ഡിജിയാത്ര അടക്കം സുപ്രധാന പദ്ധതികള്‍; ഉദ്ഘാടനം ഇന്ന്; വികസനക്കുതിപ്പുമായി സിയാല്‍

ഡിജിയാത്ര അടക്കം സുപ്രധാന പദ്ധതികള്‍; ഉദ്ഘാടനം ഇന്ന്; വികസനക്കുതിപ്പുമായി സിയാല്‍

കൊച്ചി: വികസനക്കുതിപ്പിന് തുടക്കമിട്ട് കൊച്ചിന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട്. ഡിജിയാത്ര അടക്കം സുപ്രധാന പദ്ധതികള്‍ക്കാണ് തുടക്കമാകുന്നത്. സിയാലില്‍ പൂര്‍ത്തിയായ മൂന്ന് പദ്ധതികളുടെ ഉദ്ഘാടനവും നാല് പദ്ധതികളുടെ നിര്‍മാണോദ്ഘാടനവും ഇന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും.

ഇംപോര്‍ട്ട് കാര്‍ഗോ ടെര്‍മിനല്‍, ഡിജിയാത്ര, എയര്‍പോര്‍ട്ട് എമര്‍ജന്‍സി സര്‍വീസ് എന്നിവയുടെ ഉദ്ഘാടനവും രാജ്യാന്തര ടെര്‍മിനല്‍ വികസനം, എയ്റോ ലോഞ്ച്, ഗോള്‍ഫ് ടൂറിസം, ഇലക്ട്രോണിക്‌സ് സുരക്ഷാവലയം എന്നിവയുടെ നിര്‍മാണോദ്ഘാടനവുമാണ് മുഖ്യമന്ത്രി നിര്‍വഹിക്കുക.

വിമാനത്താവള ടെര്‍മിനലുകളിലെ പുറപ്പെടല്‍ പ്രക്രിയ, ഡിജിറ്റല്‍ സാങ്കേതികവിദ്യയുടെ സഹായത്തോടെ സുഗമമാക്കുന്ന സംവിധാനമാണ് ഡിജി യാത്ര. ആഭ്യന്തര ടെര്‍മിനലില്‍ 22 ഗേറ്റുകളില്‍ യാത്രക്കാരുടെ മുഖം തിരിച്ചറിഞ്ഞ് പ്രവേശനം സുഗമമാക്കും. ബെല്‍ജിയത്തില്‍ നിന്ന് ഇറക്കുമതി ചെയ്ത ഇ-ഗേറ്റുകളാണ് ഇവിടെ ഉപയോഗിക്കുക. സിയാല്‍ ഐടി വിഭാഗമാണ് ഡിജിയാത്ര സോഫ്റ്റ്വെയര്‍ രൂപകല്‍പ്പന ചെയ്തത്.

നിലവിലെ അന്താരാഷ്ട്ര ടെര്‍മിനലിന്റെ വടക്കുഭാഗത്തുകൂടി പുതിയ ഏപ്രണ്‍ നിര്‍മിക്കും.15 ലക്ഷം ചതുരശ്രയടി വിസ്തീര്‍ണത്തില്‍ പുതിയ ഏപ്രണില്‍ എട്ട് പുതിയ എയ്റോബ്രിഡ്ജുകള്‍ ഉള്‍പ്പെടെ അഞ്ച് ലക്ഷം ചതുരശ്രയടി വിസ്തീര്‍ണത്തിലാണ് അന്താരാഷ്ട്ര ടെര്‍മിനല്‍ വികസനം. ഇതോടെ വിമാന പാര്‍ക്കിങ് ബേയുടെ എണ്ണം 44 ആകും. പദ്ധതിയുടെ ഒന്നാംഘട്ടത്തിനാണ് തറക്കല്ലിടുന്നത്.

ഇംപോര്‍ട്ട് കാര്‍ഗോ ടെര്‍മിനല്‍ ഉദ്ഘാടനം ചെയ്യപ്പെടുന്നതോടെ പ്രതിവര്‍ഷ കാര്‍ഗോ ശേഷി രണ്ട് ലക്ഷം മെട്രിക് ടണ്ണാകും. യാത്രക്കാര്‍ക്ക് ഹ്രസ്വ വിശ്രമത്തിന് രണ്ടാം ടെര്‍മിനലിന് സമീപം ലക്ഷ്വറി എയ്റോ ലോഞ്ചിന് തറക്കല്ലിടും. 42 ആഡംബര ഗസ്റ്റ് റൂമുകള്‍, റസ്റ്റോറന്റ്, മിനി കോണ്‍ഫറന്‍സ് ഹാള്‍, ബോര്‍ഡ് റൂം, ജിം, സ്പാ എന്നിവയടക്കം അരലക്ഷം ചതുരശ്രയടി വിസ്തീര്‍ണമാണ് എയ്‌റോ ലോഞ്ചിനുള്ളത്.

വിമാനത്താവള അഗ്നി രക്ഷാസേനയെ എയര്‍പോര്‍ട്ട് എമര്‍ജന്‍സി സര്‍വീസാക്കി ആധുനികവല്‍ക്കരിക്കും. അടിയന്തരാവശ്യ വാഹനവ്യൂഹത്തിലേക്ക് വാങ്ങിയ രണ്ട് ഓസ്ട്രിയന്‍ നിര്‍മിത ഫയര്‍ എന്‍ജിനുകള്‍, മറ്റു ആധുനിക വാഹനങ്ങള്‍ എന്നിവയുടെ പ്രവര്‍ത്തനോദ്ഘാടനവും നടക്കും. ഓപ്പറേഷണല്‍ സുരക്ഷ വര്‍ധിപ്പിക്കാന്‍ അത്യാധുനിക ഇലക്ട്രോണിക് സുരക്ഷാവലയം പെരിമീറ്റര്‍ ഇന്‍ട്രൂഷന്‍ ഡിറ്റക്ഷന്‍ സിസ്റ്റം എന്ന സംവിധാനത്തിന്റെ നിര്‍മാണോദ്ഘാടനവും നടക്കും.

കരുവന്നൂർ ബാങ്ക് തട്ടിപ്പ്: സുരേഷ് ​ഗോപി നയിക്കുന്ന പദയാത്ര ഇന്ന്

കരുവന്നൂർ ബാങ്ക് തട്ടിപ്പ്: സുരേഷ് ​ഗോപി നയിക്കുന്ന പദയാത്ര ഇന്ന്

തൃശൂർ: കരുവന്നൂർ ബാങ്ക് തട്ടിപ്പു വിഷയത്തിൽ സുരേഷ് ​ഗോപി നയിക്കുന്ന പദയാത്ര ഇന്ന് നടക്കും. കരുവന്നൂർ സഹകരണ ബാങ്കിൽനിന്ന് തൃശൂർ സഹകരണ ബാങ്കിലേക്കാണ് ബഹുജനമാർച്ച് നടത്തുന്നത്. സമരജാഥ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യും.

17കിലോമീറ്റർ ദൂരമാണ് മാർച്ച് ചെയ്യുന്നത്. തട്ടിപ്പിനിരയായ എല്ലാവർക്കും മുഴുവൻ തുകയും തിരിച്ചുനൽകണമെന്നാവശ്യപ്പെട്ടാണ് സമരജാഥ. സഹകരണ ബാങ്ക് തട്ടിപ്പുകളിൽ ജനകീയ സമരം ശക്തമാക്കാനാണ് ബിജെപിയുടെ തീരുമാനം. ഇതിന്റെ മുന്നോടിയായിട്ടാണ് സുരേഷ് ​ഗോപിയുടെ യാത്ര.

തട്ടിപ്പില്‍ മനം നൊന്ത് ആത്മത്യ ചെയ്തവരുടെയും പണം കിട്ടാതെ മരിച്ചവരുടെയും ചിത്രങ്ങളില്‍ പുഷ്പാര്‍ച്ചന നടത്തിയശേഷമാകും പദയാത്ര തുടങ്ങുക. കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പിന് ഇരകളായ സഹകാരികളും ആത്മഹത്യ ചെയ്ത സഹകാരികളുടെ കുടുംബാംഗങ്ങളും പദയാത്രയ്ക്ക് ഐക്യദാർഢ്യമർപ്പിക്കും.

സഹകരണ ബാങ്ക് തട്ടിപ്പ് വിഷയത്തിൽ സംസ്ഥാന വ്യാപകമായി സഹകരണ അദാലത്ത് നടത്തുമെന്ന് ബിജെപി നിർവാഹക സമിതിയംഗം പി കെ കൃഷ്ണദാസ് അറിയിച്ചു. ഈ മാസം 21 മുതല്‍ 30 വരെയാണ് ബി ജെ പിയുടെ സഹകരണ അദാലത്ത്. തട്ടിപ്പ് നടന്ന ബാങ്കുകളിലെ സഹകാരികളെയും നിക്ഷേപകരെയും സംഘടിപ്പിച്ചായിരിക്കും അദാലത്തെന്നും കൃഷ്ണദാസ് പറഞ്ഞു

ഇന്നുമുതല്‍ ഒരാഴ്ചത്തേയ്ക്ക് ദേശീയോദ്യാനങ്ങളില്‍ പ്രവേശനം സൗജന്യം

ഇന്നുമുതല്‍ ഒരാഴ്ചത്തേയ്ക്ക് ദേശീയോദ്യാനങ്ങളില്‍ പ്രവേശനം സൗജന്യം

തിരുവനന്തപുരം: ഒക്ടോബര്‍ 2 മുതല്‍ 8 വരെ നടക്കുന്ന വന്യജീവി വാരാഘോഷത്തോടനുബന്ധിച്ച് സംസ്ഥാനത്തെ എല്ലാ ദേശീയോദ്യാനങ്ങളിലും കടുവ സംരക്ഷണ കേന്ദ്രങ്ങളിലും വിവിധ വന്യജീവി സങ്കേതങ്ങളിലും പൊതുജനങ്ങള്‍ക്ക് പ്രവേശനം സൗജന്യമായിരിക്കുമെന്ന് വനം മന്ത്രി എ കെ ശശീന്ദ്രന്‍ അറിയിച്ചു. വാരാഘോഷത്തോടനുബന്ധിച്ച് നടക്കുന്ന മത്സര പരിപാടികളില്‍ വിജയിക്കുന്നവര്‍ക്ക് ഒക്ടോബര്‍ 8 മുതല്‍ ഒരു വര്‍ഷക്കാലത്തേയ്ക്ക് എല്ലാ സംരക്ഷണ പ്രദേശങ്ങളിലും പ്രവേശനം സൗജന്യമാക്കിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.

മ്യൂസിയം മൃഗശാലാ വകുപ്പിന്റെ വന്യജീവി വാരാഘോഷത്തിന്റെ ഭാഗമായി ഒക്ടോബര്‍ 2 മുതല്‍ 8 വരെ സ്‌കൂള്‍, കോളജ് വിദ്യാര്‍ഥികള്‍ക്ക് തിരുവനന്തപുരം മൃഗശാലയില്‍ സൗജന്യ പ്രവേശനം നല്‍കും. തിരുവനന്തപുരം മൃഗശാലയില്‍ സംഘടിപ്പിക്കുന്ന വന്യജീവി വാരാഘോഷത്തിന്റെ ഉദ്ഘാടനം രണ്ടിനു വൈകിട്ട് നാലിനു മൃഗസംരക്ഷണം, ക്ഷീരവികസനം, മൃഗശാല വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി നിര്‍വഹിക്കും. മ്യൂസിയം ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ അഡ്വ. വി കെ പ്രശാന്ത് എംഎല്‍എ അധ്യക്ഷത വഹിക്കും.

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത; മൂന്നു ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത; മൂന്നു ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴ തുടരും. ഇന്ന് മൂന്നു ജില്ലകളിലാണ് യെല്ലോ അലർട്ട് പുറപ്പെടുവിച്ചിട്ടുള്ളത്. പത്തനംതിട്ട, ആലപ്പുഴ, എറണാകുളം ജില്ലകളിലാണ് ഇന്ന് ശക്തമായ മഴ മുന്നറിയിപ്പുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്.

24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്. മഴ ശക്തി പ്രാപിക്കാൻ സാധ്യതയുള്ള മലയോര/ തീരദേശ മേഖലയിൽ പ്രത്യേക ജാഗ്രത പുലർത്തണമെന്നും മുന്നറിയിപ്പുണ്ട്. പത്തനംതിട്ട, കോട്ടയം, എറണാകുളം, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ട്.

എറണാകുളം ജില്ലാ ജയിലിന് ഭക്ഷ്യസുരക്ഷാ മികവിനുള്ള സർട്ടിഫിക്കറ്റ്

എറണാകുളം ജില്ലാ ജയിലിന് ഭക്ഷ്യസുരക്ഷാ മികവിനുള്ള സർട്ടിഫിക്കറ്റ്

കൊച്ചി: ഭക്ഷ്യസുരക്ഷാ മികവിനുള്ള ഫുഡ് സേഫ്റ്റി ആൻഡ്‌ സ്റ്റാൻഡേർഡ്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ “ഈറ്റ് റൈറ്റ് കാമ്പസ്’ സർട്ടിഫിക്കറ്റ് എറണാകുളം ജില്ലാ ജയിലിന് ലഭിച്ചു. ജില്ലാ ജയിലിൽ നടന്ന ചടങ്ങിൽ ഭക്ഷ്യസുരക്ഷാവകുപ്പ് അസിസ്‌റ്റന്റ്‌ കമീഷണർ ജോൺ വിജയകുമാർ ജയിൽ സൂപ്രണ്ട് രാജു എബ്രഹാമിന് സർട്ടിഫിക്കറ്റ്‌ കൈമാറി.

സംസ്ഥാനത്ത് ആദ്യമായാണ് ഒരു ജയിലിന് ഈ സർട്ടിഫിക്കറ്റ് ലഭിക്കുന്നത്. ജില്ലാ ജയിൽ അസിസ്റ്റന്റ് സൂപ്രണ്ടും ഭക്ഷ്യനിർമാണ യൂണിറ്റ് ചാർജ് ഓഫീസറുമായ ഏലിയാസ് വർഗീസ്, ജില്ലാ ഭക്ഷ്യസുരക്ഷാ നോഡൽ ഓഫീസർ ആദർശ് വിജയ്, ജയിൽ വെൽഫെയർ ഓഫീസർ ഒ ജെ തോമസ്, ഡെപ്യൂട്ടി സൂപ്രണ്ട് വി ആശിഷ്, ഭക്ഷ്യസുരക്ഷാവിഭാഗം തൃക്കാക്കര ഓഫീസർ ചൈത്ര ഭാരതി എന്നിവർ സംസാരിച്ചു.

നോർക്ക അറ്റസ്റ്റേഷൻ: നാളെ മുതൽ ഡിജിറ്റൽ പേയ്മെന്റ് മാത്രം

നോർക്ക അറ്റസ്റ്റേഷൻ: നാളെ മുതൽ ഡിജിറ്റൽ പേയ്മെന്റ് മാത്രം

തിരുവനന്തപുരം: നോർക്ക റൂട്ട്‌സിന്റെ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് സർട്ടിഫിക്കറ്റ് അറ്റസ്റ്റേഷൻ സെന്ററുകളിൽ ഒക്ടോബർ മൂന്ന് മുതൽ(ചൊവ്വാഴ്ച) ഡിജിറ്റൽ പേയ്‌മെന്റ് വഴി മാത്രമേ ഫീസടയ്ക്കാൻ സാധിക്കുകയുള്ളൂ.ഇനിമുതൽ നേരിട്ട് പണം സ്വീകരിക്കുന്നതല്ലെന്ന് നോർക്ക റൂട്ട്‌സ് അറിയിച്ചു.

ഡെബിറ്റ് / ക്രെഡിറ്റ് കാർഡുകൾ മുഖേനയോ യുപിഐ അധിഷ്ഠിത പേയ്‌മെന്റ് ആപ്പുകൾ വഴിയോ ഫീസടയ്ക്കാവുന്നതാണെന്ന് സിഇഒ കെ ഹരികൃഷ്ണൻ സമ്പൂതിരി അറിയിച്ചു. ഒക്ടോബർ 3 മുതൽ സർട്ടിഫിക്കറ്റുകൾ അറ്റസ്റ്റ് ചെയ്യുന്നതിനായി റീജിയണൽ ഓഫീസുകളിൽ എത്തുന്ന പൊതുജനങ്ങൾ ഇക്കാര്യം ശ്രദ്ധിക്കണമെന്നും നോർക്ക റൂട്ട്‌സ് അഭ്യർത്ഥിച്ചു. കൂടുതൽ വിവരങ്ങൾക്ക് നോർക്ക റൂട്ട്‌സ് വെബ്ബ്‌സൈറ്റായ www.norkaroots.org സന്ദർശിക്കാവുന്നതാണ്. സംശയനിവാരണത്തിന് 24 മണിക്കൂറും പ്രവർത്തിക്കുന്ന നോർക്ക ഗ്ലോബൽ കോൺടാക്ട് സെന്ററിന്റെ ടോൾ ഫ്രീ നമ്പറിൽ 18004253939 ഇന്ത്യയിൽ നിന്നും +91 8802012345 വിദേശത്തു നിന്നും (മിസ്ഡ് കോൾ സൗകര്യം) ബന്ധപ്പെടാവുന്നതാണ്.