മൃഗശാലയിൽ പ്രവേശനം സൗജന്യം

മൃഗശാലയിൽ പ്രവേശനം സൗജന്യം

മ്യൂസിയം മൃഗശാലാ വകുപ്പിന്റെ വന്യജീവി വാരാഘോഷത്തിന്റെ ഭാഗമായി ഒക്ടോബർ രണ്ട് മുതൽ എട്ട് വരെ സ്കൂൾ, കോളജ് വിദ്യാർഥികൾക്ക് തിരുവനന്തപുരം മൃഗശാലയിൽ സൗജന്യ പ്രവേശനം നൽകും.

വൈദ്യുതി ബിൽ അടച്ചില്ല; തമ്പാനൂർ കെഎസ്ആർടിസി ഡിപ്പോയുടെ ഫ്യൂസ് ഊരി കെഎസ്ഇബി

വൈദ്യുതി ബിൽ അടച്ചില്ല; തമ്പാനൂർ കെഎസ്ആർടിസി ഡിപ്പോയുടെ ഫ്യൂസ് ഊരി കെഎസ്ഇബി

വൈദ്യുതി ബിൽ അടയ്ക്കാത്തതിനാൽ തമ്പാനൂർ കെഎസ്ആർടിസി ഡിപ്പോയുടെ ഫ്യൂസ് ഊരി കെഎസ്ഇബി. 41,000 രൂപ കുടിശിക അടയ്ക്കാനുണ്ടായിരുന്നുവെന്ന് കെഎസ്ഇബി അറിയിച്ചു. ഫ്യൂസ് ഊരിയത് ഡിപ്പോയുടെ പ്രവർത്തനത്തെ കാര്യമായി ബാധിച്ചു അരമണിക്കൂറോളം കെഎസ്ആർടിസി ഡിപ്പോ ഇരുട്ടിലായി.തുടർന്ന് വൈദ്യതി ബന്ധം പുനഃസ്ഥാപിച്ചു. റിസർവേഷൻ ഉൾപ്പെടയുള്ളവ തടസത്തിലായി.

മുന്നറിയിപ്പില്ലാതെയാണ് ഫ്യൂസ് ഊരിയതെന്ന് കെസ്ആർടിസി ഉദ്യോഗസ്ഥർ അറിയിച്ചു. സംഭവം വിവാദമായതിന് പിന്നാലെ കെഎസ്ഇബി ഉദ്യോഗസ്ഥർ എത്തി വൈദ്യതി ബന്ധം പുനഃസ്ഥാപിച്ചു.വിസയുമായി ബന്ധപ്പെട്ട് കൂടുതൽ നടപടി ഉണ്ടായേക്കാം.

2000 രൂപ നോട്ടുകള്‍ മാറ്റിവാങ്ങാനുള്ള സമയപരിധി നീട്ടി

2000 രൂപ നോട്ടുകള്‍ മാറ്റിവാങ്ങാനുള്ള സമയപരിധി നീട്ടി

ന്യൂഡല്‍ഹി: 2000 രൂപ നോട്ടുകള്‍ മാറ്റിവാങ്ങാനുള്ള സമയപരിധി റിസര്‍വ് ബാങ്ക് നീട്ടി. മുന്‍ തീരുമാനപ്രകാരമുള്ള കാലാവധി ഇന്ന് തീരാനിരിക്കേ, 2000 രൂപ നോട്ടുകള്‍ മാറ്റിവാങ്ങാനുള്ള സമയപരിധി ഒക്ടോബര്‍ ഏഴ് വരെയാണ് റിസര്‍വ് ബാങ്ക് നീട്ടിയത്. മെയ് 19 നാണ് 2000 രൂപയുടെ കറന്‍സി പിന്‍വലിക്കുന്നതായി റിസര്‍വ് ബാങ്ക് പ്രഖ്യാപിച്ചത്.

വിനിമയത്തിലുള്ള 2000 രൂപ നോട്ടുകളില്‍ 93 ശതമാനവും തിരിച്ചെത്തിയെന്നാണ് ഈ മാസം ആദ്യം റിസര്‍വ് ബാങ്ക് വ്യക്തമാക്കിയത്. മെയ് 23 മുതലായിരുന്നു കറന്‍സി മാറ്റിയെടുക്കാന്‍ അവസരം നല്‍കിയത്.സെപ്റ്റംബര്‍ 30നകം കൈവശമുള്ള 2000 രൂപ നോട്ടുകള്‍ മുഴുവനായി മടക്കി നല്‍കണമെന്നതായിരുന്നു റിസര്‍വ് ബാങ്കിന്റെ അഭ്യര്‍ഥന. അതിനിടെ നോട്ടിന്റെ നിയമപ്രാബല്യം തുടരുമെന്നും റിസര്‍വ് ബാങ്ക് അറിയിച്ചിരുന്നു.

നോട്ട് നിക്ഷേപിക്കുന്നതിനും മാറ്റിയെടുക്കുന്നതിനും ബാങ്കുകളില്‍ പ്രത്യേക സംവിധാനം ഒരുക്കിയിട്ടുണ്ട്. ഒരേ സമയം 20,000 രൂപ വരെ മൂല്യമുള്ള 2000 രൂപയുടെ പത്തു നോട്ടുകള്‍ വരെ മാറ്റിയെടുക്കാനുള്ള സംവിധാനമാണ് ബാങ്കുകളില്‍ ഉള്ളത്. അക്കൗണ്ട് ഇല്ലാത്ത ബാങ്കുകളിലും വ്യക്തികള്‍ക്ക് നോട്ടുകള്‍ മാറിയെടുക്കാം. 500, ആയിരം രൂപ നോട്ടുകള്‍ നിരോധിച്ചതിന് പിന്നാലെ 2016ലാണ് 2000 രൂപ നോട്ട് അവതരിപ്പിച്ചത്.

കോൾഡ് സ്റ്റോറേജുകളിൽ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ പരിശോധന; സ്ഥാപനം പൂട്ടിച്ചു

കോൾഡ് സ്റ്റോറേജുകളിൽ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ പരിശോധന; സ്ഥാപനം പൂട്ടിച്ചു

കൊല്ലം നഗരത്തിലെ ഹോട്ടലുകളിലേക്കും മറ്റും കോഴിയിറച്ചി വിതരണം ചെയ്യുന്ന കോൾഡ് സ്റ്റോറേജ് ഭക്ഷ്യ സുരക്ഷാ, ആരോഗ്യ വകുപ്പ് അധികൃതർ ചേർന്നു പൂട്ടിച്ചു. ചാത്തന്നൂർ-പരവൂർ റോഡിൽ മീനാട് ഭാഗത്ത് പ്രവർത്തിക്കുന്ന ഫ്രോസൺ ഫുഡ് ഡിസ്ട്രിബ്യൂട്ടേഴ്സാണ് പൂട്ടിയത്. മതിയായ ശീതീകരണ സംവിധാനം ഇല്ലാതെ വൃത്തിഹീനമായ സാഹചര്യത്തിൽ പ്രവർത്തിച്ചതിനെ തുടർന്നാണ് നടപടി.

ഇന്നലെ ആരോഗ്യ വകുപ്പ് അധികൃതർ ഫീൽഡ് സർവേ നടത്തുന്നതിനിടെ സ്ഥാപനത്തിന് സമീപം എത്തിയപ്പോൾ രൂക്ഷമായ ദുർഗന്ധം അനുഭവപ്പെട്ടു.രണ്ടു മുറി കടയും അനുബന്ധമായ മുറികളിലും പ്രവർത്തിക്കുന്ന സ്ഥാപനത്തിന്റെ മുൻവശം പൂട്ടിയ നിലയിലായിരുന്നു. ഇവർ നടത്തിയ പരിശോധനയിലാണ് രൂക്ഷമായ ദുർഗന്ധം പരത്തുന്ന അവസ്ഥയിൽ കോഴിയിറച്ചി സൂക്ഷിച്ചിരിക്കുന്നത് കണ്ടെത്തിയത്. പന്ത്രണ്ടിലേറെ വലിയ ഫ്രീസറുകളിലായി രണ്ടായിരം കിലോ ഇറച്ചി ഉണ്ടായിരുന്നു. കോഴിയെ ഡ്രസ് ചെയ്തു പായ്ക്കറ്റിലാക്കിയ നിലയിലായിരുന്നു.

തമിഴ്നാട്ടിൽ നിന്നു കൊണ്ടു വന്നു കൊല്ലത്തും പരിസരങ്ങളിലും വിതരണം ചെയ്യുകയാണെന്ന് ഇവിടെ ഉണ്ടായിരുന്ന തമിഴ്നാട് സ്വദേശികളായ തൊഴിലാളികൾ പറഞ്ഞു. പായ്ക്കറ്റുകളിൽ കോയമ്പത്തൂരിൽ നിന്നുള്ളതാണെന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. പരിശോധന സംഘത്തെ കണ്ടപ്പോഴാണ് പല ഫ്രീസറുകൾ പ്രവർത്തിപ്പിച്ചത്. ഫ്രീസറുകൾ തുറന്നപ്പോൾ രൂക്ഷമായ ദുർഗന്ധം അനുഭവപ്പെട്ടു. ഒരു ഫ്രീസറിൽ പുഴുവരിക്കുന്ന രീതിയിൽ മലിനജലം കെട്ടി നിൽക്കുന്ന അവസ്ഥയായിരുന്നു.

പുതിയ തീവണ്ടി സമയം നാളെ മുതല്‍; ഷൊര്‍ണൂര്‍ – എറണാകുളം മെമു 4.30ന്, ഐലന്റ് നേരത്തേയാക്കി

പുതിയ തീവണ്ടി സമയം നാളെ മുതല്‍; ഷൊര്‍ണൂര്‍ – എറണാകുളം മെമു 4.30ന്, ഐലന്റ് നേരത്തേയാക്കി

തൃശൂര്‍: റെയില്‍വേയുടെ പുതുക്കിയ തീവണ്ടി സമയക്രമം ഒക്ടോബര്‍ 1 മുതല്‍ പ്രാബല്യത്തില്‍ വരും. ഷൊര്‍ണൂര്‍ – എറണാകുളം മെമു, കന്യാകുമാരി – ബംഗളൂരു എക്‌സ്പ്രസ് എന്നിവയുടെ സമയത്തിലാണ് കേരളത്തില്‍ പ്രധാനമായും മാറ്റമുള്ളത്.

പുതിയ സമയമനുസരിച്ച് 06017 ഷൊര്‍ണൂര്‍ – എറണാകുളം മെമു ഷൊര്‍ണൂരില്‍ നിന്നും രാവിലെ 3.30ന് പകരം 4.30ന് മാത്രമേ പുറപ്പെടുകയുള്ളൂ. 5.20ന് തൃശ്ശൂര്‍ വിടുന്ന മെമു രാവിലെ 7.07ന് എറണാകുളം ടൌണ്‍ സ്‌റ്റേഷനില്‍ എത്തും. ഈ വണ്ടിയുടെ സമയം മാറ്റണമെന്ന് യാത്രക്കാര്‍ ഏറെ നാളായി ആവശ്യപ്പെട്ടുവരികയാണ്. വൈകീട്ട് മടക്കയാത്രയ്ക്കുള്ള ബംഗളുരു എക്‌സ്പ്രസ്സിന്റെ സമയത്തിലും മാറ്റമുണ്ട്. 17.42ന് എറണാകുളം ടൗണ്‍ വിടുന്ന 16525 കന്യാകുമാരി – ബംഗളുരു എക്‌സ്പ്രസ്സ് 19.05ന് തൃശ്ശൂരിലെത്തും. നിലവില്‍ 19.37നാണ് ഈ വണ്ടി തൃശ്ശൂരിലെത്തുന്നത്.

ഭാര്യയുടെ മര്‍ദ്ദന പരാതി; അന്വേഷിക്കാന്‍ എത്തിയ പൊലീസിന് നേരെ ആക്രമണം

ഭാര്യയുടെ മര്‍ദ്ദന പരാതി; അന്വേഷിക്കാന്‍ എത്തിയ പൊലീസിന് നേരെ ആക്രമണം

കോഴിക്കോട്: കൊയിലാണ്ടി മാടാക്കരയില്‍ പൊലീസിന് നേരെ ആക്രമണം. മര്‍ദ്ദിച്ചു എന്ന ഭാര്യയുടെ പരാതിയില്‍ അന്വേഷിക്കാന്‍ എത്തിയപ്പോഴാണ് പ്രതി പൊലീസിനെ ആക്രമിച്ചത്. മൂന്ന് പൊലീസുകാര്‍ക്ക് പരിക്കേറ്റു. പ്രതി അബ്ദുള്‍ റൗഫ് സ്ഥിരം കുറ്റവാളിയെന്ന് പൊലീസ് പറയുന്നു.

ഇന്നലെ രാത്രി ഒന്‍പത് മണിക്കാണ് സംഭവം. അബ്ദുള്‍ റൗഫ് സ്ഥിരമായി ഭാര്യയെയും മക്കളെയും മര്‍ദ്ദിക്കാറുണ്ട്. ഇന്നലെയും മര്‍ദ്ദിച്ചു. തുടര്‍ന്ന് വീട്ടില്‍ നിന്ന് ചവിട്ടി പുറത്താക്കിയതായാണ് ഭാര്യയുടെ പരാതിയില്‍ പറയുന്നത്. ഇത് അന്വേഷിക്കാന്‍ എത്തിയ പൊലീസുകാര്‍ക്ക് നേരെയാണ് പ്രതി അക്രമാസക്തനായത്. മാരകായുധങ്ങള്‍ ഉപയോഗിച്ചായിരുന്നു മര്‍ദ്ദനം

എഎസ്‌ഐ വിനോദിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് മാടാക്കരയിലുള്ള വീട്ടില്‍ അന്വേഷിക്കാന്‍ എത്തിയത്. വടി കൊണ്ടുള്ള അടിയേറ്റ് വിനോദിന്റെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റു. വിനോദ് അടക്കം മൂന്ന് പൊലീസുകാരെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തിന് പിന്നാലെ പ്രതി സ്വയം തല ഭിത്തിയില്‍ ഇടിച്ച് പരിക്കേല്‍പ്പിക്കുകയും ചെയ്തു. ഇയാളെ കസ്റ്റഡിയിലെടുത്ത് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്ത ശേഷം ചികിത്സയ്ക്കായി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. കഞ്ചാവ് കേസുകളില്‍ അടക്കം പ്രതിയാണ് അബ്ദുള്‍ റൗഫ് എന്ന് പൊലീസ് പറയുന്നു.