സംസ്ഥാന വ്യാപക ശുചീകരണ യജ്ഞത്തിന്‌ ഇന്ന്‌ തുടക്കം

സംസ്ഥാന വ്യാപക ശുചീകരണ യജ്ഞത്തിന്‌ ഇന്ന്‌ തുടക്കം

തിരുവനന്തപുരം: മാലിന്യമുക്തം നവകേരളം ക്യാമ്പയിനിന്റെ ഭാഗമായി ഗാന്ധിജയന്തി ദിനത്തിൽ തദ്ദേശവകുപ്പ് സംഘടിപ്പിക്കുന്ന സംസ്ഥാന വ്യാപക ശുചീകരണ യജ്ഞത്തിൽ 25 ലക്ഷം പേർ പങ്കെടുക്കും. ഓരോ വാർഡിൽനിന്നും കുറഞ്ഞത് 200 പേർ പങ്കെടുക്കുന്ന യജ്ഞത്തിൽ നഗരപ്രദേശങ്ങൾ, ബസ്‌ സ്റ്റാൻഡ്, റെയിൽവേ സ്റ്റേഷൻ, പാർക്കുകൾ, വിനോദസഞ്ചാര കേന്ദ്രങ്ങൾ, മാർക്കറ്റുകൾ തുടങ്ങിയ സ്ഥലങ്ങളാണ് വൃത്തിയാക്കുക

2024 ജനുവരി 30 വരെ നടക്കുന്ന ക്യാമ്പയിനിന്റെ രണ്ടാംഘട്ടത്തിലെ തീവ്ര ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കാണ് തിങ്കള്‍ തുടക്കമാകുക. സ്വച്ഛതാ ഹി സേവാ ക്യാമ്പയിനിന്റെ ഭാഗമായി ഞായറാഴ്ച നാടാകെ ശുചീകരണം നടത്തി. ഗാന്ധിജയന്തി ദിനത്തില്‍ 23,000 ഇടങ്ങള്‍ മാലിന്യമുക്തമാക്കും.

വിദ്യാലയങ്ങളിലും സര്‍ക്കാര്‍ സ്ഥാപനങ്ങളിലും 100 ശതമാനം മാലിന്യ സംസ്‌കരണം ഉറപ്പാക്കുന്ന പ്രവര്‍ത്തനങ്ങള്‍ 10 വരെ തുടരും. വ്യാപാര-സ്വകാര്യ സ്ഥാപനങ്ങളില്‍ മാലിന്യ പരിപാലന സംവിധാനം ഉറപ്പാക്കുന്നതും ഹരിത പ്രോട്ടോക്കോള്‍ പാലിക്കുന്നതും ലക്ഷ്യമിട്ടുള്ള പ്രവര്‍ത്തനങ്ങള്‍ 10 മുതല്‍ 20 വരെ നടക്കും. വിനോദസഞ്ചാര കേന്ദ്രങ്ങളുടെ നിലവിലുള്ള മാലിന്യസംസ്‌കരണ രംഗത്തെ വിടവ് വിലയിരുത്തല്‍, ചിക്കന്‍ കട്ടിങ് കേന്ദ്രങ്ങള്‍ 100 ശതമാനം ചിക്കന്‍ റെന്‍ഡറിങ് ഏജന്‍സികളുമായി കരാര്‍ വച്ചുവെന്ന് ഉറപ്പാക്കല്‍, മാലിന്യക്കൂനകളുടെ സമ്പൂര്‍ണ ശുചീകരണം, ജലാശയങ്ങളിലെ ഖരമാലിന്യം നീക്കം ചെയ്യല്‍ തുടങ്ങിയവയും ഒക്ടോബറില്‍ പൂര്‍ത്തിയാക്കും.

വര്‍ക്കലയില്‍ ഭാര്യയെ കുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച ഭര്‍ത്താവ് അറസ്റ്റിൽ

വര്‍ക്കലയില്‍ ഭാര്യയെ കുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച ഭര്‍ത്താവ് അറസ്റ്റിൽ

വര്‍ക്കല ഇടവയില്‍ ഭാര്യയെ കുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച ഭര്‍ത്താവ് അറസ്റ്റില്‍. ഇടവ സ്വദേശിയായ ഷിബുവിനെയാണ് അയിരൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. ഇടവ കാപ്പില്‍ എച്ച്.എസ് ഹരിദാസ് മന്ദിരത്തില്‍ ബീന(42)യെയാണ് ഭര്‍ത്താവ് ഷിബു മാരകമായി കുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ചത്.

അര്‍ദ്ധരാത്രിയില്‍ പ്രതി ബീനയുടെ മുറിയിലെത്തി ഇളയ മകളോടൊപ്പം ഉറങ്ങി കിടക്കുകയായിരുന്ന ബീനയെ കട്ടിലില്‍നിന്ന് വലിച്ച് താഴെയിട്ട് കുത്തിക്കൊല്ലാന്‍ ശ്രമിക്കുകയായിരുന്നു.

പ്രതിയുടെ കയ്യില്‍നിന്നും കത്തി പിടിച്ചുവാങ്ങാന്‍ ശ്രമിച്ച മൂത്തമകളുടെ കൈ വിരലുകള്‍ പ്രതി കടിച്ചു മുറിച്ചു. അതോടെ മൂത്ത മകള്‍ അനുജത്തിയെയും കൂട്ടി ഓടി രക്ഷപെട്ടു. ആ സമയം പ്രതി ബീനയുടെ മുടിക്ക് കുത്തിപ്പിടിച്ച് മുറി കുറ്റിയിട്ട ശേഷം അലമാരയില്‍നിന്ന് കത്രിക കൈക്കലാക്കി ബീനയുടെ മുതുകില്‍ ഒന്നിലധികം തവണ ആഞ്ഞ് കുത്തി. നെഞ്ചില്‍ കുത്തിയപ്പോള്‍ ബീന വലതുകൈകൊണ്ട് തടഞ്ഞെങ്കിലും നെഞ്ചിലും ചുമലിലും ഗുരുതരമായി പരിക്കേറ്റു. പ്രതി ഇതിന് മുമ്പും നിരന്തരമായി ബീനയെ ഉപദ്രവിക്കാറുണ്ടായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം.

ഗുരുതമായി പരിക്കേറ്റ ബീനയെ ഉടന്‍തന്നെ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയി. ഇപ്പോള്‍ പാരിപ്പള്ളി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. പ്രതി ഷിബുവിനെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

ഇത്തവണ തുലാവർഷം തകർക്കും; ഒക്ടോബറിൽ അധികമഴയ്ക്ക് സാധ്യത

തിരുവനന്തപുരം: ഇത്തവണ തുലാവർഷം കനക്കുമെന്ന് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. ഒക്ടോബർ – ഡിസംബർ മാസങ്ങളിൽ സാധാരണയിൽ കൂടുതൽ മഴ ലഭിക്കാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഒക്ടോബർ മാസത്തിൽ സാധാരണ ഈ കാലയളവിൽ ലഭിക്കുന്ന മഴയെക്കാൾ കൂടുതൽ ലഭിക്കാൻ സാധ്യതയുണ്ട്.

കാലവർഷം നിരാശപ്പെടുത്തിയതിന്റെ കുറവ് തുലാവർഷത്തിൽ നികത്തിയേക്കുമെന്നാണ് സൂചന. ഏറ്റവും കുറവ് മഴ ലഭിച്ച കാലവർഷങ്ങളിലൊന്നാണ് 2023 ൽ അനുഭവപ്പെട്ടത്. ജൂൺ ഒന്നിന് തുടങ്ങി 122 ദിവസം നീണ്ടു നിന്ന കാലവർഷ കലണ്ടർ അവസാനിച്ചപ്പോൾ കേരളത്തിൽ ഇത്തവണ 34% മഴ കുറവാണ് രേഖപ്പെടുത്തിയത്.

നോര്‍ക്ക അറ്റസ്റ്റേഷന്‍: ചൊവ്വാഴ്ച മുതല്‍ ഡിജിറ്റല്‍ പേയ്‌മെന്റ് മാത്രം

നോര്‍ക്ക അറ്റസ്റ്റേഷന്‍: ചൊവ്വാഴ്ച മുതല്‍ ഡിജിറ്റല്‍ പേയ്‌മെന്റ് മാത്രം

തിരുവനന്തപുരം: നോര്‍ക്ക റൂട്ട്‌സിന്റെ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് സര്‍ട്ടിഫിക്കറ്റ് അറ്റസ്റ്റേഷന്‍ സെന്ററുകളില്‍ ഒക്ടോബര്‍ മൂന്ന് മുതല്‍(ചൊവ്വാഴ്ച) ഡിജിറ്റല്‍ പേയ്‌മെന്റ് വഴി മാത്രമേ ഫീസടയ്ക്കാന്‍ സാധിക്കുകയുള്ളൂ. ഇനിമുതല്‍ നേരിട്ട് പണം സ്വീകരിക്കുന്നതല്ലെന്ന് നോര്‍ക്ക റൂട്ട്‌സ് അറിയിച്ചു.

ഡെബിറ്റ് / ക്രെഡിറ്റ് കാര്‍ഡുകള്‍ മുഖേനയോ യുപിഐ അധിഷ്ഠിത പേയ്‌മെന്റ് ആപ്പുകള്‍ വഴിയോ ഫീസടയ്ക്കാവുന്നതാണെന്ന് സിഇഒ കെ ഹരികൃഷ്ണന്‍ സമ്പൂതിരി അറിയിച്ചു. ഒക്ടോബര്‍ 3 മുതല്‍ സര്‍ട്ടിഫിക്കറ്റുകള്‍ അറ്റസ്റ്റ് ചെയ്യുന്നതിനായി റീജിയണല്‍ ഓഫീസുകളില്‍ എത്തുന്ന പൊതുജനങ്ങള്‍ ഇക്കാര്യം ശ്രദ്ധിക്കണമെന്നും നോര്‍ക്ക റൂട്ട്‌സ് അഭ്യര്‍ത്ഥിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക് നോര്‍ക്ക റൂട്ട്‌സ് വെബ്ബ്‌സൈറ്റായ www.norkaroots.org സന്ദര്‍ശിക്കാവുന്നതാണ്. സംശയനിവാരണത്തിന് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററിന്റെ ടോള്‍ ഫ്രീ നമ്പറില്‍ 18004253939 ഇന്ത്യയില്‍ നിന്നും +91 8802012345 വിദേശത്തു നിന്നും (മിസ്ഡ് കോള്‍ സൗകര്യം) ബന്ധപ്പെടാവുന്നതാണ്.

ഓൺലൈൻ ​ഗെയിമുകൾക്ക് ഇന്നുമുതൽ കൂടുതൽ നികുതി; 28 ശതമാനം ജി എസ് ടി

ഓൺലൈൻ ​ഗെയിമുകൾക്ക് ഇന്നുമുതൽ കൂടുതൽ നികുതി; 28 ശതമാനം ജി എസ് ടി

ഡൽഹി: പണം ഉൾപ്പെട്ട ഓൺലൈൻ ​ഗെയിമിങ്, കസിനോ, കുതിരപന്തയം എന്നിവയ്ക്ക് ജി എസ് ടി കൂടും. ഇന്നുമുതൽ കാശ് വച്ചുള്ള കളിക്ക് 28 ശതമാനം ജി എസ് ടി ബാധകമാകും. ഇതുവരെ 18 ശതമാനം ആയിരുന്നു നികുതി.

നികുതി വർദ്ധിപ്പിക്കാനുള്ള നിയമഭേദ​ഗതി പാർലമെന്റിന്റെ ഇരുസഭകളും പാസാക്കിയിരുന്നു. കമ്പനികളാണ് നികുതി ഈടാക്കുന്നതും സർക്കാരിലേക്ക് അടയ്ക്കുന്നതും. നിയമഭേദ​ഗതിയനുസരിച്ച് വിദേശ ​ഗെയിമിങ് കമ്പനികളും ഇന്ത്യയിൽ ജി എസ് ടി രജിസ്ട്രേഷൻ എടുക്കണം. കർണാടക അടക്കം പല സംസ്ഥാനങ്ങളും സംസ്ഥാന ജിഎസ്ടി നിയമവും ഭേദ​ഗതി ചെയ്ത് ഓർഡിനൻസ് പുറപ്പെടുവിച്ചിട്ടുണ്ട്. അതേസമയം കേരളമടക്കമുള്ള ചില സംസ്ഥാനങ്ങൾ ഇതുസംബന്ധിച്ച ഓർഡിനൻസൊന്നും ഇറക്കിയിട്ടില്ല. ഇത് ആശയക്കുഴപ്പമുണ്ടാകുമെന്നാണ് ​ഗെയിമിങ് കമ്പനികളുടെ വാദം. സംസ്ഥാനത്ത് ഓൺലൈൻ ഗെയിമിങ് കമ്പനികളൊന്നും രജിസ്റ്റർ ചെയ്തിട്ടില്ല.

വാണിജ്യ സിലിണ്ടറിന് വില വര്‍ധിപ്പിച്ചു

വാണിജ്യ സിലിണ്ടറിന് വില വര്‍ധിപ്പിച്ചു

ന്യൂഡല്‍ഹി: വാണിജ്യ സിലിണ്ടറിന് വില വര്‍ധിപ്പിച്ചു. 19 കിലോയുടെ വാണിജ്യ സിലിണ്ടറിന് 209 രൂപയാണ് കൂട്ടിയത്. പുതിയ വില ഇന്നു മുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് എണ്ണക്കമ്പനികള്‍ അറിയിച്ചു. വില കൂട്ടിയതോടെ ഡല്‍ഹിയില്‍ വാണിജ്യ സിലിണ്ടറിന്റെ വില 1731.50 ആയി ഉയര്‍ന്നു.കഴിഞ്ഞമാസം വാണിജ്യ സിലിണ്ടറുകളുടെ വില 158 രൂപ കുറച്ചിരുന്നു. ഓഗസ്റ്റില്‍ വാണിജ്യ സിലിണ്ടറിന്റെ വിലയില്‍ 99.75 രൂപയുടെ കുറവ് വരുത്തിയിരുന്നു