by Midhun HP News | Oct 4, 2023 | Latest News, കേരളം
കനിവ് 108 സേവനം ശക്തമാക്കുന്നതിന്റെ ഭാഗമായി പൊതുജനങ്ങള്‍ക്ക് ഉപയോഗപ്രദമായ രീതിയില്‍ പുതിയ മൊബൈല്‍ ആപ്ലിക്കേഷന്‍ സജ്ജമാകുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഇതോടെ 108 എന്ന നമ്പറില്‍ ബന്ധപ്പെടാതെ മൊബൈലില്‍ ഇന്‍സ്റ്റാള്‍ ചെയ്തിരിക്കുന്ന അപ്ലിക്കേഷന്‍ വഴി ആംബുലന്‍സ് സേവനം ലഭ്യമാക്കാന്‍ കഴിയും. സേവനം തേടുന്ന വ്യക്തിയുടെ മൊബൈല്‍ ഫോണിലെ ജിപിഎസ് സംവിധാനത്തിന്റെ സഹായത്തോടെ അത്യാഹിതം നടന്ന സ്ഥലത്തിന്റെ കൃത്യമായ വിവരം ആംബുലന്‍സിലേക്ക് കൈമാറാന്‍ സാധിക്കും എന്നത് കാലതാമസവും ഒഴിവാക്കാന്‍ സഹായകമാകും.

ഈ മാസം മൊബൈല്‍ ആപ്പ് പൊതുജനങ്ങള്‍ക്ക് ലഭ്യമാകുമെന്നും മന്ത്രി വ്യക്തമാക്കി.സംസ്ഥാനത്ത് കനിവ് 108 ആംബുലന്‍സ് പദ്ധതി ആരംഭിച്ച് നാല് വര്‍ഷം പിന്നിടുമ്പോള്‍ 7,89,830 ട്രിപ്പുകളാണ് ഓടിയത്. ഇതില്‍ 3,45,867 ട്രിപ്പുകള്‍ കോവിഡ് അനുബന്ധവം 198 ട്രിപ്പുകള്‍ നിപ അനുബന്ധവും ആയിരുന്നു. നാളിതുവരെ 90 പ്രസവങ്ങളാണ് സംസ്ഥാനത്ത് കനിവ് 108 ആംബുലന്‍സ് ജീവനക്കാരുടെ പരിചരണത്തില്‍ നടന്നത്. നിലവില്‍ 316 ആംബുലന്‍സുകളും 1300 ജീവനക്കാരും ആണ് പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്ത് സേവനമനുഷ്ഠിക്കുന്നത്.
തിരുവനന്തപുരം ജില്ലയിയിലാണ് ഏറ്റവും അധികം ട്രിപ്പുകള്‍ 108 ആംബുലന്‍സുകള്‍ ഓടിയത്. ഇവിടെ 1,17,668 ട്രിപ്പുകള്‍ കനിവ് 108 ആംബുലന്‍സുകള്‍ ഓടി. ഇടുക്കി ജില്ലയിലാണ് ഏറ്റവും കുറവ് ട്രിപ്പുകള്‍ ഓടിയത്. ഇവിടെ 23,006 ട്രിപ്പുകളാണ് 108 ആംബുലന്‍സുകള്‍ ഓടിയത്.
by Midhun HP News | Oct 4, 2023 | Latest News, കേരളം
പാലക്കാട്: പന്നിക്കെണിയില്‍ നിന്നും ഷോക്കേറ്റ് വീട്ടമ്മ മരിച്ചു. പാലക്കാട് വണ്ടാഴിയിലാണ് സംഭവം. കരൂര്‍ പുത്തന്‍പുരയ്ക്കല്‍ ഗ്രേസി (63) ആണ് മരിച്ചത്.
വീടിനോടു ചേര്‍ന്നുള്ള കൃഷിയിടത്തിലാണ് മൃതദേഹം കണ്ടെത്തിയത്. പറമ്പിലേക്കിറങ്ങുന്നതിനിടെ അബദ്ധത്തിൽ കമ്പിയിൽ നിന്ന് ഷോക്കേറ്റെതെന്നാണ് സംശയിക്കുന്നത്. മീൻവിൽക്കാനെത്തിയ ആളാണ് മൃതദേഹം കണ്ടത്. ഒരാഴ്ച മുമ്പ് പാലക്കാട് കരിങ്കരപ്പള്ളിയിൽ രണ്ടു യുവാക്കള്‍ പന്നിക്കെണിയില്‍പ്പെട്ട് മരിച്ചിരുന്നു.

by Midhun HP News | Oct 4, 2023 | Latest News, കേരളം
തിരുവനന്തപുരം: കാട്ടാക്കട പട്ടക്കുളം മടത്തികോണത്ത് ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് അപകടം. മടത്തിക്കോണം അക്ഷയ കേന്ദ്രത്തിന് സമീപം ഗിന്നസ് ഡെക്കറേഷൻ നടത്തുന്ന ബിനുവിന്റെ വീട്ടിൽ ഉച്ചയ്ക്ക് രണ്ടു മുപ്പതോടെയാണ് സംഭവം നടന്നത്. വീട്ടിൽ ആൾതാമസം ഉണ്ടായിരുന്നെങ്കിലും ആളപായമില്ല. ഫ്രിഡ്ജിലെ ഷോർട്ട് സർക്യൂട്ട് ആണ് തീപിടുത്തം ഉണ്ടാവാൻ കാരണമായതെന്ന് വീട്ടുകാർ പറയുന്നു. തുടർന്ന് നാട്ടുകാരും ഫയർഫോഴ്സും സ്ഥലത്തെത്തി തീയണച്ചു.

by Midhun HP News | Oct 4, 2023 | Latest News, കേരളം
വിതുരയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ മധ്യവയസ്കൻ്റെ മൃതദേഹം കണ്ടെത്തി. വിതുരയ്ക്കൊപ്പം, ഹരി നിവാസിൽ സോമനാണ് (62) മരിച്ചത്. ചെറ്റച്ചൽ മുതിയാൻപാറ കടവിൽ സ്കൂബ ടീം നടത്തിയ തെരച്ചിലിലാണ് ഇന്ന് പകൽ 11.30ഓടെ മൃതദേഹം കണ്ടെത്തിയത്.
ഈറ്റകൾക്ക് ഇടയിൽ കുടുങ്ങിയ നിലയിലായിരുന്നു മൃതദേഹം. സംഭവ സ്ഥലത്ത് നിന്നും അഞ്ച് കിലോ മീറ്റർ താഴെ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രിയിൽ മാറ്റും. കാണാതായി നാലാം ദിവസമാണ് മൃതദേഹം കണ്ടെത്തിയത്. സ്‌കൂട്ടറിൽ വാമനപുരം നദിക്ക് കുറുകെയുള്ള പാലം മുറിച്ചു കടക്കുമ്പോഴാണ് അപകടത്തിൽ പെട്ടത്. പാലത്തിൽ വെള്ളം കയറിയതിനെ തുടർന്ന് സോമൻ ആറ്റിലേക്ക് വീഴുകയായിരുന്നു.

by Midhun HP News | Oct 4, 2023 | Latest News, കേരളം
കരുവന്നൂർ തട്ടിപ്പിൽ വായ്‌പ അടച്ചവരുടെ ആധാരം തിരികെ നൽകാൻ കോടതി നിർദേശം.ആധാരം തിരികെ നൽകാൻ ഇ ഡിക്ക് നിർദേശം നൽകി ഹൈക്കോടതി. ബാങ്ക് രേഖാമൂലം ആവശ്യപ്പെട്ടാൽ തിരികെ നൽകുന്നതിൽ തടസമില്ലെന്ന് ഇ ഡി വ്യക്തമാക്കി. ബാങ്കിന് അപേക്ഷ നൽകാൻ പരാതിക്കാരോട് കോടതി ആവശ്യപ്പെട്ടു.
ബാങ്ക് അധികൃതര്‍ അപേക്ഷ നല്‍കിയാല്‍ വായ്പ തിരിച്ചടച്ചവരുടെ ആധാരങ്ങള്‍ തിരികെ നല്‍കണമെന്നും അന്വേഷണത്തിന് ആവശ്യമുള്ള ആധാരങ്ങളുടെ പകര്‍പ്പ് എടുത്തശേഷം അസ്സല്‍ ആധാരം തിരികെ നല്‍കണമെന്നും ഹൈക്കോടതി നിര്‍ദ്ദേശിച്ചു.

by Midhun HP News | Oct 4, 2023 | Latest News, കേരളം
കൊച്ചി: വാഹനങ്ങള്‍ രൂപമാറ്റം ചെയ്യുന്നതിനെ പ്രോത്സാഹിപ്പിക്കുന്ന വ്‌ലോഗര്‍മാര്‍ക്കെതിരെ നടപടി എടുക്കണമെന്ന് പൊലീസിന് നിര്‍ദേശം നല്‍കി ഹൈക്കോടതി. പൊതുസ്ഥലങ്ങളില്‍ ഇത്തരത്തില്‍ രൂപമാറ്റം വരുത്തിയ വാഹനങ്ങള്‍ വ്‌ലോഗര്‍മാര്‍ ഉപയോഗിച്ചാല്‍ അതിലും നടപടി സ്വീകരിക്കണം. ബസ് ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ വലിയ രീതിയില്‍ രൂപമാറ്റം വരുത്തി വിഡീയോകള്‍ ചെയ്ത് സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നതായി ജസ്റ്റിസ് അനില്‍ കെ നരേന്ദ്രന്‍, ജസ്റ്റിസ് പി ജി അജിത് കുമാര്‍ എന്നിവരടങ്ങിയ ബെഞ്ച് ചൂണ്ടിക്കാട്ടി.
ശബരിമല സ്‌പെഷല്‍ കമീഷണറുടെ ‘സേഫ് സോണ്‍ പ്രൊജക്ട്’ റിപ്പോര്‍ട്ടിന്മേല്‍ കോടതി സ്വമേധയാ രജിസ്റ്റര്‍ ചെയ്ത കേസിലാണ് രൂപമാറ്റം വരുത്തിയ വാഹനങ്ങള്‍ക്കെതിരെ കര്‍ശന നടപടിക്ക് നിര്‍ദേശിച്ചിരിക്കുന്നത്.സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെ രൂപമാറ്റം വരുത്തിയ സര്‍ക്കാര്‍ വാഹനങ്ങള്‍ ഉള്‍പ്പെടെയുള്ളവക്കെതിരെ നടപടിയെടുക്കണം. അനധികൃതമായ രൂപമാറ്റം വരുത്തിയ വാഹനങ്ങളുടെ ഉടമകള്‍ക്കെതിരെയും വീഡിയോകള്‍ പ്രചരിപ്പിച്ച് രൂപമാറ്റത്തിന് പ്രോത്സാഹനം നല്‍കുന്ന യൂട്യൂബര്‍മാര്‍ക്കെതിരെയും വ്‌ലോഗര്‍മാര്‍ക്കെതിരെയും നടപടി സ്വീകരിക്കണമെന്നും ഹൈക്കോടതി നിര്‍ദേശത്തില്‍ പറയുന്നു.
‘എ.ജെ ടൂറിസ്റ്റ് ബസ് ലവര്‍’, ‘നസ്രു വ്‌ലോഗര്‍’, ‘നജീബ് സൈനുല്‍സ്’, ‘മോട്ടോര്‍ വ്‌ലോഗര്‍’ തുടങ്ങിയ യൂട്യൂബ് ചാനലുകളിലെ വീഡിയോകള്‍ കോടതി പരിശോധിച്ചു. പിടികൂടുന്ന വാഹനങ്ങളില്‍ അനധികൃതമായ ഓരോ രൂപമാറ്റത്തിനും 5000 രൂപ വീതം പിഴ ഈടാക്കാനാണ് കോടതി പൊലീസിന് നിര്‍ദേശം നല്‍കിയത്.
Recent Comments