ബാലഭാസ്‌കറിന്റെ മരണത്തില്‍ തുടരന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്

ബാലഭാസ്‌കറിന്റെ മരണത്തില്‍ തുടരന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്

വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണത്തില്‍ തുടരന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്. ബാലഭാസ്‌കറിന്റെ പിതാവ് ഉണ്ണിയുടെ ഹര്‍ജിയിലാണ് ഉത്തരവ്. ഗൂഢാലോചനയുണ്ടെങ്കില്‍ കണ്ടെത്തണമെന്നും മൂന്ന് മാസത്തിനുള്ളില്‍ സിബിഐ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നുമാന് ഉത്തരവ്.ബാലഭാസ്കറിന്റെ മരണത്തിന് പിന്നിൽ ഗൂഡാലോചന ഉണ്ടെന്ന വാദം തള്ളി സിബിഐ രംഗത്തെത്തിയിരുന്നു.

സംഭവത്തില്‍ അന്വേഷണം നടത്തിയ സിബിഐ സംഘം ഹൈക്കോടതിയെ ഇക്കാര്യം അറിയിച്ചിരുന്നു. അപകടത്തിന് കാരണമായത് വാഹനം ഓടിച്ച ഡ്രൈവറുടെ അശ്രദ്ധ തന്നെയാണെന്ന നിഗമനത്തിലാണ് സിബിഐ അന്വേഷണത്തിനൊടുവില്‍ എത്തിച്ചേര്‍ന്നത്. ബാലഭാസ്കറിന്റെ മരണത്തിന് കാരണമായ വാഹനാപകടം ഉണ്ടായ സമയത്ത് വാഹനം ഓടിച്ചിരുന്ന അർജുൻ നാരായണൻ അമിത വേഗതയിലായിരുന്നുവെന്നും സിബിഐ ഹൈക്കോടതിയെ അറിയിച്ചിരുന്നു.

ബാലാഭാസ്കറിന്‍റെത് അപകടമരണമെന്നായിരുന്നു എന്നാണ് ആദ്യം കേസന്വേഷിച്ച ക്രൈംബ്രാഞ്ചിന്‍റെ നിഗമനം. ഈ റിപ്പോർട്ട് തള്ളി സിബിഐ അന്വേഷണം വേണമെന്ന കെ സി ഉണ്ണിയുടെ അപേക്ഷ പരിഗണിച്ചാണ് സർക്കാർ സിബിഐക്ക് വിട്ടത്. ക്രൈംബ്രാഞ്ചിന്‍റെ കണ്ടെത്തൽ ശരിവയ്ക്കുന്നതായിരുന്നു സിബിഐയുടേയും അന്തിമ റിപ്പോർട്ട്.

2018 സെപ്തംബര്‍ 25ന് തൃശൂരില്‍ നിന്ന് തിരുവനന്തപുരത്തേക്കുള്ള യാത്രയ്ക്കിടെ പള്ളിപ്പുറത്തു വച്ചാണ് ബാലഭാസ്‌കറിന്റെയും മകളുടെയും മരണത്തിനിടയാക്കിയ അപകടമുണ്ടായത്. ബാലഭാസ്‌കറിന്റെ ഭാര്യ ലക്ഷ്മിയും ഡ്രൈവര്‍ അര്‍ജുനും പരിക്കുകളോടെ രക്ഷപ്പെട്ടു. ബാലഭാസ്‌കറിന്റെ ഉറ്റസുഹൃത്തുക്കളും സഹപ്രവര്‍ത്തകരുമായിരുന്ന വിഷ്ണു സോമസുന്ദരത്തെയും പ്രകാശന്‍ തമ്പിയെയും സ്വര്‍ണക്കടത്ത് കേസില്‍ ഡിആര്‍ഐ പിടികൂടിയതോടെ, അപകടത്തിനു പിന്നില്‍ സ്വര്‍ണക്കടത്ത് മാഫിയയാണെന്ന് പിതാവ് സംശയം പ്രകടിപ്പിച്ചു രംഗത്തെത്തിയിരുന്നു.

നമ്പര്‍ തിരുത്തി എ.ഐ ക്യാമറയെ 51 തവണ പറ്റിച്ചു; യുവാവ് പിടിയിൽ, പിഴ 60,000

നമ്പര്‍ തിരുത്തി എ.ഐ ക്യാമറയെ 51 തവണ പറ്റിച്ചു; യുവാവ് പിടിയിൽ, പിഴ 60,000

തിരുവനന്തപുരം: എ ഐ ക്യാമറയ്ക്ക് മുന്നിൽ മനപൂർവം 51 തവണ നിയമലംഘനം നടത്തിയ യുവാവ് പിടിയിൽ. മൂവാറ്റുപുഴ സ്വദേശിയാണ് പിടിയിലായത്. പ്രത്യേക സംഘമാണ് പ്രതിയെ പിടികൂടിയത്. ആദ്യം ബൈക്കിന്റെ ഒരക്ഷരം മാറ്റിവച്ചാണ് ഇയാൾ എ ഐ ക്യാമറയുടെ മുന്നിൽ മനപൂർവം നിയമലംഘനം നടത്തിയത്. ഇത് പല തവണയായപ്പോഴാണ് ഉദ്യോഗസ്ഥർ ശ്രദ്ധിക്കുന്നത്.തുടർന്ന് നടപടികൾക്ക് പിഴ അടയ്ക്കാൻ നോട്ടീസ് അയക്കുന്നതും.

ഇതോടെയാണ് നമ്പർ തെറ്റിച്ചാണ് പതിപ്പിച്ചതെന്നും നോട്ടീസ് കിട്ടുന്നത് മറ്റ് പലർക്കുമാണെന്നുള്ള വിവരം ട്രാഫിക് പൊലീസിന് ലഭിക്കുന്നത്. പിന്നീട് ആർടിഒ എൻഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ പ്രത്യേക സംഘത്തെ നിയോഗിച്ച് മുവാറ്റുപുഴയിലും പരിസരത്തും മഫ്‌തിയിൽ തെരച്ചിൽ നടത്തി ആളെ പിടികൂടി.ഇയാൾ മൂന്നുപേരേ വച്ചും, ഹെൽമെറ്റ് വെക്കാതെയും ബൈക്കിൽ സ്റ്റൻഡിങ് നടത്തുന്നതും എ ഐ ക്യാമറയിൽ ഉദ്യോഗസ്ഥർ കണ്ടെത്തി. പ്രദേശവാശികൾ ഫോട്ടോ തിരിച്ചറിഞ്ഞു. തുടർന്ന് വീട്ടിലെത്തിയാണ് നോട്ടീസ് നൽകുന്നത്. എ ഐ ക്യാമറയുടെ മുന്നിൽ നിയമലംഘനം നടത്തിയതിന് 60,000 രൂപയാണ് പിഴ ഈടാക്കാൻ നോട്ടീസ് നൽകിയത്.

കഴിഞ്ഞ ദിവസം നേരിട്ടെത്തി എറണാകുളം ആർടിഒ ഓഫീസിൽ 57000 രൂപ പിഴയടച്ചു. വാഹനം ഉള്ളെപേടയുള്ളവ ഉദ്യോഗസ്ഥർ പിടിച്ചെടുത്തു. ലൈസെൻസ് റദ്ദ് ചെയ്യാനുള്ള നടപടികൾ സ്വീകരിക്കുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.

ഏഷ്യൻ ഗെയിംസ്; സ്ക്വാഷ് മിക്സഡ് ഡബിൾസിൽ ദീപിക പള്ളിക്കൽ – ഹരീന്ദർ പാൽ സന്ധു സഖ്യത്തിന് സ്വർണം

ഏഷ്യൻ ഗെയിംസ്; സ്ക്വാഷ് മിക്സഡ് ഡബിൾസിൽ ദീപിക പള്ളിക്കൽ – ഹരീന്ദർ പാൽ സന്ധു സഖ്യത്തിന് സ്വർണം

ഏഷ്യൻ ഗെയിംസിൽ ഇന്ത്യക്ക് 20ആം സ്വർണം. സ്ക്വാഷ് മിക്സഡ് ഡബിൾസിൽ ദീപിക പള്ളിക്കൽ – ഹരീന്ദർ പാൽ സന്ധു സഖ്യമാണ് സ്വർണം നേടിയത്. മലേഷ്യൻ സഖ്യത്തെ 2-0നു വീഴ്ത്തിയാണ് ഇന്ത്യൻ ജോഡിയുടെ കിരീടനേട്ടം.

കസ്റ്റംസ് പരിശോധന കഴിഞ്ഞ് പുറത്തിറങ്ങി; ശരീരത്തിനുള്ളില്‍ ക്യാപസൂള്‍ രൂപത്തില്‍ 33 ലക്ഷത്തിന്റെ സ്വര്‍ണം

കസ്റ്റംസ് പരിശോധന കഴിഞ്ഞ് പുറത്തിറങ്ങി; ശരീരത്തിനുള്ളില്‍ ക്യാപസൂള്‍ രൂപത്തില്‍ 33 ലക്ഷത്തിന്റെ സ്വര്‍ണം

മലപ്പുറം: കരിപ്പൂര്‍ വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച 33 ലക്ഷത്തിന്റെ സ്വര്‍ണം പിടികൂടി. വിമാനത്താവളത്തിന് പുറത്തുവച്ചാണ് 577.5 ഗ്രാം സ്വര്‍ണം പിടിച്ചത്.
വിമാനത്താവളത്തിലെ പരിശോധനപൂര്‍ത്തിയാക്കിയ ശേഷം പുറത്തിറങ്ങിയ മലപ്പുറം ചെമ്മാട് സ്വദേശി സതീഷില്‍ നിന്നാണ് സ്വര്‍ണം പിടികൂടിയത്. വിമാനത്താവളത്തിന് പുറത്തുവച്ച് ഈ വര്‍ഷം പൊലീസ് പിടികൂടുന്ന 32ാമത്തെ കേസാണ്.

ഇന്നലെ രാത്രി ദോഹയില്‍ നിന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രസിലെത്തിയ ഇയാള്‍ സ്വര്‍ണം കടത്തുന്നതായി ജില്ലാ പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. കസ്റ്റംസ് പരിശോധന കഴിഞ്ഞ് പുറത്തിറങ്ങിയ ഇയാളെ പൊലീസ് നീരിക്ഷിച്ചു. എയര്‍പോര്‍ട്ടിന് പുറത്ത് എത്തിയതിന് പിന്നാലെ പരിശോധന നടത്തിയെങ്കിലും സ്വര്‍ണം കണ്ടെത്താനായില്ല. തുടര്‍ന്ന് ഇയാളെ അശുപത്രിയിലെത്തിച്ച് എക്‌സറേ എടുത്തപ്പോഴാണ് ശരീരത്തിനുള്ളില്‍ ക്യാപ്‌സൂള്‍ രൂപത്തില്‍ സ്വര്‍ണം ഒളിപ്പിച്ചതായി കണ്ടെത്തിയത്.

ലോകകപ്പ് ജേതാക്കൾക്ക് 33 കോടി, റണ്ണേഴ്‌സ്‌ അപ്പിന് 17 കോടി രൂപ; സമ്മാന തുക പ്രഖ്യാപിച്ച് ഐസിസി

ലോകകപ്പ് ജേതാക്കൾക്ക് 33 കോടി, റണ്ണേഴ്‌സ്‌ അപ്പിന് 17 കോടി രൂപ; സമ്മാന തുക പ്രഖ്യാപിച്ച് ഐസിസി

ഡൽഹി: ഇന്ത്യയിൽ വെച്ച് നടക്കുന്ന ഏകദിന ക്രിക്കറ്റ് ലോകകപ്പ് ചാമ്പ്യന്മാർക്ക് 33 കോടി രൂപ സമ്മാനം. രാജ്യാന്തര ക്രിക്കറ്റ് കൗൺസിൽ ആണ് സമ്മാനത്തുക പ്രഖ്യാപിച്ചത്. പത്ത് ടീമുകളാണ് ലോകകപ്പിനായി കൊമ്പുകോർക്കുന്നത്. ആകെ 10 മില്യണ്‍ ഡോളറാണ് (ഏകദേശം 84 കോടി രൂപ) സമ്മാനത്തുകയായി നൽകുന്നത്. റണ്ണേഴ്‌സ് അപ്പാകുന്ന ടീമിന് രണ്ട് മില്യണ്‍ യുഎസ് ഡോളര്‍ (ഏകദേശം 16 കോടി രൂപ) സമ്മാനമായി ലഭിക്കും. ഇന്ന് മുതലാണ് ലോകകപ്പ് മത്സരം ആരംഭിക്കുന്നത്.

ഗ്രൂപ്പ് ഘട്ടത്തില്‍ പുറത്താവുന്ന ഓരോ ടീമിനും ഒരു ലക്ഷം യുഎസ് ഡോളര്‍ (ഏകദേശം 83 ലക്ഷം രൂപ) വീതം നൽകുന്നുണ്ട്.ഗ്രൂപ്പ് ഘട്ടത്തില്‍ വിജയിക്കുന്ന ഓരോ ടീമിനും 40000 യുഎസ് ഡോളര്‍ (ഏകദേശം 33 ലക്ഷം രൂപ) സമ്മാനമായി ലഭിക്കും. സെമിയില്‍ തോല്‍ക്കുന്ന ടീമിന് എട്ട് ലക്ഷം യുഎസ് ഡോളറാണ് സമ്മാനം (ഏകദേശം ആറുകോടി 63 ലക്ഷം രൂപ).

ആദ്യ ദിനം നിലവിലെ ജേതാക്കളായ ഇംഗ്ലണ്ട് ന്യൂസിലൻഡിനെ നേരിടും. ഗുജറാത്തിലെ മൊട്ടേറയിലുള്ള നരേന്ദ്രമോദി സ്റ്റേഡിയത്തില്‍ പകല്‍ രണ്ടിനാണ് ഉദ്ഘാടന മത്സരം. ഒക്ടോബർ എട്ടിന് ഓസ്ട്രേലിയയ്ക്ക് എതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം. നവംബർ 19നു അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിലാണ് ഫൈനൽ.

അടുത്ത വര്‍ഷത്തെ പൊതു അവധി ദിനങ്ങള്‍ പ്രഖ്യാപിച്ചു, പട്ടിക ഇങ്ങനെ

അടുത്ത വര്‍ഷത്തെ പൊതു അവധി ദിനങ്ങള്‍ പ്രഖ്യാപിച്ചു, പട്ടിക ഇങ്ങനെ

തിരുവനന്തപുരം: 2024ലെ പൊതു അവധികൾ മന്ത്രിസഭ അംഗീകരിച്ചു. ആകെ 26 അവധി ദിനങ്ങളാണ്. ഇതിൽ 20 എണ്ണവും പ്രവർത്തി ദിവസങ്ങളിലാണ്. നെഗോഷ്യബിൾ ഇൻസ്ട്രുമെന്റ്‌ ആക്ട് അനുസരിച്ചുള്ള അവധികളുടെ പട്ടികയും ഇതിൽ ഉൾപ്പെടുന്നു. തൊഴിൽ നിയമം, ഇൻഡസ്ട്രിയൽ ഡിസ്പ്യൂട്ട്സ് ആക്ട്സ്, കേരള ഷോപ്‌സ്‌ ആൻഡ്‌ കൊമേഴ്‌സ്യൽ എസ്റ്റാബ്ലിഷ്‌മെന്റ്‌ ആക്ട്, മിനിമം വേജസ് ആക്ട് മുതലായവയുടെ പരിധിയിൽ വരുന്ന സ്ഥാപനങ്ങൾക്ക് കേരള ഇൻഡസ്ട്രിയൽ എസ്റ്റാബ്ലിഷ്മെന്റ്‌ നിയമം 1958ന്റെ കീഴിൽവരുന്ന അവധികൾ മാത്രമാണ് ബാധകം.

അവധി ദിവസങ്ങൾ

ജനുവരി 2– മന്നം ജയന്തി
ജനുവരി 26– റിപ്പബ്ലിക് ദിനം
മാർച്ച് 8– ശിവരാത്രി
മാർച്ച് 28– പെസഹ വ്യാഴം
മാർച്ച് 29– ദുഃഖവെള്ളി
ഏപ്രിൽ 10– ഈദുൽ ഫിത്ർ
മേയ് 1– മേയ് ദിനം
ജൂൺ 17– ബക്രീദ്
ജൂലൈ 16– മുഹറം
ഓഗസ്റ്റ് 3 – കർക്കടക വാവ്
ഓഗസ്റ്റ് 15– സ്വാതന്ത്ര്യദിനം
ഓഗസ്റ്റ് 20– ശ്രീനാരായണ ഗുരുജയന്തി
ഓഗസ്റ്റ് 26– ശ്രീകൃഷ്ണ ജയന്തി
ഓഗസ്റ്റ് 28– അയ്യങ്കാളി ജയന്തി
സെപ്റ്റംബർ 16 – മൂന്നാം ഓണം, നബിദിനം
സെപ്റ്റംബർ 17– നാലാം ഓണം
സെപ്റ്റംബർ 21– ശ്രീനാരായണ ഗുരു സമാധി
ഒക്ടോബർ 2– ഗാന്ധി ജയന്തി
ഒക്ടോബർ 31– ദീപാവലി
ഡിസംബർ 25– ക്രിസ്മസ്

പൊതു അവധി ദിനങ്ങളായ രണ്ടാം ശനി, ഞായർ ദിവസങ്ങളിൽ വരുന്നതിനാൽ മാർച്ച് 31– ഈസ്റ്റർ, ഏപ്രിൽ 14– അംബേദ്കർ ജയന്തി, വിഷു, സെപ്റ്റംബർ 14 –ഒന്നാം ഓണം, സെപ്റ്റംബർ 15–തിരുവോണം, ഒക്ടോബർ 12– മഹാനവമി, ഒക്ടോബർ 13– വിജയദശമി എന്നീ അവധി ദിവസങ്ങൾ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടില്ല.

നിയന്ത്രിത അവധി
മാർച്ച് 12 – അയ്യാ വൈകുണ്ഠസ്വാമി ജയന്തി, ഓഗസ്റ്റ് 19 – ആവണി അവിട്ടം, സെപ്റ്റംബർ 17– വിശ്വകർമദിനം.

നെഗോഷ്യബ്ൾ ഇൻസ്ട്രുമെന്റ്സ് ആക്ട് അനുസരിച്ചുള്ള അവധികൾ

ജനുവരി 26 – റിപ്പബ്ലിക് ദിനം, മാർച്ച് 8 – ശിവരാത്രി, മാർച്ച് 29– ദുഃഖവെള്ളി, ഏപ്രിൽ 1– ബാങ്കുകളുടെ സാമ്പത്തിക വർഷ സമാപനം, ഏപ്രിൽ 10– ഈദുൽ ഫിത്ർ, മേയ് 1 – മേയ് ദിനം, ജൂൺ 17 – ബക്രീദ്, ഓഗസ്റ്റ് 15 – സ്വാതന്ത്ര്യദിനം, ഓഗസ്റ്റ് 20 – ശ്രീനാരായണ ഗുരു ജയന്തി, സെപ്റ്റംബർ 16 – നബിദിനം, സെപ്റ്റംബർ 21– ശ്രീനാരായണ ഗുരു സമാധി, ഒക്ടോബർ 2 – ഗാന്ധിജയന്തി, ഒക്ടോബർ 31– ദീപാവലി , ഡിസംബർ 25– ക്രിസ്മസ്.