മഴ മുന്നറിയിപ്പില്‍ മാറ്റം; തെക്കന്‍ ജില്ലകളില്‍ ശക്തമായ മഴ

മഴ മുന്നറിയിപ്പില്‍ മാറ്റം; തെക്കന്‍ ജില്ലകളില്‍ ശക്തമായ മഴ

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. ശക്തമായ മഴ കണക്കിലെടുത്ത് നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. തെക്കന്‍ കേരളത്തിലാണ് ശക്തമായ മഴയ്ക്ക് സാധ്യത.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്. മധ്യ മഹാരാഷ്ട്രക്ക് മുകളില്‍ ന്യൂനമര്‍ദ്ദം സ്ഥിതിചെയ്യുന്നു. തെക്കന്‍ ജാര്‍ഖണ്ഡിന്, മുകളില്‍ മറ്റൊരു ന്യൂനമര്‍ദം കൂടി സ്ഥിതി ചെയ്യുന്നു. സംസ്ഥാനത്ത് അടുത്ത 5 ദിവസം മിതമായ/ഇടത്തരം മഴ/ഇടി/ മിന്നല്‍ തുടരാന്‍ സാധ്യതയെന്നും മുന്നറിയിപ്പില്‍ പറയുന്നു. തിങ്കളാഴ്ച ഒറ്റപ്പെട്ട ശക്തമായ മഴക്കും സാധ്യതയെന്നാണ് മുന്നറിയിപ്പില്‍ പറയുന്നു.

കനത്ത മഴയെ തുടര്‍ന്ന് നീരൊഴുക്ക് ശക്തമായ സാഹചര്യത്തില്‍ സംസ്ഥാനത്ത് മൂന്നു ഡാമുകളില്‍ റെഡ് അലര്‍ട്ട് പുറപ്പെടുവിച്ചു. പാലക്കാട് മംഗലം ഡാം, തൃശൂര്‍ ഷോളയാര്‍ ഡാം, ഇടുക്കി കുണ്ടള ഡാം എന്നിവിടങ്ങളിലാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

1758.45 മീറ്ററാണ് കുണ്ടള ഡാമിലെ നിലവിലെ ജലനിരപ്പ്. സംഭരണ ശേഷിയുടെ 94.6 ശതമാനം വെള്ളമാണ് ഡാമിലുള്ളത്. ഷോളയാറില്‍ 2661.30അടി വെള്ളമാണ് നിലവിലെ ജലനിരപ്പ്. സംഭരണശേഷിയുടെ 96.77 ശതമാനം വെള്ളമാണ് ഷോളയാറിലുള്ളത്.മംഗലം ഡാമില്‍ 77.50 മീറ്ററാണ് നിലവിലെ ജലനിരപ്പ്. സംഭരണ ശേഷിയുടെ 92 ശതമാനമാണ് മംഗലം ഡാമിലുള്ളത്. പെരിങ്ങല്‍കുത്ത് ഡാമില്‍ ബ്ലൂ അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്.

വിചാരണ കന്യാകുമാരിയിലേക്ക് മാറ്റണം; ഷാരോണ്‍ വധക്കേസ് പ്രതി ഗ്രീഷ്മ സുപ്രീംകോടതിയില്‍

വിചാരണ കന്യാകുമാരിയിലേക്ക് മാറ്റണം; ഷാരോണ്‍ വധക്കേസ് പ്രതി ഗ്രീഷ്മ സുപ്രീംകോടതിയില്‍

ന്യൂഡല്‍ഹി: ഷാരോണ്‍ വധക്കേസ് വിചാരണ കന്യാകുമാരി ജെഎഫ്എംസി കോടതിയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് പ്രതി ഗ്രീഷ്മ സുപ്രീംകോടതിയെ സമീപിച്ചു. കേസില്‍ ജാമ്യത്തിലിറങ്ങിയതിന് പിന്നാലെയാണ് ഗ്രീഷ്മ സുപ്രീംകോടതിയെ സമീപിച്ചത്.
കഴിഞ്ഞ 25നാണ് ഗ്രീഷ്മയ്ക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. പിറ്റേദിവസം ഗ്രീഷ്മ ജയില്‍ മോചിതയായി. കാമുകന്‍ ഷാരോണിനെ കഷായത്തില്‍ കീടനാശിനി കലര്‍ത്തി കൊലപാതകം നടത്തിയെന്നാണ് കേസ്. കഴിഞ്ഞവര്‍ഷം ഒക്ടോബറിലാണ് ഗ്രീഷ്മ അറസ്റ്റിലായത്. കേസിലെ മറ്റു പ്രതികളായ അമ്മയ്ക്കും അമ്മാവനും നേരത്തെ ജാമ്യം ലഭിച്ചിരുന്നു.

2022 ഒക്ടോബര്‍ 14നാണ് തമിഴ്‌നാട് പളുകലിലുള്ള വീട്ടില്‍ വച്ച് ഗ്രീഷ്മ ഷാരോണിന് കഷായത്തില്‍ വിഷം കലര്‍ത്തി നല്‍കിയത്. സാധാരണ മരണമെന്നായിരുന്നു ആദ്യ നിഗമനം. പിന്നീട് പ്രത്യേക സംഘം നടത്തിയ അന്വേഷണത്തിലാണ് കൊലപാതകമെന്ന് കണ്ടെത്തിയത്.

ചോദ്യം ചെയ്യലില്‍ ഗ്രീഷ്മ കുറ്റസമ്മതം നടത്തി. പത്ത് മാസത്തെ ആസൂത്രണത്തിന് ശേഷമായിരുന്നു കൊലപാതകമെന്നും പൊലീസ് പറയുന്നു. കേസില്‍ തെളിവു നശിപ്പിക്കാന്‍ കൂട്ടുനിന്നതിന് അമ്മ സിന്ധുവിനെയും അമ്മാവന്‍ നിര്‍മ്മല്‍ കുമാരന്‍ നായരെയും പിന്നീട് പൊലീസ് അറസ്റ്റ് ചെയ്തു.

കേരളീയം 2023; തിരുവനന്തപുരത്ത് പുഷ്‌പമേളകൾ സംഘടിപ്പിക്കും

കേരളീയം 2023; തിരുവനന്തപുരത്ത് പുഷ്‌പമേളകൾ സംഘടിപ്പിക്കും

തിരുവനന്തപുരം നഗരത്തിൽ പുഷ്പ വസന്തമൊരുക്കാൻ കേരളീയം. നവംബർ ഒന്നുമുതൽ ഏഴുവരെ സംസ്ഥാന സർക്കാർ സംഘടിപ്പിക്കുന്ന കേരളീയം 2023ന്‍റെ ഭാഗമായി പുഷ്പമേളകൾ സംഘടിപ്പിക്കും. ആറുവേദികളിലായാണ് പുഷ്‌പോത്സവം സംഘടിപ്പിക്കുക.

സെൻട്രൽ സ്‌റ്റേഡിയം, ഇ.കെ. നായനാർ പാർക്ക്, കനകക്കുന്ന്, അയ്യങ്കാളി ഹാൾ, എൽ.എം.എസ്. കോമ്പൗണ്ട്, ജവഹർ ബാലഭവൻ എന്നീവിടങ്ങളിലാണ് പുഷ്പോത്സവത്തിന് വേദിയൊരുക്കുക. നഗരത്തിലെ ഏഴു പ്രധാനകേന്ദ്രങ്ങളിൽ കേരളത്തിന്റെ തനിമയും സംസ്‌കാരവും വിളിച്ചോതുന്ന ഫ്‌ളവർ ഇൻസ്റ്റലേഷനുകളും ഉണ്ടാകും. ചുണ്ടൻവള്ളത്തിന്റെ രൂപത്തിൽ ഇ.കെ. നായനാർ പാർക്കിലും കേരള സർക്കാർ മുദ്രയുടെ രൂപത്തിൽ കനകക്കുന്നിലും ഇൻസ്റ്റലേഷൻ സ്ഥാപിക്കും. കേരളീയം ലോഗോയുടെ മാതൃകയിലുള്ള വലിയ ഫ്ളവർ ഇൻസ്റ്റലേഷൻ മുഖ്യവേദിയായ സെൻട്രൽ സ്‌റ്റേഡിയത്തിലുണ്ടാകും. എൽ.എം.എസ്. കോമ്പൗണ്ടിൽ വേഴാമ്പൽ, ടാഗോർ തിയറ്റർ കവാടത്തിൽ തൃശൂർ പൂരം തുടങ്ങിയ ഇൻസ്റ്റലേഷനുകളും സ്ഥാപിക്കും.

ആറ്റിങ്ങലിൽ ശക്തമായ മഴയിൽ കിണർ ഇടിഞ്ഞു താണു

ആറ്റിങ്ങലിൽ ശക്തമായ മഴയിൽ കിണർ ഇടിഞ്ഞു താണു

ആറ്റിങ്ങൽ: ശക്തമായ മഴയിൽ കിണർ ഇടിഞ്ഞു താണു. കോരാണി പതിനെട്ടാം മൈൽ ചൂളയിൽ മടത്തുവിളാകം വീട്ടിൽ സുനിൽകുമാറിന്റെ വീട്ടുവളപ്പിലെ കിണറാണ് ഇന്നലത്തെ ശക്തമായ മഴയിൽ ഇടിഞ്ഞു താഴ്ന്നത് . കിണറിന്റെ ആളോടി, തൂണുകൾ, മോട്ടോർ ഇവയെല്ലാം വലിയ ശബ്ദത്തോട് കൂടിയാണ് ഇടിഞ്ഞു വെള്ളത്തിൽ താഴ്ന്നതു .

കാസര്‍കോട്‌ കോളജിന് സമീപം കുറ്റിക്കാട്ടില്‍ രക്തം വാര്‍ന്നനിലയില്‍ മൃതദേഹം കണ്ടെത്തി

കാസര്‍കോട്‌ കോളജിന് സമീപം കുറ്റിക്കാട്ടില്‍ രക്തം വാര്‍ന്നനിലയില്‍ മൃതദേഹം കണ്ടെത്തി

കാസര്‍കോട്: കുമ്പളയില്‍ മധ്യവയസ്‌കനെ മരിച്ച നിലയില്‍ കണ്ടെത്തി. ഐഎച്ച്ആര്‍ഡി കോളജിന് സമീപം കുറ്റിക്കാട്ടില്‍ രക്തം വാര്‍ന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. കുമ്പള സ്വദേശി റഷീദാണ് മരിച്ചത്.
അസ്വാഭാവിക മരണത്തിന് കേസ് എടുത്ത കുമ്പള പൊലീസ് അന്വേഷണം ആരംഭിച്ചു.

സംസ്ഥാനത്ത് ഇന്നും സ്വര്‍ണവില കുറഞ്ഞു

സംസ്ഥാനത്ത് ഇന്നും സ്വര്‍ണവില കുറഞ്ഞു

സംസ്ഥാനത്ത് ഇന്നും സ്വര്‍ണവില കുറഞ്ഞു. കഴിഞ്ഞ ദിവസം സ്വര്‍ണവിലയില്‍ മാറ്റമില്ലാതെ ഗ്രാമിന് 5335 രൂപയും പവന് 42,680 രൂപയുമായിരുന്നു. ഇന്ന് ഗ്രാമിന് 15 രൂപയുടെയും പവന് 120 രൂപയുടേയുടെയും കുറവാണ് വിപണിയിലുണ്ടായത്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണം ഗ്രാമിന് ഇന്ന് 5320 രൂപയും ഒരു പവന്‍ സ്വര്‍ണത്തിന് ഇന്ന് 42,560 രൂപയുമാണ് കുറഞ്ഞത്.