കലാഭവന്‍ മണിയെ ജനപ്രിയമാക്കിയ ആ നാടന്‍ പാട്ടുകളുടെ ശില്‍പ്പി; അറുമുഖന്‍ വെങ്കിടങ്ങ് അന്തരിച്ചു

കലാഭവന്‍ മണിയെ ജനപ്രിയമാക്കിയ ആ നാടന്‍ പാട്ടുകളുടെ ശില്‍പ്പി; അറുമുഖന്‍ വെങ്കിടങ്ങ് അന്തരിച്ചു

തൃശൂര്‍: മലയാള ചലച്ചിത്ര ഗാനരചയിതാവും നാടന്‍പാട്ട് രചയിതാവുമായ അറുമുഖന്‍ വെങ്കിടങ്ങ് അന്തരിച്ചു. 65 വയസ്സായിരുന്നു. 350 ഓളം നാടന്‍ പാട്ടുകളുടെ രചയിതാവാണ്. അന്തരിച്ച നടനും ഗായകനുമായ കലാഭവന്‍ മണി ആലപിച്ചിരുന്ന മിക്ക നാടന്‍പാട്ടുകളുടെയും രചയിതാവാണ് ഇദ്ദേഹം. ഇരുന്നൂറോളം പാട്ടുകള്‍ ഇദ്ദേഹം കലാഭവന്‍ മണിക്കുവേണ്ടി രചിച്ചു. ചാലക്കുടി ചന്തയ്ക്ക് പോകുമ്പോള്‍ അടക്കം കലാഭവന്‍ മണി പാടി ജനപ്രിയമാക്കിയ നിരവധി പാട്ടുകളുടെ പിന്നില്‍ ഇദ്ദേഹമായിരുന്നു.

സിനിമയ്ക്ക് വേണ്ടിയും അറുമുഖന്‍ പാട്ടുകള്‍ എഴുതിയിട്ടുണ്ട്. 1998ല്‍ പുറത്തിറങ്ങിയ മീനാക്ഷി കല്യാണം എന്ന ചിത്രത്തിലെ കൊടുങ്ങല്ലൂരമ്പലത്തില്‍, മീശമാധവനിലെ ഈ എലവത്തൂര്‍ കായലിന്റെ, ഉടയോന്‍ എന്ന ചിത്രത്തിലെ മൂന്ന് ഗാനങ്ങള്‍ എന്നിവയുടെ വരികള്‍ എഴുതിയത് അറുമുഖനാണ്. കൂടാതെ ധാരാളം ആല്‍ബങ്ങളും ഭക്തിഗാനങ്ങളും ഇദ്ദേഹം രചിച്ചിട്ടുണ്ട്. തൃശ്ശൂര്‍ ജില്ലയിലെ വെങ്കിടങ്ങില്‍ നടുവത്ത് ശങ്കരന്‍- കാളി ദമ്പതികളുടെ മകനായി ജനിച്ച അറുമുഖന്‍, വിനോദ കൂട്ടായ്മകളിലും നാട്ടിന്‍പുറത്തെ ഗാനമേളകളിലും ഗാനങ്ങള്‍ രചിച്ചായിരുന്നു തുടക്കം.

ഇന്ത്യ-നെതർലാൻഡ്സ് പോരാട്ടം ഇന്ന് തിരുവനന്തപുരത്ത്

ഇന്ത്യ-നെതർലാൻഡ്സ് പോരാട്ടം ഇന്ന് തിരുവനന്തപുരത്ത്

തിരുവനന്തപുരം: ഏകദിന ലോകകപ്പിന് മുന്നോടിയായുള്ള അവസാന സന്നാഹ മത്സരത്തിന് ടീം ഇന്ത്യ ഇന്ന് നെതർലാൻഡ്‌സിനെ നേരിടും. തിരുവനന്തപുരം കാര്യവട്ടം ഗ്രീൻഫീൽഡ് സ്‌റ്റേഡിയത്തിൽ ഉച്ചയ്‌ക്ക് രണ്ട് മണിക്കാണ് മത്സരം. ആദ്യ പരിശീലന മത്സരം ഗുവാഹാത്തിയിൽ സെപ്റ്റംബർ 30-ന് ഇംഗ്ലണ്ടുമായി തീരുമാനിച്ചിരുന്നു. എന്നാൽ മഴയെ തുടർന്ന് കളി ഉപേക്ഷിക്കുകയായിരുന്നു. മഴ ഭീഷണി ഒഴിഞ്ഞതിനാൽ ഇന്ന് മത്സരം നടക്കുമെന്ന പ്രതീക്ഷയിലാണ് ക്രിക്കറ്റ് ആരാധകർ.

ഇന്ത്യൻ ടീമിനൊപ്പം വിരാട്‌ കോഹ്‌ലി പരിശീലന മത്സരത്തിന് ഇറങ്ങാൻ സാധ്യതയില്ല. തിങ്കളാഴ്ച വൈകിട്ടു വരെ കോഹ്‌ലി തിരുവനന്തപുരത്തെത്തിയിട്ടില്ല. ഇന്നലെ തുമ്പ സെന്റ്‌ സേവ്യേഴ്‌സ്‌ കോളജ്‌ ഗ്രൗണ്ടിൽ ടീം ഇന്ത്യ പരിശീലനത്തിന് ഇറങ്ങിയിരുന്നു. ഉച്ചയ്‌ക്ക് രണ്ട് മുതൽ അഞ്ച് മണി വരെയായിരുന്നു പരിശീലനം. ക്യാപ്റ്റന്‍ രോഹിത് ശര്‍മ, മുഹമ്മദ് ഷമി, ശ്രേയസ് അയ്യർ എന്നിവര്‍ തിങ്കളാഴ്‌ച പരിശീലനത്തിന് ഇറങ്ങിയില്ല.

വർക്കല ഇടവ മാന്തറ ഭാഗത്ത് കടലിൽ കൂറ്റൻ തിമിംഗലം അടിഞ്ഞു കയറി

വർക്കല ഇടവ മാന്തറ ഭാഗത്ത് കടലിൽ കൂറ്റൻ തിമിംഗലം അടിഞ്ഞു കയറി

വർക്കല ഇടവ മാന്തറ ഭാഗത്ത് കടലിൽ കൂറ്റൻ തിമിംഗലം അടിഞ്ഞു കയറി. ഇന്ന് വൈകുന്നേരം 5.30 മണിയോടെയാണ് നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്. കപ്പലുകളിൽ ഫാൻ ബെൽറ്റിൽ തട്ടി അപകടം ഉണ്ടായതാവാം എന്നാണ് നാട്ടുകാർ പറയുന്നത്. പാലോട് ഫോറസ്റ്റ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയിട്ടുണ്ട്. രാത്രി ആയതിനാൽ തുടർനടപടികൾ ഇന്ന് ഉണ്ടാകില്ല. തീരം കുറവായ സ്ഥലം ആയതിനാൽ സംസ്കരിക്കുന്നതിനുള്ള സൗകര്യങ്ങൾ ഇല്ല. കെട്ടി വലിച്ചു തീരം ഉള്ള സ്ഥലത്തെത്തിച്ചു പരിശോധന നടത്തിയ ശേഷമാകും തുടർനടപടികൾ പൂർത്തിയാക്കാൻ കഴിയുക. 7 മീറ്ററോളം നീളമുണ്ട്‌ തിമിംഗലത്തിന്.

തൊഴിൽമേള ഉദ്ഘാടനം ചെയ്ത് കേന്ദ്രമന്ത്രി വി.മുരളീധരൻ

തൊഴിൽമേള ഉദ്ഘാടനം ചെയ്ത് കേന്ദ്രമന്ത്രി വി.മുരളീധരൻ

നെഹ്റു യുവകേന്ദ്രയുടെയും നൈപുണ്യവികസന സംരംഭകത്വ മന്ത്രാലയത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച തൊഴിൽമേള ശിവഗിരി ഹയർസെക്കൻഡറി സ്‌കൂളിൽ കേന്ദ്രമന്ത്രി വി.മുരളീധരൻ ഉദ്ഘാടനം ചചെയ്‌തു. 60 ഓളം സ്വകാര്യസ്ഥാപനങ്ങൾ മേളയിൽ പങ്കെടുത്തു. 5000 തൊഴിൽ അവസരങ്ങൾ ലഭ്യമാക്കുകയാണ് മേളയുടെ ലക്ഷ്യം. പി.എം.ഇ.ജി.പി, മുദ്രലോൺ, സ്റ്റാർട്ട്അപ് പദ്ധതികൾ, പ്രധാനമന്ത്രി വിശ്വകർമ്മയോജന, തെരുവോര കച്ചവടക്കാർക്കുള്ള നിധി എന്നീ പദ്ധതികളെക്കുറിച്ചുള്ള ശില്പശാലയും നടക്കും. ഖാദി വില്ലേജ് ഇൻഡസ്ട്രീസ് കമ്മിഷൻ, ലീഡ് ബാങ്ക്, ഫാർമേഴ്സ് പ്രൊഡ്യൂസേഴ്സ് ഓർഗനൈസേഷൻ എന്നീ സ്ഥാപനങ്ങൾ നേതൃത്വം നൽകി. 4000 ത്തോളം ഉദ്യോഗാർത്ഥികൾ മേളയിൽ പങ്കെടുത്തു.

‘സ്കിൽ ഷെയർ’ കമ്മ്യൂണിറ്റി ലിങ്ക്ഡ് പ്രോഗ്രാം ജില്ലാ തല ഉദ്ഘാടനം നടന്നു

‘സ്കിൽ ഷെയർ’ കമ്മ്യൂണിറ്റി ലിങ്ക്ഡ് പ്രോഗ്രാം ജില്ലാ തല ഉദ്ഘാടനം നടന്നു

കിളിമാനൂർ: പൊതു വിദ്യാഭ്യാസ വകുപ്പും സമഗ്ര ശിക്ഷാ കേരളയും സംയുക്തമായി പൊതു വിദ്യാലയങ്ങളിൽ നടപ്പിലാക്കുന്ന നൂതന പദ്ധതിയായ ‘സ്കിൽ ഷെയർ’ കമ്മ്യൂണിറ്റി ലിങ്ക്ഡ് പ്രോഗ്രാമിന്റെ ജില്ലാതല ഉദ്ഘാടനം അഡ്വ. വി. ജോയി നിർവഹിച്ചു. ജില്ലാ പ്രോജക്റ്റ് കോ ഓർഡിനേറ്റർ എസ് ജവാദ് പദ്ധതി വിശദീകരണം നടത്തി.

ജില്ലാ പഞ്ചായത്ത് മെമ്പർ ടി ബേബി സുധ, പള്ളിക്കൽ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം മാധവൻ കുട്ടി, ബ്ലോക്ക് മെമ്പർ എ നിഹാസ്, ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ പി രഘുത്തമൻ, ഷീബ ബി, പിറ്റിഎ വൈസ് പ്രസിഡന്റ് വി ഗോപകുമാർ, ബിപിസി നവാസ് കെ, പ്രിൻസിപ്പൽ ഉദയകുമാർ, ഷീബ ബി, പ്രഥമാധ്യാപിക അനീസ, സ്കിൽ ഷെയർ കോ ഓർഡിനേറ്റർ ഷിബു കെ എന്നിവർ സംസാരിച്ചു. പള്ളിക്കൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം ഹസീന അദ്ധ്യക്ഷത വഹിച്ചു. പി റ്റി എ പ്രസിഡന്റ് എസ്. മനു സ്വാഗതം പറഞ്ഞു.

വിദ്യാർത്ഥികൾ ആർജ്ജിക്കുന്ന നൈപുണികൾ സമൂഹത്തിനും കൂടി പ്രയോജനകരമാകും വിധത്തിലുള്ള സ്കിൽ ഷെയർ പദ്ധതിയിലേക്ക് ജില്ലാതലത്തിൽ അഞ്ചു സ്കൂളുകളാണ് തിരഞ്ഞെടുക്കപ്പെട്ടത്. ഇതിലൂടെ കുട്ടികളുടെ തൊഴിൽ നൈപുണികൾ വികസിക്കുകയും സാമൂഹിക ഉത്തരവാദിത്വം വർദ്ധിക്കുകയും ചെയ്യും. കുടുബശ്രീ യൂണിറ്റുകളെ സഹായിക്കുന്നതിനുള്ള അക്കൗണ്ട് നൈപുണിയാണ് ജില്ലാതല ഉദ്ഘാടനം നടന്ന പകൽക്കുറി ജി വി എച്ച് എസ് എസിൽ അംഗീകരിക്കപ്പെട്ടിരിക്കുന്ന ഈ പദ്ധതി.

മൂന്നു ഡാമുകളില്‍ റെഡ് അലര്‍ട്ട്; പെരിങ്ങല്‍കുത്തില്‍ ബ്ലൂ, ജാഗ്രത

മൂന്നു ഡാമുകളില്‍ റെഡ് അലര്‍ട്ട്; പെരിങ്ങല്‍കുത്തില്‍ ബ്ലൂ, ജാഗ്രത

തിരുവനന്തപുരം: കനത്ത മഴയെ തുടര്‍ന്ന് നീരൊഴുക്ക് ശക്തമായ സാഹചര്യത്തില്‍ സംസ്ഥാനത്ത് മൂന്നു ഡാമുകളില്‍ റെഡ് അലര്‍ട്ട് പുറപ്പെടുവിച്ചു. പാലക്കാട് മംഗലം ഡാം, തൃശൂര്‍ ഷോളയാര്‍ ഡാം, ഇടുക്കി കുണ്ടള ഡാം എന്നിവിടങ്ങളിലാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

1758.45 മീറ്ററാണ് കുണ്ടള ഡാമിലെ നിലവിലെ ജലനിരപ്പ്. സംഭരണ ശേഷിയുടെ 94.6 ശതമാനം വെള്ളമാണ് ഡാമിലുള്ളത്. ഷോളയാറില്‍ 2661.30അടി വെള്ളമാണ് നിലവിലെ ജലനിരപ്പ്. സംഭരണശേഷിയുടെ 96.77 ശതമാനം വെള്ളമാണ് ഷോളയാറിലുള്ളത്.

മംഗലം ഡാമില്‍ 77.50 മീറ്ററാണ് നിലവിലെ ജലനിരപ്പ്. സംഭരണ ശേഷിയുടെ 92 ശതമാനമാണ് മംഗലം ഡാമിലുള്ളത്. പെരിങ്ങല്‍കുത്ത് ഡാമില്‍ ബ്ലൂ അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്.