വിവാഹ വാഗ്ദാനം നല്‍കി ലൈംഗിക പീഡനം; നടന്‍ ഷിയാസ് കരീമിന് ഇടക്കാല ജാമ്യം

വിവാഹ വാഗ്ദാനം നല്‍കി ലൈംഗിക പീഡനം; നടന്‍ ഷിയാസ് കരീമിന് ഇടക്കാല ജാമ്യം

കൊച്ചി: വിവാഹ വാഗ്ദാനം നല്‍കിയ പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയില്‍ അറസ്റ്റിലായ സിനിമാ, റിയാലിറ്റി ഷോ താരം എറണാകുളം പെരുമ്പാവൂര്‍ സ്വദേശി ഷിയാസ് കരീമിന് ഇടക്കാലജാമ്യം. ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്. ഇന്ന് ചെന്നൈ വിമാനത്താവളത്തില് വച്ചാണ് ഷിയാസ് കരീമിനെ പൊലീസ് പിടികൂടിയത്.

ഗള്‍ഫില്‍ നിന്നെത്തിയ ഷിയാസിനെ കസ്റ്റംസ് ചെന്നൈ വിമാനത്താവളത്തില്‍ തടഞ്ഞുവയ്ക്കുകയായിരുന്നു. തുടര്‍ന്ന് പൊലീസ സംഘം ചെന്നൈയില്‍ എത്തി ഷിയാസിന്റെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.

ജിമ്മില്‍ പരിശീലകയായ പടന്ന സ്വദേശിനിയുടെ പരാതിയിലാണ് ചന്തേര പൊലീസ് ഷിയാസിനെതിരെ കേസെടുത്തത്. പണം തട്ടിയെടുത്തെന്നും കയ്യേറ്റം ചെയ്‌തെന്നും പരാതിയില്‍ പറയുന്നു. വിവാഹബന്ധം വേര്‍പിരിഞ്ഞ 32 വയസുകാരിക്ക് വിവാഹ വാദ്ഗാനം നല്‍കുകയും 2021 മുതല്‍ 2023 മാര്‍ച്ച് വരെ എറണാകുളത്തെ ലോഡ്ജിലും മൂന്നാറിലും വച്ച് പീഡിപ്പിക്കുകയും ചെയ്‌തെന്നാണു പരാതി. ഷിയാസ് കരീം മറ്റൊരു വിവാഹത്തിന് ഒരുങ്ങുന്നതിനിടെയാണു യുവതി പരാതിയുമായി എത്തിയത്. പല തവണകളായി 11 ലക്ഷം രൂപ കൈക്കലാക്കിയതായും ചെറുവത്തൂരില്‍ വച്ച് കയ്യേറ്റം ചെയ്തതായും പരാതിയിലുണ്ട്.

14കാരിയെ ഗര്‍ഭിണിയാക്കി; ബന്ധുവിന് 80 വര്‍ഷം കഠിനതടവും പിഴയും

14കാരിയെ ഗര്‍ഭിണിയാക്കി; ബന്ധുവിന് 80 വര്‍ഷം കഠിനതടവും പിഴയും

തൊടുപുഴ: ഇടുക്കിയില്‍ പതിനാലുകാരിയെ ബലാത്സംഗം ചെയ്ത് ഗര്‍ഭിണിയാക്കിയ ബന്ധുവിന് 80 വര്‍ഷം കഠിനതടവും നാല്‍പ്പതിനായിരം രൂപ പിഴയും ശിക്ഷ. ഇടുക്കി പോക്‌സോ കോടതിയാണ് ശിക്ഷ വിധിച്ചത്. 2020ല്‍ രാജക്കാട് പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം നടന്നത്.

ഭാര്യവീട്ടില്‍ ഇല്ലാത്ത സമയത്താണ് ഇയാള്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. പെണ്‍കുട്ടി കുഞ്ഞിന് ജന്മം നല്‍കിയതിന് പിന്നാലെയാണ് പീഡനവിവരം പുറത്തുവന്നത്. തുടര്‍ന്ന് രാജക്കാട് പൊലീസ് ഇയാള്‍ക്കെതിരെ കേസ് എടുക്കുകയായിരുന്നു. കേസില്‍ പ്രോസിക്യൂഷന്‍ 23സാക്ഷികള്‍, 26 പ്രമാണങ്ങള്‍, 6 തൊണ്ടിമുതലുകള്‍ എന്നിവ കോടതിയില്‍ ഹാജരാക്കി. ഏറ്റവും ഉയര്‍ന്ന ശിക്ഷയായ 20 വര്‍ഷം പ്രതി അനുഭവിച്ചാല്‍ മതി. പെണ്‍കുട്ടിയുടെ പുനരധിവാസത്തിനായി ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റിയോട് ഒരുലക്ഷം രൂപ നല്‍കണമെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്.

സെന്‍സര്‍ സര്‍ട്ടിഫിക്കറ്റിന്‌ കൈക്കൂലി, സിബിഐ അന്വേഷണം തുടങ്ങി; ഉദ്യോഗസ്ഥര്‍ക്കെതിരെ എഫ്‌ഐആര്‍

സെന്‍സര്‍ സര്‍ട്ടിഫിക്കറ്റിന്‌ കൈക്കൂലി, സിബിഐ അന്വേഷണം തുടങ്ങി; ഉദ്യോഗസ്ഥര്‍ക്കെതിരെ എഫ്‌ഐആര്‍

ന്യൂഡല്‍ഹി: മാര്‍ക്ക് ആന്റണി എന്ന ചിത്രത്തിന് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ്‌
ലഭിക്കാന്‍ 6.5 ലക്ഷം രൂപ നല്‍കിയെന്ന നടന്‍ വിശാലിന്റെ ആരോപണത്തില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെയും മറ്റ് മൂന്നുപേര്‍ക്കെതിരെയും സിബിഐ കേസെടുത്തു. സിബിഎഫ്‌സിയിലെ ചില ഉദ്യോഗസ്ഥര്‍, പൊതുപ്രവര്‍ത്തകര്‍, മെര്‍ലിന്‍ മേനഗ, ജീജ രാംദാസ്, രാജന്‍ എം എ തുടങ്ങിവര്‍ക്കെതിരെയാണ് സിബിഐ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. മുംബൈയിലെ നാല് സ്ഥലങ്ങളില്‍ പരിശോധന നടത്തിയതിന് ശേഷമാണ് നടപടി.

2023 സെപ്തംബര്‍ മാസത്തില്‍ ഒരു സ്വകാര്യ വ്യക്തി 7 ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനും ഹിന്ദിയില്‍ ഡബ്ബ് ചെയ്ത സിനിമയ്ക്ക് മുംബൈയിലെ സിബിഎഫ്‌സിയില്‍ നിന്ന് ആവശ്യമായ സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നേടിയെടുക്കുന്നതിനുമായി ചിലരുമായി ഗൂഢാലോചന നടത്തിയെന്നുമാണ് ആരോപണം ഉണ്ടായിരിക്കുന്നതെന്ന് സിബിഐ വ്യക്തമാക്കി.

ഗൂഢാലോചനയുടെ അടിസ്ഥാനത്തിലാണ് മുംബൈയിലെ സിബിഎഫ്‌സി ഉദ്യോഗസ്ഥര്‍ക്ക് വേണ്ടി പ്രതികള്‍ ആദ്യം കൈക്കൂലി ആവശ്യപ്പെട്ടതെന്നും ചര്‍ച്ചകള്‍ക്ക് ശേഷം തുക 6.54 ലക്ഷമായി കുറക്കുകയായിരുന്നുവെന്നും സിബിഐ ഉദ്യോഗസ്ഥര്‍ പറയുന്നു. രണ്ട് പ്രതികളുടെ രണ്ട് ബാങ്ക് അക്കൗണ്ടുകളിലായി ഈ തുക വാങ്ങിയതായി തെളിവുകളുണ്ട്. കൂടാതെ 20,000 രൂപ ഒരു സ്വകാര്യ കമ്പനിയുടെ അക്കൗണ്ടില്‍ നിന്ന് കോര്‍ഡിനേഷന്‍ ഫീസായി നേടിയതായും ആരോപണമുണ്ടെന്ന് സിബിഐ വക്താവ് പറഞ്ഞു.

‘ലോട്ടറി എടുത്തു വെച്ചോ, ഗുരുവായൂരില്‍ നിന്ന് മടങ്ങിവരുമ്പോള്‍ പണം തരാം’; പന്തളം സ്വദേശിയെ ഭാഗ്യം തുണച്ചു

‘ലോട്ടറി എടുത്തു വെച്ചോ, ഗുരുവായൂരില്‍ നിന്ന് മടങ്ങിവരുമ്പോള്‍ പണം തരാം’; പന്തളം സ്വദേശിയെ ഭാഗ്യം തുണച്ചു

തൃശൂര്‍: ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിന് പോകുമ്പോള്‍ പണം പോലും കൊടുക്കാതെ വെറുതെ ലോട്ടറിക്കടയില്‍ പറഞ്ഞുവെച്ച ടിക്കറ്റിന് ഒന്നാം സമ്മാനമായ 75 ലക്ഷം രൂപ അടിച്ചതിന്റെ ഞെട്ടലില്‍ പന്തളം സ്വദേശിയായ സന്തോഷ്. ക്ഷേത്ര ദര്‍ശനം കഴിഞ്ഞ് മടങ്ങിയെത്തിയപ്പോഴാണ് സ്ത്രീശക്തി ലോട്ടറിയുടെ ഒന്നാം സമ്മാനം തനിക്ക് ലഭിച്ച കാര്യം സന്തോഷ് അറിയുന്നത്. പണം പോലും കൊടുക്കാതെ വെറുതെ പറഞ്ഞുവെച്ച ടിക്കറ്റ് സൂക്ഷിച്ച കടയുടമ സത്യസന്ധതയുടെ മാതൃകയായി.

ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിന് പോകുന്ന വഴിയില്‍ ലോട്ടറി കട കണ്ടപ്പോള്‍ അവിടെയിറങ്ങി ഒരു സെറ്റ് ലോട്ടറി എടുത്തുവെയ്ക്കാന്‍ പറഞ്ഞാണ് സന്തോഷ് പോയത്. മടങ്ങിയെത്തിയപ്പോഴാണ് ഭാഗ്യം തന്നെ തുണച്ച കാര്യം സന്തോഷ് അറിയുന്നത്. ഗുരുവായൂരിലേക്ക് പോവുന്ന വഴി തൃശൂര്‍ അമല ആശുപത്രിയുടെ എതിര്‍ വശത്തുള്ള ലോട്ടറി കടയിലാണ് ഇറങ്ങിയത്.

അന്ന് നറുക്കെടുക്കുന്ന സ്ത്രീശക്തി ലോട്ടറിയുടെ ഒരു സെറ്റ് ടിക്കറ്റുകള്‍ വേണമെന്നാണ് സന്തോഷ് പറഞ്ഞത്. ടിക്കറ്റുകള്‍ എടുത്ത് മാറ്റിവെയ്ക്കാനും ക്ഷേത്ര ദര്‍ശനം കഴിഞ്ഞ് മടങ്ങി വരുന്ന വഴിക്ക് ടിക്കറ്റുകള്‍ വാങ്ങാമെന്നും അപ്പോള്‍ പണവും നല്‍കാമെന്നും പറഞ്ഞു. കാശ് പോലും കൊടുക്കാതെ പറഞ്ഞുവെച്ച ടിക്കറ്റുകള്‍ ജീവിതത്തില്‍ വലിയ സന്തോഷം കൊണ്ടുവരുമെന്ന് സ്വപ്നത്തില്‍ പോലും സന്തോഷ് കരുതിയിരുന്നില്ല.

പറഞ്ഞ വാക്ക് വിശ്വസിച്ച ലോട്ടറി കടയുടമ സിജോ പൂലോന്‍ ജോസിന്റെ സത്യസന്ധത കൂടിയാണ് ഈ ഭാഗ്യ സമ്മാനം സന്തോഷിനെ തേടിയെത്താന്‍ കാരണം. ഗുരുവായൂരില്‍ പോയി ദര്‍ശനം കഴിഞ്ഞ് വരുന്ന വഴിക്ക് സന്തോഷ് വീണ്ടും ലോട്ടറി കടയുടെ മുന്നില്‍ വണ്ടി നിര്‍ത്തി. അപ്പോഴാണ് താന്‍ പറഞ്ഞുവെച്ച ടിക്കറ്റുകള്‍ക്ക് 75 ലക്ഷത്തിന്റെ ഒന്നാം സമ്മാനവും മറ്റ് സമാശ്വാസ സമ്മാനങ്ങളും ലഭിച്ചുവെന്ന് അറിയിച്ചത്. പ്രവാസിയായിരുന്ന സിജോ നേരത്തെയുണ്ടായിരുന്ന ഡ്രൈവറുടെ ജോലി കോവിഡ് കാലത്ത് നഷ്ടപ്പെട്ടപ്പോള്‍ തുടങ്ങിയതാണ് ലോട്ടറി കട.

ബിഎസ്എന്‍എല്‍ എഞ്ചിനിയേഴ്‌സ് സഹകരണ സംഘം തട്ടിപ്പ്; പ്രതികളുടെയും ബിനാമികളുടെയും സ്വത്തുക്കള്‍ കണ്ടെത്തി സര്‍ക്കാര്‍

ബിഎസ്എന്‍എല്‍ എഞ്ചിനിയേഴ്‌സ് സഹകരണ സംഘം തട്ടിപ്പ്; പ്രതികളുടെയും ബിനാമികളുടെയും സ്വത്തുക്കള്‍ കണ്ടെത്തി സര്‍ക്കാര്‍

തിരുവനന്തപുരം: ബിഎസ്എന്‍എല്‍ എഞ്ചിനിയേഴ്‌സ് സഹകരണ സംഘം തട്ടിപ്പില്‍ പ്രതികളുടെയും ബിനാമികളുടെയും സ്വത്തുക്കള്‍ കണ്ടെത്തി സര്‍ക്കാര്‍. ബഡ്‌സ് ആക്ട് പ്രകാരം ജില്ലാ കളക്ടറാണ് സ്വത്തുക്കള്‍ കണ്ടുകെട്ടിയത്. തിരുവനന്തപുരം ജില്ലയില്‍ 151 സ്വത്തുക്കളും എട്ട് വാഹനങ്ങളും കണ്ടുകെട്ടി. കൊല്ലം ജില്ലയില്‍ സ്വത്തു കണ്ടുകെട്ടി വൈകുന്നേരം വിവരം സമര്‍പ്പിക്കാന്‍ ജില്ലാ കളക്ടര്‍ നിര്‍ദ്ദേശിച്ചു.

260 കോടിയുടെ ബിഎസ്എന്‍എല്‍ എഞ്ചിനിയേഴ്‌സ് സഹകരണ സംഘം തട്ടിപ്പിലാണ് പ്രതികളുടേയും ബിനാമികളുടേയും സ്വത്തുക്കള്‍ കണ്ടുകെട്ടി തുടങ്ങിയത്. സംഘത്തില്‍ നിന്ന് തട്ടിയെടുത്ത തുക ഉപയോഗിച്ച് പ്രതികള്‍ സ്വന്തം പേരിലും ബിനാമികളുടെ പേരിലും ഭൂമി വാങ്ങിക്കൂട്ടിയതായി ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു. തുടര്‍ന്ന് ബഡ്‌സ് ആക്ട് കൂടി ചുമത്തിയതോടെ സ്വത്തുക്കള്‍ കണ്ടുകെട്ടാന്‍ ജില്ലാ കളക്ടര്‍ തീരുമാനിക്കുകയായിരുന്നു.

ഇതുവരെ തിരുവനന്തപുരം ജില്ലയില്‍ 151 സ്വത്തുക്കള്‍ കണ്ടുകെട്ടി. പുറമെ ആഡംബര കാറുകള്‍ ഉള്‍പ്പെടെ എട്ട് വാഹനങ്ങളും കണ്ടുകെട്ടിയിട്ടുണ്ട്. സ്വത്തുക്കളുടെ പട്ടിക തയാറാക്കി ആഭ്യന്തര സെക്രട്ടറി കോടതിക്ക് കൈമാറും. ഇതിനായി തിരുവനന്തപുരം മജിസ്‌ട്രേറ്റ് കോടതി 5നെയാണ് ഹൈക്കോടതി ചുമതലപ്പെടുത്തിയിട്ടുള്ളത്.

കൊല്ലം ജില്ലയിലെ കൊട്ടാരക്കര ഉള്‍പ്പെടെയുള്ള പ്രദേശങ്ങളിലും വന്‍തോതില്‍ ഭൂമി വാങ്ങിയതായി കണ്ടെത്തി. ഇതു കണ്ടുകെട്ടാന്‍ നടപടി തുടങ്ങിയതായി കൊല്ലം ജില്ലാ കളക്ടര്‍ അറിയിച്ചു. 95 സ്വത്തുക്കളാണ് ജില്ലയില്‍ കണ്ടെത്തിയത്. ഇന്നു വൈകുന്നേരത്തിനകം കണ്ടുകെട്ടല്‍ വിവരം അറിയിക്കാനാണ് ജില്ലാ കളക്ടറുടെ നിര്‍ദ്ദേശം. തിരുവനന്തപുരത്ത് ഇനി കണ്ടുകെട്ടാനുള്ളത് 650 ഓളം ആസ്തികളാണ്.

സംസ്ഥാനത്ത് കുത്തനെ ഇടിഞ്ഞ് സ്വർണവില

സംസ്ഥാനത്ത് കുത്തനെ ഇടിഞ്ഞ് സ്വർണവില

സംസ്ഥാനത്തെ സ്വർണവിലയിൽ വീണ്ടും ഇടിവ്. ആറ് മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലാണ് വിപണിയിൽ വ്യാപാരം നടക്കുന്നത്. ഇന്ന് ഒരു പവൻ സ്വർണത്തിന്റെ വിപണി വില 160 രൂപ കുറഞ്ഞു. വിപണി നിരക്ക് 41920 രൂപയാണ്. മാർച്ച് 13 നാണ് മുൻപ് സ്വർണവില 42000 ത്തിന് താഴെയെത്തിയത്.ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില 5240 രൂപയും ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 4333 രൂപയുമാണ്.

അതേസമയം വെള്ളിയുടെ വിലയിൽ മാറ്റമില്ല. കഴിഞ്ഞ ഒരാഴ്ചകൊണ്ട് 4 രൂപ കുറഞ്ഞിട്ടുണ്ട്. വിപണി വില 74 രൂപയാണ്. ഹാൾമാർക്ക് വെള്ളിയുടെ വിലയിലും മാറ്റമില്ല. ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയുടെ വിപണി വില 103 രൂപയാണ്.