by Midhun HP News | Oct 3, 2023 | Latest News, കേരളം
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. തീവ്ര മഴകണക്കിലെടുത്ത് ചൊവ്വാഴ്ച തിരുവനന്തപുരം ജില്ലയില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലയില്‍ ശക്തമായ മഴ കണക്കിലെടുത്ത് കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.
അടുത്ത അഞ്ച് ദിവസം സംസ്ഥാനത്ത് മഴ തുടരുമെന്നാണ് പ്രവചനം. തെക്ക് പടിഞ്ഞാറന്‍ ഝാര്‍ഖണ്ഡിനും അതിനോട് ചേര്‍ന്ന വടക്കന്‍ ഛത്തിസ്ഗഡിനും മുകളില്‍ ന്യൂനമര്‍ദവും മധ്യ മഹാരാഷ്ട്രയ്ക്ക് മുകളില്‍ ചക്രവാതച്ചുഴിയും സ്ഥിതിചെയ്യുന്നു. ഈ സാഹചര്യത്തില്‍ അടുത്ത 5 ദിവസം മിതമായ/ ഇടത്തരം മഴ/ ഇടി/മിന്നല്‍ എന്നിവ തുടരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

നെയ്യാര്‍ നദിയിലെ അരുവിപ്പുറം സ്റ്റേഷനില്‍ നിലവിലെ ജലനിരപ്പ് അപകടനിരപ്പിനേക്കാള്‍ കൂടുതലായതിനാല്‍ അവിടെ ഓറഞ്ച് അലര്‍ട്ടും, കരമന നദിയിലെ വെള്ളൈകടവ് സ്റ്റേഷന്‍, അച്ചന്‍കോവില്‍ നദിയിലെ തുമ്പമണ്‍ സ്റ്റേഷന്‍, മണിമല നദിയിലെ കല്ലൂപ്പാറ സ്റ്റേഷന്‍ എന്നിവിടങ്ങളില്‍ മഞ്ഞ അലര്‍ട്ടും കേന്ദ്ര ജല കമ്മീഷന്‍ പ്രഖ്യാപിച്ചു. തീരത്തോട് ചേര്‍ന്ന് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കേണ്ടതാണെന്ന് മുന്നറിയിപ്പില്‍ പറയുന്നു.
by Midhun HP News | Oct 3, 2023 | Latest News, കേരളം
കോഴിക്കോട്: വടിവാൾ കാണിച്ച് ഡോക്ടറെ ഭീഷണിപ്പെടുത്തി പണം തട്ടിയ സംഭവത്തിൽ യുവതി ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ. എളേറ്റിൽ വട്ടോളി പന്നിക്കോട്ടൂർ കല്ലാനി മാട്ടുമ്മൽ ഹൗസിൽ മുഹമ്മദ് അനസ് ഇ കെ (26), കുന്ദമംഗലം നടുക്കണ്ടിയിൽ ഗൗരീശങ്കരത്തിൽ ഷിജിൻദാസ് എൻ പി (27), പാറോപ്പടി മാണിക്കത്താഴെ ഹൗസിൽ അനു കൃഷ്ണ (24) എന്നിവരാണ് പിടിയിലായത്.
ചൊവ്വാഴ്‌ച പുലർച്ചെ കോഴിക്കോട്ട് റെയിൽവേ സ്റ്റേഷന് സമീപത്തെ ലോഡ്‌ജിലായിരുന്നു സംഭവം. തിങ്കളാഴ്ച ഇവർ ഡോക്ടറുമായി പരിചയപ്പെട്ടിരുന്നു. തുടർന്ന് ഡോക്ടറുടെ റൂം മനസ്സിലാക്കി പുലർച്ചെ ആയുധവുമായി മുറിയിൽ എത്തുകയായിരുന്നു. കൈയിൽ പണം ഇല്ല എന്ന് പറഞ്ഞപ്പോൾ ഗൂഗിൾപേ വഴി 2500 രൂപ ട്രാൻഫർ ചെയ്യിപ്പിക്കുകയായിരുന്നു. പ്രതികൾ ലഹരി മരുന്ന് വാങ്ങാനാണ് കവർച്ച നടത്തിയതെന്നാണ് റിപ്പോർട്ട്.

by Midhun HP News | Oct 3, 2023 | Latest News, കേരളം
തിരുവനന്തപുരം: അഖിൽ സജീവ് ഉൾപ്പെട്ട നോർക്ക നിയമന കോഴക്കേസിൽ, പത്തനംതിട്ട കോഴഞ്ചേരി സ്വദേശി ജയകുമാർ ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകി. പണം നൽകിയ അഭിഭാഷകന് അഖിൽ സജീവിൽ നിന്ന് പണം തിരികെ വാങ്ങി നൽകാൻ താൻ ഇടപെട്ടിരുന്നെന്ന് ജയകുമാർ വ്യക്തമാക്കി. തട്ടിപ്പിൽ തനിക്ക് പങ്കില്ലെന്നും പോലീസ് നടപടി ഭയന്നാണ് മുൻകൂർ ജാമ്യാപേക്ഷ നൽകുന്നതെന്നും ജയകുമാർ ഹർജിയിൽ പറയുന്നു.

ആരോഗ്യ മന്ത്രിയുടെ ഓഫീസ് മറയാക്കി നടന്ന തട്ടിപ്പിനെക്കുറിച്ച് മലപ്പുറം സ്വദേശി ഹരിദാസ് നടത്തിയ തുറന്നു പറച്ചിലിനു പിന്നാലെയാണ് കോഴിക്കോട് സ്വദേശിയും കൊച്ചിയില്‍ അഭിഭാഷകനുമായ ശ്രീകാന്ത് അഖില്‍ സജീവിന്‍റെ നേതൃത്വത്തില്‍ നടന്ന മറ്റൊരു തട്ടിപ്പിനെക്കുറിച്ച് വെളിപ്പെടുത്തല്‍ നടത്തിയത്.
ഭാര്യയ്ക്ക് നോര്‍ക്ക് റൂട്ട്‍സില്‍ ജോലി വാങ്ങി നല്‍കാമെന്ന് പറഞ്ഞാണ് ജിക്കു ജേക്കബ് എന്ന വ്യക്തി തന്നെ സമീപിച്ചതെന്നും ഇയാളാണ് അഖില്‍ സജീവിനെ പരിചയപ്പെടുത്തിയതെന്നും അഭിഭാഷകൻ വ്യക്തമാക്കിയിരുന്നു. ജോലിക്കായി പത്ത് ലക്ഷം രൂപയായിരുന്നു കോഴയായി ചോദിച്ചത്. ജയകുമാര്‍ വളളിത്തോട് എന്ന പ്രാദേശിക നേതാവും കൂടെ ഉണ്ടായിരുന്നു എന്നും അഭിഭാഷകനായ ശ്രീകാന്ത് വെളിപ്പെടുത്തൽ നടത്തിയിരുന്നു.
by Midhun HP News | Oct 3, 2023 | Latest News, കേരളം
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണത്തിന്റെ വിലയിടിവ് തുടരുന്നു. ഇന്ന് പവന് 480 രൂപയാണ് കുറഞ്ഞത്. 42080 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 60 രൂപ കുറഞ്ഞ് 5260 രൂപയായി. കഴിഞ്ഞ മാസം 20 മുതല്‍ സ്വര്‍ണവില കുറഞ്ഞ് വരികയാണ്. 20ന് 44,160 രൂപയായിരുന്നു സ്വര്‍ണവില. 13 ദിവസത്തിനിടെ വിലയില്‍ 2000 രൂപയില്‍പ്പരമാണ് ഇടിഞ്ഞത്.

by Midhun HP News | Oct 3, 2023 | Latest News, കേരളം
തിരുവനന്തപുരം: നഗരത്തിലെ പ്രധാനപ്പെട്ട ക്ലബുകളിലൊന്നായ ട്രിവാന്‍ഡ്രം ക്ലബില്‍ പണംവച്ച് ചീട്ടുകളിച്ച കേസിൽ പൊതുമേഖലാ സ്ഥാപനത്തിലെ എംഡിയും കോടിയേരി ബാലകൃഷ്ണൻ്റെ ഭാര്യാ സഹോദരനുമായ എസ്.ആർ വിനയകുമാർ അടക്കം 9 പേർ അറസ്റ്റിൽ. വിനയകുമാറിന്റെ പേരിലെടുത്ത മുറിയിലായിരുന്നു ചീട്ടുകളി. മുറിയിൽ നിന്നും 5.60 ലക്ഷം രൂപയും പിടിച്ചെടുത്തു. അഷ്റഫ്, സീതാറാം, സിബി ആന്റണി, മനോജ്, വിനോദ്, അമൽ, ശങ്കർ, ശിയാസ്, വിനയകുമാർ എന്നിവരാണ് അറസ്റ്റിലായത്.

പണം വെച്ച് ചീട്ടുകളിക്കുന്നുവെന്ന രഹസ്യവിവരത്തെ തുടര്‍ന്നാണ് വൈകിട്ട് ഏഴോടെ മ്യൂസിയം പൊലീസ് ട്രിവാന്‍ഡ്രം ക്ലബിലെത്തി പരിശോധന നടത്തിയത്. ക്ലബിലെ അഞ്ചാം നമ്പര്‍ ക്വാട്ടേഴ്സില്‍നിന്നാണ് ഇവരെ പിടികൂടിയത്. സംഘം എത്തിയ കാറും പൊലീസ് പരിശോധിച്ചു. യുണൈറ്റഡ് ഇലക്ട്രിക്കൽ ഇൻഡസ്ട്രീസ് എംഡിയുടെ പേരിലാണ് മുറി എടുത്തത്. കോടിയേരി ബാലകൃഷ്ണന്റെ ഭാര്യാ സഹോദരനാണ് യുണൈറ്റഡ് ഇലക്ട്രിക്കൽ ഇൻഡസ്ട്രീസ് എംഡി: എസ്.ആർ വിനയകുമാർ. വിനയകുമാര്‍ പറഞ്ഞിട്ടാണ് ക്വാട്ടേഴ്സ് നല്‍കിയതെന്നാണ് ക്ലബ് അധികൃതര്‍ പറയുന്നത്.
by Midhun HP News | Oct 3, 2023 | Latest News, കേരളം
തിരുവനന്തപുരം: പ്ലേ സ്റ്റോറില്‍ നിന്ന് എഴുപതില്‍ പരം വ്യാജ ലോണ്‍ ആപ്പുകള്‍ നീക്കം ചെയ്തതായി കേരള പൊലീസ്. അംഗീകൃതമല്ലാത്ത ലോണ്‍ ആപ്പുകള്‍ ഉപയോഗിച്ച് വായ്പ എടുത്തതിലൂടെ തട്ടിപ്പിന് ഇരയായാല്‍ 94 97 98 09 00 എന്ന നമ്പറില്‍ 24 മണിക്കൂറും പൊലീസിനെ വാട്‌സാപ്പില്‍ ബന്ധപ്പെട്ട് വിവരങ്ങള്‍ കൈമാറാം. ടെക്സ്റ്റ്, ഫോട്ടോ, വീഡിയോ, വോയിസ് എന്നിവയായി മാത്രമാണ് പരാതി നല്‍കാന്‍ കഴിയുക. നേരിട്ടുവിളിച്ച് സംസാരിക്കാനാവില്ല. തിരുവനന്തപുരത്ത് പൊലീസ് ആസ്ഥാനത്താണ് ഈ സംവിധാനം പ്രവര്‍ത്തിക്കുന്നതെന്ന് കേരള പൊലീസ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
കുറിപ്പ്:
എഴുപതില്‍ പരം വ്യാജ ലോണ്‍ ആപ്പുകള്‍ പ്ലേയ് സ്റ്റോറില്‍ നിന്നും നീക്കം ചെയ്ത് കേരളാ പോലീസ് സൈബര്‍ ഓപ്പറേഷന്‍ ടീം.
അംഗീകൃതമല്ലാത്ത ലോണ്‍ ആപ്പുകള്‍ ഉപയോഗിച്ച് വായ്പ എടുത്തതിലൂടെ തട്ടിപ്പിന് ഇരയായാല്‍ 94 97 98 09 00 എന്ന നമ്പറില്‍ 24 മണിക്കൂറും പോലീസിനെ വാട്‌സാപ്പില്‍ ബന്ധപ്പെട്ട് വിവരങ്ങള്‍ കൈമാറാം. ടെക്സ്റ്റ്, ഫോട്ടോ, വീഡിയോ, വോയിസ് എന്നിവയായി മാത്രമാണ് പരാതി നല്‍കാന്‍ കഴിയുക. നേരിട്ടുവിളിച്ച് സംസാരിക്കാനാവില്ല. തിരുവനന്തപുരത്ത് പോലീസ് ആസ്ഥാനത്താണ് ഈ സംവിധാനം പ്രവര്‍ത്തിക്കുന്നത്. സാമ്പത്തികകുറ്റകൃത്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനുള്ള സൈബര്‍ പോലീസിന്റെ ഹെല്‍പ് ലൈന്‍ ആയ 1930 ലും ഏതു സമയത്തും വിളിച്ച് പരാതി നല്‍കാവുന്നതാണ്.

Recent Comments