അറബിക്കടലിലും ബംഗാള്‍ ഉള്‍ക്കടലിലും രൂപപ്പെട്ട ന്യൂനമര്‍ദ്ദം ശക്തിപ്രാപിച്ചതായി കേന്ദ്ര കാലാവസ്ഥ വകുപ്പ്

അറബിക്കടലിലും ബംഗാള്‍ ഉള്‍ക്കടലിലും രൂപപ്പെട്ട ന്യൂനമര്‍ദ്ദം ശക്തിപ്രാപിച്ചതായി കേന്ദ്ര കാലാവസ്ഥ വകുപ്പ്

തിരുവനന്തപുരം: അറബിക്കടലിലും ബംഗാള്‍ ഉള്‍ക്കടലിലും രൂപപ്പെട്ട ന്യൂനമര്‍ദ്ദം ശക്തിപ്രാപിച്ചതായി കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇതിന്റെയെല്ലാം സ്വാധീനഫലമായി ശനിയാഴ്ചയും ഞായറാഴ്ചയും സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി.

അതിനിടെ സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം വരുത്തി. കോട്ടയം ഒഴികെയുള്ള എല്ലാ ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. നേരത്തെ പത്തുജില്ലകളിലാണ് മഴ മുന്നറിയിപ്പ് നല്‍കിയിരുന്നത്. നാളെ എറണാകുളം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ മാത്രമാണ് മഴ മുന്നറിയിപ്പ് ഉള്ളത്.

മധ്യ കിഴക്കന്‍ അറബിക്കടലില്‍ കൊങ്കണ്‍-ഗോവ തീരത്തിന് സമീപം രൂപപ്പെട്ട ന്യൂനമര്‍ദ്ദം ശക്തികൂടിയ ന്യൂനമര്‍ദ്ദമായി മാറിയെന്നാണ് കാലാവസ്ഥ വകുപ്പിന്റെ അറിയിപ്പില്‍ പറയുന്നത്. അടുത്ത 24 മണിക്കൂറിനുള്ളില്‍ തീവ്ര ന്യുന മര്‍ദ്ദമായി ശക്തിപ്രാപിക്കാനും സാധ്യതയുണ്ട്. സമാനമായ നിലയില്‍ വടക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിനും മധ്യ കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിനും മുകളിലായി രൂപപ്പെട്ട ന്യുന മര്‍ദ്ദവും വടക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ശക്തി കൂടിയ ന്യൂനമര്‍ദ്ദമായി മാറിയിട്ടുണ്ട്.

അടുത്ത 24 മണിക്കൂറിനുള്ളില്‍ വടക്ക് പടിഞ്ഞാറു ദിശയില്‍ സഞ്ചരിച്ച് ഒഡിഷ – പശ്ചിമ ബംഗാള്‍ തീരത്തേക്ക് നീങ്ങാന്‍ സാധ്യതയെന്നുമാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. ഇതിന്റെയെല്ലാം സ്വാധീനഫലമായി കേരളത്തില്‍ അടുത്ത അഞ്ചു ദിവസം ഇടിമിന്നലോട് കൂടിയ മിതമായ / ഇടത്തരം മഴ തുടരാന്‍ സാധ്യതയുണ്ടെന്നും മുന്നറിയിപ്പില്‍ പറയുന്നു

മെഡല്‍ തിളക്കത്തില്‍ ഇന്ത്യ; ഏഴാം ദിനത്തില്‍ ‘വെള്ളി’ത്തുടക്കം

മെഡല്‍ തിളക്കത്തില്‍ ഇന്ത്യ; ഏഴാം ദിനത്തില്‍ ‘വെള്ളി’ത്തുടക്കം

ഹാങ്ചൗ: ഏഷ്യന്‍ ഗെയിംസ് ഏഴാം ദിനത്തില്‍ ഇന്ത്യയുടെ തുടക്കം വെള്ളി മെഡല്‍ നേട്ടത്തോടെ. ഷൂട്ടിങിലാണ് നേട്ടം. പത്ത് മീറ്റര്‍ എയര്‍ പിസ്റ്റള്‍ മിക്‌സഡ് ടീം ഇനത്തിലാണ് വെള്ളി.

സരബ്‌ജോത് സിങ്, ദിവ്യ സുബ്ബരാജു എന്നിവരടങ്ങിയ സംഘമാണ് മെഡല്‍ നേടിയത്. ഈയിനത്തില്‍ ചൈന സ്വര്‍ണം സ്വന്തമാക്കി. മത്സരത്തില്‍ തുടക്കത്തില്‍ ഉണ്ടായിരുന്ന ആധിപത്യം തുടരാന്‍ ഇന്ത്യന്‍ താരങ്ങള്‍ക്ക് സാധിച്ചില്ല. 14 പോയിന്റുകള്‍ക്കെതിരെ 16 പോയിന്റുകള്‍ നേടിയാണ് ചൈനീസ് താരങ്ങളുടെ സുവര്‍ണ മുന്നേറ്റം.

ഷൂട്ടിങിലെ 19ാം മെഡലാണ് ഹാങ്ചൗവില്‍ ഇന്ത്യ വെടിവച്ചിട്ടത്. ഷൂട്ടിങിലെ എട്ടാം വെള്ളി. ഇന്ത്യ നേടിയ എട്ട് സ്വര്‍ണത്തില്‍ ആറും ഷൂട്ടിങ് റെയ്ഞ്ചില്‍ നിന്നു തന്നെ. ഇന്ത്യയുടെ ആകെ മെഡല്‍ നേട്ടം ഇതോടെ 34ല്‍ എത്തിയത്. എട്ട് സ്വര്‍ണം 13 വീതം വെള്ളി, വെങ്കലം നേട്ടങ്ങളാണ് അക്കൗണ്ടില്‍.

മലയാളി വ്യവസായിയെ കൊന്ന് മരത്തിൽ കെട്ടിത്തൂക്കി; ശരീരം മുഴുവൻ മുറിവുകൾ

മലയാളി വ്യവസായിയെ കൊന്ന് മരത്തിൽ കെട്ടിത്തൂക്കി; ശരീരം മുഴുവൻ മുറിവുകൾ

ഡൽ​ഹി: മലയാളി വ്യവസായിയെ കൊലപ്പെടുത്തി പാർക്കിലെ മരത്തിൽ കെട്ടിത്തൂക്കിയ നിലയിൽ കണ്ടെത്തി. തിരുവല്ല മേപ്രാൽ കൊലാത്ത് ഹൗസിൽ പിപി സുജാതൻ (60) ആണ് മരിച്ചത്. ദ്വാരക തിരുപ്പതി പബ്ലിക്ക് സ്കൂളിനു സമീപമാണ് സുജാതൻ താമസിക്കുനനത്. എസ്എൻഡിപി ദ്വാരക ശാഖാ സെക്രട്ടറി കൂടിയാണ് സുജാതൻ.

വ്യാഴാഴ്ച രാത്രി ഒൻപത് മണിയോടെ ബിസിനസ് ആവശ്യത്തിനു ജയ്പുരിലേക്കു പോകാൻ സുജാതൻ വീട്ടിൽ നിന്നു ഇറങ്ങിയിരുന്നു. പ്രഭാത സവാരിക്കിറങ്ങിയവരാണ് വീടിനു സമീപമുള്ള പാർക്കിൽ മൃതദേഹം കണ്ടത്.

പേഴ്സ്, മൊബൈൽ ഫോൺ എന്നിവ നഷ്ടപ്പെട്ടിട്ടുണ്ട്. മൃതദേഹത്തിൽ ഒട്ടേറെ മുറിവുകളുണ്ട്. സുജാതൻ ധരിച്ചിരുന്ന ഷർട്ട് ഉപയോ​ഗിച്ചാണ് മൃതദേഹം മരത്തിൽ കെട്ടിത്തൂക്കിയതെന്നു പൊലീസ് വ്യക്തമാക്കി.
ഭാര്യ: പ്രീതി. മക്കൾ: ശാന്തിപ്രിയ, അമൽ. സംസ്കാരം പിന്നീട് ഡൽ​ഹിയിൽ നടക്കും.

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു. 240 രൂപ കുറഞ്ഞ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 42,680 രൂപയായി. ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലയിലാണ് സ്വര്‍ണവില.ഗ്രാമിന് 30 രൂപയാണ് കുറഞ്ഞത്. 5335 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. കഴിഞ്ഞമാസം 21 മുതല്‍ സെപ്റ്റംബര്‍ നാല് വരെ സ്വര്‍ണവില ഉയരുന്ന കാഴ്ചയാണ് കണ്ടത്. 21ന് 43,280 രൂപയായിരുന്നു സ്വര്‍ണവില. രണ്ടാഴ്ചക്കിടെ ഏകദേശം ആയിരം രൂപ വര്‍ധിച്ച് നാലിന് 44,240 രൂപയായി ഉയര്‍ന്ന് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലവാരത്തിലേക്ക് സ്വര്‍ണവില എത്തി.

തുടര്‍ന്ന് 14 വരെയുള്ള പത്തുദിവസ കാലയളവില്‍ സ്വര്‍ണവില കുറയുന്ന കാഴ്ചയാണ് ദൃശ്യമായത്. പിന്നീടുള്ള ദിവസങ്ങളില്‍ തുടര്‍ച്ചയായി വില ഉയര്‍ന്ന് 44000 കടന്ന് മുന്നേറിയ സ്വര്‍ണവിലയാണ് പിന്നീട് താഴാന്‍ തുടങ്ങിയത്. പത്തുദിവസത്തിനിടെ ഏകദേശം 1500 രൂപയാണ് കുറഞ്ഞത്

തേയ്മാനം സംഭവിച്ച ടയറുകള്‍ അപകടങ്ങള്‍ക്ക് കാരണമാകും; മാര്‍ഗനിര്‍ദേശവുമായി കേരള പൊലീസ്

തേയ്മാനം സംഭവിച്ച ടയറുകള്‍ അപകടങ്ങള്‍ക്ക് കാരണമാകും; മാര്‍ഗനിര്‍ദേശവുമായി കേരള പൊലീസ്

തിരുവനന്തപുരം: മഴക്കാലത്ത് റോഡ് അപകടങ്ങള്‍ക്കുള്ള സാധ്യത കൂടുതലാണ്. അല്‍പ്പം മുന്‍കരുതലെടുത്താല്‍ മഴക്കാലയാത്ര സുരക്ഷിതമാക്കാം. മഴക്കാലത്ത് പെട്ടെന്ന് ബ്രേക്കിടുന്നതും സ്റ്റിയറിങ്ങ് വെട്ടിക്കുന്നതും കഴിവതും ഒഴിവാക്കണമെന്ന് കേരള പൊലീസ് ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചു.

മുന്‍പിലുള്ള വാഹനങ്ങളുമായി കൂടുതല്‍ അകലം പാലിച്ച് ഡ്രൈവ് ചെയ്യുക. ടയറുകളുടെ കാര്യക്ഷമത പരിശോധിച്ച് ഉറപ്പുവരുത്തുക. തേയ്മാനം സംഭവിച്ച ടയറുകള്‍ മാറ്റുകയും ടയര്‍ പ്രഷര്‍ കൃത്യമായി നിലനിര്‍ത്തുകയും വേണം. തേയ്മാനം സംഭവിച്ച ടയറുകള്‍ മഴക്കാലത്ത് വാഹനത്തിന്റെ ഗ്രിപ്പ് കുറയ്ക്കുന്നു. അപകടത്തിന് കാരണമാകുന്നു.
വൈപ്പര്‍ ബ്ലേഡുകളുടെ കാര്യക്ഷമത ഉറപ്പാക്കണമെന്നും മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു.

കുറിപ്പ്:

മഴക്കാലത്ത് റോഡ് അപകടങ്ങള്‍ക്കുള്ള സാധ്യത കൂടുതലാണ്.
അല്‍പ്പം മുന്‍കരുതലെടുത്താല്‍ മഴക്കാലയാത്ര സുരക്ഷിതമാക്കാം.

മഴക്കാലത്ത് പെട്ടെന്ന് ബ്രേക്കിടുന്നതും സ്റ്റിയറിങ്ങ് വെട്ടിക്കുന്നതും കഴിവതും ഒഴിവാക്കുക.

ബ്രേക്ക് ഉപയോഗം കുറയ്ക്കുന്ന രീതിയില്‍ വേഗം ക്രമപ്പെടുത്തി വാഹനം ഓടിക്കുക.

മുന്‍പിലുള്ള വാഹനങ്ങളുമായി കൂടുതല്‍ അകലം പാലിച്ച് ഡ്രൈവ് ചെയ്യുക.

ടയറുകളുടെ കാര്യക്ഷമത പരിശോധിച്ച് ഉറപ്പുവരുത്തുക. തേയ്മാനം സംഭവിച്ച ടയറുകള്‍ മാറ്റുകയും ടയര്‍ പ്രഷര്‍ കൃത്യമായി നിലനിര്‍ത്തുകയും വേണം. തേയ്മാനം സംഭവിച്ച ടയറുകള്‍ മഴക്കാലത്ത് വാഹനത്തിന്റെ ഗ്രിപ്പ് കുറയ്ക്കുന്നു. അപകടത്തിന് കാരണമാകുന്നു.

വൈപ്പര്‍ ബ്ലേഡുകളുടെ കാര്യക്ഷമത ഉറപ്പാക്കുക.

ഹെഡ്ലൈറ്റ്, ബ്രേക്ക്ലൈറ്റ്, ഇന്‍ഡിക്കേറ്ററുകള്‍ എന്നിവ പരിശോധിച്ച് പ്രവര്‍ത്തനക്ഷമത ഉറപ്പാക്കുക.

വെള്ളവും വാഹനങ്ങളില്‍ നിന്നുള്ള ഗ്രീസും ഓയിലും മറ്റും നനഞ്ഞുകിടക്കുന്ന റോഡുകളില്‍ വഴുക്കലുണ്ടാക്കിയേക്കാം. ഇത് വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് അപകടത്തിന് വഴിതെളിക്കുന്നു. വേഗം കുറച്ച് വാഹനമോടിച്ചാല്‍ ഈ സാഹചര്യത്തില്‍ അപകടം പരമാവധി കുറയ്ക്കാനാകും. അമിത വേഗത്തില്‍ പോകുമ്പോള്‍ പെട്ടെന്ന് ബ്രേക്കിടേണ്ടി വന്നാല്‍ വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെടാനുള്ള സാധ്യത കൂടുതലാണ്.

വെള്ളം കെട്ടിക്കിടക്കുന്ന ഇടങ്ങളിലൂടെ യാത്ര ചെയ്യുമ്പോള്‍ ഏറെ ശ്രദ്ധിക്കണം. വെള്ളത്തിന് എത്രത്തോളം ആഴമുണ്ടെന്ന് പുറമേ നിന്ന് അറിയാന്‍ കഴിഞ്ഞേക്കില്ല. പരിചയമില്ലാത്ത റോഡുകളിലൂടെ പോകുമ്പോള്‍ ജാഗ്രത പുലര്‍ത്തുക.

മുന്നിലേയ്ക്കുള്ള കാഴ്ച തടസപ്പെടുത്തുന്ന അതിശക്തമായ മഴയുള്ളപ്പോള്‍ കഴിയുന്നതും വാഹനം ഓടിക്കാതിരിക്കുക. വലിയ മരങ്ങളില്ലാത്ത സുരക്ഷിതമായ എവിടെയെങ്കിലും വാഹനം ഒതുക്കിയശേഷം മഴ കുറയുമ്പോള്‍ യാത്ര തുടരാം. മഴയുള്ളപ്പോള്‍ വാഹനത്തിന്റെ ഹെഡ്ലൈറ്റുകള്‍ തെളിച്ചാല്‍ എതിരേ വരുന്ന ഡ്രൈവര്‍ക്ക് നിങ്ങളുടെ വാഹനത്തിന്റെ സാന്നിധ്യം അറിയാനാകും.

ട്രഷറി പണമിടപാട് ഇന്ന് രണ്ട് മണി വരെ മാത്രം; ചൊവ്വാഴ്ചയും ഇടപാടുകൾ വൈകും

ട്രഷറി പണമിടപാട് ഇന്ന് രണ്ട് മണി വരെ മാത്രം; ചൊവ്വാഴ്ചയും ഇടപാടുകൾ വൈകും

തിരുവനന്തപുരം: സംസ്ഥാനത്തെ ട്രഷറി ശാഖകൾ പണമിടപാടുകൾക്കായി ഇന്ന് ഉച്ചയ്ക്ക് രണ്ട് മണി വരെ മാത്രമേ പ്രവർത്തിക്കൂ. നാളത്തെയും മറ്റന്നാളത്തെയും അവധി കഴിഞ്ഞ് ചൊവ്വാഴ്ച ട്രഷറി ഇടപാടുകൾ വൈകി മാത്രമേ ആരംഭിക്കൂ.

സെപ്റ്റംബർ 30നു സംസ്ഥാനത്തെ ട്രഷറികളിലെ ക്യാഷ് ബാലൻസ് പൂർണ്ണമായും ഏജൻസി ബാങ്കിൽ തിരിച്ചടക്കണം. ഒക്ടോബർ 1, 2 തിയതികൾ അവധിയായതിനാൽ ഒക്ടോബർ മൂന്നിന് രാവിലെ ഏജൻസി ബാങ്കുകളിൽ നിന്നും പണം ലഭ്യമാക്കി മാത്രമേ പെൻഷൻ, സേവിംഗ്സ് ബാങ്ക് എന്നിവ വഴിയുള്ള പണമിടപാടുകൾ ട്രഷറികളിൽ ആരംഭിക്കാൻ കഴിയുകയുള്ളൂ. മാസത്തെ ആദ്യ പ്രവർത്തിദിനമായ ചൊവ്വാഴ്ച സർവീസ് പെൻഷൻ വാങ്ങാനെത്തുന്നവർക്ക് രാവിലെ തടസ്സം നേരിടാൻ ഇടയുണ്ടെന്നും ഇടപാടുകാർ സഹകരിക്കണമെന്നും ട്രഷറി ഡയറക്ടർ അറിയിച്ചു.