അതിദരിദ്ര കുടുംബങ്ങളിലെ വിദ്യാർത്ഥികൾക്ക് സൗജന്യ യാത്ര

അതിദരിദ്ര കുടുംബങ്ങളിലെ വിദ്യാർത്ഥികൾക്ക് സൗജന്യ യാത്ര

അതിദരിദ്ര വിഭാഗത്തില്‍പ്പെട്ട കുടുംബങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ ബസ് യാത്ര അനുവദിച്ച് ഗതാഗതവകുപ്പ് ഉത്തരവിറക്കി. കരെഎസ്ആര്‍ടിസി ബസിലും സ്വകാര്യ ബസുകളിലും സൗജന്യ യാത്ര അനുവദിച്ചുകൊണ്ടാണ് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കിയിരിക്കുന്നത്. നവംബര്‍ ഒന്ന് മുതലാണ് ഈ ആനുകൂല്യം പ്രാബല്യത്തില്‍ വരിക.

വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായുള്ള യാത്രകളുടെ ചെലവില്‍ നിന്ന് അതിദരിദ്ര കുടുംബങ്ങളിലെ കുട്ടികളെ മോചിപ്പിക്കുന്നതിന് ഇത്തരമൊരു പദ്ധതി സര്‍ക്കാര്‍ ദീര്‍ഘകാലമായി ആലോചിച്ചുവരികയായിരുന്നു. സര്‍ക്കാരിന്റെ അതിദാരിദ്ര്യ നിര്‍മാര്‍ജന പദ്ധതിയുടെ ഭാഗമായാണ് പുതിയ ഉത്തരവ്.

ബലാത്സംഗ കേസ്; നടൻ ഷിയാസ് കരീം പിടിയിൽ

ബലാത്സംഗ കേസ്; നടൻ ഷിയാസ് കരീം പിടിയിൽ

ചെന്നൈ: ബലാത്സംഗ കേസിൽ പ്രതിയായ നടൻ ഷിയാസ് കരീം പിടിയിൽ. ചെന്നൈ വിമാനത്താവളത്തിൽ വെച്ചാണ് ഷിയാസ് കരീമിനെ പിടികൂടിയത്. ലുക്ക് ഔട്ട് നോട്ടീസ് ഉള്ളതിനാൽ ഗൾഫിൽ നിന്നെത്തിയ ഷിയാസിനെ എമിഗ്രേഷൻ ഉദ്യോഗസ്ഥർ തടഞ്ഞു വെക്കുകയായിരുന്നു. തുടർന്ന് ചന്തേര പൊലീസിനെ വിവരമറിയിച്ചു.

നേരത്തെ ചന്ദേര പൊലീസ് സ്റ്റേഷന്റെ പരിധിയിലുള്ള സ്ത്രീയാണ് ഷിയാസ് കരീമിനെതിരെ പരാതി നൽകിയത്. വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചുവെന്നാണ് കാസർകോട് സ്വദേശിനിയുടെ പരാതി. 2021 ഏപ്രിൽ മുതൽ പീഡിപ്പിക്കുന്നുവെന്നും വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ടപ്പോൾ മർദ്ദിച്ചുവെന്നും യുവതിയുടെ പരാതിയിലുണ്ട്. ഷിയാസ് തന്നിൽ നിന്ന് ലക്ഷങ്ങൾ തട്ടിയെടുത്തതായും യുവതി പറയുന്നു. എറണാകുളത്ത് ജോലി ചെയ്യുകയാണ് പരാതിക്കാരി.

ഗാനരചയിതാവ് അറുമുഖൻ  വെങ്കിടങ്ങ് അനുസ്മരണം

ഗാനരചയിതാവ് അറുമുഖൻ വെങ്കിടങ്ങ് അനുസ്മരണം

കലാഭവൻമണിയുടെ പ്രശസ്തമായ ഗാനങ്ങൾ രചിച്ച നാടൻപാട്ട് കലാകാരനും ഗാനരചയിതവുമായ അറുമുഖൻ വെങ്കിടങ്ങിനെ അനുസ്മരിച്ചു. കലാഭവൻ മണിസേവന സമിതി സംഘടപ്പിച്ച ചടങ്ങിൽകവിയുംഗാനരചയിതാവുമായ രാധാകൃഷ്ണൻ കുന്നുംപുറം
അനുസ്മരണ പ്രഭാഷണം നടത്തി. സേവനസമിതി ചെയർമാൻ അജിൽ മണിമുത്ത് അധ്യക്ഷനായി. സെക്രട്ടറി രാജേഷ് നമ്പൂതിരിസ്വാഗതംപറഞ്ഞു. നാടൻപാട്ട് ഗായകരായ മിഥുൻഗുരുവായൂർ , സുജിലാൽ എസ്.എസ്, ശ്യാം, ബിബിൻ തുടങ്ങിയവർ പങ്കെടുത്തു.

സ്കൂള്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ പ്രതിക്ക് ഇരട്ട ജീവപര്യന്തം

സ്കൂള്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ പ്രതിക്ക് ഇരട്ട ജീവപര്യന്തം

കൊച്ചി: സ്കൂള്‍ വിദ്യാര്‍ഥിനിയായ പതിനേഴുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി മരട് സ്വദേശി സഫർഷാക്ക് ഇരട്ട ജീവപര്യന്തം തടവ് ശിക്ഷ വിധിച്ച് കോടതി. കൊലപാതകത്തിനും പോക്സോ നിയമപ്രകാരവുമാണ് ഇരട്ട ജീവപര്യന്തം തടവിന് എറണാകുളം പോക്സോ കോടതി ശിക്ഷിച്ചത്. ജീവപര്യന്തം തടവിനുപുറമെ വിവിധ വകുപ്പുകളിലായി രണ്ടര ലക്ഷം രൂപ പിഴയും ചുമത്തിയിട്ടുണ്ട്. പ്രതിക്കെതിരെ ചുമത്തിയ കൊലപാതകം, പീഡനം, തെളിവ് നശിപ്പിക്കൽ, പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കുക എന്നീ കുറ്റങ്ങൾ തെളിഞ്ഞുവെന്നും കോടതി വ്യക്തമാക്കി.

സ്കൂൾ വിദ്യാർത്ഥിനിയായ പെൺകുട്ടിയെ മലക്കപ്പാറയിൽ വെച്ച് കൊലപ്പെടുത്തിയെന്നാണ് കേസ്. 2020 ജനുവരിയിലാണ് കേസിനാസ്പദമായ സംഭവം. ജോലി ചെയ്യുന്ന സ്ഥാപനത്തിൽ നിന്ന് മോഷ്ടിച്ച വാഹനത്തിലാണ് പെൺകുട്ടിയെ സ്കൂളിലേക്ക് പോകും വഴി പ്രതി കടത്തികൊണ്ട് പോയത്. പെൺകുട്ടി സൗഹൃദത്തിൽ നിന്ന് പിന്മാറിയതിനെ തുടർന്ന് തനിക്ക് ചില കാര്യങ്ങള്‍ പറയാനുണ്ടെന്നും വൈകിട്ടു തിരികെ കൊണ്ടുവിടാമെന്നും പറഞ്ഞ് നിർബന്ധിച്ചാണ് ഇയാൾ കുട്ടിയെ വാഹനത്തില്‍ കയറ്റിയത്. യാത്രാമധ്യേ കൈയില്‍ കരുതിയ കത്തി ഉപയോഗിച്ച് പെൺകുട്ടിയെ ക്രൂരമായി കൊലപ്പെടുത്തുകയായിരുന്നു. കൊല്ലപ്പെടുമ്പോള്‍ നാലര മാസം ഗര്‍ഭിണിയായിരുന്നു പെൺകുട്ടി. മൃതദേഹം കേരള-തമിഴ്നാട് അതിർത്തിയിലെ തേയിലത്തോട്ടത്തിൽ ഉപേക്ഷിച്ചു.

വാൽപ്പാറയ്ക്കു സമീപത്തു വച്ചാണ് ഇയാളെ പൊലീസ് അറസ്റ്റുചെയ്യുന്നത്. സ്കൂളിലേക്ക് പോയ മകൾ മടങ്ങി വരാത്തതിനെ തുടർന്ന് കുട്ടിയുടെ മാതാപിതാക്കളാണ് കൊച്ചി സെൻട്രൽ പൊലീസിൽ പരാതി നൽകിയത്. സഫർഷാ മകളുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് ഭീഷണിപ്പെടുത്തിയെന്നും പിന്തുടർന്ന് ഉപദ്രവിച്ചിരുന്നതായും അച്ഛൻ പൊലീസിന് മൊഴി നൽകിയിരുന്നു.

തിരുവനന്തപുരത്ത് റിട്ട കെഎസ്ഇബി ജീവനക്കാരിയെ കുത്തിക്കൊലപ്പെടുത്തി

തിരുവനന്തപുരത്ത് റിട്ട കെഎസ്ഇബി ജീവനക്കാരിയെ കുത്തിക്കൊലപ്പെടുത്തി

തിരുവനന്തപുരം: സഹോദരിയെ സഹോദരൻ കുത്തിക്കൊലപ്പെടുത്തി. തിരുവനന്തപുരം നഗരപരിധിയിൽ കുമാരപുരത്ത് ഇന്ന് വൈകിട്ടാണ് കൊലപാതകം നടന്നത്. റിട്ടയേർഡ് കെഎസ്ഇബി ജീവനക്കാരിയായ വിജയമ്മയാണ് കൊല്ലപ്പെട്ടത്. സഹോദരനായ സുരേഷാണ് ഇവരെ കുത്തിക്കൊലപ്പെടുത്തിയത്. മാനസിക വെല്ലുവിളി നേരിടുന്നയാളാണ് സുരേഷെന്നാണ് വിവരം.

ഇയാളെ മുൻപ് പലവട്ടം പൊലീസ് തന്നെ ഇടപെട്ട് മാനസികാരോഗ്യ കേന്ദ്രത്തിലടക്കം ചികിത്സയ്ക്ക് കൊണ്ടുപോയിരുന്നു. പ്രകോപനമില്ലാതെയായിരുന്നു ആക്രമണം എന്നാണ് വിവരം. കുത്തേറ്റ വിജയമ്മയെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.

ട്രെയിനില്‍ കളിത്തോക്ക് ചൂണ്ടി ഭീഷണി; നാല് മലയാളി യുവാക്കള്‍ തമിഴ്‌നാട്ടില്‍ പിടിയില്‍

ട്രെയിനില്‍ കളിത്തോക്ക് ചൂണ്ടി ഭീഷണി; നാല് മലയാളി യുവാക്കള്‍ തമിഴ്‌നാട്ടില്‍ പിടിയില്‍

ചെന്നൈ: കളിത്തോക്കുമായി ട്രെയിനില്‍ യാത്രക്കാരെ ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ നാലുമലയാളികള്‍ പിടിയില്‍. പാലക്കാട് തിരുച്ചെന്തൂര്‍ പാസഞ്ചര്‍ ട്രെയിനില്‍ വച്ചായിരുന്നു സംഭവം. വടക്കന്‍ കേരളത്തില്‍ നിന്നുള്ള നാലു യുവാക്കളെയാണ് തമിഴ്‌നാട് പൊലീസ് കസ്റ്റഡിയിലെടുത്തത്.

മലപ്പുറത്തനിന്നുള്ള 19കാരന്‍ അമിന്‍ ഷെരീഫ്, കണ്ണൂരില്‍ നിന്നുള്ള 24 കാരനായ അബ്ദുള്‍ റഫീക്ക്, പാലക്കാട് സ്വദേശിയായ 22കാരന്‍ ജബല്‍ ഷാ, കാസര്‍കോട് സ്വദേശി മുഹമ്മദ് എന്നിവരെയാണ് കൊടൈക്കനാല്‍ റെയില്‍വേ സ്റ്റേഷനില്‍ വച്ച് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇവര്‍ കളിത്തോക്ക് ഉപയോഗിച്ച് യാത്രക്കാരെ ഭീഷണിപ്പെടുത്തുകയായിരുന്നു. ബുള്ളറ്റ് ഇന്‍സര്‍ട്ട് ചെയ്യുന്നതായി കാണിച്ച് ഇപ്പോള്‍ വെടിക്കുമെന്ന് പറഞ്ഞ് പരിഭ്രാന്തി സൃഷ്ടിച്ചതിന് പിന്നാലെ യാത്രക്കാരില്‍ ഒരാള്‍ റെയില്‍വേ കണ്‍ട്രോള്‍ റൂമില്‍ വിളിച്ച് അറിയിക്കുകയായിരുന്നു.

തുടര്‍ന്ന് ട്രെയിന്‍ കൊടൈക്കനാല്‍ റോഡ് റെയില്‍വേ സ്റ്റേഷനില്‍ എത്തിയപ്പോള്‍ ഇരുപത് പേരടങ്ങുന്ന പൊലീസ് സംഘം ഇവര്‍ സഞ്ചരിച്ച കോച്ച് വളഞ്ഞ് യുവാക്കളെ കസ്റ്റഡിയില്‍ എടുത്തു. ഇവരെ ചോദ്യം ചെയ്തുവരികയാണെന്ന് റെയില്‍വേ പൊലീസ് അറിയിച്ചു. പാലക്കാട് നിന്ന് മധുരയിലെത്തിയ ഇവര്‍ അവിടെ നിന്ന് രാമനാഥപുരത്തേക്ക് പോകാനയിരുന്നു പദ്ധതിയിട്ടതെന്ന് പൊലീസിനോട് പറഞ്ഞു.