരതുകള്‍ സ്‌മോക്ക ഡിറ്റക്ഷന്‍ സെന്‍സറുകളോടെയാണ് പുറത്തിറക്കിയിരിക്കുന്നത്. വന്ദേ ഭാരതുകളിലെ ടോയിലറ്റുകളിലും ഇതുണ്ട്. അതായത് ടോയിലറ്റില്‍ കയറി ആരുമറിയാതെ പുകവലിച്ചാലും വന്ദേ ഭാരത് ട്രെയിന്‍ ഉടനടി നില്‍ക്കും. എന്നാല്‍ ഇത്തരത്തിലൊരു സംവിധാനം ട്രെയിനിന്റെ ടോയ്‌ലറ്റിലുള്ളത് പലര്‍ക്കും അറിയില്ല. കേരളത്തിലെ പുതിയ വന്ദേ ഭാരത് ഒരാഴ്ചയ്ക്കുള്ളില്‍ രണ്ടുതവണയാണ് ഇങ്ങനെ നിന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. ടോയിലറ്റിനുള്ളില്‍ കയറി യാത്രക്കാരന്‍ പുകവലിച്ചതാണ് കാരണം.

കോച്ച്, യാത്രക്കാര്‍ കയറുന്ന സ്ഥലം, ടോയിലറ്റിനകം തുടങ്ങിയ ഇടങ്ങളിലാണ് ഈ സെന്‍സറുകള്‍. അന്തരീക്ഷത്തിലെ പുകയുടെ അളവ് ഈ സെന്‍സറുകളില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഈ അളവില്‍ കൂടുതല്‍ പുക ഉയര്‍ന്നാല്‍ അവ ഓണാകും. ലോക്കോ കാബിന്‍ ഡിസ്പ്ലേയില്‍ അലാറം മുഴങ്ങും. ഏത് കോച്ചില്‍, എവിടെനിന്നാണ് പുക വരുന്നതെന്നും ലോക്കോ പൈലറ്റിന് മുന്നിലെ സ്‌ക്രീനില്‍ തെളിയും. അലാറം മുഴങ്ങിയാല്‍ ട്രെയിന്‍ ഉടന്‍ നിര്‍ത്തണമെന്നാണ് നിയമം.

റെയില്‍വേയുടെ സാങ്കേതികവിഭാഗം ജീവനക്കാര്‍ ഇത് കണ്ടെത്തി തീ ഇല്ലെന്ന് ഉറപ്പുവരുത്തണം. ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ വേണം ഈ ഉറപ്പുവരുത്തല്‍. എങ്കില്‍ മാത്രമേ ലോക്കോ പൈലറ്റ് വീണ്ടും ട്രെയിന്‍ സ്റ്റാര്‍ട്ട് ചെയ്യുകയുള്ളൂ. നിലവിലെ ഐ.സി.എഫ്. കോച്ചുകളിലെ എസി കമ്പാര്‍ട്ട്‌മെന്റിലും സ്‌മോക്ക് ഡിറ്റക്ഷന്‍ സെന്‍സറുകള്‍ ഘടിപ്പിക്കുന്നുണ്ട്.

ഇപ്പോഴിറങ്ങുന്ന ഏറവും പുതിയ എല്‍.എച്ച്.ബി. കോച്ചുകളിലെ ടോയിലറ്റുകളിലും ഇതേ സെന്‍സറുകള്‍ ഉണ്ട്. ട്രെയിനിലെ തീപ്പിടിത്തം ഉള്‍പ്പെടെ നേരത്തേ തിരിച്ചറിഞ്ഞ് സുരക്ഷ ഒരുക്കുകയെന്നതാണ് ലക്ഷ്യം. അടുത്തിടെ തിരുപ്പതി-സെക്കന്ദരാബാദ് വന്ദേഭാരത് എക്‌സ്പ്രസില്‍ യാത്രക്കാരന്‍ പുകവലിച്ചത് വലിയ വാര്‍ത്തയായിരുന്നു. ട്രെയിനില്‍ പുക ഉയരുകയും അപായ സൈറണ്‍ മുഴങ്ങുകയും ചെയ്തതോടെ ട്രെയിന്‍ നിന്നു. ടിക്കറ്റില്ലാതെ കയറിയ യാത്രികന്‍ ടോയിലറ്റില്‍ കയറി പുകവലിച്ചതായിരുന്നു കാരണം.

നിലവില്‍ എല്‍.എച്ച്.ബി. വണ്ടികളിലെ എ.സി. കോച്ചുകളില്‍ സ്‌മോക്ക് സെന്‍സറുകള്‍ ഉണ്ട്. പുക ഉയര്‍ന്നാല്‍ ട്രെയിന്‍ സ്വയം നില്‍ക്കും. അതിനാല്‍ ട്രെയിനില്‍ പുകവലിച്ചാല്‍ ഇനി പണി ഉറപ്പാണ്. വന്‍ തുക പിഴ അടയ്‌ക്കേണ്ടിവരും. മാത്രമല്ല പുകവലിക്കാര്‍ കാരണം ട്രെയിന്‍ വൈകാനും ഇടയാകും.

എഐ ക്യാമറക്കിട്ട് എട്ടിന്റെ പണി കൊടുക്കാന്‍ നോക്കി യുവാവ്; ഒടുവിൽ …..

എഐ ക്യാമറക്കിട്ട് എട്ടിന്റെ പണി കൊടുക്കാന്‍ നോക്കി യുവാവ്; ഒടുവിൽ …..

കൊച്ചി: തുടര്‍ച്ചയായി എഐ ക്യാമറയെ കബളിപ്പിച്ച് മോട്ടോര്‍ വാഹന ഉദ്യോഗസ്ഥര്‍ക്ക് തലവേദന സൃഷ്ടിച്ച യുവാവിനെ ഒടുവില്‍ പിടികൂടി. കോതമംഗലത്തെ യുവാവിന് 60,000 രൂപ പിഴയിട്ടു. ഒപ്പം ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യുന്നതിനുള്ള നടപടികള്‍ ആരംഭിച്ചതായി മോട്ടോര്‍ വാഹനവകുപ്പ് അറിയിച്ചു.

തുടര്‍ച്ചയായി എഐ ക്യാമറയില്‍പ്പെട്ട ഇരുച്ചക്ര വാഹനത്തിന്റെ ഉടമയെ മൊബൈലില്‍ വിളിച്ച് നിയമ ലംഘനം ചൂണ്ടിക്കാട്ടിയപ്പോള്‍ ആണ് ട്വിസ്റ്റ് ‘ആരംഭിക്കുന്നത്. വണ്ടി നമ്പറില്‍ മാറ്റം വരുത്തി യുവാവ് എഐ ക്യാമറയെ കബളിപ്പിക്കുകയായിരുന്നുവെന്ന് തിരിച്ചറിഞ്ഞു. അതിനിടെ ഒരു ഇരുചക്രവാഹനത്തില്‍ എന്തെല്ലാം കുറ്റങ്ങള്‍ ചെയ്യാമോ അതെല്ലാം ഓരോ ദിനങ്ങളിലായി യുവാവ് ചെയ്ത് പോന്നു. ഒടുവില്‍ എറണാകുളം എന്‍ഫോഴ്‌സ്‌മെന്റ്
ആര്‍ ടി ഒ സ്വപ്ന എറണാകുളം സ്‌ക്വാഡിനെ തന്നെ നിരത്തിലിറക്കി. മുഖം വ്യക്തമാകുന്ന തരത്തിലുള്ള ഫോട്ടോ ലഭിക്കാന്‍ ക്യാമറയില്‍ യുവാവ് പതിവായി വരുന്ന സമയം കണ്ടെത്തുകയും തുടര്‍ന്ന് എടുത്ത ഫോട്ടോകള്‍ സമീപത്തുള്ള സ്ഥാപനങ്ങളില്‍ കാണിച്ച് ആളെ ഉറപ്പു വരുത്തുകയും ചെയ്തു.

തുടര്‍ന്ന് വീട്ടിലെത്തി നോട്ടീസ് നല്‍കുകയും വാഹനം കസ്റ്റഡിയില്‍ എടുക്കുകയും ചെയ്തു.60000 രൂപ ഒന്നിച്ച് പിഴയടക്കാന്‍ പറ്റാതിരുന്ന യുവാവ് 7000 രൂപ അടക്കാന്‍ സാവകാശം തേടിയിരിക്കുകയാണ്. ഒപ്പം ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യുന്നതിനുള്ള നടപടികള്‍ തുടങ്ങിയതായും മോട്ടോര്‍ വാഹനവകുപ്പ് ഫെയ്‌സ്ബുക്കിലൂടെ അറിയിച്ചു.

കോട്ടയത്തും തിരുവനന്തപുരത്തും ചില സ്കൂളുകൾക്ക് ഇന്ന് അവധി

കോട്ടയത്തും തിരുവനന്തപുരത്തും ചില സ്കൂളുകൾക്ക് ഇന്ന് അവധി

കോട്ടയം: കോട്ടയം, തിരുവനന്തപുരം ജില്ലകളിലെ ചില സ്കൂളുകൾക്ക് ഇന്ന് അവധി. ‌ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്‌കൂളുകൾക്കാണ് ജില്ലാ കലക്ടർമാർ അവധി പ്രഖ്യാപിച്ചത്.

തിരുവനന്തപുരം താലൂക്കിൽ ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന കൊഞ്ചിറവിള യുപിഎസ്, വെട്ടുകാട് എല്‍പിഎസ്, ഗവണ്മെന്റ് എംഎന്‍എല്‍. പി എസ് വെള്ളായണി എന്നീ സ്‌കൂളുകള്‍ക്കാണ് ജില്ലാ കളക്ടര്‍ ജെറോമിക് ജോര്‍ജ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്.
സംസ്ഥാനത്ത് അടുത്ത രണ്ട് ദിവസം വരെ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ട്. അതേസമയം ഒരു ജില്ലയിലും പ്രത്യേക മഴ മുന്നറിയിപ്പില്ല.

വരുംദിവസങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴ, 40 കിലോമീറ്റര്‍ വേഗത്തില്‍ ശക്തമായ കാറ്റ്

വരുംദിവസങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴ, 40 കിലോമീറ്റര്‍ വേഗത്തില്‍ ശക്തമായ കാറ്റ്

തിരുവനന്തപുരം: കേരളത്തില്‍ ഞായറാഴ്ചയും തിങ്കളാഴ്ചയും ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത. മണിക്കൂറില്‍ 30 മുതല്‍ 40 കിലോമീറ്റര്‍ വരെ വേഗത്തില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

കേരള തീരത്ത് ഇന്ന് രാത്രി 11.30 വരെ 0.5 മുതല്‍ 2.0 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്ക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.

ജാഗ്രതാനിര്‍ദേശം:

1. കടല്‍ക്ഷോഭം രൂക്ഷമാകാന്‍ സാധ്യതയുള്ളതിനാല്‍ അപകട മേഖലകളില്‍ നിന്ന് അധികൃതരുടെ നിര്‍ദേശാനുസരണം മാറി താമസിക്കണം.

2. മല്‍സ്യബന്ധന യാനങ്ങള്‍ (ബോട്ട്, വള്ളം, മുതലായവ) ഹാര്‍ബറില്‍ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. വള്ളങ്ങള്‍ തമ്മില്‍ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം. മല്‍സ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം.

3. ബീച്ചിലേക്കുള്ള യാത്രകളും കടലില്‍ ഇറങ്ങിയുള്ള വിനോദങ്ങളും പൂര്‍ണമായും ഒഴിവാക്കുക.

സംവിധായകൻ രാജസേനന്റെ അമ്മ നിര്യാതയായി

സംവിധായകൻ രാജസേനന്റെ അമ്മ നിര്യാതയായി

സംവിധായകൻ രാജസേനന്റെ അമ്മ നിര്യാതയായി. പരേതനായ ഡാൻസർ മരുതൂർ അപ്പുക്കുട്ടൻ നായരുടെ ഭാര്യ ഡി. രാധാമണി അമ്മ (85 വയസ്സ്) വാർദ്ധക്യ സഹജമായ അസുഖത്തെത്തുടർന്ന് ഇന്നു വൈകുന്നേരം 4 മണിയ്ക്ക് അന്തരിച്ചു.

മക്കൾ: രാജസേനൻ, ജയചന്ദ്രൻ, ശ്രീകലാദേവി, എ.ആർ.കണ്ണൻ (നിർമ്മാതാവ്), റാണി അനീസിയ(ലാലി), റാണി അപ്സര (കുഞ്ഞുമോൾ)
മരുമക്കൾ: ശ്രീലത, വിജയൻ നായർ, പ്രമീള, ജീജ കണ്ണൻ, കെ.ടി.മുരളീധരൻ നായർ, ശശിധരൻ.
സംസ്കാരം നാളെ രാവിലെ 9.30 ന് സ്വവസതിയായ പിരപ്പൻകോട് അപ്സര നിവാസിൽ.